Image

സൈബർ ലോകത്തിലും നല്ല സമരിയാക്കാരുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ

Published on 26 January, 2014
സൈബർ ലോകത്തിലും നല്ല സമരിയാക്കാരുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ
സൈബർ ലോകത്തിലും നല്ല സമരിയാക്കാരുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇക്കൊല്ലത്തെ ലോകമാധ്യമദിന സന്ദേശത്തിലാണ് പാപ്പ ഈ ആഹ്വാനം നൽകിയിരിക്കുന്നത്. 
ഫ്രാൻസിസ് മാർപാപ്പയുടെ പ്രഥമ ലോക മാധ്യമദിന സന്ദേശം ജനുവരി 23ന് രാവിലെയാണ് വത്തിക്കാനില്‍ പ്രകാശനം ചെയ്തത്. നല്‍കാനും സ്വീകരിക്കാനുമുള്ള സന്നദ്ധത കൂടിക്കാഴ്ച്ചയുടെ സംസ്ക്കാരം നമ്മോട് ആവശ്യപ്പെടുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ വിശദീകരിച്ചു. വ്യക്തികൾ തമ്മിലുള്ള ദൂരവ്യത്യാസം കുറയുമ്പോഴല്ല, വ്യക്തികൾ തമ്മില്‍ അടുക്കുമ്പോഴാണ് മാധ്യമങ്ങളുടെ മഹത്വം വർദ്ധിക്കുന്നത്. 

പരസ്പരം ശ്രവിക്കാനും അപരില്‍ നിന്നു പഠിക്കാനും നാം സന്നദ്ധരായെങ്കില്‍മാത്രമേ നമ്മെ വേർതിരിക്കുന്ന മതിലുകളെ മറികടക്കാൻ നമുക്കു സാധിക്കൂ.
ചിന്തിക്കാനും ആലോചിച്ചു തീരുമാനമെടുക്കാനും, ഉചിതമായ രീതിയില്‍ സ്വയം പ്രകടിപ്പിക്കാനും നമ്മെ അനുവദിക്കാത്തത്ര വേഗതയില്‍ സഞ്ചരിക്കുന്ന ഇന്നത്തെ മാധ്യമ ലോകത്തിന് അമ്പരപ്പിക്കുന്ന കരുത്തുണ്ട്. നമ്മെ വളർത്താനോ നമ്മുടെ ദിശാബോധം തെറ്റിക്കാനോ മാധ്യമങ്ങൾക്കു സാധിക്കും. തന്‍റേതായൊരു ലോകത്ത് സ്വയം ഒതുങ്ങിക്കൂടാനോ, സ്വാർത്ഥതാല്‍പര്യങ്ങളുടെ പിന്നാലെ പായാനോ സാധ്യമാണവിടെ. എന്നാൽ, മാധ്യമ ലോകത്ത് പതിയിരിക്കുന്ന അത്തരം അപകടങ്ങളെ ഭയന്ന് നാം സോഷ്യൽ നെറ്റുവർക്കുകളടക്കമുള്ള മാധ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതില്ല, യഥാർത്ഥ ആശയസംവേദനം സാങ്കേതികമല്ല, മാനുഷികമാണെന്ന ബോധ്യത്തോടെ സമ്പർക്ക മാധ്യമലോകത്ത് വ്യാപരിക്കുകയാണ് വേണ്ടത്. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കും സഭയുടെ പ്രേഷിത ദൗത്യത്തില്‍ സ്ഥാനമുണ്ടെന്നും പാപ്പ പറഞ്ഞു. 

സുവിശേഷത്തിലെ നല്ല സമരിയാക്കാരന്‍റെ ഉപമ ആശയസംവേദനത്തിന്‍റെ ഉപമയായി വിശേഷിപ്പിച്ച പാപ്പ, ആരാണ് എന്‍റെ അയൽക്കാരൻ എന്ന ചോദ്യം മാധ്യമ ലോകത്ത്, വിശിഷ്യാ ഡിജിറ്റല്‍ മാധ്യമരംഗത്ത് അതിപ്രസക്തമാണെന്ന് പ്രസ്താവിച്ചു. പാതി ജീവനോടെ വഴിയരുകില്‍ കിടക്കുന്ന മനുഷ്യനെ കാണുകയും അയാളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നവനാണ് നല്ല സമരിയാക്കാരൻ. അന്യന്‍റെ മുറിവുകൾ സൗഖ്യപ്പെടുത്തുന്ന സുഗന്ധതൈലവും അപരന് ആശ്വാസം പകരുന്ന നല്ല വീഞ്ഞുമായിരിക്കണം നമ്മുടെ ആശയസംവേദനമെന്ന് മാധ്യമ ദിന സന്ദേശത്തില്‍ പാപ്പ വിശദീകരിച്ചു. 

വ്യാഴാഴ്ച രാവിലെ 11.30ന് വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ആർച്ചുബിഷപ്പ് ക്ലൗദിയോ മരിയ ചേല്ലിയാണ് പാപ്പായുടെ മാധ്യമദിന സന്ദേശം പ്രകാശനം ചെയ്തത്. മിലാൻ നഗരത്തിലെ തിരുഹൃദയ സർവ്വകലാശാലയിലെ പ്രൊഫസർ ക്യാര ജക്കാർദിയും പ്രകാശന ചടങ്ങില്‍ സന്നിഹിതയായിരുന്നു. 

“ആശയവിനിമയം കൂടിക്കാഴ്ച്ചാ സംസ്ക്കാരത്തിന്‍റെ ശുശ്രൂഷയ്ക്ക് ” എന്ന പ്രമേയം ആസ്പദമാക്കി ഇക്കൊല്ലം ജൂണ്‍ 1നാണ് സാർവ്വത്രിക സഭ 48ാമത് ലോക സമ്പര്‍ക്കമാധ്യമ ദിനം ആചരിക്കുന്നത്.

*അജപാലനപരമായ കാര്യങ്ങളാല്‍, ഭാരത സഭ മാധ്യമദിനമായി ആചരിക്കുന്നത് ക്രിസ്തുരാജന്‍റെ തിരുന്നാളിനു മുന്‍പ് വരുന്ന ഞായറാഴ്ചയാണ് (ഇക്കൊല്ലം നവംബര്‍ 16ന്).




സൈബർ ലോകത്തിലും നല്ല സമരിയാക്കാരുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക