Image

ഫാ. പാലയ്ക്കപറമ്പില്‍ …. സമാനതകളില്ലാത്ത വ്യക്തിത്വം

തമ്പി കുരുവിള, ഇന്‍ഡ്യന്‍ കാതലിക് അസോസിയേഷന്‍ കാലിഫോര്‍ണിയ Published on 12 February, 2014
ഫാ. പാലയ്ക്കപറമ്പില്‍ …. സമാനതകളില്ലാത്ത വ്യക്തിത്വം
ഉന്നതസ്ഥാനീയരായ വ്യക്തികളുടെ ജീവിത ലാളിത്യവും, വിനയവും, സമഭാവനയും, മനുഷ്യസ്‌നേഹവും, ആദര്‍ശശുദ്ധിയും സാധാരണക്കാരായ ജനങ്ങള്‍ വളരെ ആദരവോടെ വീക്ഷിക്കുകയും തങ്ങളുടെ പ്രിയപ്പെട്ട നേതാക്കന്മാരായി അവരെ അംഗീകരിക്കുകയും ചെയ്യും. ഇന്ന് സമൂഹം നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഒന്ന് ഭരണാധികാരികളുടെ ധൂര്‍ത്തും ആത്മാര്‍ത്ഥത ഇല്ലാത്ത വാക്കും പ്രവര്‍ത്തികളുമാണ്. അധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കൂടി വരുംതോറും, സമൂഹത്തില്‍ നിസംഗത വര്‍ദ്ധിക്കുന്നു.

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പുതിയ വികാരി ജനറലായി നിയമിതനായിരിക്കുന്ന ബഹുമാനപ്പെട്ട അഗസ്റ്റിന്‍ പാലയ്ക്കപറമ്പില്‍ അച്ചന്റെ നിയമനം സാധാരണക്കാരായ വിശ്വാസികള്‍ വളരെ പ്രതീക്ഷയോടെ ആണ വീക്ഷിക്കുന്നത്. ഈ നിയമനം, അച്ചന്  ഒരു വലിയ പദവിയോ അധികാര സ്ഥാനമായോ ജനങ്ങള്‍ കാണുന്നില്ല, കാരണം, കാത്തോലിക്ക സഭയിലെ ഒരു ചെറിയ ഇടവകയിലെ ശുശ്രൂഷി മുതല്‍ സഭയുടെ ഏതൊരു ചുമതലയും വഹിക്കാന്‍ അച്ചന്‍ സര്‍വാന്മനാ യോഗ്യനാണ്. അച്ചന്റെ നിയമനം രൂപതയിലെ വിശ്വാസികളില്‍ നല്ലൊരു പങ്കും പ്രതീക്ഷിച്ചിരുന്നതും ആഗ്രഹിച്ചിരുന്നതും ആയിരുന്നു. കാരണം, അഗസ്റ്റിന്‍ അച്ചന്‍ എന്ന വ്യക്തിത്വം ഒരു ഇടവകയുടെ നാലതിരികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല എന്ന് സാധാരണക്കാരായ വിശ്വാസികള്‍ എന്നേ തിരിച്ചറിഞ്ഞിരുന്നു.

 അച്ചനെപ്പോലെ സൗമ്യനും, വിനീതനും, പണ്ഡിതനും, അധ്യാപകനും, മനുഷ്യസ്‌നേഹിയും, ഇതിലൊക്കെ ഉപരിയായി ദീര്‍ഘവീക്ഷണവും ഉള്ള ഒരു വ്യക്തി രൂപതയുടെ നേതൃസ്ഥാനത്ത് എത്തുന്നത് വിശ്വാസികളുടെ അധ്യാത്മിക ജീവിതത്തെ പോഷിപ്പിക്കും, വരും തലമുറയ്ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന പ്രവര്‍ത്തനങ്ങളും പങ്കാളിത്തവും ഉറപ്പുവരുത്തും, യുവജനങ്ങള്‍ക്കും, സാധാരണക്കാര്‍ക്കും സഭ എന്റെ സ്വന്തം, എനിക്കും അതില്‍ ഒരു പങ്കുണ്ട് എന്ന സ്ഥിതി സംജാതമാക്കും.

ചിക്കാഗോ ഡയോസിസിന്റെ ഭൗതിക വളര്‍ച്ചയില്‍ മാത്രമല്ല ജനങ്ങളുടെ പ്രതീക്ഷ. അതോടൊപ്പം ആധ്യാത്മികമായ വളര്‍ച്ചയാണ്, പ്രത്യേകിച്ചും, വരും തലമുറയുടെ ഉന്നമനം, മാര്‍ഗ്ഗനിര്‍ദ്ദേശം, വിശ്വാസ സ്ഥിരത എന്നീ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, പ്രവര്‍ത്തനങ്ങളും. രൂപതയിലെ യുവജനങ്ങള്‍ക്ക് രൂപതാ കാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്വവും, വളര്‍ന്നുവരുവാനുള്ള അവസരങ്ങളും നല്‍കേണ്ടതിന്റെ ആവശ്യകതയില്‍ അച്ചന്‍ തികച്ചും ബോധവാനാണ്. മാതാപിതാക്കളുടെ കുട്ടിക്കളി മാറിയിട്ടേ യുവജനങ്ങള്‍ക്ക് വളരാന്‍ കഴിയൂ എന്ന്, കാലിഫോര്‍ണിയ, സാന്റ്‌റ ആന സെന്റ് തോമസ് പള്ള വികാരി  ആയിരുന്നപ്പോള്‍, അച്ചന്‍ സ്‌നേഹപൂര്‍വ്വം മുതിര്‍ന്നവരായ ഞങ്ങളെ തിരുത്തിയിട്ടുണ്ട്.

സാധാരണക്കാരില്‍ സാധാരണക്കാരന്‍
വൈദികന്‍, അദ്ധ്യാപകന്‍, പണ്ഡിതന്‍, വാഗ്മി എന്നീ വിശേഷണങ്ങളില്‍ അഗസ്റ്റ്യച്ചന്‍ അറിയപ്പെടുമെങ്കിലും, തന്റെ അടിസ്ഥാന വ്യക്തിത്വം ഒരു മനുഷ്യ സ്‌നേഹിയുടേത് ആണെന്നു അടിവരയിട്ട് തെളിയിക്കുന്നതാണ് അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങളും.

ഈടുറ്റ പ്രസംഗങ്ങള്‍ കൊണ്ട് അമേരിക്കയിലും ഇന്ത്യയിലും ഉള്ള പല ഇടവക വിശ്വാസികളെയും അച്ചന്‍ പ്രബുദ്ധരാക്കിയിട്ടുണ്ട്. ഓരോ പ്രസംഗങ്ങളും, ഓരോ, ധ്യാനങ്ങളും, പഠനങ്ങളും, വേറിട്ട ചിന്തകളും ആയിരുന്നു. ഇതെല്ലാം അള്‍ത്താരയില്‍ നടത്തിയ പ്രസംഗങ്ങള്‍ ആയിരുന്നെങ്കിലും, അതില്‍ ഒന്നുപോലും പള്ളിപ്രസംഗങ്ങള്‍ ആയിരുന്നില്ല.(കേരളത്തിലെ തെക്കന്‍ തിരുവിതാംകൂര്‍ ഭാഗത്ത് പള്ളിപ്രസംഗങ്ങള്‍ക്ക് ഒരു ദുര്‍വ്യാഖ്യാനമുണ്ട്. പറഞ്ഞ കാര്യങ്ങള്‍ തന്നെ പിന്നെയും പറയുക, അത് പറയുന്ന ആളിനുപോലും അതില്‍ വിശ്വാസമോ ബോധ്യമോ ഇല്ലാതിരിക്കുക.) എന്നാല്‍ തനിക്കു പാലിക്കാന്‍ കഴിയാത്ത ഒരു കാര്യവും അച്ചന്‍ പ്രസംഗിച്ചിട്ടില്ല. സാമൂഹ്യ ജീവിതത്തില്‍ ആരു പറഞ്ഞു എന്നതല്ല എന്തു പറഞ്ഞു എന്നതാണ് പ്രധാനം. എന്നാല്‍ ആധ്യാത്മിക ജീവിതത്തില്‍ ആരു പറഞ്ഞു എന്നുള്ളത് എന്തു പറഞ്ഞു എന്നതുപോലെ പ്രധാനപ്പെട്ടതാണ്. പറയുന്ന ആളിന്റെ യോഗ്യതയും സ്വീകാര്യതയും സാധാരണക്കാരെ വളരെ അധികം സ്വാധീനിക്കും. അച്ചന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ സാധാരണക്കാരായ വിശ്വാസികള്‍ ശിരസാവഹിക്കുന്നതിന്റെ കാരണവും മിറച്ചൊന്നല്ല. ജനങ്ങളുടെ പ്രതീക്ഷയും ഇതുതന്നെയാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാന ചിന്താഗതി
അടുത്ത സമയത്തായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ വൈദികര്‍ക്കായുള്ള സന്ദേശത്തില്‍ പറഞ്ഞു നിങ്ങള്‍ “നിങ്ങളുടെ ജനങ്ങളോട് വളരെ അടുത്തു നില്‍ക്കണം. നിങ്ങളുടെ ഫോണ്‍ കൈയെത്തുന്ന ദൂരത്തില്‍ സൂക്ഷിക്കണം.” അഗസ്റ്റ്യനച്ചന്റെ സമീപനവും ഇത് തന്നെയാണ്. ആര്‍ക്കും ഏതു സമയത്തും അച്ചനെ സമീപിക്കാം. അച്ചന്റെ തുറന്ന സമീപനം, തുല്യനീതി, തുല്യ പരിഗണന, സമഭാവന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം, അച്ചനെ, ജനങ്ങള്‍ക്ക് വളരെ സ്വീകാര്യനാക്കുന്നു. നിശ്ചിത, ഓഫീസും, പ്രവര്‍ത്തന സമയവും, സന്ദര്‍ശന സമയങ്ങളും, വോയ്‌സ് മെയിലും ആയി ഒരു അധികാരിയായിരിക്കാന്‍ അച്ചനു ഒരിക്കലും കഴിയില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു സേവകന്‍, സഹായകന്‍, ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ഒരു മധ്യസ്ഥന്‍, എന്ന പ്രവര്‍ത്തന രീതി ഒരിക്കലും അച്ചനു ഉപേക്ഷിക്കാന്‍ കഴിയുമെന്നു ജനങ്ങള്‍ കരുതുന്നില്ല.
അഗസ്റ്റ്യന്‍ അച്ചനോടൊപ്പം നിയമിതരായിരിക്കുന്ന വികാരി ജനറല്‍ ബഹുമാനപ്പെട്ട തോമസ് മുളവനാല്‍ അച്ചനും, ഫിനാല്‍ഷ്യല്‍ ഓഫിസര്‍, പോള്‍ ചാലിശ്ശേരി അച്ചനും, ഇന്ത്യന്‍ കാതലിക് അസോസിയേഷന്‍ കാലിഫോര്‍ണിയയുടെ അഭിനന്ദനങ്ങളും, പ്രാര്‍ത്ഥനയും സഹകരണവും അറിയിക്കുന്നു.


ഫാ. പാലയ്ക്കപറമ്പില്‍ …. സമാനതകളില്ലാത്ത വ്യക്തിത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക