Image

ജനങ്ങളെ വലക്കുന്ന വിസ-പാസ്‌പോര്‍ട്ട് സര്‍വീസ്

Published on 14 January, 2014
ജനങ്ങളെ വലക്കുന്ന വിസ-പാസ്‌പോര്‍ട്ട് സര്‍വീസ്
ന്യൂയോര്‍ക്ക്‌: പരാതികളുടെ കൂമ്പാരമാണ്‌ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌, വിസ, ഒ.സി.ഐ കാര്‍ഡ്‌ തുടങ്ങിയവ സര്‍വീസ്‌ ചെയ്യുന്ന ബി.എല്‍.എസ്‌ ഇന്റര്‍നാഷണലിനെപ്പറ്റി ഉയരുന്നത്‌. 2012 ഒക്‌ടോബര്‍ ഒന്നിന്‌ അവര്‍ ട്രാവിസയില്‍ നിന്ന്‌ ഈ ചുമതല ഏറ്റെടുത്തതു നാള്‍ മുതല്‍ ജനം കഷ്‌ടത്തിലായി. പാസ്‌പോര്‍ട്ട്‌, ഒ.സി.ഐ കാര്‍ഡ്‌ തുടങ്ങിയവ ആവശ്യമുളള ഇന്ത്യന്‍ വംശജരും, വിസ ആവശ്യമുള്ള അമേരിക്കക്കാരും ഒരുപോലെ പരാതികളുമായി രംഗത്തുണ്ട്‌. അധികൃതര്‍ക്ക്‌ അത്‌ അറിയുകയും ചെയ്യാം. പക്ഷെ ഒന്നും സംഭവിക്കുന്നില്ല.

ആരെയാണ്‌ പഴിക്കേണ്ടത്‌? ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം കണ്ടെത്തി ചുമതല ഏറ്റെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന്‌ ബി.എല്‍.എസിന്റെ യു.എസ്‌ മേധാവി വിക്കി ജയിന്‍ പറയുന്നു. ന്യൂയോര്‍ക്ക്‌ പോലരു നഗരത്തില്‍ കോണ്‍സുലേറ്റിന്‌ അഞ്ചുമൈല്‍ അകലെയല്ലാതെ ഓഫീസ്‌ കണ്ടെത്താന്‍ കിട്ടിയത്‌ അഞ്ചുനാള്‍. എങ്കിലും പാസ്‌പോര്‍ട്ടിനും, വിസ സര്‍വീസിനുമായി രണ്ട്‌ ഓഫീസുകള്‍ കണ്ടെത്തി. അത്‌ കോണ്‍സുലേറ്റ്‌ അധികൃതര്‍ അംഗീകരിച്ചതുമാണ്‌.

പരാതികൊണ്ട്‌ പൊറുതി മുട്ടിയ തങ്ങള്‍ ബി.എല്‍.എസിന്റെ കരാര്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുവെന്ന്‌ ന്യൂയോര്‍ക്ക്‌ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്‌, ഐ.എന്‍.ഒ.സി ചെയര്‍ ജോര്‍ജ്‌ ഏബ്രഹാം അടക്കമുള്ള സംഘത്തോട്‌ പറഞ്ഞു. ബി.എല്‍.എസിനെ മാറ്റുമെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ചിക്കാഗോയില്‍ വെച്ച്‌ പറഞ്ഞുവെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പറഞ്ഞു.

പക്ഷെ, രണ്ടും നടക്കാന്‍ സാധ്യത കുറവാണ്‌. ദേശീയ തെരഞ്ഞെടുപ്പിന്‌ അധികനാളില്ല. അതിനിടയില്‍ ഇക്കാര്യമൊക്കെ ശ്രദ്ധിക്കാന്‍ കേന്ദ്രത്തില്‍ ആര്‍ക്ക്‌ സമയം? ഡോ. ദേവയാനിയുടെ അറസ്റ്റ്‌ ഉണ്ടായപ്പോള്‍ ഒരു വിഭാഗം പ്രവാസികളെങ്കിലും മിണ്ടാതിരുന്നത്‌ കോണ്‍സുലേറ്റുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും തങ്ങള്‍ക്കുണ്ടാകുന്ന തിക്താനുഭവങ്ങളുടെ ഓര്‍മ്മയിലായിരിക്കണം.

അപേക്ഷകള്‍ ബി.എല്‍.എസ്‌ ഓഫീസില്‍ തുറന്നു നോക്കുകപോലും ചെയ്യാതെ ആഴ്‌ചകളോളം കെട്ടിക്കിടക്കുന്നത്‌ അറിയാമെന്ന്‌ കോണ്‍സുലേറ്റ്‌ അധികൃതര്‍ പറയുന്നു. പാസ്‌പോര്‍ട്ട്‌ കാണാതാകുന്നതും കൂമ്പാരത്തിനിടയില്‍ നിന്ന്‌ തിരഞ്ഞുപിടിക്കാനാകാതെ വരുന്നതും നിത്യസംഭവം. ഒരേകാര്യത്തിന്‌ ഓഫീസില്‍ പലവട്ടം കയറിയിറങ്ങണം. ഓഫീസിലിരിക്കുന്ന ഒരാള്‍ ഒരു വിശദീകരണം നല്‍കും. മറ്റൊരാള്‍ വേറൊന്നും. ഇനി അവരുടെ വെബ്‌സൈറ്റിലാണെങ്കിലോ, ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലാണ്‌ വിശദീകരണങ്ങള്‍. എഴുതിയിരിക്കുന്നത്‌ എന്തെന്ന്‌ മനസിലാവില്ല.

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റ്‌ വിസയ്‌ക്ക്‌ അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ പ്രശ്‌നങ്ങള്‍ മറക്കുന്നു. ഇത്ര നിരുത്തരവാദപരമായ ഓരോഫീസ്‌ ഇല്ലെന്നാണ്‌ പലരുടേയും സാക്ഷ്യപത്രം. ഇന്ത്യയുടെ പ്രതിഛായ തന്നെ കളങ്കപ്പെടുന്ന കാര്യമാണിതെന്ന്‌ അധികൃതരും സമ്മതിക്കുന്നു. ഈ കെടുകാര്യസ്ഥതയ്‌ക്ക്‌ ബി.എല്‍.എസ്‌ മാത്രമാണോ ഉത്തരവാദി? അവര്‍ക്ക്‌ മതിയായ സമയം നല്‍കാതെ ചുമതല ഏര്‍പിച്ചത്‌ ശരിയോ?

ന്യൂയോര്‍ക്കിലെ ബി.എല്‍.എസിന്റെ ഓഫീസില്‍ കൊടുംതണുപ്പില്‍ മരവിച്ചാണ്‌ ജനം ക്യൂ നില്‍ക്കുന്നത്‌. എലിവേറ്ററില്‍ എത്തിപ്പെട്ട്‌ ഓഫീസിലെത്തിയാലോ? അവിടെ സൗകര്യങ്ങള്‍ നന്നേ കുറവ്‌. ജോലിക്കാരായിരിക്കുന്നവര്‍ പലരും ചെറുപ്പക്കാരായ അമേരിക്കക്കാര്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌, വിസ നിയമമൊന്നും കാര്യമായി അറിയില്ലെന്ന്‌ വ്യക്തം.

അമേരിക്കയിലെ ജോലിക്ക്‌ ഇന്ത്യക്കാരെ മാത്രമേ വെയ്‌ക്കൂ എന്നു പറയാനാവില്ലെന്ന്‌ ജയിന്‍ ചൂണ്ടിക്കാട്ടുന്നു. അത്‌ നിയമവിരുദ്ധമാണ്‌. അതിനാല്‍ അര്‍ഹത നോക്കി ജോലിക്കെടുത്തു. ജോലിക്കാരില്‍ ഇന്ത്യക്കാര്‍ കുറവാണ്‌. ട്രാവിസയില്‍ ജോലി ചെയ്‌തിരുന്ന പലരും ബി.എല്‍.എസില്‍ ചേര്‍ന്നിട്ടുണ്ട്‌.

സ്ഥിതികള്‍ മെച്ചപ്പെട്ടുവരികയാണെന്ന്‌ ജയിന്‍ പറഞ്ഞു. 45 ശതമാനം അപേക്ഷകളിലും തീര്‍പ്പുണ്ടാക്കി. തെറ്റുകളും കുഴപ്പങ്ങളും ഒഴിവാക്കാനായി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ തിരക്കുള്ള സീസണും കഴിഞ്ഞു. ആറുമണിക്ക്‌ ഓഫീസ്‌ അടയ്‌ക്കുമെങ്കിലും പുറത്ത്‌ ആളുണ്ടെങ്കില്‍ ഏഴര വരെ തങ്ങള്‍ സേവനം നല്‍കുന്നുണ്ടെന്നദ്ദേഹം പറയുന്നു. അതുപോലെ ഒന്നര മണിക്കൂര്‍ വാക്‌-ഇന്‍ ആയി വരുന്നവരേയും സ്വീകരിക്കുന്നു. അത്‌ അര മണിക്കൂര്‍ മതി എന്നാണ്‌ അധികൃത നിര്‍ദേശമെങ്കിലും കൂടുതല്‍ പേര്‍ക്ക്‌ പ്രയോജനപ്പെടാന്‍ സമയം നീട്ടുകയായിരുന്നു.

തങ്ങളുടെ നല്ല സേവനങ്ങളെ ആരെങ്കിലും അഭിനന്ദിച്ചാല്‍ അവര്‍ക്കെതിരേ വരെ ചിലര്‍ ശബ്‌ദമുയര്‍ത്തുന്നുണ്ട്‌. അതുപോലെ തങ്ങള്‍ക്കെതിരേ പ്രചാരണവുമായി തങ്ങളുടെ എതിരാളികളും രംഗത്തുണ്ടെന്ന്‌ ജയിന്‍ പറയുന്നു.

മൂന്നുവര്‍ഷത്തേക്കാണ്‌ ബി.എല്‍.എസിന്റെ കാലാവധി. വിസ, പാസ്‌പോര്‍ട്ട്‌ സര്‍വീസുകളൊക്കെ ഇന്ത്യന്‍ കമ്പനിക്ക്‌ മാത്രമേ നല്‍കാനാവൂ എന്ന ചട്ടപ്രകാരമാണ്‌ ട്രാവിസയെ മാറ്റി ഡല്‍ഹി ആസ്ഥാനമായുള്ള ബി.എല്‍.എസിനെ കരാര്‍ ഏല്‍പിച്ചത്‌. പക്ഷെ അവര്‍ക്ക്‌ സമയം നല്‍കിയില്ലെന്ന്‌ മാത്രമല്ല, യാതൊരു പരിശീലനവും അധികൃതര്‍ നല്‍കിയില്ല. പരിശീലനം നല്‍കേണ്ടത്‌ പ്രാഥമിക ചുമതലയല്ലേ?

അതുപോലെ അവര്‍ തന്നെ അപേക്ഷയ്‌ക്ക്‌ ആവശ്യമായ വെബ്‌സൈറ്റും സോഫ്‌റ്റ്‌ വെയറും രൂപപ്പെടുത്തുന്നതിലെ യുക്തി എന്താണ്‌? ഓരോ മൂന്നുവര്‍ഷവും പുതിയ രീതി ഉണ്ടാകുമെന്നല്ലേ അതിനര്‍ത്ഥം? അതിനു പകരം അപേക്ഷ സംബന്ധിച്ച വെബ്‌സൈറ്റും സോഫ്‌റ്റുവെയറുമൊക്കെ സര്‍ക്കാര്‍ ഏജന്‍സി തന്നെ രൂപപ്പെടുത്തുന്നതല്ലേ നല്ലത്‌? ആരോട്‌ പറയാന്‍?

മൂന്നോ നാലോ ദിവസം കൊണ്ട്‌ കിട്ടിയിരുന്ന വിസയ്‌ക്ക്‌ ഇപ്പോള്‍ മൂന്നും നാലും ആഴ്‌ച എടുക്കുന്നുണ്ടെന്ന്‌ ന്യൂജേഴ്‌സിയിലെ സംഘടനാ നേതാവും പഴയകാല ട്രാവല്‍ ഏജന്റുമായ പീറ്റര്‍ കോച്ചേരി ചൂണ്ടിക്കാട്ടി. ബി.എല്‍.എസില്‍ നിന്നോ, കോണ്‍സുലേറ്റില്‍ നിന്നോ ഒരു വിവരവും ലഭിക്കില്ല. ഫോണ്‍ ചെയ്‌താല്‍ ആരും എടുക്കില്ല. പാസ്‌പോര്‍ട്ട്‌ റദ്ദാകല്‍ എന്നത്‌ ജനത്തെ ഉപദ്രവിക്കാന്‍ മാത്രമുള്ള മണ്ടന്‍ ആശയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പൗരത്വം എടുത്താലും നേരത്തെ തന്നെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകൂടി കൈവശം വെയ്‌ക്കുന്നവര്‍ക്ക്‌ വിസയും ഒ.സി.ഐ കാര്‍ഡുമൊക്കെ വേണമെന്ന്‌ ശഠിക്കുന്നതിലെ അശാസ്‌ത്രീയത ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പൗരത്വം എടുത്തതുകൊണ്ട്‌ ഇന്ത്യക്കാരനല്ലാതാവുന്നില്ല. പഴയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ തന്നെയാണ്‌ ഏറ്റവും നല്ല തെളിവ്‌. പക്ഷെ ജനത്തിന്‌ എന്തെങ്കിലും ഗുണം ലഭിക്കുന്ന കാര്യം ചെയ്യാന്‍ ഇന്ത്യാ ഗവണ്‍മെന്റോ ഉദ്യോഗസ്ഥ മേഥാവികളോ ഓര്‍ക്കാറില്ലെന്നു മാത്രം.
ജനങ്ങളെ വലക്കുന്ന വിസ-പാസ്‌പോര്‍ട്ട് സര്‍വീസ്
Join WhatsApp News
Keeramutty 2014-01-15 11:01:11
രവിയടക്കം ഡല്‍ഹിയിലുള്ള ചിലര്‍ക്ക് മൂലമര്‍മ്മ ചികിത്സ നല്‍കിയാല്‍ ഒരു പക്ഷെ, ഈ പ്രശ്നം നേരെയാകും എന്നാണ് പൈത്യരത്നം വയനടാന്‍ മൂസ്സ് അഭിപ്രായപ്പെടുന്നത്.മൂലമര്‍മ്മ ചികിത്സ:ഒരടി(പന്ത്രണ്ടിഞ്ചു) നീളമുള്ള തമരുകമ്പിയുടെ (പാറ തുളക്കുന്ന കമ്പി)  കൃത്യം പകുതി അടുപ്പിലിട്ടു പഴിപ്പിച്ചിട്ട്, പഴുക്കാത്ത പകുതി രോഗിയുടെ ആസനത്തില്‍ കയറ്റുകയെന്നതാണ്(രോഗി സ്വയം കമ്പി വലിച്ചുരാതിരിക്കുവനാണ് പഴുത്ത ഭാഗം വെളിയില്‍ നിര്‍ത്തുന്നത്).
(കീറാമുട്ടി)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക