Image

യുറോപ്പിനെ സഹായിക്കാന്‍ തയ്യാറെന്ന് ഇന്ത്യ

Published on 03 November, 2011
യുറോപ്പിനെ സഹായിക്കാന്‍ തയ്യാറെന്ന് ഇന്ത്യ
കാന്‍ : യുറോപ്യന്‍ രാജ്യങ്ങളുടെ കടപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നിലവിലെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടിലെങ്കില്‍ പ്രശ്‌നത്തിലിടപെടാന്‍ തയ്യാറെന്ന് ഇന്ത്യ. പ്രശ്‌നങ്ങള്‍ തുടരുന്ന അവസരത്തില്‍ രാജ്യാന്തര നാണ്യ നിധിയോടൊപ്പം യൂറോപ്പിന് സഹായം നല്‍കാന്‍ ഇന്ത്യ മുന്‍കൈയ്യെടുക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

എന്നാല്‍, ഇതുവരെ യുറോപ്യന്‍ രാജ്യങ്ങളൊന്നും സാഹയം അഭ്യരത്ഥിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്‍മോഹന്‍സിങ്. അതേസമയം, ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ചൈന വ്യക്തമാക്കി. ചില വികസിത രാജ്യങ്ങളെല്ലാം ഗുരുതരമായ കടപ്രതിസന്ധിയാണ് നേരിടുന്നതെന്നും വികസ്വര രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന പണപ്പെരുപ്പമാണ് ഭീഷണിയെന്നും ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ അഭിപ്രായപ്പെട്ടു.

ബ്രസീല്‍, അമേരിക്ക, കാനഡ, അര്‍ജെന്റിന, ഓസ്‌ട്രേലിയ, ഇന്ത്യ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ജര്‍മനി, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബിയ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. കടബാധ്യതയില്‍ പെട്ടുഴലുന്ന ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ തുടരുമോ എന്നുറപ്പാവാത്ത നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നത് ബുദ്ധിമുട്ടായാണ് വിലയിരുത്തപ്പെടുന്നത്. യൂറോ സോണില്‍ തുടരുന്നത് സംബന്ധിച്ചു തീരുമാനമെടുക്കാതെ ഗ്രീസിന് സഹായം നല്‍കില്ലെന്ന് ജര്‍മനിയും ഫ്രാന്‍സും വ്യക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക