Image

ഫെബ്രുവരി നാല്‌-അര്‍ബുദരോഗ അവബോധദിനം (ജി. പുത്തന്‍കുരിശ്‌)

ജി. പുത്തന്‍കുരിശ്‌ Published on 03 February, 2014
ഫെബ്രുവരി നാല്‌-അര്‍ബുദരോഗ അവബോധദിനം (ജി. പുത്തന്‍കുരിശ്‌)
മനുഷ്യരാശിയുടെ നിലനില്‌പിന്‌ ഭീഷണിയായി അനേക ജീവിതങ്ങളെ തച്ചുടച്ച്‌ കണ്ണീരിലാഴ്‌ത്തി അര്‍ബുദമെന്ന രോഗം മുന്നേറാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. അതോടൊപ്പംതന്നെ അതിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള മനുഷ്യരുടെ അശ്രാന്തപരിശ്രമവും. പ്രത്യേകിച്ച്‌ ജീവിതത്തിന്റെ സിംഹഭാഗവും ഗവേഷണങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച്‌ അര്‍ബുദമെന്ന മാരകരോഗത്തെ ചെറുക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന കര്‍മ്മനിരതരായ ഒരുകൂട്ടം ഭിഷഗ്വരന്മാരും ശാസ്‌ത്രജ്‌ഞന്മാരും. സെമിനാറുകളിലൂടെയും മാധ്യമ ചര്‍ച്ചകളിലൂടേയുമൊക്കെ അര്‍ബുദ രോഗത്തെക്കുറിച്ചുള്ള തെറ്റുധാരണകള്‍ മാറ്റിയും ജീവിത ശൈലികള്‍ മാറ്റിയും ഈ രോഗത്തെ ചെറുക്കാമെന്ന്‌ ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ ഫെബ്രുവരി നാല്‌ എന്ന ദിവസം തിരഞ്ഞെടുത്ത്‌ ആചരിക്കുന്നത്‌.

വൈദ്യശാസ്‌ത്ര പ്രകാരം അര്‍ബുദം എന്ന്‌ പറയുന്നത്‌ മാരകത്വമുള്ള ശരീരത്തിലെ മുഴയോ വീക്കമോ ആകാം. നിയന്ത്രിക്കാനാവാത്ത കോശങ്ങളുടെ വളര്‍ച്ച ഇതിന്റെ ഭാഗമാണ്‌. നിയന്ത്രണമില്ലാതെ വളരുന്ന ഈ അര്‍ബുദ കോശങ്ങള്‍ വിഘടിക്കുകയും ശ്ലേഷ്‌മഗ്രന്‌ഥികളിലൂടയും രക്‌തചംക്രമണത്തിലൂടേയും മാരകമായ വീക്കങ്ങളും മുഴകളുമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. എല്ലാ മുഴകളും വീക്കങ്ങളും അര്‍ബുദമുള്ളവയല്ല. ഇതില്‍ അപകടകാരികളല്ലാത്തതും വിഘടിച്ച്‌ ചുറ്റുപാടുമുള്ള കോശങ്ങളെ നശിപ്പിക്കാത്തതുമായ വീക്കങ്ങളും മുഴകളുമുണ്ട്‌. തിരിച്ചറിയപ്പെട്ട ഇരുനൂറില്‍പരം അര്‍ബുദരോഗങ്ങളുള്ളതായി അര്‍ബുദ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അര്‍ബുദരോഗത്തിന്റെ കാരണങ്ങള്‍ ഭാഗീകമായി മനസ്സിലാക്കിയിട്ടുള്ളതും, ഭിന്നവും സങ്കീര്‍ണ്ണവുമാണ്‌. കേരളത്തിലെ പ്രമുഖ അര്‍ബുദ ശസ്‌ത്രക്രീയാ വിദഗ്‌ദനും ഗവേഷകനുമായ ഡോക്‌ടര്‍ തോമസ്സ്‌ വറുഗീസ്‌ പറയുന്നത്‌, ഈ അര്‍ബുദ വില്ലന്‌ നമ്മളുടെ ജീവിത രീതിയുമായി ബന്ധമുണ്ടെന്നാണ്‌. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം അര്‍ബുദരോഗം, ഹൃദ്‌രോഗം, പ്രമേഹരോഗം തുടങ്ങിയ അസാംക്രമിക രോഗങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവയും തികച്ചും മനുഷ്യജീവിത ശൈലിയുമായി ബന്ധപ്പെട്ടതുമാണെന്നാണ്‌. അസാംക്രമികമായ ഈ മാരകരോഗത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്നവരില്‍ എണ്‍പ്പത്‌ ശതമാനവും അവികസിത രാജ്യങ്ങളിലും സാമ്പത്തികമായി പിന്നോക്കം നില്‌ക്കുന്നവരിലുമാണ്‌. അര്‍ബുദ രോഗം അനുദിനം കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന അതിന്റെ ചികത്സാച്ചിലവുമൂലം മറ്റു മാരകരോഗങ്ങളെ പിന്‍തള്ളി മുന്നിലെത്തി നില്‌ക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്തി ജീവിത ശൈലികളെ നിയന്ത്രിച്ചുകൊണ്ട്‌ അര്‍ബുദത്തേയും അതുപോലെയുള്ള മാരകരോഗങ്ങളേയും നേരടുവാന്‍ എണ്‍പത്‌ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറ്റി എണ്‍പതംഗങ്ങള്‍ രണ്ടായിരത്തിനാലില്‍ എടുത്ത തീരുമാനം മനുഷ്യാരോഗ്യത്തോടുള്ള സമീപനത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒന്നാണ്‌. ലോകാരോഗ്യ സംഘടന അര്‍ബുദത്തിനെതിരേയുള്ള യുദ്ധത്തില്‍ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ അര്‍ബുദ വര്‍ദ്ധനവിനെ സഹായിക്കുന്ന മനുഷ്യരുടെ അലസമായ ജീവിതശൈലികളേയും ആഹാരക്രമങ്ങളേയുമാണ്‌. വഴിവിട്ട ഭക്ഷണക്രമങ്ങളും വ്യായാമമില്ലായ്‌മയും നാം ഒരോത്തരേയും ഹൃദ്‌രോഗം, പ്രമേഹം അര്‍ബുദം തുടങ്ങിയ മാരകമായ രോഗങ്ങളിലേക്ക്‌ വലിച്ചടിപ്പിക്കുകയാണ്‌.
നമ്മളുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങളേയും ഒഴിവാക്കാന്‍ കഴിഞ്ഞെന്നിരിക്കില്ല എങ്കിലും നിയന്ത്രിക്കാവുന്ന പല രോഗങ്ങളുമുണ്ട്‌. അവയില്‍ ഒന്നാണ്‌ അര്‍ബുദം. അര്‍ബുദത്തെ നേരിടുന്നതിനുള്ള ഫലപ്രദമായ ആയുധം ഇലച്ചെടികള്‍, പച്ചക്കറി, കായ്‌കനികള്‍, പഴങ്ങള്‍, പയറുവര്‍ഗ്ഗം, കലര്‍പ്പില്ലാത്ത ധാന്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആഹാര ക്രമങ്ങളാണ്‌. പച്ചമാറാത്തതും വാടത്തതുമായ പച്ചക്കറികളുടെ തൊലി ചെത്തിക്കളയാതെയും അധികം വേവിക്കാതെയും കഴിക്കാമെങ്കില്‍ അത്‌ ഏറ്റവും പ്രയോചനകരമായിരിക്കും. ചെടിവര്‍ഗ്ഗങ്ങളിലും പച്ചക്കറികളിലും കൊഴുപ്പ്‌ കുറവും, ആവശ്യത്തിനുവേണ്ട പോഷക വസ്‌തുക്കളും ഓജസ്സും കരുത്തും നല്‍കുന്ന നാരും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന്‌ അര്‍ബുദത്തിനെതിരേ ചെറുക്കാന്‍ വേണ്ട പ്രതിരോധ ശക്‌തി ശരീരത്തിന്‌ നല്‍കുന്നു. എന്ത്‌ നിങ്ങള്‍ കഴിക്കുന്നു

എന്ത്‌ കഴിക്കാതിരിക്കുന്ന്‌ എന്നത്‌ നിങ്ങളുടെ ആരോഗ്യത്തിന്റെമേല്‍ നിര്‍ണ്ണായകമായ ഒരു പങ്കുവഹിക്കുന്നു. ഒരു പക്ഷെ നിങ്ങള്‍ അര്‍ബുദത്തിനെ ചെറുത്ത്‌ തോല്‍പ്പിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങളെ അവഗണിച്ച്‌ അര്‍ബുദത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ ഇന്ദനം നല്‍കുന്ന ഭക്ഷണങ്ങളായിരിക്കും കഴിച്ചുക്കൊണ്ടിരിക്കുന്നത്‌. നിങ്ങള്‍ നിങ്ങളുടെ ആഹാരക്രമങ്ങളിലും ജീവിതരീതിയിലും മാറ്റം വരുത്താന്‍ തയ്യാറായാല്‍ അര്‍ബുദമെന്ന ഭീകരരോഗത്തെ നിങ്ങളുടെ വരുതിയില്‍ നിറുത്താന്‍ കഴിയുമെന്നതിന്‌ വൈദ്യശാസ്‌ത്രം എന്നത്തെക്കാളുമുപരി ഉറപ്പു നല്‍കുന്നു. രോഗം വരാതെ നോക്കുന്നത്‌ രോഗശമനത്തേക്കാള്‍ എന്നും നല്ലതുതന്നെ.
ഫെബ്രുവരി നാല്‌-അര്‍ബുദരോഗ അവബോധദിനം (ജി. പുത്തന്‍കുരിശ്‌)ഫെബ്രുവരി നാല്‌-അര്‍ബുദരോഗ അവബോധദിനം (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക