Image

സഭാസമ്മേളനകാലത്തെ സൂപ്പര്‍ താരങ്ങള്‍

ജി.കെ. Published on 06 November, 2011
സഭാസമ്മേളനകാലത്തെ സൂപ്പര്‍ താരങ്ങള്‍
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ലജ്‌ജാകരവും നിരര്‍ഥകവുമായ സമ്മേളനങ്ങളിലൊന്നിന്‌ തിരശ്ശീല വീണിരിക്കുന്നു. നിയമനിര്‍മാണവും സംസ്‌ഥാനം നേരിടുന്ന ഗുരുതരമായ ജനകീയപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഫലപ്രദമായ ചര്‍ച്ചയുമൊക്കെ നിയമസഭയില്‍ നടക്കുമെന്ന്‌ ധരിച്ചുവെച്ചിരുന്ന സാമന്യജനത്തെ വിഡ്ഡികളാക്കിയാണ്‌ സഭാസമ്മേളനത്തിന്‌ തിരശ്ശീല വീണത്‌. ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ സഭാസമ്മേളനം അലങ്കോലമാക്കുന്നതില്‍ അംഗങ്ങളെല്ലാം അവരുടേതായ സംഭാവന നല്‍കിയപ്പോള്‍ കൂട്ടത്തില്‍ ചിലര്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ചാണ്‌ സഭയില്‍ നിന്ന്‌ മടങ്ങുന്നത്‌.

സിനിമയില്‍ സൂപ്പര്‍താരമോ സൂപ്പര്‍ വില്ലനോ പോയിട്ട്‌ ഭേദപ്പെട്ട നടന്‍ പോലുമായില്ലെങ്കിലും നിയമസഭയില്‍ സൂപ്പര്‍ വില്ലനായി ഉയരാന്‍ മന്ത്രി ഗണേഷ്‌കുമാറിന്‌ കഴിഞ്ഞു എന്നതാണ്‌ ഈ സഭാസമ്മേളനത്തിന്റെ പ്രത്യേകത. സിനിമയിലെ വില്ലന്മാര്‍ പൊതുവെ പാവങ്ങളാണ്‌ എന്നായിരുന്നു ടി.ജി.രവിയും ബാലന്‍ കെ. നായരും ക്യാപ്‌റ്റന്‍ രാജുവുമൊക്കെ മലയാളികള്‍ക്ക്‌ നല്‍കിയിരുന്ന ചിത്രം. എന്നാല്‍ അതെപ്പോഴും അങ്ങനെയല്ലെന്നും സിനിമയിലെ ചില ക്രൂരവില്ലന്‍മാര്‍ ജീവിതത്തിലും അങ്ങനെതന്നെയാണെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെതിരായ ഒറ്റ പഞ്ച്‌ ഡയലോഗിലൂടെ ഗണേഷ്‌കുമാര്‍ തെളിയിച്ചു.

ഈ പ്രകടനത്തിന്റെ പേരില്‍ സഭാ സമ്മേളനകാലത്തെ സൂപ്പര്‍ വില്ലനുള്ള അവാര്‍ഡ്‌ ഉറപ്പിച്ചിരുന്ന ഗണേഷിനെപ്പോലും ഞെട്ടിച്ചായിരുന്നു സര്‍ക്കാര്‍ ചീഫ്‌ വിപ്പും സര്‍വോപരി എപ്പോഴും സത്യം മാത്രം പറയുന്നവനുമായ പി.സി.ജോര്‍ജ്‌ വില്ലത്തരത്തില്‍ പുതിയ ഉയരങ്ങള്‍ താണ്‌ടിയത്‌. തന്നെയും തന്റെ കുടുംബത്തെയും നിരന്തരം വേട്ടയാടിയ വി.എസ്‌ എന്ന നായകനെതിരെയായിരുന്നു ഗണേഷിന്റെ വില്ലത്തരങ്ങളെങ്കില്‍ പാവം ഒരു വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനു നേരെയും ഒരു മുന്‍ മന്ത്രിക്കെതിരെയുമായിരുന്നു ചീഫ്‌ വിപ്പ്‌ രഞ്‌ജി പണിക്കര്‍ സിനിമകളിലെ സുരേഷ്‌ ഗോപിയെ അനുസ്‌മരിപ്പിക്കുന്ന ഡയലോഗ്‌ ഡെലിവറി നടത്തിയത്‌.

ചീഫ്‌ വിപ്പിന്റെ തീ പാറുന്ന സംഭാഷണങ്ങള്‍ പത്തനാപുരത്ത്‌ മാത്രം ഒതുങ്ങി നിന്നില്ല. അത്‌ സഭസമ്മേളിക്കുന്ന എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക്‌ മുമ്പിലും തുടര്‍ന്നു. ഒടുവില്‍ തന്നെ നിയന്ത്രിക്കാന്‍ സഭയുടെ സംവിധായകനായ സ്‌പീക്കര്‍ക്കു പോലും ആകില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌ കഥാപാത്രത്തെക്കാളും വളര്‍ന്ന നടനെന്ന ഖ്യാതിയും പി.സി.ജോര്‍ജ്‌ നേടി.

ഈ രണ്‌ടു താരങ്ങളുടെയും സൂപ്പര്‍ പ്രകടനങ്ങള്‍ക്ക്‌ മുന്നില്‍ മറ്റുള്ളവരുടെയെല്ലാം പ്രകടനങ്ങള്‍ തീര്‍ത്തും നിഷ്‌പ്രഭമായിപ്പോയി. അതുകൊണ്‌ടുതന്നെ സമ്മേളനകാലത്തെ സൂപ്പര്‍ വില്ലനാരെന്ന്‌ വിധി നിര്‍ണയിക്കാന്‍ ജനങ്ങളെന്ന ജൂറിക്ക്‌ കഴിയാത്തതുമൂലം മികച്ച വില്ലനുള്ള പുരസ്‌കാരം ഇരുവര്‍ക്കുമായി വീതിച്ചു നല്‍കുന്നു.

വില്ലന്‍മാരുടെ കാര്യം ഇങ്ങനെയാണെങ്കിലും സ്വഭാവനടന്‍മാരുടെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അത്‌ ടി.വി.രാജേഷ്‌ എന്ന യുവ എംഎല്‍എയ്‌ക്കു മാത്രം അവകാശപ്പെട്ടതാണ്‌. കമലഹാസന്റെ കരച്ചില്‍ സീനുകളേപ്പോലും തോല്‍പ്പിക്കുന്ന രീതിയില്‍ ജനങ്ങളെയാകെ കണ്ണീരുകുടിപ്പിച്ചാണ്‌ രാജേഷ്‌ മികച്ച സ്വഭാവനടനായത്‌. രാജേഷിന്റെ കരച്ചില്‍ കണ്‌ട്‌ മനസ്‌ തുറന്നൊന്നു ചിരിക്കാന്‍ പോലും കൂട്ടാക്കാത്ത സാക്ഷാല്‍ പിണറായി വിജയന്‍ പോലും കണ്ണീരണിഞ്ഞു. അപ്പോള്‍ പിന്നെ രാജേഷിന്റെ അവാര്‍ഡ്‌ വിവാദമാവേണ്‌ട കാര്യമില്ല.

കഴിഞ്ഞില്ല. മികച്ച സംഘട്ടനത്തിന്‌ കൂടി ഇത്തവണത്തെ സഭാസമ്മേളനത്തില്‍ അവാര്‍ഡുണ്‌ട്‌. ഇതില്‍ ജൂറിക്ക്‌ ഇപ്പോഴും അഭിപ്രായ ഭിന്നത ഉള്ളതിനാല്‍ പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാഫിയാ ശശിയെപ്പോലും അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ മന്ത്രി കെ.പി.മോഹനന്‌ അവാര്‍ഡ്‌ നല്‍കണമെന്ന്‌ ജൂറിയില്‍ ഒരുവിഭാഗം വാദിക്കുമ്പോള്‍ മികച്ച സ്വഭാന നടനായ ടി.വി.രാജേഷിനെയും ജെയിംസ്‌ മാത്യുവിനെയും ഈ അവാര്‍ഡിന്‌ സംയുക്തമായി പരിഗണിക്കണമെന്നാണ്‌ ജൂറിയില്‍ മറ്റൊരുവിഭാഗം ആവശ്യപ്പെടുന്നത്‌. എന്നാല്‍ സഭയ്‌ക്കു പുറത്തു നടന്ന കാര്യമാണെങ്കിലും വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവെച്ചുകളിച്ച രാമകൃഷ്‌ണപിള്ള എന്ന പോലീസുകാരനും അവാര്‍ഡിനായി നാമനിര്‍ദേശം ലഭിച്ചിട്ടുള്ളത്‌ ജൂറിയെ കുഴക്കുന്നുണ്‌ട്‌.

എന്തായാലും അവാര്‍ഡുകള്‍ക്കായി അംഗങ്ങള്‍ തമ്മില്‍ മത്സരം മുറുകുമ്പോള്‍ ഒരു പ്രേഷകന്റെ യഥാര്‍ഥ പിരിമുറുക്കത്തോടെ ഇതെല്ലാം കണ്‌ടും കേട്ടും ചര്‍ച്ച ചെയ്‌തും ആസ്വദിച്ചിരുന്ന പാവം ജനങ്ങളും ഒരു അവാര്‍ഡ്‌ അര്‍ഹിക്കുന്നുണ്‌ട്‌. അത്‌ നായകനോ വില്ലനോ ഉള്ളതല്ല. മറിച്ച്‌ ധീരതയ്‌ക്കുള്ളതാണ്‌. കാരണം ഇവരെ ചുമന്നുകൊണ്‌ടുവേണമല്ലൊ ഇനിയുള്ള അഞ്ചുവര്‍ഷം കഴിച്ചുക്കൂട്ടാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക