Image

ബ്ലോഗുകള്‍ കുറയുന്നു (ഭാഗം ഒന്ന്‌: സുനില്‍ എം.എസ്‌)

Published on 12 February, 2014
ബ്ലോഗുകള്‍ കുറയുന്നു (ഭാഗം ഒന്ന്‌: സുനില്‍ എം.എസ്‌)
മലയാളം ബ്ലോഗ്‌സൈറ്റുകളില്‍ ബ്ലോഗുകളുടെ എണ്ണം കൂടിക്കൊണ്ടിരിയ്‌ക്കുകയാണോ, അതോ കുറഞ്ഞുകൊണ്ടിരിയ്‌ക്കുകയാണോ എന്നറിയാനുള്ള താത്‌പര്യം മൂലം, കൂട്ടം ഡോട്‌കോം, വൈറ്റ്‌ലൈന്‍ വേള്‍ഡ്‌ ഡോട്‌കോം, തരംഗിണി ഡോട്‌കോം എന്നീ മൂന്നു ബ്ലോഗ്‌സൈറ്റുകളില്‍ ബ്ലോഗുകളെപ്പറ്റി ലഭ്യമായ സംഖ്യകള്‍ ഒന്നു പരിശോധിച്ചുനോക്കിയതിന്റെ ഫലമാണീ ബ്ലോഗ്‌. ഈ മൂന്നു ബ്ലോഗ്‌സൈറ്റുകള്‍ക്കും ചില സമാനതകളുണ്ട്‌. ഓരോ മാസവും പോസ്റ്റുചെയ്യപ്പെടുന്ന ബ്ലോഗുകളുടെ എണ്ണം അവയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌, ഇതാണൊന്ന്‌. രണ്ടാമത്തേത്‌, രചയിതാക്കള്‍ക്ക്‌ തങ്ങളുടെ രചനകള്‍ ഇവ മൂന്നിലും സ്വയം പോസ്റ്റു ചെയ്യാമെന്നതാണ്‌. കൂട്ടത്തിലും വൈറ്റ്‌ലൈന്‍ വേള്‍ഡിലും അഡ്‌മിന്‍ അംഗീകാരം നല്‍കിയശേഷമേ അവ പ്രസിദ്ധീകരിയ്‌ക്കപ്പെടുകയുള്ളു. തരംഗിണി ഇക്കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്നു: അഡ്‌മിന്റെ അംഗീകാരം ആവശ്യമില്ല, രചയിതാക്കള്‍ പോസ്റ്റു ചെയ്‌ത നിമിഷംതന്നെ രചനകള്‍ വായനക്കാര്‍ക്കു ദൃശ്യമാകുന്നു.

ബൂലോകം ഡോട്‌കോമില്‍ ബ്ലോഗുകള്‍ പോസ്റ്റുചെയ്യുന്ന സംവിധാനം കൂട്ടത്തിലേതിനോടും വൈറ്റ്‌ലൈനിലേതിനോടും സമാനമാണെങ്കിലും, അവിടെ പോസ്റ്റുചെയ്യപ്പെട്ടു കഴിഞ്ഞിരിയ്‌ക്കുന്ന ബ്ലോഗുകളുടെ പ്രതിമാസസംഖ്യകള്‍ ലഭ്യമാകാഞ്ഞതുകൊണ്ട്‌ ബൂലോകത്തിലെ ബ്ലോഗുകളെ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കൂട്ടം ഡോട്‌കോം

2008 ഫെബ്രുവരി മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ ആകെ 50755 ബ്ലോഗുകള്‍ കൂട്ടത്തില്‍ പോസ്റ്റു ചെയ്യപ്പെട്ടു. 2008 ഫെബ്രുവരിയില്‍ ഒരു ബ്ലോഗ്‌ എന്ന നിലയില്‍ നിന്ന്‌ രണ്ടുവര്‍ഷം കൊണ്ട്‌ കൂട്ടത്തിലെ ബ്ലോഗുകളുടെ എണ്ണത്തില്‍ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടായി. 2010 മാര്‍ച്ചില്‍ 1385 ബ്ലോഗുകള്‍ കൂട്ടത്തില്‍ പോസ്റ്റു ചെയ്യപ്പെട്ടു. ഇതായിരുന്നു, ഏറ്റവും ഉയര്‍ന്ന നില. പിന്നീടൊരിയ്‌ക്കലും ആ ഉയരത്തിനടുത്താന്‍ കൂട്ടത്തിനു കഴിഞ്ഞിട്ടില്ല. 2009 ജൂലായ്‌, ആഗസ്റ്റ്‌, നവംബര്‍ എന്നീ മാസങ്ങളില്‍ 1200 കടന്നിരുന്നെങ്കിലും, തുടര്‍ന്നുള്ള മാസങ്ങളില്‍ ബ്ലോഗുകളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു. 2013 ഫെബ്രുവരിയില്‍ കൂട്ടത്തില്‍ 244 ബ്ലോഗുകള്‍ മാത്രമാണ്‌ പോസ്റ്റു ചെയ്യപ്പെട്ടത്‌. ഇത്‌ നാലര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയായിരുന്നു. ആ നിലയില്‍ നിന്ന്‌ ജൂണ്‍ മാസത്തില്‍ 827ലേയ്‌ക്ക്‌ ഉയര്‍ന്നെങ്കിലും, വീണ്ടുമതു താഴ്‌ന്ന്‌, ഇക്കഴിഞ്ഞ ജനുവരിയില്‍ 405ലേയ്‌ക്കിറങ്ങി. കഴിഞ്ഞ ഏഴുമാസത്തെ ഏറ്റവും താഴ്‌ന്ന നിലയാണ്‌ 405. 2010 മാര്‍ച്ചിലെ 1385ല്‍ നിന്ന്‌ 2014 ജനുവരിയിലെ 405ലേയ്‌ക്കിറങ്ങിയപ്പോഴുണ്ടായ കുറവ്‌ 980 ബ്ലോഗുകളുടേതാണ്‌: 71 ശതമാനം ഇടിവ്‌. 2010 മാര്‍ച്ചില്‍ പോസ്റ്റു ചെയ്യപ്പെട്ട ബ്ലോഗുകളുടെ വെറും 29 ശതമാനം മാത്രമേ 2014 ജനുവരിയില്‍ പോസ്റ്റു ചെയ്യപ്പെട്ടുള്ളു. താഴെകൊടുക്കുന്ന ഗ്രാഫ്‌ കൂട്ടത്തിലെ ചിത്രം കൂടുതല്‍ വ്യക്തമാക്കും:


വൈറ്റ്‌ലൈന്‍ വേള്‍ഡ്‌

വൈറ്റ്‌ലൈന്‍ വേള്‍ഡില്‍ 2009 സെപ്‌റ്റംബര്‍ മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവില്‍ 11131 ബ്ലോഗുകള്‍ പോസ്റ്റു ചെയ്യപ്പെട്ടു. 2012 ജൂലൈയില്‍ 501 ബ്ലോഗുകള്‍ പോസ്റ്റു ചെയ്യപ്പെട്ടതാണ്‌ വൈറ്റ്‌ലൈന്‍ വേള്‍ഡിലെ ഏറ്റവും ഉയര്‍ന്ന നില. തൊട്ടടുത്ത മാസം 451ലെത്തിയതൊഴിച്ചാല്‍, അഞ്ഞൂറ്‌ എന്ന നാഴികക്കല്ലിന്റെ സമീപത്തോ, മുന്നൂറുകളിലോ പോലും വൈറ്റ്‌ലൈനിലെ ബ്ലോഗുകളെത്തിയില്ല. മറിച്ച്‌, ബ്ലോഗുകളുടെ എണ്ണം 2013 സെപ്‌റ്റംബറായപ്പോഴേയ്‌ക്കും വെറും 44ലേയ്‌ക്ക്‌ കൂപ്പുകുത്തി. തുടര്‍ന്നുള്ള മൂന്നു മാസം എഴുപതു കടക്കാതിരുന്നെങ്കിലും ഇക്കഴിഞ്ഞ മാസം, പെട്ടെന്ന്‌, 151ലേയ്‌ക്കൊരു കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്‌. ഈയൊരു വര്‍ദ്ധനവു കണക്കിലെടുത്ത ശേഷവും, ഏറ്റവും ഉയര്‍ന്ന നിലയായിരുന്ന 501ല്‍ നിന്ന്‌ 151ലേയ്‌ക്കുണ്ടായ ഇറക്കം 70 ശതമാനമാണ്‌. 2012 ജൂലൈയില്‍ പോസ്റ്റു ചെയ്യപ്പെട്ട 501 ബ്ലോഗുകളുടെ 30 ശതമാനം മാത്രമേ 2014 ജനുവരിയില്‍ പോസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളു. താഴെ കൊടുക്കുന്ന ഗ്രാഫ്‌ ചിത്രം വ്യക്തമാക്കും:

തരംഗിണി ഡോട്‌കോം

തരംഗിണി ഡോട്‌കോമില്‍ 2011 നവംബര്‍ മുതല്‍ 2014 ജനുവരി വരെ ആകെ 3702 ബ്ലോഗുകളാണ്‌ പോസ്റ്റു ചെയ്യപ്പെട്ടത്‌. 2012 നവമ്പറിലാണ്‌ ഏറ്റവുമധികം ബ്ലോഗുകള്‍ പോസ്റ്റു ചെയ്യപ്പെട്ടത്‌: 253 എണ്ണം. 2014 ജനുവരിയില്‍ പോസ്റ്റുചെയ്യപ്പെട്ടത്‌ 67 ബ്ലോഗുകള്‍ മാത്രമാണ്‌. 2012 നവമ്പറിലെ 253മായി താരതമ്യപ്പെടുത്തുമ്പോള്‍ 2014 ജനുവരിയിലെ 67 വെറും 26 ശതമാനം മാത്രം. 253ല്‍ നിന്ന്‌ 67ലേയ്‌ക്കുണ്ടായ ഇടിവ്‌ 74 ശതമാനം. ബ്ലോഗുകളിലുണ്ടായിരിയ്‌ക്കുന്ന കുറവ്‌ ഏതാണ്ട്‌ നാലില്‍മൂന്നിനടുത്തു വരുന്നു. താഴെക്കൊടുക്കുന്ന ഗ്രാഫ്‌ ചിത്രം വ്യക്തമാക്കും:

മേല്‍പ്പറഞ്ഞ മൂന്നു ബ്ലോഗ്‌സൈറ്റുകളിലും ബ്ലോഗുകളുടെ എണ്ണത്തില്‍ 70 ശതമാനം മുതല്‍ 74 ശതമാനം വരെ ഇടിവുണ്ടായിരിയ്‌ക്കുന്നു. ഈ മൂന്നു ബ്ലോഗ്‌സൈറ്റുകളിലും ബ്ലോഗുകളുടെ എണ്ണം ഇപ്പോള്‍ പൊതുവില്‍ താഴേയ്‌ക്കു തന്നെയാണ്‌. ഇവയുടെ നില വ്യക്തമാക്കാന്‍ വേണ്ടി കണക്കുകള്‍ താഴെ കൊടുക്കുന്നു:

മലയാളം ബ്ലോഗു മേഖല

ഈ മൂന്നു മലയാളം ബ്ലോഗ്‌സൈറ്റുകളിലെ ബ്ലോഗുകളുടെ എണ്ണത്തില്‍ ഏകദേശം നാലില്‍മൂന്നോളം ഇടിവുണ്ടായിരിയ്‌ക്കുന്നതുകൊണ്ട്‌ ഈ മൂന്നു ബ്ലോഗ്‌സൈറ്റുകളില്‍ മാത്രമല്ല, മലയാളം ബ്ലോഗുമേഖലയിലാകെത്തന്നെ ഇത്തരമിടിവ്‌ ഉണ്ടായിരിയ്‌ക്കുന്നതായി കണക്കാക്കാമോ എന്ന ചോദ്യമിവിടെ ഉയരുന്നു. കൂട്ടത്തില്‍ 236622 അംഗങ്ങളുണ്ടെന്നു കാണുന്നു. വൈറ്റ്‌ലൈന്‍ വേള്‍ഡില്‍ 4504ഉം തരംഗിണിയില്‍ 821ഉം അംഗങ്ങളാണുള്ളത്‌. അംഗസംഖ്യയുടെ കാര്യത്തില്‍ കൂട്ടം മറ്റു മലയാളം ബ്ലോഗ്‌സൈറ്റുകളേക്കാള്‍ ബഹുകാതം മുന്നിലായിരിയ്‌ക്കാനാണു വഴി. അതുകൊണ്ട്‌, കൂട്ടത്തിന്റേത്‌ മലയാളം ബ്ലോഗ്‌സൈറ്റു മേഖലയുടെ പൊതുഅവസ്ഥയായി കണക്കിലെടുക്കുന്നതില്‍ അപാകതയുണ്ടാവില്ല എന്ന വിലയിരുത്തലാണ്‌ ഈ പഠനത്തിന്റെ ആധാരശില. വൈറ്റ്‌ലൈന്‍ വേള്‍ഡിന്റേയും തരംഗിണിയുടേയും സംഖ്യകളില്‍ നിന്ന്‌ ഈ പഠനത്തിന്‌ കൂടുതല്‍ ആധികാരികത ലഭിയ്‌ക്കുന്നു. ചുരുക്കത്തില്‍, കഴിഞ്ഞൊരു കാലത്തിനിടെ മലയാളം ബ്ലോഗ്‌സൈറ്റുകളിലെ ബ്ലോഗുകളുടെ എണ്ണത്തില്‍ 70 ശതമാനത്തിലേറെ കുറവുണ്ടായിരിയ്‌ക്കുന്നു എന്ന്‌ അല്‍പ്പമൊരാധികാരികതയോടെത്തന്നെ നമുക്കു നിര്‍ണ്ണയിയ്‌ക്കാം.

പത്തോ പതിനഞ്ചോ ശതമാനം കുറവു മാത്രമാണുണ്ടായിരുന്നതെങ്കില്‍ അതത്ര സാരമാക്കാതെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ നാലില്‍മൂന്നോളം കുറവുണ്ടാകുന്നത്‌ സാരമുള്ളത്‌ എന്നു മാത്രമല്ല, ഗുരുതരം എന്നു തന്നെ പറയേണ്ടിയിരിയ്‌ക്കുന്നു. ഈ ഇടിവ്‌ ഇതേപടി തുടര്‍ന്നാല്‍, ശേഷിയ്‌ക്കുന്ന 30 ശതമാനം കൂടി ഇല്ലാതാകാന്‍ മാസങ്ങള്‍ മാത്രം മതിയാകും. ബ്ലോഗുകള്‍ പോസ്റ്റുചെയ്യപ്പെടാതിരിയ്‌ക്കുന്ന അവസ്ഥയിലേയ്‌ക്കെത്തിച്ചേരുന്ന ബ്ലോഗ്‌സൈറ്റുകള്‍ പിന്നീട്‌ `തുറന്നുവച്ചു'കൊണ്ടിരിയ്‌ക്കുന്നതില്‍ അര്‍ത്ഥമുണ്ടാവില്ല. പല ബ്ലോഗ്‌സൈറ്റുകളും `അടച്ചുപൂട്ടി'പ്പോകാന്‍ വഴിയുണ്ട്‌. ബ്ലോഗ്‌സൈറ്റുകളുടെ പുറകോട്ടുള്ള ഇന്നത്തെ ഈ പ്രയാണത്തിന്റെ കാരണങ്ങളും അവയ്‌ക്കുള്ള പരിഹാരങ്ങളും കണ്ടെത്താന്‍ നമുക്കു ശ്രമിയ്‌ക്കാം.

(ഈ ലേഖനം തുടരും)

വിശദമായി വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക.....
ബ്ലോഗുകള്‍ കുറയുന്നു (ഭാഗം ഒന്ന്‌: സുനില്‍ എം.എസ്‌)ബ്ലോഗുകള്‍ കുറയുന്നു (ഭാഗം ഒന്ന്‌: സുനില്‍ എം.എസ്‌)ബ്ലോഗുകള്‍ കുറയുന്നു (ഭാഗം ഒന്ന്‌: സുനില്‍ എം.എസ്‌)ബ്ലോഗുകള്‍ കുറയുന്നു (ഭാഗം ഒന്ന്‌: സുനില്‍ എം.എസ്‌)ബ്ലോഗുകള്‍ കുറയുന്നു (ഭാഗം ഒന്ന്‌: സുനില്‍ എം.എസ്‌)ബ്ലോഗുകള്‍ കുറയുന്നു (ഭാഗം ഒന്ന്‌: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക