Image

വാര്‍ദ്ധക്യ രോദനം (കവിത: മറിയാമ്മ ജോര്‍ജ്, ഡാലസ്)

മറിയാമ്മ ജോര്‍ജ്, ഡാലസ് Published on 18 January, 2014
വാര്‍ദ്ധക്യ രോദനം (കവിത: മറിയാമ്മ ജോര്‍ജ്, ഡാലസ്)

സ്വന്തമെന്നത് എന്തെന്ന് അറിഞ്ഞീടാ
ബന്ധം എന്തെന്നും നന്നായറിഞ്ഞീടാ
ഹന്തഃ ചിന്തിക്കുകിലെന്ത് കഥച്ചീടാന്‍
ബന്ധുരാദനനേ നീതാനറിയുന്നു സര്‍വ്വം

പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ
പോറ്റുവാന്‍ മടിക്കും വാര്‍ദ്ധിക്യേയവര്‍
കുറ്റം ആരുടേതെന്ന് പറഞ്ഞിടാന്‍
പറ്റുകില്ലോര്‍ക്കുകില്‍ സ്വര്‍ത്ഥമതുതാന്‍

വൃദ്ധ മാതാപിതാക്കള്‍ അഗതികളായ്
ബദ്ധരായിന്ന് പൂകുന്നു എവിടെയോ
കുദ്ധമാനസര്‍ക്ക് സഹിക്കൂലഈവിധം
ബദ്ധരായ ചിലര്‍ അഗതിഗേഹമതില്‍

കൂട്ടിനായിട്ട് അവിടുണ്ട് കുറെ വൃദ്ധര്‍
കൂട്ടുകൂടിപ്പറവാന്‍ കഥകള്‍ പലവിധം
വിട്ടുപോന്ന ഭവനത്തിന്‍ പ്രഢിയതും
പട്ടുപോയ പ്രതാപ മഹിമകളുമേറെ

ദാമ്പത്യവല്ലരി തന്നില്‍ വിടര്‍ന്നതാം
തമ്പുരാന്‍ തന്ന പൊന്നോമനകളെ
തുമ്പമേശാതെ അന്‍പിന്‍ വളര്‍ത്തിയും
വമ്പന്മാരാക്കിയതില്‍ തമ്പുരാനേ നന്ദി

കഷ്ടപ്പാടുകളേറെ സഹിച്ചിട്ടും അന്ന്
ഇഷ്ട ഭോജ്യങ്ങളൊക്കെ അനുദിനം
ഇഷ്ടംപോലെ നല്‍കി അവര്‍ക്കായി
കഷ്ടം ഇന്നവരതോര്‍ക്കുന്നതേയില്ല

സ്വത്തുക്കളെത്ര ഏറെ ഉണ്ടെന്നാലും
ഒത്തു പാര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍
പത്തനം എത്ര പൊക്കിപ്പണിതാലും
മര്‍ത്ത്യനേ ഗതിയെന്ത് ചിന്തിക്കുകില്‍

ബാല്യകാലം ഏറെ ലാളനാ പൂരിതം
നല്ല ഉല്ലാസ പൂങ്കാവാണ് യൗവനം
വല്ലാത്ത വാര്‍ദ്ധിക്യം വേദനാപൂരിതം
ഇല്ലസംശയം ഏവരും പൂകണമീയാത്ര

സ്വന്ത സ്വത്തുകള്‍ ഉപകരിച്ചീടുമോ
സ്വന്തമായുള്ളവര്‍ കൂട്ടിനായ് പോരുമോ
സ്വന്തമായുള്ളൊരു ഉടുവസ്ത്രം ലഭ്യമോ
സ്വന്തമായ് തനിയെ പൂകും പരലോകം

മണ്‍മയമാം ഈമേനി മണ്ണോടുചേരിലും
മണ്‍മറഞ്ഞൂനാം പരലോകം പൂകീടിലും
വിണ്‍പ്രഭയാല്‍ പൂരിതമാകട്ടെ ജീവിതം
കാണ്‍മതതുമാത്രം കരുതി ജീവിക്ക നാം

ഇന്നത്തെ കാലയളവില്‍ വൃദ്ധമാതാപിതാക്കള്‍ അനുഭവിക്കുന്ന കയ്‌പേറിയ അനുഭവങ്ങളുടെ ഒരു ചെറിയ ചിന്ത മാത്രമാണിത്.


വാര്‍ദ്ധക്യ രോദനം (കവിത: മറിയാമ്മ ജോര്‍ജ്, ഡാലസ്)
Join WhatsApp News
വിദ്യാധരൻ 2014-01-18 17:26:57
വർത്തമാന കാലത്തിൻറ്റെയും ഭാവികാലത്തിൻറ്റെയും ഒരു വലിയ ചിത്രം വരച്ചു കാട്ടുന്ന   മനോഹര കവിത. ഇന്നത്തെ മാതാപിതാക്കൾ അനുഭവിക്കുന്ന കയ്യ്‌പ്പേറിയ അനുഭവങ്ങൾ നമ്മളേയും കാത്തു കയ്യെത്താ  ദൂരത്തു  നില്ക്കുന്നു.  പിന്നിൽ എവിടെയോ 'ഇന്ന് ഞാൻ നാളെ നീ ' എന്ന അട്ടഹാസവും 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക