Image

ഡീസലിനും പാചക വാതകത്തിനും വിലകൂടിയേക്കും

Published on 02 November, 2011
ഡീസലിനും പാചക വാതകത്തിനും വിലകൂടിയേക്കും
ന്യൂഡല്‍ഹി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ദ്ധന സംബന്ധിച്ച തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ ഉന്നതാധികാര സമിതി യോഗം ഉടന്‍ ചേരണമെന്ന് പെട്രോളിയം മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. സമിതി അധ്യക്ഷന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചാണ് അദ്ദേഹം ഈ ആവശ്യംഉന്നയിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനം 333 കോടിയുടെ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വിലവര്‍ദ്ധന വേണ്ടിവരുന്നതെന്ന് പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ജെയ്പാല്‍ റെഡ്ഡി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഒരുലിറ്റര്‍ ഡീസല്‍ വില്‍ക്കുന്നതില്‍ 9.27 രൂപയും 14.2 കിലോഗ്രാം പാചകവാതക സിലിണ്ടര്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ 260.50 രൂപയും പൊതുവിതരണ സംവിധാനം വഴി ഒരുലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നതില്‍ 26.94 രൂപയും നഷ്ടം നേരിടുന്നുണ്ടെന്ന് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. നവംബര്‍ 22 ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്‍പ് ഉന്നതാധികാര സമിതി യോഗം ചേരും. വിലവര്‍ദ്ധന സംബന്ധിച്ച തീരുമാനം എടുക്കുക എളുപ്പമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

അസംസ്‌കൃത എണ്ണവിലയും രൂപയുടെ മൂല്യവും കണക്കിലെടുത്ത് പെട്രോള്‍ വില നിശ്ചയിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് വിലവര്‍ദ്ധന സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പെട്രോള്‍ വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ വില വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ എച്ച്.പി.സി.എല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക