Image

പുത്തന്‍വേലിക്കര കൊലപാതകം: ജയാനന്ദന് വധശിക്ഷ

Published on 02 November, 2011
പുത്തന്‍വേലിക്കര കൊലപാതകം: ജയാനന്ദന് വധശിക്ഷ

സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ഇടത് കൈപ്പത്തി വെട്ടി മാറ്റി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ ജയാനന്ദന് വധശിക്ഷ. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജോസ് തോമസാണ് വധശിക്ഷ വിധിച്ചത്. കോളിളക്കം സൃഷ്ടിച്ച മാള ഇരട്ടക്കൊലക്കേസില്‍ ഇയാള്‍ പ്രതിയായിരുന്നുവെങ്കിലും സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.

2006 ഒക്ടോബര്‍ 2നാണ് പറവൂരിനടുത്തുള്ള പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ ദേവകി എന്ന ബേബിയെ പ്രതി രാത്രി കൊലപ്പെടുത്തിയത്. ദേവകിയുടെ കിടപ്പറയില്‍ വെച്ചായിരുന്നു കൊല. ഭര്‍ത്താവ് രാമകൃഷ്ണനെ പ്രതി തലയ്ക്ക് ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. രാമകൃഷ്ണന്‍ ബോധമറ്റ് നിലത്ത് വീഴുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതി ശ്രമിക്കുകയും ചെയ്തു.

പ്രതിക്ക് എതിരായ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സാക്ഷിമൊഴികള്‍ പൂര്‍ണ്ണമായും വിശ്വസിക്കാം. കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദി പ്രതിതന്നെയാണെന്ന് സ്ഥാപിക്കപ്പെടുന്നതായും കോടതി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പലരേയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുന്നതായി തെളിഞ്ഞതിനാല്‍ റിപ്പര്‍ ജയന്‍ എന്ന പേരിലാണ് പ്രതി അറിയപ്പെടുന്നത്.

അത്യപൂര്‍വമായ കേസ് ആയതിനാല്‍ മാള സ്വദേശിയായ ജയാനന്ദന് വധശിക്ഷ നല്‍കണമെന്ന് അഡീഷണല്‍ പ്രോസിക്യൂട്ടര്‍ പി.ജെ. മനു കോടതിയില്‍ പറഞ്ഞിരുന്നു. ജീവപര്യന്തം ശിക്ഷ മാത്രം വിധിച്ചാല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതി ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ നീതിയുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി വധശിക്ഷ തന്നെ പ്രതിക്ക് വിധിക്കണമെന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജോസ് തോമസ് മുമ്പാകെ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചത്. ജീവപര്യന്തം ശിക്ഷ നല്‍കാവുന്ന മൂന്ന് കുറ്റകൃത്യങ്ങള്‍ തന്നെ പ്രതിക്ക് എതിരെ തെളിഞ്ഞിട്ടുണ്ട്. അത്യപൂര്‍വമായ കൊലപാതകക്കുറ്റം കൂടി തെളിഞ്ഞതിനാല്‍ കോടതി യാതൊരു ദയയും കാണിക്കാതെ വധശിക്ഷ വിധിക്കണമെന്നാണ് അദ്ദേഹം തുടര്‍ന്ന് ആവശ്യപ്പെട്ടിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക