Image

ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് മന്ത്രിസഭയിലേക്ക്

Published on 02 November, 2011
ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് മന്ത്രിസഭയിലേക്ക്
പിറവം: അന്തരിച്ച ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് മന്ത്രിയാവാനുള്ള സാധ്യത തെളിയുന്നു. ഇന്നലെ നടന്ന കേരളാ കോണ്‍ഗ്രസ്- ജേക്കബ് മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. യോഗത്തില്‍ ഭൂരിഭാഗം പേരും അനൂപിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അ ങ്ങനെയാണെങ്കില്‍ ടി.എം.ജേക്കബിന്റെ മണ്ഡലമായ പിറവത്ത് ഉപതെരഞ്ഞെടുപ്പില്‍ അനൂപ് തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി.

ജേക്കബിന്റെ കുടുംബത്തില്‍ നിന്നു തന്നെയുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കി ഉപതെരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് പാര്‍ട്ടിയില്‍ കൂടുതല്‍ പേരുടെയും അഭിപ്രായം. മാത്രമല്ല, യാക്കോബായ സഭാ നേതൃത്വം ജേക്കബിന്റെ കുടുംബത്തിലെ ഒരാള്‍ മന്ത്രിയാകുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതും പാര്‍ട്ടിക്കും യുഡിഎഫിനുംപരിഗണിക്കേണ്ടിവരും.

ചട്ടപ്രകാരം ഒഴിവുവന്നിരിക്കുന്ന പിറവം മണ്ഡലത്തില്‍ ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറെ കരുതലുകളാണ് നടത്തേണ്ടത്. ഭരണത്തിലുള്ള യുഡിഎഫ് മുന്നണിയുടെ അംഗബലം കുറച്ച് ഭരണത്തെ ദുര്‍ബലമാക്കാനുള്ള തന്ത്രങ്ങള്‍ എല്‍ഡിഎഫ് മെനയുമെന്നുള്ളതുകൊണ്ട് പിറവം ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്.

അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ട്ടിയുടെ നിയമസഭാ പ്രാതിനിധ്യം ഉറപ്പാക്കിയശേഷം അനൂപിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നു കരുതുന്ന ഒരു വിഭാഗം പാര്‍ട്ടിയില്‍തന്നെയുണ്ട്. എന്നാല്‍, മന്ത്രിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നത് വിജയസാധ്യത കൂട്ടുമെന്ന വാദത്തിനാണ് പാര്‍ട്ടിയില്‍ പിന്തുണയേറെയുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക