Image

പ്രേമവും കാമവും പിന്നെ സ്‌നേഹവും (കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 19 January, 2014
പ്രേമവും കാമവും പിന്നെ സ്‌നേഹവും (കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
കാമത്തിനാണ്‌ കണ്ണില്ലാത്തത്‌-
പടുകുഴിയും
നീര്‍ച്ചുഴിയും
തിരിക്കുഴിയും
തിരിയാത്ത
അന്ധവായന:
നാളും പേരും ഓര്‍മ്മയില്ല-
നാളു നാരങ്ങ, പേരു പേരയ്‌ക്ക;
വീടും കുടിയും ചോദ്യമില്ല-
വിടനോ കുടിയനോയെന്നു
തിരിച്ചറിയല്‍ പരേഡില്ല.

ഉഡുപ്പിയിലെ കാമത്തിനു
കണ്ണില്ലെന്നു വിടുവായിടവെ,
കണ്ണടയ്‌ക്കാതയാള്‍
കണ്ണാടി കാണാതെ
മൂന്നാം നാള്‍ കണ്ണടവെച്ചു.

കാമാത്തിപ്പുരത്തിന്റെ
സ്ഥലനാമ പുരാണം
ഉറവിടശ്ശങ്കയില്ലാതെ
സാംസ്‌കാരിക ചര്‍ച്ചയായ്‌
വേദികളില്‍ വിഷയം.

ഭാഷാശാസ്‌ത്രവിചാരം
സ്‌മാര്‍ത്തസ്‌മൃതിയില്‍
വീട്ടുവിചാരമില്ലാതുറങ്ങവെ,
മുന്‍ബെഞ്ചില്‍ കുണിങ്ങ്യോളുടെ
അതിലോല കാതിലോല
ഒപ്പുകടലാസില്‍ കാമമെന്യേ
അനന്യ ചിത്രമെഴുത്തുകലയില്‍
നമുക്കു പ്രേമത്തെ വീണ്ടും
വിചാരണ ചെയ്യാം.

പ്രേമമൊരു പ്രതലശാസ്‌ത്രവിഷയം;
വസ്‌ത്രത്തിലെ പുളിയും
മൂക്കിന്‍പാല ശൈശവ-
സ്റ്റിച്ചിന്‍ വടുവും
ഗാഥ,ഗീതിക, ഖണ്‌ഡകാവ്യ
വൃത്തഭംഗമില്ലാ പദസപര്യയില്‍
മഹാകാവ്യ സര്‍ഗ്ഗം തികഞ്ഞ
കാമമില്ലാ പ്രേമലേഖനം.

ചന്ദ്രതലം കാച്ചിയ പപ്പടക്കളങ്കം
ഭൂമിയില്‍ അപ്പോളോയയച്ച
ഗജനെറ്റിപ്പട്ടപ്പാറപ്പോളകള്‍:
എങ്കിലും പഴമ്പാട്ടു തുടര്‍ക്കഥ:
`ചന്ദ്രനെപ്പോലെ നിന്മുഖം'.

അതുകൊണ്ടാണേ,
അധുനാത സരസസങ്കല്‍പം
ചമ്പുമണിപ്രവാളങ്ങളില്‍
പ്രഘോഷിക്കുന്നത്‌:
പ്രേമം, ഉപരിതലസ്‌പര്‍ശ്യം:
കാമം, ആഴവും താഴ്‌ചയും തേടും
അചിന്ത്യ പാഠ്യപദ്ധതി.

കാമവെറി പൂണ്ടോനും
പ്രേമകുറി തീണ്ട്യോളും
ഒത്തുകല്യാണത്തിന്‌
ഒത്താശ ചെയ്യും
അപഭ്രംശ ചീറ്റല്‍പ്പൊട്ടലില്‍
കഥയറിയാതെ നടുങ്ങവെ,
നൂതനഭാഷയില്‍
പഴങ്കുപ്പിയിലൊഴിച്ച
തിരുകോടതീന്യായവിധി
ആഴ്‌ചവട്ട പ്രഭാഷണമാക്കും:
പ്രേമവും കാമവും തോന്നുന്നോന്‍
പ്രേമവും കാമവും തോന്നുന്നോളെ
കെട്ടിപ്പിടിച്ചു
പുരാണശിലയില്‍
സ്‌നേഹമസൃണമാ-
യുമ്മവെച്ചു
പിടിച്ചുകെട്ടുക!
പ്രേമവും കാമവും പിന്നെ സ്‌നേഹവും (കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)പ്രേമവും കാമവും പിന്നെ സ്‌നേഹവും (കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
Drtantony 2014-01-30 08:39:53
Good poem. Very true most of the time. Keep doing what you are doing. 
Ammini chechi
വിദ്യാധരൻ 2014-01-30 18:23:27
"ഇന്ദ്രിയാണാം വിചരതാം 
വിഷയേഷ്വപഹാരിഷു 
സംയമേ യത്നമാദിഷ് ഠേത്  
വിദ്വാൻ യന്തേവ വാജിനാം "   (മനുസ്മൃതി)

ചുറ്റി സഞ്ചരിക്കുന്ന ഇന്ദ്രിയങ്ങളെ ലൗകിക കാര്യങ്ങളിൽ മുഴുകാൻ വിടാതെ, സാരഥി കുതിരകളെയെന്നപോലെ അറിവുള്ളൻ നിയന്ത്രിച്ചു നിർത്താൻ  യത്നിക്കണം 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക