Image

റോക്ക്‌ലാന്റ്‌ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ പെരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു

ജോസ്‌ കണിയാലി Published on 03 November, 2011
റോക്ക്‌ലാന്റ്‌ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ പെരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റിലുള്ള റ്റാപ്പനിലെ ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചിന്റെ 3-ാം വാര്‍ഷിക പെരുന്നാളും ദൈവത്തിന്റെ ശ്രേഷ്‌ഠ പ്രവാചകനായ ഏലിയാ ദീര്‍ഘദര്‍ശിയുടെ ഓര്‍മ്മപ്പെരുന്നാളും സെപ്‌റ്റംബര്‍ 24, 25 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. സെപ്‌റ്റംബര്‍ 24-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ നി.വ.ദി. ശ്രീ. ജോസഫ്‌ മാര്‍ കൂറിലോസ്‌ തിരുമേനി പള്ളിയങ്കണത്തിലുള്ള കുരിശുംതൊട്ടിയില്‍ കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. തുടര്‍ന്ന്‌ നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കും പ്രദക്ഷിണത്തിനും അഭിവന്ദ്യ വലിയ മെത്രാപ്പോലീത്തായും റവ. ഫാ. മാത്യു തോമസും കാര്‍മ്മികത്വം വഹിച്ചു. കൊടികളും, പൊന്‍കരിശും മുത്തുക്കുടകളും കൊണ്ട്‌ വര്‍ണ്ണമനോഹരമായ പ്രദക്ഷിണത്തിനിരുവശവും അനേക കുടുംബങ്ങള്‍ വെള്ളവിരിച്ച്‌ കത്തിച്ച മെഴുകുതിരിയുമായി വരവേറ്റത്‌ ഭക്തിനിര്‍ഭരമായ ആഘോഷത്തിന്‌ തിളക്കം നല്‍കി.

സെപ്‌റ്റംബര്‍25-ാം തീയതി ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ അഭിവന്ദ്യ ജോസഫ്‌ മാര്‍ കൂറിലോസ്‌ തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാന മദ്ധ്യേ പെരുന്നാള്‍ ആഘോഷങ്ങളുടെ അന്തസത്തയെക്കുറിച്ചും പ്രവാചകശ്രേഷ്‌ഠനായിരിക്കുന്ന ഏലിയ ദീര്‍ഘദര്‍ശിയുടെ വിശ്വാസതീക്ഷണതയെക്കുറിച്ചും അഭിവന്ദ്യ തിരുമനസ്സുകൊണ്ട്‌ സുദീര്‍ഘമായി സംസാരിച്ചു. തുടര്‍ന്ന്‌ ഏലിയാ പ്രവാചകന്റെ ഓര്‍മ്മയെ അനുസ്‌മരിച്ച്‌ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ ഒന്നടങ്കം ഭക്തിയാദരവുകളോടെ പ്രവാചകന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു പ്രാര്‍ത്ഥിച്ചു. വിവിധ ക്രൈസ്‌തവ സഭകളിലെ വിശ്വാസികള്‍ വിശുദ്ധിയോടും ഒരുക്കത്തോടുംകൂടി കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ അഭിവന്ദ്യ തിരുമനസ്സില്‍നിന്നും സ്വീകരിക്കുന്ന കാഴ്‌ച ഇന്റര്‍ ഡിനോമിനേഷണല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ ക്രൈസ്‌തവ ദൗത്യം ലോകത്തിന്റെ മുന്നില്‍ വരച്ചുകാട്ടുന്നതായി പ്രകടമായി. കുര്‍ബ്ബാനാനന്തരം വിഭവസമൃദ്ധമായ സദ്യയോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. ഫോല്ലോഷിപ്പ്‌ പ്രസിഡന്റ്‌ ബ്രദര്‍. ഡോ. മാത്യൂസ്‌ വര്‍ഗീസ്‌, കണ്‍വീനര്‍ ജോസഫ്‌ കുളങ്ങര, സെക്രട്ടറി കുര്യന്‍ ചാലുപറമ്പല്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
റോക്ക്‌ലാന്റ്‌ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ പെരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക