Image

ന്യൂവാര്‍ക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റ്‌ എ.ഐ. 144 ന്‌ കേരളത്തിലേക്കു മാത്രം എന്തുകൊണ്ട്‌ കണക്‌റ്റിംഗ്‌ ഫ്‌ളൈറ്റ്‌ ഇല്ല?

വര്‍ഗീസ്‌ പ്ലാമ്മൂട്ടില്‍ Published on 12 February, 2014
ന്യൂവാര്‍ക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റ്‌ എ.ഐ. 144 ന്‌ കേരളത്തിലേക്കു മാത്രം എന്തുകൊണ്ട്‌ കണക്‌റ്റിംഗ്‌ ഫ്‌ളൈറ്റ്‌ ഇല്ല?
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്ക്‌ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും മുംബെയിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന എയര്‍ ഇന്‍ഡ്യയുടെ എ ഐ 144 ഫ്‌ളൈറ്റിന്‌ കേരളത്തിലേക്കു മാത്രം കണക്‌റ്റിംഗ്‌ ഫ്‌ളൈറ്റ്‌ ഇല്ല. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഈ സൗകര്യം ഉണ്ടായിരുന്നു. മുംബെയിലെത്തിയാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചിക്കും, തിരുവനന്തപുരത്തിനും കണക്ഷന്‍ അതേ ടെര്‍മിനലില്‍ നിന്നുതന്നെ എയര്‍ ഇന്‍ഡ്യ ക്രമീകരിച്ചിരുന്നു. ഇപ്പോള്‍ എ. ഐ. 144 മുംബെയിലെത്തുന്നത്‌ വൈകുന്നേരം അഞ്ചര മണിക്കാണ്‌. മുംബെയില്‍ നിന്നും കൊച്ചിക്കു പോകുന്ന എയര്‍ ഇന്‍ഡ്യയുടെ എ. ഐ. 681 എന്ന ഫ്‌ളൈറ്റ്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ പോകും. അരമണിക്കൂര്‍ കഴിഞ്ഞാണ്‌ ന്യൂവാര്‍ക്കില്‍നിന്നുള്ള എ. ഐ. 144 എത്തിച്ചേരുന്നത്‌. കൊച്ചിക്കും തിരുവനന്തപുരത്തിനുമെല്ലാം അടുത്ത ഫ്‌ളൈറ്റ്‌ പിറ്റെദിവസം രാവിലെ മാത്രമാണുള്ളത്‌. അതുകൊണ്ട്‌്‌ കേരളത്തിലേക്ക്‌ ന്യൂവാര്‍ക്കില്‍നിന്നും എയര്‍ ഇന്‍ഡ്യ വഴി പോവുകയെന്നത്‌ പ്രായോഗികമന്നെു വന്നു ചേര്‍ന്നു. അതേസമയം ബാംഗ്‌ളൂര്‍, ഹൈദ്രബാദ്‌, വിജയവാഡ, ചെന്നൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഈ എ. ഐ. 144 ന്‌ മൂന്നു മണിക്കൂറിനകം കണക്ഷനുണ്ട്‌. മുംബെയില്‍ നിന്നും അതേ ഫ്‌ളൈറ്റ്‌ അഹമ്മദബാദിലേക്ക്‌ സര്‍വീസ്‌ തുടരുകയും ചെയ്യുന്നു.

ഇത്‌ ന്യായമല്ല. എയര്‍ ഇന്‍ഡ്യക്ക്‌ കേരളത്തിലേക്കുള്ള യാത്രക്കാരോട്‌ പ്രത്യേക വൈരാഗ്യമൊന്നും കാണുകയില്ലെന്നു വിചാരിക്കുന്നു. യാദൃച്ഛികമായി ഷെഡ്യൂളിംഗില്‍ സംഭവിച്ച പാകപ്പിഴയാകാം എന്ന്‌ കരുതി ഈ ലേഖകന്‍ ഇക്കാര്യം എയര്‍ ഇന്‍ഡ്യയുടെ ന്യൂയോര്‍ക്കിലെ സെയില്‍സ്‌ മാനേജരുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ഇത്‌ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും ഇന്‍ഡ്യയിലുള്ള എയര്‍ ഇന്‍ഡ്യ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും മറുപടി കിട്ടി. അതോടൊപ്പം മുംബെയിലെ അന്നത്തെ വിമാനത്താവളത്തിന്‍െറ പരിമിതികള്‍കൊണ്ടാണ്‌ കേരളത്തിലേക്കുള്‍പ്പെടെ കണക്‌റ്റിംഗ്‌ ഫ്‌ളൈറ്റുകള്‍ക്ക്‌ താമസമുണ്ടാകുന്നതെന്നും അറിയിച്ചു. മുംബെയിലെ ഛത്രപതി ശിവാജി അന്തര്‍ദേശീയ വിമാനത്താവളം ജനുവരി 10ാം തീയതി ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അന്തര്‍ദേശീയ വിമാനസര്‍വീസുകള്‍ ഫെബ്രുവരി മുതല്‍ പുതിയ ടെര്‍മിനലില്‍നിന്നാരംഭിക്കുമെന്നും അറിഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ്‌ പുതിയ വിമാനത്താവളം വരുമ്പോള്‍ പരിഗണിക്കാമെന്ന്‌ ഈമെയിലിലൂടെ എയര്‍ ഇന്‍ഡ്യ അധികൃതര്‍ പറഞ്ഞത്‌. അതേ ഈമെയില്‍ വീണ്ടും അയച്ചിട്ട്‌ യാതൊരു മറുപടിയും കിട്ടിയില്ല. തുടര്‍ന്ന്‌ എയര്‍ ഇന്‍ഡ്യയുടെ റീജനല്‍ മാനേജരുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വിഷയം പഠിച്ചിട്ട്‌ കേരളത്തിലേക്ക്‌ അനുയോജ്യമായ ഫ്‌ളൈറ്റ്‌ നിര്‍ദ്ദേശിക്കുവാന്‍ അദ്ദേഹത്തിന്‍െറ കീഴിലുള്ള ആര്‍ക്കോ നിര്‍ദ്ദേശം നല്‍കി. ഇന്നത്തെ സാഹചര്യത്തില്‍ അത്‌ കറങ്ങിത്തിരിഞ്ഞ്‌ തുടങ്ങിയിടത്ത്‌ തിരിച്ചുവരുമെന്നുള്ളത്‌ ഉറപ്പാണ്‌.


ന്യൂജേഴ്‌സി, ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ്‌,സ്റ്റാറ്റന്‍ ഐലന്‍ഡ്‌, പെന്‍സില്‍വേനിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും നാട്ടിലേക്ക്‌ പോകുവാനുള്ള ഏറ്റവും അനുയോജ്യമായ സര്‍വീസായിരുന്നു എയര്‍ ഇന്‍ഡ്യയുടെ ഫ്‌ളൈറ്റ്‌ 144. ഇപ്പോള്‍ ന്യൂവാര്‍ക്കില്‍നിനിന്നും കേരളത്തിലേക്ക്‌ മറ്റുള്ള എയര്‍ലൈനുകളില്‍പ്പോലും ഉടനടി കണക്ഷനില്ലാത്തതുകൊണ്ട്‌ ന്യൂയോര്‍ക്കിലെ കെന്നഡി എയര്‍പ്പോര്‍ട്ടിനെ ആശ്രയിക്കുകയെ രക്ഷയുള്ളു. പണനഷ്ടവും സമയനഷ്ടവും യാത്രാക്ലേശവുമാണ്‌ ഇതുമൂലം നാം അനുഭവിക്കേണ്ടിവരുന്നത്‌. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഇക്കാര്യത്തില്‍ നമ്മെക്കാള്‍ ഒരുപടി മുന്നിലായതുകൊണ്ടാണ്‌ നമുക്കീ അവസ്ഥ. മലയാളികളായ നാം നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി ശല്‍മുയര്‍ത്തുന്ന കാര്യത്തില്‍ മറ്റുള്ള ഇന്‍ഡ്യക്കാരേക്കാള്‍ വളരെയധികം പിന്നിലായതുകൊണ്ടാണ്‌ കേരളത്തിലേക്കു മാത്രം കണക്ഷനില്ലാത്തത്‌ എന്തുകൊണ്ട്‌ എന്ന്‌ ചോദിക്കാത്തതും സംഘടിതമായി പ്രതികരിക്കാത്തതും. കേന്ദ്ര മന്ത്രിസഭയിലാണെങ്കില്‍ പ്രവാസികാര്യമന്ത്രിയുള്‍പ്പെടെ മലയാളികളുടെ വന്‍നിരതന്നെയുണ്ട്‌. കേരളത്തിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ അനുവദിക്കണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. നേരത്തെ ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്തതുമായ കണക്‌റ്റിംഗ്‌ സംവിധാനം പുന:സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ന്യായമല്ലെന്ന്‌ എങ്ങനെ പറയുവാനാകും? ഈ അവസ്ഥ ഗുജറാത്ത്‌, ഗോവ, കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങള്‍ക്കായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ അതിന്‌ എയര്‍ ഇന്‍ഡ്യക്കും അതത്‌ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും പ്രവാസി മന്ത്രിക്കുമെല്ലാം നിവേദനങ്ങള്‍ സമര്‍പ്പിച്ച്‌ പരിഹാരമുണ്ടാക്കുമായിരുന്നു.

എയര്‍ ഇന്ത്യ ഫ്‌ളൈറ്റ്‌ 144 ന്‌ മറ്റു സംസ്ഥാനങ്ങളിലേക്കുള്ളതുപോലെ കേരളത്തിലേക്കും അതേ ടെര്‍മിനലില്‍ നിന്ന്‌ മൂന്നു മണിക്കൂറിനുള്ളില്‍ കണക്‌റ്റിംഗ്‌ ഫ്‌ളൈറ്റ്‌ ക്രമീകരിക്കുകയെന്നതുമാത്രമാണ്‌ നാം ആവശ്യപ്പെടുന്നത്‌. ഇത്‌ നേരത്തെ ഉണ്ടായിരുന്നതാണ്‌. കേരളത്തെ മാത്രം ഇക്കാര്യത്തില്‍ അവഗണിക്കുന്നത്‌ ശരിയല്ല.

മലയാളികളുടെ സംഘടനകളും മറ്റും ഇക്കാര്യത്തില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇതിന്‌ പരിഹാരമുണ്ടാകും. അവരതു മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന്‌ ഒരിക്കല്‍കൂടി പ്രത്യാശിക്കുന്നു. അതുപോലെതന്നെ വായനക്കാരില്‍ ആര്‍ക്കെങ്കിലും ഇക്കാര്യം എയര്‍ ഇന്‍ഡ്യയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നാഗ്രമുണ്ടെങ്കില്‍ rnobhu@airindiausa.com,
jmassey@airindiausa.com, aray@airindiausa.com ഇവയിലേതെങ്കിലും ഈമെയിലിലൂടെ ബന്ധപ്പെടുക.
ന്യൂവാര്‍ക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റ്‌ എ.ഐ. 144 ന്‌ കേരളത്തിലേക്കു മാത്രം എന്തുകൊണ്ട്‌ കണക്‌റ്റിംഗ്‌ ഫ്‌ളൈറ്റ്‌ ഇല്ല?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക