Image

ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബഭദ്രത -സരോജ വര്‍ഗ്ഗീസ്

സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌ Published on 05 February, 2014
ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബഭദ്രത -സരോജ വര്‍ഗ്ഗീസ്
ലോകാരംഭത്തോളെ തന്നെ പഴക്കമുള്ള ഒന്നാണ് കുടുംബം എന്ന വ്യവസ്ഥിതി. കൂടുമ്പോള്‍ ഇമ്പമുള്ളത് എന്ന് കുടുംബത്തെ വിശേഷിപ്പിച്ചിരിക്കുന്നു. രണ്ടു വ്യത്യസ്ഥ കുടുംബങ്ങളില്‍ നിന്നും വരുന്ന ഒരു സ്ത്രീയും ഒരു പുരുഷനും ദൈവികസാന്നിദ്ധ്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി സംയോജിക്കപ്പെടുമ്പോള്‍ ഒരു പുതിയ കുടുംബം ജന്മമെടുക്കുന്നു. പരസ്പരവിശ്വാസവും സ്‌നേഹവും കരുതലും ആണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനശില. ആ അടിസ്ഥാനത്തിനു കോട്ടമേല്‍ക്കുമ്പോള്‍ കുടുംബഭദ്രത ശിഥിലമാകുന്നു. അപ്പോള്‍ ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു.
ആധുനിക സംസ്‌ക്കാരത്തിന്റെ അതിപ്രസരം നിമിത്തം ഇന്നു നമ്മുടെ കുടുംബങ്ങളുടെ അതിശേഷ്ഠമെന്നു കരുതിയിരുന്ന ധാര്‍മ്മികമൂല്യങ്ങള്‍ പലതും അസ്തമിച്ചു കൊണ്ടിരിക്കുന്നു. പരസ്പര വിശ്വാസവും സ്‌നേഹവും ബഹുമാനവുമെല്ലാം ചില പഴഞ്ചന്‍ ആശയങ്ങള്‍ മാത്രം എന്ന മിഥ്യാധാരണ അവിടവിടെയായി ഉടലെടുക്കുന്നു. അതോടെ കുടുംബത്തില്‍ താളപ്പിഴകള്‍ ആരംഭിക്കുന്നു. പങ്കാളികളുടെ വ്യക്തിത്വം പരസ്പരം അംഗീകരിക്കുകയും സമാദരിക്കുകയും വേണം. ദാമ്പത്യത്തില്‍ പൊയ്മുഖത്തിനു സ്ഥാനമില്ല. ഭാര്യാഭര്‍ത്തൃബന്ധത്തില്‍ എപ്പോഴും ഏതു കാര്യത്തിലും പരസ്പരധാരണ  ഉണ്ടായിരിക്കണം. ഏതൊരു കുടുംബത്തിലും ഇത്തിള്‍ക്കണ്ണിപോലെ പടര്‍ന്നുപിടിക്കുന്ന അമിതമായ മദ്യപാനാസക്തി ആശയവിനിമയ ദാരിദ്ര്യം, അനാശ്യാസബന്ധങ്ങള്‍ ഇവയെല്ലാം കുടുംബജീവിതത്തിന്റെ ഭദ്രതയെ ഒരു പരിധിവരെ തകര്‍ക്കുന്നുണ്ട്.

ആസൂത്രിത കുടുംബങ്ങളില്‍ മരണംവരെ ഒന്നിച്ചു ജീവിക്കുവാനുള്ള തീരുമാനത്തോടുകൂടി ദമ്പതികള്‍ തങ്ങളുടെ കുടുംബജീവിതം ആരംഭിക്കുകയും അതുകെട്ടിപ്പടുക്കുകയും ചെയ്യുന്നു. സുചിന്തിതമായ തെരെഞ്ഞെടുപ്പിന്റെ ഫലമായി എടുത്ത ഒരു തീരുമാനമാണിത്. അതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം കുടംബമെന്നത് അനുദിനം പണിതുയര്‍ത്തേണ്ട ഒരു ശ്രീകോവിലാണ് ഉത്തരോത്തരം ഐശ്വര്യപൂര്‍ണ്ണമായി അതുകെട്ടിപ്പടുക്കുന്നതിനുവേണ്ടി സമയവും ഊര്‍ജ്ജവും വ്യയം ചെയ്യാന്‍ അവര്‍ സന്നദ്ധരുമാണ്.

വിവാഹജീവതത്തില്‍ പരാജയപ്പെടുന്ന ദമ്പതിമാരില്‍ പലരും അരക്ഷിതത്വബോധം ഉള്ളവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഭിന്നസാഹചര്യങ്ങളില്‍ വളര്‍ന്നു വന്ന രണ്ടുപേര്‍ക്ക് ഉറപ്പുള്ള ബന്ധം പടുത്തുയര്‍ത്തുന്നതിനുള്ള അടിത്തറയാണ് ഈശ്വരിനുള്ള വിശ്വാസവും ആശ്രയവും പ്രശ്‌നങ്ങളെ സുധീരം അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും ഈശ്വരനില്‍ നിന്നു ലഭിക്കുന്നു. വിവാഹജീവിതത്തിലെ പ്രശ്‌നവൈവിധ്യങ്ങളെയും യഥാകാലമുണ്ടാകുന്ന മാറ്റങ്ങളെയും മനസ്സിലാക്കാനുള്ള പക്വത പ്രാപിക്കാത്ത വിവാഹിതര്‍ പരസ്ത്രീ പുരുഷ ബന്ധത്തിലെ മായാവലയത്തില്‍ അകപ്പെട്ടുപോകാനും സാധ്യത ഏറുന്നു.

ബാലന്‍സില്ലാത്ത ജീവിതം നിഷ്ഫലമായ വന്ധ്യമായ ദുരന്തത്തിലേ ചെന്നവസാനിക്കൂ. എത്രതന്നെ പ്രതിഭാശാലികളായിരുന്നാലും, എത്രതന്നെ അസാധാരണമായ സിന്ധി വിശേഷങ്ങളോ പഠിപ്പോ ഉണ്ടായിരുന്നാലും ബാലന്‍സില്ലെങ്കില്‍ ഒരിടത്തും ഇണങ്ങിചേരുകയില്ല. അങ്ങിനെ ജീവിതം പരാജയമായി കലാശിക്കും. ജീവിതത്തിലെ 90 ശതമാനം പരാജയത്തിന്റെയും കഥ സ്വഭാവത്തിന്റെ ബാലന്‍സ് തെറ്റലിന്റെ കഥയായിരിക്കുമെന്ന് ഒരു ചിന്തകന്‍ പറയുന്നു. ധാര്‍മ്മികമോ അദ്ധ്യാത്മികമോ ബുദ്ധിപരമോ കായികമോ ആയ എല്ലാ കാര്യങ്ങളിലും സമീകൃതമായ അവസ്ഥ അഥവാ ബാലന്‍സ് ഉണ്ടായിരുന്നാല്‍ മാത്രമേ ജീവിതം വിജയിക്കൂ.

സ്ഥാനമാനങ്ങള്‍ കൊണ്ടും ചുമതലാബോധം കൊണ്ടും സമൂഹത്തിനു മാതൃകയായി നിയോഗിക്കപ്പെട്ടവര്‍ പോലും തങ്ങളുടെ താല്‍ക്കാലികമായ സംതൃപ്തിക്കുവേണ്ടി ചാപല്യങ്ങളില്‍ അകപ്പെട്ടുപോകുന്നതായി വിശുദ്ധ വേദപുസ്തകത്തില്‍ പോലും വായിക്കുന്നു. അതിനുദാഹരണമാണ് പ്രതിഭാസമ്പന്നനായിരുന്ന ദാവീദ്.

യിസ്രായോലിലെ രണ്ടാമത്തെ രാജാവായിരുന്ന യിസ്സായിയുടെ പുത്രനു ബോവസ്സിന്റെയും രൂത്തിന്റെയും പൗത്രനും ആയിരുന്നു ദാവീദ്. ഈ പേരിന് എബ്രായ ഭാഷയില്‍ പ്രിയന്‍ നായകന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. അനുഗ്രഹീതനായ ഗായകനും കവിയും പ്രവാചകനും ഭക്തശിരോമണിയും ധീരനായ യോദ്ധാവും ഉത്തമനായ ഭരണകര്‍ത്താവും നയതന്ത്രവിദഗ്ദനുമായിരുന്നു ദാവീദ്.
ശൗല്‍രാജാവിന്റെ ദുരാത്മാവ് നീക്കുവാന്‍ നിയോഗിക്കപ്പെടുന്ന ഗായകനും രാജാവിന്റെ ആയുധ സൂക്ഷിപ്പുകാരനുമായിട്ടാണ് ദാവീദ് രാജസദസ്സില്‍ പ്രത്യക്ഷപ്പെടുന്നത്. ഗോലിയാണ് എന്ന ഫെലിസ്ത്യമല്ലനെ കൊന്നതുമൂലം ദാവീദിന്റെ കീര്‍ത്തി എല്ലായിടത്തും പറക്കുന്നു. അസൂയപൂണ്ട ശൗല്‍രാജാവ് ദാവീദിനെ കൊല്ലുവാന്‍ ശ്രമിക്കുന്നു. ശൗലിന്റെ പുത്രിയും ദാവീദിന്റെ ഭാര്യയുമായ മിഖളം ശൗലിന്റെ പുത്രനായ യോനാഥാനും, ദാവീദിനെ രക്ഷപ്പെടുവാന്‍ സഹായിക്കുന്നു. ശൗലില്‍ നിന്നു രക്ഷപ്പെട്ട് അഭയാര്‍ത്ഥിയായി കഴിയുന്ന ദാവീദിന് ശൗലിനെ കൊല്ലാന്‍ പല അവസരങ്ങള്‍ ലഭിച്ചിട്ടും അപ്രകാരം ചെയ്യുന്നില്ല. ദാവീദിന്റെ സ്വഭാവശ്രേഷ്ഠത ഇവിടെ വെളിവാകുന്നു. ദാവീദും യോനാഥാനും തമ്മിലുള്ള സ്‌നേഹം ഉദാത്തമായ മൈത്രീബന്ധത്തിന്റെ മാതൃക കാഴ്ച വയ്ക്കുന്നു. ശൗലും യോനാഥാനും കൊല്ലപ്പെട്ടപ്പോള്‍ ദാവീദു നടത്തുന്ന വിലാപം ഹൃദയസ്പര്‍ശിയാണ്. ശൗലിന്റെ മരണശേഷം ഏഴരവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹെബ്രോനില്‍ വച്ചു എല്ലാ യിസ്രായേല്‍ ഗോത്രങ്ങള്‍ക്കും രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെടുന്നു. തുടര്‍ന്നു 33 വര്‍ഷക്കാലം ദാവീദ് രാജാവായി നാടുവാഴുന്നു. യിസ്രായേലിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ദാവീദിന്റെ ഭരണകാലം. യിസ്രായേലിലെ മറ്റു രാജാക്കന്മാര്‍ക്കെല്ലാം മാതൃകാപുരുഷന്‍ ദാവീദായിരുന്നു. എന്നാല്‍ ഊരിയാവിന്റെ ഭാര്യയായ ബേത്ത്‌ശേബയുമായുള്ള അവിഹിതവേഴ്ച ദാവീദിന്റെ വലിയ പാളിച്ചയായിരുന്നു. എങ്കിലും ആത്മാര്‍ത്ഥമായ അനുതാപവും യഹോവയിലുള്ള ആശ്രയവും 'ദാവീദിനെ യഹോവയ്ക്കിഷ്ടപ്പെട്ട പുരുഷന്‍' ആക്കിത്തീര്‍ത്തു. ക്രിസ്തീയ പാരമ്പര്യത്തിലും ദാവീദിനു പ്രധാനസ്ഥാനം നല്‍കിയിരിക്കുന്നു. സങ്കീര്‍ത്തനത്തില്‍ പലതും ദാവീദ് രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.

അസ്ഥാനത്ത് സാഹചര്യങ്ങളുടെ ചില സമ്മര്‍ദങ്ങളില്‍ ചാപല്യങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നവര്‍ പോലും, തങ്ങളുടെ തെറ്റുകളെ സ്വയം മനസ്സിലാക്കി മാതൃകാപരമായ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ ഇന്നത്തെ ലോകത്തില്‍ നാം കാണുന്ന പല വിപത്തുകളും ഒഴിവാക്കാം.
എം.പി.യും … ആയ ശ്രീ ശശിതരൂരിന്റെ സുന്ദരിയും സമ്പന്നയുമായ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ അസ്വാഭികമരണം വളരെ ഞെട്ടലോടെയാണ ഈ ലോകം ശ്രവിച്ചത്. എന്തായിരുന്നു ആ മരണത്തിന് പിന്നില്‍. കുടുംബത്തിലെ അപക്വമായ ജീവിതശൈലി ആയിരുന്നുവോ. സുന്ദരനും സുപ്രസിദ്ധനുമായ ശശിതരൂരിന്റെ ഭാര്യാപദവി തന്നെ ഏതൊരു സ്ത്രീക്കും അഭികാമ്യമെന്നേ കരുതാനാവൂ. അസാമാന്യ സിദ്ധികളുള്ള ശശിതരൂര്‍ കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അഭിമാനം ആയിരുന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ന്യൂയോര്‍ക്കിലെ കേരളാസെന്ററില്‍ ഒരു പരിപാടിയില്‍ മുഖ്യാതിഥി ആയി അദ്ദേഹം ആഗതനായപ്പോള്‍ ഒപ്പം വന്ന സുനന്ദയെ നേരിട്ടു പരിചയപ്പെടാനിടയായി. അധികം സംസാരിക്കാനൊന്നും അവസരം ലഭിച്ചില്ല. എങ്കിലും ഏവരാലും ബഹുമാനിക്കപ്പെടുന്ന ആ ദമ്പതികളുമായി പരിചയപ്പെടാനിടയായതില്‍ ആനന്ദം തോന്നി.
ശ്രീ ശശരിതരൂര്‍ അദ്ദേഹത്തിന്റെ പദവികളില്‍ നിന്നു പടിപടിയായി മുന്നോട്ടുപോയിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി പദം പോലും അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. അതിനുതക്ക യോഗ്യത ഉള്ള ഒരു മഹല്‍വ്യക്തിയായിട്ടു മാത്രമെ അദ്ദേഹത്തെ കാണാനാവൂ. അദ്ദേഹത്തെപ്പറ്റി വായിക്കാനും മനസ്സിലാക്കാനും ഇടയായിട്ടുള്ളത് വച്ച് ഒരു അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിട്ടുമാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. പാലക്കാട്ടുകാരനെങ്കിലും, ലണ്ടനില്‍ ലില്ലി-ചന്ദ്രന്‍ ദമ്പതികളുടെ മകനായി 1956 മാര്‍ച്ച് ഒമ്പതാം തീയ്യതി ജനിച്ച അദ്ദേഹത്തിന്റെ ബാല്യം പോലും അസാധാരണത്വം ജനിപ്പിക്കുന്നു. ബാല്യകാല സുഹൃത്തുക്കളോടൊപ്പം  യാതൊരു വിധ കുസൃതികളിലും ഉള്‍പ്പെടാതെ വായനയുടെയും എഴുത്തിന്റെയും ലോകത്തില്‍ സമയം ചെലവിട്ട ആ ബാലന്‍, ആറാമത്തെ വയസ്സില്‍ തന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഈ ബാലനെപ്പറ്റി വായിക്കുമ്പോള്‍ ഏതു മലയാളിക്കാണ് അഭിമാനം തോന്നാത്തത്, പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ എല്ലാം തന്നെ വിപണിയില്‍ ഏറ്റം നല്ല കൃതികളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

1978 മുതല്‍ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ആര്‍ജ്ജിച്ചുകൊണ്ട് വിവിധ ഔദ്യോഗികസ്ഥാനങ്ങളില്‍ പ്രശോഭിച്ച ശശിതരൂര്‍ തന്റെ ദാമ്പത്യജീവിതത്തില്‍ മാത്രം പരാജയം ആയിരുന്നോ, എന്ന സംശയം ഏവരിലും ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാര്‍ക്കു ജന്മം നല്‍കിയ ആദ്യഭാര്യ തിലോത്തമ മുക്കര്‍ജി, യു.എന്നില്‍ അദ്ദേഹത്തോടൊപ്പം ഉദ്യോഗത്തിലിരുന്ന ക്യാനഡക്കാരി ക്രിസ്റ്റാ ഗെയില്‍സ് എന്ന രണ്ടാംഭാര്യ ഇവര്‍ക്കുശേഷം 2010 ല്‍ തന്റെ ജീവിതത്തിലേക്കു കടന്നുവന്ന സുനന്ദ എവിടെയും ദാമ്പത്യത്തിന്റെ പവിത്രത പുലര്‍ത്താന്‍ മാത്രം അദ്ദേഹം പരാജയപ്പെട്ടതായി തോന്നുന്നു.

2014 ജനുവരി 17ന് ന്യൂഡല്‍ഹിയില്‍ ചാണക്യപുരിയിലുള്ള ലീലാഹോട്ടലില്‍ സുനന്ദയുടെ മൃതശരീരം കണ്ടുവെന്ന വാര്‍ത്ത ലോകത്തെ ഞെട്ടിപ്പിച്ചു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. ഒരു കുറ്റവാളിയെപ്പോലെ, തലകുമ്പിട്ടിരുന്നു, ന്യായപാലകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്ന ശശി തരൂരിന്റെ ചിത്രം മനസ്സില്‍ ദു:ഖം പടര്‍ത്തുന്നു.
ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബജീവിതത്തിന്റെ അഥവാ ദാമ്പത്യത്തിന്റെ ഒരു ദയനീയ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബഭദ്രത -സരോജ വര്‍ഗ്ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക