Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -14 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)

Published on 23 January, 2014
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -14 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)
ജോയുടെ വേര്‍പാടില്‍ മനംനൊന്ത്‌ കഴിയുന്ന ഈ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയും അതൊക്കെ കുത്തിക്കുറിക്കുകയും ചെയ്‌ത്‌ ഞാന്‍ ആശ്വാസം തേടുകയാണ്‌. ഇതെഴുതുമ്പോള്‍ ജോ കൂടെയുണ്ടെന്ന്‌ ഒരു പ്രതീതി എനിക്ക്‌ കരുത്ത്‌ പകരുന്നു. ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്‌ ഞാനും ജോയും കൂടി നോക്കാന്‍ വന്നപ്പോള്‍ ജോ പറഞ്ഞു. ഇതിന്റെ മുന്നിലെവിശാലമായ പുല്‍ത്തകിടികള്‍ക്ക്‌ നാട്ടിലെഗ്രാമപ്രദേശങ്ങളിലെ വീട്ടു മുറ്റത്തെ്‌ത നെല്‍പ്പാടത്തിനോട്‌ സാദ്രുശ്യമുണ്ടെന്ന്‌. ജോയിലും ഒരു കലാകാരന്‍ ഉണ്ട്‌ അത്‌ എന്റെ കൂടെ കഴിയുന്നത്‌കൊണ്ടാണ്‌്‌. മുല്ലപൂമ്പൊടിയേറ്റ്‌ കിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം.ഒരു മിനിറ്റ്‌പോലും പാഴാക്കാതെ ഞാന്‍ പറഞ്ഞു. ആ കമന്റ്‌ ജോ ആസ്വദിച്ചു. എല്ലാം ക്രെഡിറ്റ്‌ എനിക്കിരിക്കട്ടെ എന്ന മനോഭാവമായിരുന്നു അദ്ദേഹത്തിണ്‌.

ഞങ്ങള്‍ താമസം മാറ്റി കുറച്ച്‌ കഴിഞ്ഞപ്പോള്‍ നുയോര്‍ക്കിലെ വസന്തകാലത്തിന്റെ ആരംഭമായി. ചുറ്റും പ്രക്രുതി പച്ചയണിയുകയും കിളികള്‍ നിര്‍ത്താതെപാട്ടും കളിയുമായി കണ്ണിനും കാതിനും ആനന്ദം പകരുന്നദ്രുശ്യം അപ്പോള്‍ അരങ്ങേറുകയും ചെയ്‌തു. എനിക്കത്‌ വളരെ സന്തോഷം നല്‍കി. കിളികളുടെ പാട്ടിനെക്കുറിച്ച്‌, വിരിയുന്നപൂക്കളുടെ സന്തോഷത്തെക്കുറിച്ച്‌, നമ്മുടെ നാട്ടിലെമകരസൂര്യന്റെ രശ്‌മികള്‍പോലെയുള്ള ഇളംചൂടുള്ള ഇവിടത്തെപ്രഭാതങ്ങളെക്കുറിച്ച്‌ ഞാന്‍ വാചാലയാകുമ്പോള്‍ ജോ പറയും ഒരു കാലത്തിന്റെ പരിധിക്കുള്ളില്‍നിന്ന്‌ ചിലതെക്ലാം പ്രദര്‍ശിപ്പിച്ച്‌ മറഞ്ഞ്‌പോകുകയും വീണ്ടും വരുകയുചെയ്യുന്നവരാണ്‌്‌ ഋതുക്കള്‍. പ്രക്രുതിക്ക്‌ നിത്യതാരുണ്യമാണ്‌. ആ ഭാഗ്യം മനുഷ്യനില്ല .ഋതുക്കള്‍ക്ക്‌്‌ ചാക്രികതയുണ്ട്‌. അത്‌മാറിയും മറഞ്ഞുമിരിക്കുന്നു. എന്നാല്‍ മനുഷ്യന്റെ ഋതുക്കളായ ബാല്യം,കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നിവ ഒരിക്കലെയുള്ളു. അവ മാറിപുതിയത്‌ വരുന്നു. അവസാനം വരുന്നകാലത്തോടെ അവന്റെ അന്ത്യവുമായി.ജോ അന്നൊക്കെ അത്‌പറയുമ്പോള്‍ ഞാന്‍ അത്‌ ഗൗരവമായി എടുത്തില്ല. നമ്മള്‍ നാളെയെക്കുറിച്ച്‌ ചിന്തിക്കുന്നവരും, ബോധവാന്മാരുമാണെങ്കിലും ആരെങ്കിലും ഒരാള്‍ മരിക്കുമെന്നും പിന്നെയുള്ള ഏകാന്ത വിരസമായജീവിതം എങ്ങനെയെന്നും ചിന്തിക്കാറില്ലല്ലോ.മരണം ജീവിതത്തിന്റെ അനിവാര്യതയാണു്‌.നമ്മള്‍ എല്ലാവരും ഈ ഭൂമുത്ത്‌നിന്നും ഒരിക്കല്‍ മറയും. എന്നാല്‍ പ്രിയപ്പെട്ടവര്‍വിട്ട്‌പോയിട്ടുള്ള ജീവിതമാണ്‌ അസഹ്യം.

ഋതുക്കളില്‍ എനിക്ക്‌ വസന്തകാലമാണു ഇഷ്‌ടം. എന്നാല്‍ ഇപ്പോള്‍ ആ കാലം എനിക്ക്‌ വേദന പകരുന്നു. മഞ്ഞില്‍ പുതച്ച്‌ ഈറനായി നില്‍ക്കുന്ന പ്രക്രുതി സ്വപനം കാണുന്നത്‌ വസന്തകാലത്തെയാണ്‌. അപ്പോള്‍ അവള്‍ക്ക്‌ പ്രിയമുള്ള ഉടയാടകളും, പൂമ്പൊടികളും, പൂക്കളും, നെറ്റിയില്‍തൊടാന്‍ സൂര്യരശമികളുമായി അവളെ അണിയിച്ചൊരുക്കാന്‍. വസന്തത്തിന്റെ കാവല്‍ക്കാരന്‍ എത്തുന്നു, എനിക്കും വളരെ സന്തോഷവും ത്രുപ്‌തിയും നല്‍കുന്ന ആ വസന്തക്കാലത്താണ്‌ ജോ എന്നെ വിട്ട്‌ പിരിഞ്ഞത്‌. അന്ന്‌ പ്രക്രുതി മുഴുവന്‍ അനുശോചനം രേപ്പെടുത്തിയെന്ന്‌ എനിക്ക്‌ തോന്നി. അന്ന്‌ കിളികള്‍ പാടിയില്ല, സൂര്യന്‍ പോലും മറഞ്ഞ്‌ നിന്നു. ഒരു പക്ഷെ എന്റെ ശോകമൂകമായ മനസ്സ്‌ അതൊന്നും കണ്ടില്ലായിരിക്കാം, കേട്ടില്ലായിരിക്കാം. എങ്ങനെ കേള്‍ക്കും. എത്രയോ വര്‍ഷങ്ങള്‍ ഇണപിരിയാതെ ജീവിച്ച ഞങ്ങള്‍, വിധിയുടെ ഒരു ക്രൂര നിമിഷത്തില്‍ ഒറ്റയാകുന്നു. അപ്പോഴാണു കണ്ണീരു ഒരു പ്രവാഹമായി ഒഴുകുന്നത്‌.

ഈ വീട്ടുമുറികളില്‍ ഇനി ജോയുടെ കാലടിശബ്‌ദം കേല്‍ക്കുകയില്ലെന്ന കടുത്തയാഥര്‍ഥ്യത്തിന്റെ ഇരുട്ട്‌പരക്കുന്നത്‌ അപ്പോഴാണു. ഇഷ്‌ടമുള്ള സി.എന്‍.എന്‍ ചാനല്‍ കണ്ട്‌ ജോചാരി കിടന്നസോഫ ഇനിമുതല്‍ ശൂന്യമാകുകയാണെന്ന്‌ ആരോക്രൂരമായ്‌ എന്റെ ചെവിയില്‍മന്ത്രിച്ചത്‌ അപ്പോഴാണു. സരോ എന്ന ജോയുടെ സ്‌നേഹനിര്‍ഭരമായവിളി ഇനിമുതല്‍ ഞാന്‍ കേള്‍ക്കയില്ലെന്ന്‌ മനസ്സിലാക്കുന്നത്‌ അപ്പോഴാണ്‌. അന്തിവിളക്ക്‌ തെളിയുമ്പോള്‍ബൈബിളും കയ്യില്‍പിടിച്ച്‌ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ ഇനി മുട്ടുകുത്തി പ്രാര്‍ഥിക്കയില്ല. കേള്‍ക്കാന്‍ ഇഷ്‌ടമില്ലാത്ത അറിയാന്‍ ഇഷ്‌ടമില്ലാത്ത വേദനിപ്പിക്കുന്ന എത്രയോകാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലെ ഓരോ മുഹുര്‍ത്തത്തിലും ജോ ചിലപ്പോള്‍ ഒരു തത്വചിന്തകനായി അറിയാതെ മാറിയിരുന്നത്‌ എനിക്ക്‌ മുമ്പ്‌ അദ്ദേഹം വിട്ടുപോകുമെന്ന പൂര്‍വ്വസൂചന (Premonition) കിട്ടിയിട്ടാണോ എന്ന്‌ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു. കാരണം വേദനയുടെ ഏകാന്ത താഴ്‌വരകളില്‍ ഇറ്റിറ്റ്‌വീഴുന്ന കണ്ണുനീര്‍ത്തുള്ളികളില്‍ ഓര്‍മ്മയുടെ പ്രകാശം കടത്തിവിട്ട്‌ ആശ്വാസത്തിന്റെ മഴിവില്ലുണ്ടാക്കാന്‍ എനിക്ക്‌ അദ്ദേഹം തന്നുപോയ പാഠങ്ങള്‍ സഹായകമാകുന്നു.

വസന്താഗമത്തോടൊപ്പം വരുന്ന ഈസ്‌റ്റര്‍ ആഘോഷവും, അതിനു മുമ്പൂള്ള നോയ്‌മ്പ്‌ ദിവസങ്ങളും കഷ്‌ടാനുഭവാഴ്‌ചയും ജോയെ വീണ്ടും എന്റെ മുന്നില്‍കൊണ്ടുവരുന്നു. യേശുദേവനില്‍ അടിപതറാത്തവിശ്വാസ്‌മര്‍പ്പിച്ചിരുന്ന ജോ ഈ പുണ്യനാളുകള്‍ക്ക്‌ വളരെപ്രാധാന്യമര്‍പ്പിച്ചിരുന്നു. ഭക്‌തിയോടെ , അര്‍പ്പണബുദ്ധിയോടെ എല്ലാ വ്രുതാനുഷ്‌ടാനങ്ങളും അദ്ദേഹം നിര്‍വ്വഹിച്ചു. ഒരു ബാലനായിരുന്നപ്പോള്‍ മുതല്‍തുടങ്ങിയ അള്‍ത്താരസേവനം അസുമായി കിടക്കുന്നത്‌വരെ തുടരാന്‍ അദ്ദേഹത്തിനുസാധിച്ചു. അതിന്റെ പുണ്യഫലമായിട്ടായിരിക്കാം പരിശുദ്ധതിരുമേനി പള്ളിയിലെ പന്ത്രണ്ട്‌പേരെ കാല്‍ കഴുകിച്ചപ്പോള്‍ അതിലൊരാളാകന്‍ അദ്ദേഹത്തിനുഭാഗ്യം ലഭിച്ചത്‌.കര്‍ത്താവിന്റെ വിനയം മനുഷ്യര്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്രമനോഹരമാകുമായിരുന്നു എന്ന്‌ അദ്ദേഹം പലപ്പോഴും അനുസ്‌മരിച്ചിരുന്നു. ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവനാണു ഓരോ വിശ്വാസിയും തയ്യാറാകണമെന്നുള്ളത്‌്‌ അദ്ദേഹത്തിന്റെ എഴുതപ്പെടാത്ത ഒരു പ്രമാണമായിരുന്നു.കര്‍ത്താവിന്റെ ശിഷ്യനായി സങ്കല്‍പ്പിച്ച്‌്‌ കാല്‍ കഴുകിക്കപ്പെടാന്‍ കിട്ടിയ അവസരം അളവറ്റ അനുഗ്രഹമായി അദ്ദേഹം കരുതിയിരുന്നു. ദൈവപുത്രന്‍ ഭൂമിയിലെ ശിഷ്യന്മാരുടെ കാല്‍ കഴുകിതന്റെ എളിമത്വം പ്രകടിപ്പിച്ചതിന്റെ ഓര്‍മ്മക്കായി പള്ളികളില്‍ നടക്കുന്ന ആ പുണ്യചടങ്ങില്‍ പങ്കെടുത്ത്‌ തിരുമേനിയാല്‍ കാല്‍ കഴുകിക്കപ്പെട്ട്‌ ഒരു ദൈവീകമായ പരിവേഷത്തോടെ നിന്ന ജോയുടെ സന്തോഷഭാവം എന്റെ മനസ്സില്‍തെളിഞ്ഞ്‌ വരുന്നു. ആ കാലം വീണ്ടും വരുകയാണ്‌. പക്ഷെ ജോ ഇല്ല.എങ്കിലും പ്രക്രുതിതയ്യാറാകുന്നു. പള്ളികളില്‍ തിരുമേനിമാര്‍ കാല്‍കഴുകിക്കേണ്ട വ്യക്‌തികളെ കണ്ടെത്തുന്നു. കര്‍ത്താവിന്റെ കരുണാര്‍ദ്രമായ സംരക്ഷണയില്‍ ജോ ഇതെല്ലാം നോക്കി കാണുകയായിരിക്കും. നമുക്കെല്ലാം അദ്രുശ്യനായി കഴുതപ്പുറത്ത്‌ കയറി യെരുശ്ശലേം തെരുവീഥികളിലൂടെ കര്‍ത്താവ്‌ എല്ലാ ദേവാലയങ്ങളിലേക്കും പോകുന്നുണ്ടായിരിക്കും. ഹോശാന്ന പാടിപിന്തുടരുന്നവരുടെ കൂട്ടത്തില്‍ ജോ ഉണ്ടായിരിക്കും.ഹോശാന ഞായാറാഴ്‌ച ശുഷ്രൂകളില്‍ സംബന്ധിക്കുമ്പോള്‍ വാഴ്‌ത്തിയ കുരുത്തോലതന്റെ നെഞ്ചോട്‌ചേര്‍ത്ത്‌ ശുശ്രൂഷക്കുപ്പായത്തിലേക്‌ തിരുക്ക്‌കയറ്റിശേഷമുള്ള ശുശ്രൂഷയില്‍ പ്രസരിപ്പോട്‌ കൂടിനില്‍ക്കുന്ന എന്റെ ജോയുടെ രൂപം മനസ്സില്‍ മായാതെനില്‍ക്കുന്നു.

ദു:വെള്ളിയാഴ്‌ച അദ്ദേഹത്തെസംബന്ധിച്ചടത്തോളം വേദനയുടെ ദിവസമായിരുന്നു. തടികുരിശ്ശില്‍മൂന്നാണികളില്‍തൂങ്ങുന്ന കര്‍ത്താവിന്റെരൂപം, തന്റെപ്രിയപുത്രന്‍ വേദനയില്‍ പിടയുന്നതിനുസാക്ഷ്യം വഹിച്ചുകൊണ്ട്‌ കുരിശ്ശിന്റെ ചുവട്ടില്‍നില്‍ക്കുന്ന അമ്മ എല്ലാമെല്ലാം ജോയുടെ ജീവിതത്തെ സാരമായി സ്‌പര്‍ശിക്കുന്നത്‌പോലെ എനിക്കനുഭവപ്പെട്ടിരുന്നു. കര്‍ത്താവിന്റെ ഇരുവശങ്ങളിലുമായി കുരിശ്ശില്‍ തറക്കപ്പെട്ടിരുന്ന കള്ളന്മാരുടെ സംവാദം അദ്ദേഹം വായിക്കുമ്പോള്‍ അദ്ദേഹത്തിനു ഗദ്‌ഗദം ഉണ്ടാകുന്നപോലെ അനുഭവപ്പെട്ടിരുന്നു. മിശിഹതമ്പുരാനെനീ എഴുന്നെള്ളിവരുമ്പോള്‍ ഞങ്ങളേയും ഓര്‍ക്കണമെ എന്ന്‌ചൊല്ലിയ കള്ളനോടൊപ്പം ഞങ്ങളും അതു ഏറ്റ്‌ചൊല്ലുന്നു. കുന്തിരിക്കത്തിന്റെ ഉയര്‍ന്ന്‌പൊങ്ങുന്നധൂമപടലത്തില്‍ അദ്ദേഹത്തിന്റെ വേദനകലര്‍ന്ന ആ ശബ്‌ദം എന്റെ കാതുകളില്‍ മുഴങ്ങുന്നപോലെ ഇപ്പോള്‍ തോന്നുന്നു.

ഞങ്ങളുടേ മകള്‍ വളരെചെറുപ്രായം മുതല്‍ഡാഡിയുടെ ആരാധനശീലം കണ്ടും കേട്ടും വളര്‍ന്നത്‌കൊണ്ടാവാം കുടുംബസമേതം അവള്‍ ഫ്‌ളോറിഡയില്‍ തമസമുറപ്പിച്ചിട്ടും കഷ്‌ടാനുഭവാഴ്‌ച ഡാഡി ഫ്‌ളോറിഡയില്‍ എത്തിചേരണമെന്നും അവര്‍ അംഗങ്ങളായിരിക്കുന്ന ദേവാലയത്തില്‍ വൈദികനോടൊത്ത്‌ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്നും നിര്‍ബന്ധിച്ചിരുന്നു. ഈ വര്‍ഷം ഇതാ ഈസ്‌റ്റര്‍ അടുത്ത്‌വരുന്നു. അവള്‍ ഫോണില്‍വിളിക്കുമ്പോള്‍ സംസാരത്തിനിടയില്‍ ഒരു മൗനം ഉണ്ടാകും. എന്താ മോളെ എന്ന്‌ ചോദിക്കുമ്പോള്‍ ഒരു വിതുമ്പലാണുമറുപടി. പിന്നെ അവള്‍ പറയും. ഇക്കൊല്ലം മുതല്‍ ഈസ്‌റ്ററിനു ഡാഡിയുണ്ടാകില്ലല്ലോ. കഷ്‌ടാനുഭവാഴ്‌ച എന്റെ ആഗ്രഹപ്രകാരം ഇവിടെ എത്തി ചേരാറുള്ള ഡാഡി. സ്‌നേഹത്തിന്റെ ഒലിവിലകൊമ്പുമായ്‌, നിറഞ്ഞ ചിരിയോടെ എത്തുന്ന ഡാഡി.ഈ വരുന്നദിവസങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു.പിന്നെ അധികം സംസരിക്കതെ അവള്‍ ഫോണ്‍ താഴെവക്കും. ദു:വെള്ളിയാഴ്‌ച കബറടക്കപെട്ട കര്‍ത്താവ്‌ മൂന്നം ദിവസം ഉത്ഥിതനായി എന്ന്‌ വിശ്വസിക്കുന്ന എനിക്ക്‌ എന്റെ ജോയും അങ്ങനെ ഉത്ഥിതനാകുമെന്ന ഒരു വ്യമോഹം ജനിക്കുന്നു. മനുഷ്യരാശിയെ നശിപ്പിക്കാന്‍ ആഞ്ഞ്‌ വരുന്ന ദുശ്ശക്‌തികളുടെ മേല്‍ദൈവത്തിന്റെ വിജയം പ്രോഘോഷിക്കുന്നതാണ്‌ ഈസ്‌റ്ററിന്റെ മണിനാദം. അത്‌കേള്‍ക്കുവാനും നിരാശയും ഭയവും നീങ്ങിസമാധാന പൂര്‍ണ്ണമായ ഒരു ജീവിതം തിരിച്ചുതരുവാനും കരുണാമയനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു,

എന്നെ തനിച്ചാക്കി ജോ നടന്നുപോയ നടവഴിശൂന്യമായി എന്റെമുന്നില്‍ നിവര്‍ന്ന്‌ കിടക്കുന്നു. ഓര്‍മ്മകളുടെ മാറാപ്പുമേന്തി, കണ്ണീരും കയ്യുമായി എത്രദൂരം നടന്നാലാണ്‌ ഞാന്‍ ജോക്ക്‌ ഒപ്പമെത്തുക. അറിഞ്ഞ്‌കൂട. എന്നാലും നടന്നേതീരൂ.ദൈവത്തിന്റെ കരങ്ങള്‍ ഏകാന്തമായ നടപ്പാതയില്‍ എനിക്ക്‌ താങ്ങായി ഉണ്ടാകും. ജോയുമായി കണ്ടുമുട്ടും വരെയുള്ള ഈ പ്രയാണം ദുഷ്‌ക്കരമെങ്കിലും ദൈവവിശ്വാസിയായ ഞാന്‍ ആ സംഗമത്തില്‍ വിശ്വസിക്കുന്നു. ആകാശത്തിന്റെ ഏതോകോണില്‍ ദൈവംനല്‍കിയ ഒരു സ്‌ഥലത്ത്‌ ജോ എനിക്ക്‌വേണ്ടി കാത്തുനില്‍ക്കുന്നു എന്ന ശുഭചിന്ത എനിക്ക്‌ ആശ്വാസം പകരുന്നു.

(തുടരും)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -14 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക