Image

അന്യഭാഷാചിത്രങ്ങളില്‍ തത്‌കാലം അഭിനയിക്കില്ല: സലീംകുമാര്‍

Published on 03 November, 2011
അന്യഭാഷാചിത്രങ്ങളില്‍ തത്‌കാലം അഭിനയിക്കില്ല: സലീംകുമാര്‍
ദുബായ്‌: മലയാളത്തില്‍ സജീവമായതിനാല്‍ തത്‌കാലം അന്യഭാഷയില്‍ അഭിനയിക്കാനില്ലെന്ന്‌ നടന്‍ സലീം കുമാര്‍. ദേശീയ അവാര്‍ഡിന്‌ ശേഷം തമിഴ്‌, തെലുങ്ക്‌ തുടങ്ങിയ ഭാഷകളില്‍ നിന്ന്‌ ഒട്ടേറെ ക്ഷണം ലഭിച്ചു. തമിഴില്‍ നിന്ന്‌ മണിരത്‌നം, വസന്ത്‌ തുടങ്ങിയ സംവിധായകര്‍ വരെ വിളിച്ചു. അവര്‍ ചോദിക്കുന്ന സമയങ്ങളില്‍ മലയാളത്തില്‍ മറ്റ്‌ ചിത്രങ്ങള്‍ ഏറ്റുപോയതിനാല്‍ നിരസിക്കേണ്ടി വന്നു- ദേശീയ അവാര്‍ഡ്‌ നേടിയ ശേഷം ആദ്യമായി യുഎഇയിലെത്തിയ സലീം കുമാര്‍ മീറ്റ്‌ ദ്‌ പ്രസില്‍ സംസാരിക്കുകയായിരുന്നു.

നല്ല സിനിമകള്‍ കാണാന്‍ കേരളത്തില്‍ ആളില്ല. അതേസമയം, സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ കാണാന്‍ തള്ളിക്കയറ്റമാണ്‌. ചിത്രം കണ്ട ശേഷം ചീത്ത പറയുകയും ചെയ്യുന്നു. ഇത്‌ മലയാളിയുടെ സ്വഭാവമാണ്‌. എന്നാല്‍, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ മൂന്നാം നാള്‍ തിയറ്ററുകളില്‍ മൂക്കുംകുത്തി വീഴുമ്പോള്‍ ഒരു ചിത്രം വിജയിപ്പിച്ചെടുത്ത സന്തോഷ്‌ പണ്ഡിറ്റിന്റെ ആരാധകനാണ്‌ ഞാന്‍. ഷാരൂഖ്‌ ഖാന്റെ റാ.വണ്‍, സൂര്യയുടെ ഏഴാം അറിവ്‌, വിജയിന്റെ വേലായുധം എന്നീ വന്‍ ചിത്രങ്ങളോട്‌ മത്സരിച്ചാണ്‌ സന്തോഷിന്റെ ചിത്രം വിജയിക്കുന്നത്‌. സന്തോഷ്‌ പണ്ഡിറ്റാണ്‌ ഇന്ന്‌ മലയാളത്തിലെ സൂപ്പര്‍താരം-സലീം കുമാര്‍ പറഞ്ഞു.

പ്രാദേശിക ചിത്ര വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന്‌ ഓസ്‌കാറിന്‌ തിരഞ്ഞെടുക്കപ്പെട്ട ആദാമിന്റെ മകന്‍ അബുവിന്റെ പ്രചാരണത്തിന്‌ 56 ലക്ഷം രൂപ സ്വരൂപിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ സലീം അഹമ്മദ്‌ പറഞ്ഞു. ഇതിനായി പൊതുജനങ്ങളില്‍ നിന്ന്‌ പണം ശേഖരിക്കുന്നില്ല. ആരെങ്കിലും മുന്നോട്ട്‌ വന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കും. സംവിധായകന്‍ വിനയന്‍, രാജീവ്‌ അഞ്ചല്‍ എന്നിവര്‍ ഇതിനിടെ സഹായ വാഗ്‌ദാനവുമായി മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ചിത്രത്തിന്റെ പ്രിന്റ്‌ ഓസ്‌കാറിലെത്തിക്കഴിഞ്ഞു. അവിടെ ഒരു ഏജന്റിനെയും നിയമിച്ചിട്ടുണ്ട്‌. ഓസ്‌കാറില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നു. തന്റെ അടുത്ത ചിത്രം വിക്രം നായകനാകുന്ന കുഞ്ഞാലിമരയ്‌ക്കാറാണെന്ന വാര്‍ത്ത സലീം അഹമ്മദ്‌ നിഷേധിച്ചു. കുഞ്ഞാലിമരയ്‌ക്കാറും മറ്റൊരു ഗ്രാമീണ ചിത്രവുമാണ്‌ ഉദ്ദേശിക്കുന്നത്‌. ഏതാണ്‌ ആദ്യം ചെയ്യുകയെന്ന്‌ തീരുമാനിച്ചിട്ടില്ല.

ആദാമിന്റെ മകന്‌ ഛായാഗ്രാഹണം നിര്‍വഹിച്ച മധു അമ്പാട്ട്‌, നടി സറീനാ വഹാബ്‌ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക