Image

ഭൂമി ഏറ്റെടുക്കല്‍: ഉടമയ്‌ക്ക്‌ ഉടന്‍ വിലയും ഓഹരിയും

Published on 03 November, 2011
ഭൂമി ഏറ്റെടുക്കല്‍: ഉടമയ്‌ക്ക്‌ ഉടന്‍ വിലയും ഓഹരിയും
തിരുവനന്തപുരം: സര്‍ക്കാര്‍ വികസന പ്രവര്‍ത്തനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമയ്‌ക്കു അപ്പോള്‍ തന്നെ ഭൂമിയുടെ വിലയും വികസന പദ്ധതികളില്‍ നിശ്ചിത ശതമാനം ഓഹരിയോ, ജോലിയോ നല്‍കുന്ന പാക്കേജിന്‌ മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു.

നിശ്ചിത വരുമാനത്തില്‍ താഴെയുള്ളവര്‍ക്കു ഭൂമിയുടെ വിലയ്‌ക്കു പുറമേ മൂന്നു സെന്റെങ്കിലും പകരം ഭൂമിയും കൊടുക്കണം. ഭൂമിയുടെ മാര്‍ക്കറ്റ്‌ വിലയോ ന്യായവിലയോ കണക്കാക്കിയാകും തുക നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക്‌ ഒരു വിധത്തിലുള്ള നഷ്ടവുമുണ്‌ടാകാത്ത വിധത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും തുക അനുവദിക്കുക. ഏറ്റെടുക്കേണ്‌ട ഭൂമിയുടെ മൊത്തം വിലയുടെ 25 ശതമാനമെങ്കിലും ലാന്‍ഡ്‌ അക്വിസിഷന്‍ ഓഫീസറുടെ അക്കൗണ്‌ടില്‍ നിക്ഷേപിച്ച ശേഷമേ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളു. ഭൂമിയുടെ തുക കൈയോടെ വേണ്‌ടാത്തവര്‍ക്കു നിശ്ചിത തുക നല്‍കിയ ശേഷം പദ്ധതിയുടെ രണ്‌ടു ശതമാനംവരെ ഓഹരി നല്‍കും. വീടും സ്ഥലവും നഷ്ടമാകുന്നവര്‍ 75,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാണെങ്കില്‍ കുടുംബത്തിന്‌ അഞ്ചു സെന്റ്‌ ഭൂമിയെങ്കിലും താമസയോഗ്യമാക്കി നല്‌കും. വീടു നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനു കാലതാമസം നേരിട്ടാല്‍ ആറു മാസത്തേക്കെങ്കിലും 5,000 രൂപ വീതം പ്രതിമാസം വാടക നല്‍കണമെന്നും വ്യവസ്ഥയുണ്ടെന്ന്‌ മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക