Image

ഇനിയൊരു ജന്മം കൂടി-- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 27 January, 2014
ഇനിയൊരു ജന്മം കൂടി-- മീട്ടു റഹ്മത്ത് കലാം
ശാസ്ത്രം, സാഹിത്യം, കല തുടങ്ങി ഏതു രംഗത്തായാലും ബഹുമുഖ പ്രതിഭ എന്ന അംഗീകരിക്കപ്പെടുക ഏറെ ശ്രമകരമാണ്. ജീവിതവും പ്രവര്‍ത്തമേഖലയും തമ്മില്‍ ഇഴപിരിക്കാനാവാത്ത ബന്ധമുള്ളപ്പോള്‍ മാത്രമേ അങ്ങനൊന്ന് സംഭവിക്കൂ. സിനിമാരംഗത്ത് ആ വിശേഷണത്തിന് എന്തുകൊണ്ടും ഭരത് ഗോപി എന്ന അഭിനയ വിസ്മയം യോഗ്യനാണ്. സാധാരണക്കാര്‍ക്ക് നടനായി മാത്രം പരിചയമുള്ള അദ്ദേഹം സംവിധായകനായും നിര്‍മ്മാതാവായും എഴുത്തുകാരനായും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട അതുല്യ കലാകാരനാണ്.

എഴുപതുകളുടെ അവസാനത്തിലാണ് ഗോപി മലയാളസിനിമയക്കൊപ്പവും സിനിമ അദ്ദേഹത്തോടൊപ്പവും നടന്നുതുടങ്ങിയത്. മാറ്റത്തിന്റെ കൊടുങ്കാറ്റായിരുന്നു അത്. സ്ഥിരം നായകസങ്കല്പങ്ങളെ മാറ്റിമറിച്ച് പച്ചയായ ജീവിതഗന്ധികളായ നവതരംഗ സിനിമകള്‍ക്ക് തുടക്കം കുറിച്ച കാലം. സൗന്ദര്യത്തിലൂടെ മാത്രം നടന്മാരുടെ മാറ്റുരച്ചിരുന്ന മലയാളികളുടെ ചിന്തകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ പുതുവെളിച്ചം കടന്നെത്തിയതും ആ കാലയളവിലാണ്.

ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജീവനക്കാരനായിരുന്ന ഗോപിനാഥന്‍ നായരെ നാടകരംഗത്തുനിന്നും വെള്ളിത്തിരയില്‍ എത്തിച്ചത് മലയാള സിനിമയുടെ ആചാര്യനും ഗുരുവുമായ അടൂര്‍ ഗോപാലകൃഷ്ണനാണ്. സ്വയംവരം എന്ന ആദ്യചിത്രത്തില്‍ ചെറിയ വേഷം ചെയ്യിക്കുമ്പോള്‍ തന്നെ കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി ഇയാളില്‍ ഭദ്രമാണെന്ന് അടൂര്‍ കണ്ടെത്തിയിരുന്നു. ആ കണ്ടെത്തല്‍ തെറ്റിയില്ല. മികച്ച നടനുള്ള ദേശീയ അവാര്‍ഡും കൊടിയേറ്റം ഗോപി, ഭരത് ഗോപി എന്നീ വിളിപ്പേരുകളും ആ ചിത്രത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ മനസ്സില്‍ യവനികയിലെ തബലിസ്റ്റ് അയ്യപ്പന് സംഗീതസംവിധായകന്‍ ആലപ്പി ഉസ്മാന്റെ വിരലുകളായിരുന്നു. നീണ്ടതും അത്രമേല്‍ വേഗത്തില്‍ അനായാസമായി ചലിക്കുന്നതുമായ വിരലുകള്‍ പ്രൊഫഷണല്‍ തബലിസ്റ്റിനല്ലാതെ അഭിനേതാവില്‍ കണ്ടെത്തുക എന്ന വെല്ലുവിളി നാലുപാടുമുള്ള അന്വേഷണങ്ങളായി പരിണമിച്ചു. ഒടുവില്‍ ആ മാന്ത്രികവിരലുകളും തബലിസ്റ്റ് അയ്യപ്പന്റെ മാനറിസവും ഭരത് ഗോപിയെന്ന മഹാനടന് മാത്രമേ വഴങ്ങൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സംഗീതോപകരണങ്ങളില്‍ വീണ വശമുള്ളതുകൊണ്ട് താളത്തിന്റെ ഏകദേശ ധാരണ തന്നെ രക്തത്തില്‍ അഭിനയം അലിഞ്ഞുചേര്‍ന്ന നടന് ധാരാളമാണ്. എങ്കിലും ക്ലോസ് ഷോട്ടുകളിലെ പൂര്‍ണ്ണതയ്ക്ക് വേണ്ടി തബലയില്‍ കൈവഴക്കം നേടിയെടുക്കുക ഒരു ബുദ്ധിമുട്ടായി അദ്ദേഹത്തിന് തോന്നിയില്ല. ആ പ്രയന്തത്തിന് കാലം നല്‍കിയ പ്രതിഫലമാണ് അയ്യപ്പന്‍ എന്ന കഥാപാത്രത്തിന്റെ അനശ്വരത. സിനിമയെ എത്രമാത്രം ഗൗരവമായി സമീപിക്കണം എന്നതിന് പുതുതലമുറയ്ക്കുള്ള ഉപദേശം കൂടി ആ അര്‍പ്പണബോധത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.

നല്ല പടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നല്ലാതെ സാമ്പത്തികലാഭം നേടാതിരുന്ന കാലഘട്ടത്തില്‍ സിനിമയെ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഫലം കൈപ്പറ്റാതെ അഭിനയിക്കാനും അദ്ദേഹം മടിച്ചില്ല. നല്ല സിനിമകള്‍ ഉണ്ടാവുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അതിനായി ജീവിതം അര്‍പ്പിക്കാന്‍ തികഞ്ഞ കലാകാരനേ കഴിയൂ. അസാധാരണമാം വിധം സാധാരണക്കാരനിലേയ്ക്ക് ആശയം എത്തിക്കാന്‍ കഴിയുന്നതിനെ മാത്രമേ നല്ല സിനിമയായി അദ്ദേഹം അംഗീകരിച്ചുള്ളൂ.

പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറുപ്പും കൃഷ്ണപിള്ളയും ആദാമിന്റെ വാരിയെല്ലിലെ മാമച്ചനും തമ്പിലെ സര്‍ക്കസ് മാനേജരായും പാളങ്ങളിലെ വാസുവും എന്റെ മാമാട്ടിക്കുട്ടിയമ്മയിലെ സ്‌നേഹനിധിയായ വളര്‍ത്തച്ഛനും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. പുരുഷനിലെ എല്ലാ വികാരങ്ങളും ദൗര്‍ബല്യങ്ങളും കരുത്തും തന്നിലേക്ക് സന്നിവേശിപ്പിച്ച് ഓരോ കഥാപാത്രവും ആവശ്യപ്പെടുന്നത്ര ഭാവതീവ്രത പകര്‍ന്ന് മികവുറ്റതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

നിര്‍ഭാഗ്യം വിധിയുടെ വേഷത്തില്‍ വളരെ പെട്ടെന്നാണ് ആ നടന്റെ മുന്നില്‍ എത്തിയത്. എണ്‍പതുകളുടെ അവസാനം, കലാജീവിതത്തിന്റെ വിരാമം കൂടി ആകുമായിരുന്നു. ശരീരം പക്ഷാഘാതത്തിന്റെ പിടിയിലമരുമ്പോഴും കലാസപര്യ തുടരാന്‍ തളരാത്ത മനസ്സ് ഒപ്പം നിന്നു. അതും ഒരു നിയോഗമായി കാണാം. ഒരു നടന്റെ ആയുധവും ഉപകരണവുമായി അതുവരെ കരുതിയിരുന്ന ശരീരം, മനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിനും അഭിനയ മികവിനും അര്‍പ്പണബോധത്തിനും മുന്നില്‍ ഒന്നുമല്ലാതായി തീരുന്നതാണ് അസുഖത്തിന് ശേഷം അദ്ദേഹം കാഴ്ചവച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

അഗ്നിദേവനില്‍ ജീവിതത്തിന്റെ ഭാഗമായ പത്രം ഓഫീസ് വിട്ടിറിങ്ങുന്ന 'കെ.കെ. മേനോന്റെ' മാനസീകാവസ്ഥയോട് നീതിപുലര്‍ത്താന് ഊര്‍ജ്ജസ്വലമായ ശരീരത്തിന് കഴിയുമായിരുന്നോ എന്ന് തോന്നിപ്പോകും. പ്രേക്ഷകര്‍ക്ക് അങ്ങനെ അനുഭവപ്പെടുന്ന തരത്തില്‍ തന്റെ പരിമിതിയെ കഥാപാത്രത്തിന്റെ ശക്തിയാക്കി മാറ്റാന്‍ കലയുടെ രസതന്ത്രം അറിഞ്ഞ ഒരു ജീനിയസ്സിനേ കഴിയൂ.
കലാകാരന്റെ ക്രിയാത്മകത എന്നും പ്രദര്‍ശനയോഗ്യമാണ്. ജീവിച്ചിരിക്കെ കലയുടെ എന്‍സൈക്ലോപ്പീഡിയ ആയിരുന്ന ജീവിതത്തിന് മരണാനന്തരവും ആ ജോലി തുടരാനുള്ള വഴിയാണ് bharatgopy.com എന്ന വെബ്‌സൈറ്റിലൂടെ തുറക്കപ്പെടുന്നത്. ചരിത്രത്താളുകളില്‍ സ്വര്‍ണ്ണലിപിയില്‍ ആലേഖനം ചെയ്യുമെന്ന് ആലങ്കാരികമായി പറയുന്നതുപോലെ കലാരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ഡിജിറ്റല്‍ ഭാഷയില്‍ ഒരു സ്മാരകശിലായി ഉയരുകയാണ്. എന്നും നിലനില്‍ക്കാന്‍ ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ഒന്നും പൂജ്യവും മാത്രമുള്ള ഭാഷയില്‍ ഓര്‍മ്മിക്കപ്പെടുന്ന നടന്‍ എന്ന നിലയിലും വേറിട്ടപഥത്തിലൂടെയാണ് ഭരത് ഗോപിയുടെ സഞ്ചാരം.

ഹിന്ദു മതപ്രകാരം പൂത് എന്ന നരകത്തില്‍ നിന്ന് പിതാവിനെ മോചിപ്പിക്കുന്നവനാണ് പുത്രന്‍ എന്നൊരു വിശ്വാസമുണ്ട്. കലാകാരനെ സംബന്ധിച്ച് സ്വര്‍ഗ്ഗം എന്നത് താന്‍ കൈവച്ച മേഖലയിലെ അനശ്വരതയാണ്. മകനെന്ന നിലയില്‍ ആ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുകയാണ് അച്ഛന്റെ പേരിലുള്ള വെബ്‌സൈറ്റിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിലൂടെ മുരളി ഗോപി ചെയ്യുന്നത്. സിനിമയോട് അഭിനിവേശമുള്ളവര്‍ക്ക് ഡിജിറ്റല്‍ റഫറന്‍സ് ഒരു പഠനസഹായി ആകുമെന്നതിലും സംശയമില്ല. അവാര്‍ഡുകളിലും ഫൗണ്ടേഷനിലും വിശ്വാസമില്ലാതിരുന്ന ഭരത്‌ഗോപി എന്ന നടനോടുള്ള സ്‌നേഹാദരമാണ് ഈ വെബ്‌സൈറ്റ് ആര്‍ജ്ജിച്ച അറിവത്രയും വരും തലമുറയിലേയ്ക്ക് പകരാന്‍ ഈ ഉദ്യമം കാരണമാകട്ടെ.


ഇനിയൊരു ജന്മം കൂടി-- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
സംഗീത് 2014-01-28 02:35:52
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരിലൊരാളായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഒരാളാണ് ഭരത് ഗോപി. ആദ്ദേഹത്തിന്റെ ദേഹവിയോഗത്തിന്റെ ആറാം വാര്‍ഷികത്തിന്റെ വേളയില്‍ ഈ ഓര്‍മ്മക്കുറിപ്പ് എന്തുകൊണ്ടും ഉചിതമായി. ആശംസകള്‍...
സംഗീത് (www.cinemayanam.blogspot.com)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക