Image

പെട്രോള്‍ വില വര്‍ദ്ധന അംഗീകരിക്കുന്നില്ല: മുഖ്യമന്ത്രി

Published on 04 November, 2011
പെട്രോള്‍ വില വര്‍ദ്ധന അംഗീകരിക്കുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ദ്ധന ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും.

സംസ്ഥാന സര്‍ക്കാര്‍ വിലവര്‍ദ്ധനവ് അംഗീകരിക്കുന്നില്ല. അരി ഉള്‍പ്പെടെയുള്ള അത്യാവശ്യവസ്തുക്കള്‍ ന്യായവിലക്ക് ലഭ്യമാക്കാന്‍ നടപടിയെടുക്കും. വെള്ളിയാഴ്ചത്തെ സഭാനടപടികള്‍ പൂര്‍ത്തിയായ ശേഷം ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പെട്രോള്‍ വില കൂട്ടാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് തന്നെയായിരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പെട്രോള്‍ വിലവര്‍ദ്ധനയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം ചര്‍ച്ചചെയ്യേണ്ടതുതന്നെയാണെന്നും ഉച്ചക്ക് 2.30ന് ഇക്കാര്യം സഭയില്‍ ചര്‍ച്ചചെയ്യാമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. ചര്‍ച്ച ചാനലുകള്‍ക്ക് തത്സമയസംപ്രേക്ഷണം ചെയ്യാനും അനുവാദം നല്‍കും. ഇക്കാര്യം അംഗീകരിക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.

പ്രതിപക്ഷ എം.എല്‍.എയായ ഡോ. തോമസ് ഐസക്കാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റിലയന്‍സും കേന്ദ്രസര്‍ക്കാരും ഒത്തുകളിച്ചാണ് വിലവര്‍ദ്ധനവുണ്ടാക്കുന്നതെന്ന് തോമസ് ഐസക്ക് ആരോപിച്ചു.

ബാലകൃഷ്ണപിള്ളയെ നിയമവിരുദ്ധമായാണ് മോചിപ്പിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷം ആരോപിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ ആര്‍.എസ്.എസുമായി രഹസ്യധാരണയുണ്ടാക്കി പോലും പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും സഭയില്‍ പ്രത്യാരോപണം നടത്തി. ഇതോടെ ഇക്കാര്യം തെളിയിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പിന്നീട് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക