Image

ശശി എന്നും ശശി തന്നെ! - ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 17 January, 2014
ശശി എന്നും  ശശി തന്നെ! - ഷോളി കുമ്പിളുവേലി
'ശശി എന്നും ശശി തന്നെ' എന്നുള്ളത് ഏതോ കോമഡിഷോയില്‍ കേട്ടതാണ്. അതിലും വലിയ കോമഡിയാണ് നമ്മുടെ "സസിയണ്ണന്‍" നടത്തിക്കൊണ്ടിരിക്കുന്നത്.

യു.എന്‍. സെക്രട്ടറി ജനറല്‍ പദവിക്കടുത്തുവരെ എത്തിയ പ്രതിഭ! ലോക നേതാക്കളുമായി അടുത്ത ബന്ധ മുള്ള വ്യക്തി! ലോക പ്രശസ്ത എഴുത്തുകാരന്‍, വാഗ്മി... എന്നു വേണ്ട, എന്തൊക്കെ ബഹുമതികള്‍ യു.എന്‍. ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍, ഈയുള്ളവന്‍ വിചാരിച്ചത് ഇന്‍ഡ്യക്ക് കൃഷ്ണ മേനോനെക്കാള്‍  മിടുക്കനായ ഒരു വിദേശ കാര്യമന്ത്രിയെ കിട്ടുമെന്നാണ്. ഊഹം തെറ്റിയില്ല, കേന്ദ്രവിദേശകാര്യ സഹമന്ത്രിയായി. മോശം പറയരുതല്ലോ; ചില വീക്ക്‌നസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആള്‍ 'മിസ്റ്റര്‍ ക്ലീന്‍'. കൈക്കൂലിയില്ല, സ്വജന പക്ഷപാതമില്ല, അഴിമതിയില്ല, അക്രമമില്ല.

ടെക്‌നോളജിയാണ് ഒരു വീക്ക്‌നസ്, ട്വിറ്ററും, ഫേസ്ബുക്കും ഒക്കെ കണ്ടുപിടിക്കുന്നതിന് മുമ്പേ അദ്ദേഹം ചാറ്റ് ചെയ്തു തുടങ്ങിയിരുന്നു. അങ്ങനെയാണ് വിമാനത്തിലെ 'കന്നുകാലിയിലും', 'വിശുദ്ധ പശുക്കളു'മൊക്കെ നാട്ടുക്കാര്‍ ആദ്യമായി കേള്‍ക്കുന്നത്. അങ്ങനെ  പറന്നു നടന്നുള്ള ഭരണത്തിന്റെ ഇടയിലാണ് സുനന്ദ എന്ന കാഷ്മീരി സുന്ദരിയില്‍ അനുരുക്തനാകുന്നത്. മറ്റൊരു വീക്കനസ്! നിലവില്‍ ഉള്ളതിനെ പറഞ്ഞു വിട്ടിട്ട് ഇതിനെകൂടെ കൂട്ടി. അങ്ങനെ സുനന്ദനാടും നാട്ടാരും  അറിഞ്ഞ് മൂന്നാമത്തെ ഭാര്യയായി. സുനന്ദയുമായി കാഷ്മീര്‍ താഴ് വരകളിലൂടെ പാട്ടും പാടി നടന്നപ്പോഴാണ്, ഐ. പി. എല്‍ ക്രിക്കറ്റെന്ന ഭൂതത്തെ ആരോ തുറന്നുവിട്ടത് ക്രിക്കറ്റ് മറ്റൊരു വീക്കനസ്! ക്രിക്കറ്റ് കമ്പം മൂത്ത് കൊച്ചിക്ക് ടീമുണ്ടായി. സുനന്ദപുഷ്‌കറിന്റെ വിയര്‍പ്പിന്റെ വില ഐ.പി.എല്‍ ടീമില്‍ തരപ്പെടുത്തി കൊടുത്തപ്പോള്‍, തെറിച്ചത് തരൂരിന്റെ മന്ത്രിക്കസേര!

സുനന്ദ എന്തിനു വിയര്‍ത്തു, ആര്‍ക്കുവേണ്ടി വിയര്‍ത്തു എന്നൊക്കെ അന്വേഷിച്ചു തീരുംമുമ്പേ, 2012 ല്‍ വീണ്ടും മന്ത്രിയായി. ഈ പ്രാവശ്യം വിദേശത്തിന് പകരം മാനവശേഷി വികസനം(Human Resources Development) മാണ് കിട്ടിയത്. കിട്ടിയ വകുപ്പില്‍ ഉത്ഹാസിപ്പിച്ചു പണിതു. അങ്ങനെ “മാനവ ശേഷി” വര്‍ദ്ധിപ്പിച്ച്, വര്‍ദ്ധിപ്പിച്ച്, അതിര്‍ത്തി ഭേദിച്ച് പാകിസ്ഥാനിലെ മെഹല്‍ തരാര്‍ എന്ന സുന്ദരിയില്‍ എത്തി. പുതിയത് കിട്ടുമ്പോള്‍ പഴയതിനെ കളയണമെന്ന “ലോക മാനവിക തത്വം” നടപ്പിലാക്കുന്നതിനു മുമ്പേ സുനന്ദ എട്ടിന്റെ പണികൊടുത്തു. ചില്ലറ ആരോപണമല്ല, ഭാര്യ ഉന്നയിച്ചിരിക്കുന്നത്.  സംഗതി രാജ്യദ്രോഹമാണ്. ഊരിയെടുക്കാന്‍ തരൂര്‍ അല്പം കൂടുതല്‍ വിയര്‍ക്കേണ്ടിവരും. അതിന് സുനന്ദയുടെ 'വിയര്‍പ്പിന്റെ' അത്ര വിലയുണ്ടായില്ല. കാര്യങ്ങളുടെ കിടപ്പ് കണ്ടിട്ട് വീണ്ടും “തലയുരുളും” എന്നാണ് തോന്നുന്നത്. മറ്റൊരുവന്റെ പ്രൈവസിയില്‍ നമ്മുക്ക് എന്തു കാര്യമെന്ന് ചോദിക്കുന്നവരുണ്ടാകാം. പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ ജീവിച്ചുകൊണ്ട് ഇത്തരം ഏര്‍പ്പാട് വേണ്ട, അത്ര തന്നെ.

മിടുക്കനാണ്. പക്ഷേ ജനം എന്തൊക്കെ കാണണം; ആര്‍, ഭാരത സംസ്‌കാരം എന്നൊക്കെ വായില്‍ കൊള്ളാത്ത വാക്കുകള്‍ ഒന്നും പറയുന്നില്ല. എന്നാലും നൂറ്റിമുപ്പത് കോടി ജനത്തിന്റെ മന്ത്രിയല്ലേ? അല്പം കൂടി മാന്യത ആകാമല്ലോ! പറഞ്ഞിട്ടെന്തു കാര്യം പഠിച്ചതല്ലേ പാടൂ!
“ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം.”

ശുഭം



ശശി എന്നും  ശശി തന്നെ! - ഷോളി കുമ്പിളുവേലി
Join WhatsApp News
jolly 2014-01-17 10:40:51
Aram pattiya polayallo Achayo!!!!!!!!!!!!!!!
Jose Joseph 2014-01-17 10:58:16
വളരെ നന്നായിട്ടുണ്ട്,നിങ്ങളെപോലെയുള്ളവർ മുഴുനീള  മാദ്യമാപ്രവര്തനതിലേക്ക് വരണം എന്നാണ് ഈയുള്ളവന്റെ അഭ്യർഥന.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക