Image

അഹങ്കാരവും അസൂയയും അന്ത്യത്തിന്റെ ആരംഭമോ ? (പി.പി.ചെറിയാന്‍)

പി.പി.ചെറിയാന്‍ Published on 15 January, 2014
അഹങ്കാരവും അസൂയയും അന്ത്യത്തിന്റെ ആരംഭമോ ? (പി.പി.ചെറിയാന്‍)
അഹങ്കാരവും അസൂയയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും നിഷേധിക്കാനാകുമോ ? അഹങ്കാരത്തില്‍ നിന്ന് അസൂയയും, അസൂയയില്‍ നിന്ന് അഹങ്കാരവും ഉത്ഭവിക്കുമോ ? അഹങ്കാരത്തിനും അസൂയയ്ക്കും നല്‍കാവുന്ന ഉചിതമായ നിര്‍വചനം എന്താണ് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനുളള അന്വേഷണത്തില്‍ കണ്ടുമുട്ടിയതാകട്ടെ സുഹൃത്തെന്ന് വേണു വിശ്വസിക്കുന്ന നേതാവിനെ തന്നെ വേണു ചിന്തിക്കുന്ന തലത്തില്‍ നേതാവ് ചിന്തിക്കുന്നുണ്ടോ നിശ്ചയമില്ല.


വലിയൊരു സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത് ആദ്യമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ് നേതാവ്. (സ്വന്ത വ്യക്തി പ്രഭാവം കൊണ്ട് നേതൃത്വ സ്ഥാനത്ത് എത്തി ചേര്‍ന്ന് എന്ന് തെറ്റിദ്ധരിക്കാതിരിക്കുകവാനാണ് മനഃപൂര്‍വ്വം പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വാക്ക് ഉപയോഗിച്ചത്)

വേണു കയറി ചെല്ലുമ്പോള്‍ ഹാളിനകത്ത് യോഗം നടക്കുകയാണ്.  എനിക്കുശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ചുരുക്കം ചിലര്‍ ചേര്‍ന്ന സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയാണ്. ഗ്ലാസിട്ട ജനലിലൂടെ നോക്കിയപ്പോള്‍ വിളഞ്ഞു കിടക്കുന്ന വയലുകളില്‍ കണ്ണേറ് എല്ക്കാതിരിക്കുന്നതിന് വെച്ചിരിക്കുന്ന ഭീമാകാരമായ നോക്കു കുത്തി കണക്കെ നേതാവ് മധ്യത്തിലുളള കസേരയില്‍ ഇരിക്കുന്ന ഏതാനും മിനുറ്റുകള്‍ കഴിഞ്ഞപ്പോള്‍ യോഗം അവസാനിച്ചു. എല്ലാവരും പുറത്തുവന്നു. നേതാവിനെ സ്വകാര്യമായി വിളിച്ചു തൊട്ടടുത്ത മുറിയില്‍ പ്രവേശിച്ചു. രണ്ടു കസേരകളില്‍ വേണുവും നേതാവും മുഖാമുഖമിരുന്നു. യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ എന്തായിരുന്നു എന്നാണ് ആദ്യം അന്വേഷിച്ചത്. സാധാരണ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ തന്നെ. അതെല്ലാം നടക്കേണ്ടതുപോലെ നടക്കും. തീരുമാനങ്ങളെല്ലാം അങ്ങേരുടേതാണ്. മീറ്റിങ്ങിനെ കുറിച്ചുളള ചര്‍ച്ച പെട്ടെന്ന് അവസാനിപ്പിച്ചു.

ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നത് ചില വിഷയങ്ങളെക്കുറിച്ചു. നേതാവിന്റെ വിലപ്പെട്ട അഭിപ്രായങ്ങള്‍ ആരായുന്നതിനാണ്. ഞാന്‍ വളരെ തിരക്കിലാണല്ലോ ? എന്താണ് ചോദ്യങ്ങള്‍ ഒന്ന് കേള്‍ക്കട്ടെ.
അപാരമായ അറിവിന്റെ ഉറവിടമാണ് നേതാവ് എന്ന് കേട്ടിട്ടുണ്ട്. മനുഷ്യനില്‍ അന്തര്‍ലീനമായിട്ടുളള രണ്ട് മനോഭാവങ്ങള്‍ അഹങ്കാരവും അസൂയയും ഇതിനെക്കുറിച്ചുളള നിര്‍വചനങ്ങള്‍ എന്താണെന്ന് അറിഞ്ഞാല്‍ അത് മറ്റുളളവര്‍ക്കു കൂടെ ഉപകാര പ്രദമായിരിക്കുമെന്നാണ് തോന്നുന്നത്. ഒന്ന് വിശദീകരിക്കാമോ ?

ദൈനം ദിന ജീവിതത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന നിരവധി അനുകാലിക വിഷയങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉളളപ്പോള്‍ ഇത്രയും അപ്രധാന വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്ത് എന്തിനാണ് സമയം മിനക്കെടുത്തുന്നത്. താങ്കള്‍ക്കു വേറെ പണിയൊന്നുമില്ലേ ? നേതാവില്‍ നിന്നും ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ അഹങ്കാരം എന്ന പദത്തിന് ഒരു പരിധിവരെ നിര്‍വചനം ലഭിച്ച സംതൃപ്തി !

ഇരിക്കുന്ന കസേരയില്‍ ഒന്നു പുറകോട്ട് ചാഞ്ഞ് വേണുവിനോട് ഒരു മറുചോദ്യം. അഹങ്കാരത്തിനും അസൂയയ്ക്കും മനുഷ്യര്‍ പോയിട്ട് ഈശ്വരന്മാര്‍ പോലും അതീതരാണെന്ന് കരുതുന്നുണ്ടോ ? പാവം മഹാബലിയുടെ കഥ എല്ലാവര്‍ക്കും അറിവുളളതാണല്ലോ ? പ്രജകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി സല്‍ഭരണം നടത്തിയിരുന്നതല്ലേ മഹാബലി രാജാവ്. അങ്ങേരെ പോലും ഭരിക്കുവാന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണ് ? എന്തിനാണ് ഈശ്വരന്‍ ആ പാവത്താനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ? ഈശ്വരന്മാരായതുകൊണ്ട് എന്തും ആകാം എന്ന അഹങ്കാരവും, തങ്ങളെ കൊണ്ടാകാത്തത് മഹാബലി ചെയ്യുന്നതിലുമുളള അസൂയകൊണ്ടല്ലേ ?
നേതാവ് വാചാലനാകുന്നു എന്ന് തോന്നിയപ്പോള്‍ ആകാംക്ഷ വര്‍ദ്ധിച്ചു. അടുത്തത് ആരെകുറിച്ചാണോ പറയാന്‍ പോകുന്നത്. എന്റെ ധാരണ തെറ്റിയില്ല. വേണുവിന് അറിയില്ലേ ഈയ്യിടെ ലോകമെങ്ങും ക്രിസ്മസ് അതിഗംഭീരമായി ആഘോഷിച്ചത്. ദിവസങ്ങള്‍  പിന്നിട്ടിട്ടു മോചിരായിട്ടില്ല.  ക്രിസ്്തു എന്ന ലോക രക്ഷകനെ ഹൃദയത്തില്‍ വഹിച്ചതിന്റെ ഭാരവും ചുമ്മി നടക്കുകയാണ്. ആ പുളളി ലോകത്തില്‍ ജന്മമെടുത്തത് എന്തിനുവേണ്ടിയാണ്. എന്ന് ഇവരിലാരെങ്കിലും ഒരു നിമിഷം ആത്മാര്‍ത്ഥമായി ചിന്തിച്ചിട്ടുണ്ടോ ? പാപികളെ വീണ്ടെടത്ത് നിത്യ ജീവന്‍ പ്രദാനം ചെയ്യുന്നതിനാണ് എന്നൊക്കെ ചിലര്‍ പറയുന്നു. അന്നുണ്ടായിരുന്ന മത നേതാക്കന്മാരും, പരീശന്മാരും, ശാസ്ത്രീമാരും, മഹാപുരോഹിതന്മാരും എന്താണ് പുളളിയോട് ചെയ്തത്. മൂന്നര വര്‍ഷത്തെ പരസ്യ ശുശ്രൂഷയില്‍ സമൃദ്ധിയായ ജീവന്‍ എങ്ങനെ ലഭിക്കുമെന്നും, മനുഷ്യന്റെ അവകാശങങളും ചുമതലകളും എന്താണെന്നും സമീപ പ്രദേശങ്ങളില്‍ കാല്‍ നടയായി സഞ്ചരിച്ചു. ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും (സംഘടന ഇടയ്ക്കിടെ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്ന ധാരണ മനസിലുണ്ടായതാണ് നേതാവ് ഇങ്ങനെ ഒരു  പദപ്രയോഗം നടത്തിയത്.) സമൂഹത്തിലെ അവഗണിക്കപ്പെട്ടവര്‍, അശരണര്‍, രോഗികള്‍ എന്നിവയ്ക്കു ആശ്വാസം പകരുകയും ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയും ചെയ്ത അദ്ദേത്തെ ഇല്ലാത്ത കുറ്റാരോപണങ്ങള്‍ നടത്തി അതിക്രൂരമായി ക്രൂശില്‍ തറച്ചു കൊല്ലുകയല്ലേ ചെയ്തത്. ജനങ്ങള്‍ ക്രിസ്തുവിന്റെ പിന്നാലെയായി പോകും എന്ന അസൂയയും, ഭയവും അധികാരത്തിന്റെ ഗവര്‍വ്വുമായിരുന്നില്ലേ ഇതിനവരെ പ്രേരിപ്പിച്ചത്.

മനുഷ്യനും ഈശ്വരനും തമ്മിലുളള ബന്ധം ഇങ്ങനെയാണെന്നുളളത്. ഒരു വശത്ത് മറുവശത്തു മനുഷ്യനും മനുഷ്യനും തമ്മിലുളള ബന്ധം എങ്ങനെയാണെന്ന് നോക്കാം. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മജി, ദക്ഷണിാഫ്രിക്കന്‍ ജനതയുടെ വിമോചകനായ നെല്‍സണ്‍ മണ്ടേല ഇവരെ വെളളക്കാരുടെ ഭരണകൂടം എന്തിനാണ് ക്രൂരമായി പീഡിപ്പിച്ചതും, ജയിലിലടച്ചതും. രണ്ടു പേര്‍ക്കും ജനങ്ങളില്‍ നിന്നും ലഭിച്ച അസൂയാഹമായ പിന്തുണയായിരുന്നില്ലേ ? തങ്ങളുടെ അധികാരത്തെക്കുറിച്ചുളള അഹന്തയായിരുന്നില്ലേ ? ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ നേതാവ് ചുമരില്‍ തൂക്കിയിട്ടിരുന്ന ക്ലേക്കില്‍ നോക്കി. എനിക്ക് അത്യാവശ്യമായി ഉടനെ ഒരു സ്ഥലത്തെത്തണം. പിന്നീട് കൂടുതല്‍ സംസാരിക്കാം. കസേരയില്‍ നിന്നും എഴുന്നേറ്റു അതിവേഗം  കാറില്‍ കയറി സ്ഥലം വിട്ടു. (പിന്നീടാണ് അറിഞ്ഞത്. നേരെ പോയത് വീട്ടിലേയ്ക്കാണെന്നും, ഭാര്യ ജോലി കഴിഞ്ഞു വരുന്നതിന് മുമ്പ് കുക്കിംഗ് നടത്തിയില്ലായെങ്കില്‍ നേതാവ് വിവരം അറിയുമെന്നും)

വേണു സാവകാശം എഴുന്നേറ്റു തൊട്ടു പുറകിലുളള വിശാലമായ മൈതാനത്തെ പുല്‍തകിടിയില്‍  വന്നിരുന്നു. സമയം വൈകിട്ട് ആറു മണിയായി കാണും. ഇന്നു വെളുത്തവാവാണ്. അല്പ സമയത്തിനകം പൂര്‍ണ്ണ ചന്ദ്രന്‍ ഈ പ്രദേശങ്ങളെ പ്രകാശ പൂരിതമാക്കും. സ്വയം പ്രകാശിക്കുവാന്‍ അശക്തയാണെങ്കിലും എന്തു അഹങ്കാരത്തോടെയാണ് ചന്ദ്ര ഭഗവാന്‍ എഴുന്നെളളുന്നത്. തന്നില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകാശ കിരണങ്ങള്‍ ആവാഹിച്ചു കൊണ്ട് പ്രഭാപൂരിതയായ ചന്ദ്ര ഭഗാവാനെ അസൂയയോടെയായിരിക്കാം മറഞ്ഞിരിക്കുന്ന സൂര്യ ഭഗവാന്‍ ഒരു പക്ഷേ നോക്കി കാണുന്നത്. അസ്വസ്ഥമായ മനസില്‍ പെട്ടെന്നാണ് പരിചിതമായ രണ്ട് രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ രൂപങ്ങള്‍ വ്യക്തമായി.

സ്വന്തം ഭാര്യമാരേയും മക്കളേയും സ്വരൂപീച്ചു കൂട്ടിയ ധനത്തേയും സ്വപ്രയത്‌നത്താല്‍ നേടിയെന്നവകാശപ്പെട്ട സര്‍വ്വ അധികാരത്തേയും സ്വര്‍ണ്ണം കൊണ്ടുപോലും അലങ്കരിച്ച രാജ കൊട്ടാരത്തേയും ഉപേക്ഷിച്ചു. ഭീരുക്കളെ പോലെ പ്രാണരക്ഷാര്‍ത്ഥം ഓടി പോയി മലിന ജലം ഒഴുകുന്ന ഓടകളിലും, ഭൂഗര്‍ഭ ഒളി സങ്കേതങ്ങളിലും അഭയം കണ്ടെത്തുവാന്‍ ശ്രമിച്ചുവെങ്കിലും ദയനീയ അന്ത്യത്തിന് വിധേയരാകേണ്ടി വന്ന കേണല്‍ ഖദാഫിയും സദാം ഹുസൈനുമല്ലാതെ മറ്റാരുമായിരുന്നില്ലവര്‍.

മനുഷ്യ ജീവന് പുല്ലുവില പോലും കല്പിക്കാതിരുന്ന ഇവരെ നാശത്തിലേക്ക് നയിച്ചത്. അവരറിയാതെ അവരില്‍ പിടിമുറിക്കിയ അഹങ്കാരമായിരുന്നുവോ ?

അഹങ്കാരവും അസൂയയും ഏതൊരാളില്‍ അമിത സ്വാധീനം ചെലുത്തുന്നുവോ ? അവരുടെ അന്ത്യം ഞങ്ങളുടേതില്‍ നിന്നും ഒട്ടും വിഭിന്നമാകയില്ല എന്ന സന്ദേശം നല്‍കി രൂപങ്ങള്‍ പെട്ടെന്ന് മനസില്‍ നിന്നും അപ്രത്യക്ഷമായി.

മൈതാനത്തു നിന്നും എഴുന്നേറ്റ് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി വീട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ അന്വേഷിച്ചിറങ്ങിയ ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉത്തരം കണ്ടെത്തിയതിലുളള സംതൃപ്തി വേണുവിന്റെ മുഖത്ത് പ്രകടമായി. ഇരുവശങ്ങളിലും ഇടതൂര്‍ന്ന നില്ക്കുന്ന വൃക്ഷങ്ങളുടെ മദ്ധ്യത്തില്‍ കണ്ണെത്താതെ നീണ്ടു കിടക്കുന്ന രണ്ടു വരി പാതയിലൂടെ വാഹനം അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുമ്പോള്‍ പക, പിണക്കം, ഉന്നത ഭാവം, അഹങ്കാരം അസൂയ എന്നിവയുടെ സ്വാധീന വലയത്തില്‍ ഉള്‍പ്പെട്ട് ദയനീയ അന്ത്യത്തിലേക്ക് നയിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചുളള ഭാരം വേണുവിന്റെ മുഖത്ത് പ്രകടമായ സംതൃപ്തിയില്‍ കരിനിഴല്‍  വീഴ്ത്തിയോ എന്നൊരു തോന്നല്‍.........


അഹങ്കാരവും അസൂയയും അന്ത്യത്തിന്റെ ആരംഭമോ ? (പി.പി.ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക