Image

പെണ്ണെഴുത്ത്‌ : ഒരു സാഹിത്യ പ്രസ്ഥാനമോ? (ജോണ്‍ മാത്യു)

Published on 12 February, 2014
പെണ്ണെഴുത്ത്‌ : ഒരു സാഹിത്യ പ്രസ്ഥാനമോ? (ജോണ്‍ മാത്യു)
കുറെക്കാലമായി മലയാളത്തില്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ പെണ്ണെഴുത്ത്‌. ഇതും ഒരു സാഹിത്യപ്രസ്ഥാനമോ, അതോ പാഠഭേദമെങ്കിലുമോ? ഇനിയും വഴിയേപോകുന്നതെല്ലാം ഒന്നു പരീക്ഷിച്ചുനോക്കുന്ന മലയാളത്തിന്റെ പ്രത്യേകതയോ? ഇക്കഴിഞ്ഞ ലാനാ സമ്മേളനത്തില്‍ പെണ്ണെഴുത്തും ഒരു ചര്‍ച്ചാവിഷയമായിരുന്നു.

ക്ലാസിസം, കാല്‌പനികത, പുരോഗമനം, ജീവല്‍, ആധുനികത, ഉത്തരാധുനികത തുടങ്ങി അംഗീകൃത പ്രസ്ഥാനങ്ങളും, പിന്നെ പ്രവാസം, ഗൃഹാതുരത, ദളിത, മറുനാടന്‍, കുടിയേറ്റങ്ങളും മലയാളത്തില്‍ പരീക്ഷിച്ചു. ഇതിനും പുറമേ കമ്മ്യൂണിസ്റ്റ്‌ എഴുത്തുകള്‍ ക്രൈസ്‌തവയെഴുത്തുകള്‍ തുടങ്ങിയതിനെയും സാഹിത്യമെന്നുതന്നെയാണ്‌ വിളിക്കുക. പക്ഷേ, പെണ്ണെഴുത്ത്‌ എവിടെ ചേര്‍ത്തുവെയ്‌ക്കും.

മലയാളത്തിലെ സാഹിത്യരീതികള്‍ സമൂഹത്തിലെ സ്ഥായിയായ പരിവര്‍ത്തനങ്ങളില്‍നിന്നുണ്ടായതൊന്നുമല്ല, പകരം പെട്ടെന്നുള്ള രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കുള്ള താല്‌ക്കാലിക മറുപടിയോ ആവേശമോ മാത്രമാണ്‌ നേരത്തെ പറഞ്ഞ പാഠഭേദങ്ങളില്‍ ഏറെയും. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പെണ്ണെഴുത്തും അതിന്റെ ഭാഗം തന്നെ.

പെണ്ണുങ്ങള്‍ എഴുതുന്നതെല്ലാം പെണ്ണെഴുത്തിന്റെ കൂട്ടത്തില്‍പെടുത്തിയാലുള്ള അപകടം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്‌. അപ്പോള്‍ ആണുങ്ങള്‍ എഴുതുന്നത്‌ ആണെഴുത്തായി തരംതിരിക്കണം. അതോ ഈ എഴുത്ത്‌ ആണ്‍കെട്ടും പെണ്‍കെട്ടുംപോലെയോ? അതൊരു മദ്ധ്യതിരുവിതാംകൂര്‍ പ്രയോഗം. ആണ്‍പിള്ളാരോട്‌ പറയും; നീ ആണ്‍കെട്ട്‌ പഠിച്ചോണം, പെണ്ണുകെട്ടേണ്ടതാ എന്ന്‌.

ഏതോ കൊച്ചുവര്‍ത്തമാനമോ ഈ പെണ്ണെഴുത്ത്‌? കേള്‍ക്കുമ്പോള്‍ അങ്ങനെയും ധരിക്കാം. `ഞാനുമെന്റെ കെട്ട്യോനും പിന്നെയൊരു തട്ടാനും' കേരളം പെണ്ണിന്റെ മനസ്സ്‌ നിര്‍വചിച്ചിരുന്നത്‌ ഈ പഴഞ്ചൊല്ലില്‍ക്കൂടിയായിരുന്നു. അതുപോലെയാണ്‌ ഈ പെണ്ണെഴുത്തെന്ന്‌ കരുതിയാല്‍ തെറ്റി. ഇനിയും മറ്റൊരു എഴുത്തുണ്ട്‌, അത്‌ `പള്‍പ്പെഴുത്ത്‌'. ഇതിനു സൊസൈറ്റി എഴുത്തെന്നും പറയും. സാമൂഹിക പ്രശ്‌നങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യേണ്ട, ആകപ്പാടെ ഒരു റൊമാന്റിക്ക്‌ അവതരണം വേണം, എന്നാല്‍ റൊമാന്റിസിസമെന്നു പറയുന്ന കാല്‌പനികതയല്ലതാനും. ഈ വിഭാഗത്തിലെ എഴുത്ത്‌, അത്‌ `ആണ്‌' എഴുതിയാലും `പെണ്ണ്‌' എഴുതിയാലും സാഹിത്യ-രാഷ്‌ട്രീയ-അക്കാദമിക്ക്‌ ലോകം ഒരു നേരംപോക്കായി മാത്രമേ കണക്കാക്കുകയുള്ളൂ.

സ്‌ത്രീകളുടെ സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളല്ല ഇവിടെ ചര്‍ച്ചാവിഷയം. അത്‌ അങ്ങനെയാണെന്ന്‌ വരുത്തിത്തീര്‍ക്കുന്നത്‌ ഒരു ശ്രദ്ധപിടിച്ചുപറ്റല്‍ മാത്രം. മനുഷ്യന്‍ അടിമത്തത്തില്‍നിന്ന്‌ മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്നത്‌ ചുരുങ്ങിയ കാലഘട്ടംകൊണ്ട്‌ പൊടുന്നനെയല്ലല്ലോ. കേരളത്തിന്റെ കഥ മാത്രമെടുക്കുകയാണെങ്കില്‍ നമ്മുടെ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ക്കു കുറഞ്ഞത്‌ ഒരു ഇരുനൂറു വര്‍ഷമെങ്കിലും പിന്നോട്ടുപോകണം. അതായത്‌ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ വളര്‍ന്നുവന്ന തിരിച്ചറിവുകള്‍! വിവിധ ഭരണാധികാരികളും സാമൂഹികപ്രവര്‍ത്തകരും മുന്നോട്ടുകൊണ്ടുവന്ന ആദര്‍ശങ്ങള്‍! ലോകത്തിലെ മിക്ക ജനപദങ്ങള്‍ക്കും കൂടിയും കുറഞ്ഞും ഇതേ ചരിത്രംതന്നെയായിരിക്കം പറയാനുണ്ടാവുക. അടിമത്വവും ജന്മിത്വവും ഫാസിസവുമെല്ലാം ഒരിക്കല്‍ ചോദ്യം ചെയ്യാനാവാത്ത നാട്ടുനടപ്പായിരുന്നു. വോട്ടവകാശം സ്‌ത്രീകള്‍ക്ക്‌ നേടിക്കിട്ടാന്‍ സമയമെടുത്തുകാണും. അപ്പോള്‍ പുരുഷന്മാര്‍ക്കോ? നികുതികൊടുക്കുന്നവര്‍ക്കുമാത്രമേ പലനാടുകളിലും ഒരുകാലത്ത്‌ സമ്മതിദായകവകാശമുണ്ടായിരുന്നുള്ളൂ! എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം സാമൂഹികമായും ശാസ്‌ത്രീയമായും മാറി. സ്വാതന്ത്ര്യം നേടി പുതിയ രാജ്യങ്ങള്‍ രംഗത്തുവന്നു. അവകാശങ്ങള്‍ തിരിച്ചറിഞ്ഞു. ഇതിന്‌ വിപ്ലവപ്രസ്ഥാനങ്ങള്‍ നല്‍കിയ സംഭാവനകള്‍ ഇവിടെ മറക്കുന്നുമില്ല.

സാമൂഹിക പ്രശ്‌നങ്ങളാണ്‌ നല്ല എഴുത്തിന്‌ പ്രചോദനകാരണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍, സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍, നേരിടുന്ന പ്രശ്‌നങ്ങള്‍ വിശാലമായ ചര്‍ച്ചയുടെയും ഭാഗമാണ്‌. എന്നാല്‍ ചിലരുടെ സ്വന്തം താല്‌പര്യങ്ങളും രാഷ്‌ട്രീയപ്രേരിതങ്ങളായ, സൗകര്യപൂര്‍വ്വം മാറുന്ന അല്ലെങ്കില്‍ മാറ്റാവുന്ന, ചിന്തകളും കൂട്ടിയിണക്കിയതായിരുന്നു `വിമന്‍സ്‌ ലിബറേഷന്‍ പ്രസ്ഥാനം.' കേള്‍ക്കുമ്പോള്‍ മനോഹരമായ പ്രയോഗംപോലും! സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുക്കുകയല്ലായിരുന്നു, പകരം ഒരു പെറിയ ന്യൂനപക്ഷം അമിതസ്വാതന്ത്ര്യമെടുത്ത്‌ തങ്ങള്‍ സമര്‍ത്ഥകളാണെന്ന്‌ വിമ്പിളക്കുന്നതായിരുന്നു ഇവരുടെ ലക്ഷ്യം. സ്‌ത്രീകളെല്ലാം പുരുഷന്റെയും സമൂഹത്തിന്റെയും തടവറയിലാണെന്നും, ഒച്ചപ്പാടോടെ അതില്‍നിന്ന്‌ രക്ഷപ്പെടണമെന്നും `ലിബറേഷന്‍' ആഹ്വാനം ചെയ്യുന്നു. ഏതാണ്ടൊരു നാലഞ്ചു ദശകങ്ങളായി ഈ ലിബറേഷന്‍ പ്രസ്ഥാനം ചിലരുടെ എഴുത്തുകളിലൂടെ അല്ലെങ്കില്‍ വാക്‌ധോരണിയിലൂടെ വല്ലപ്പോഴുമൊന്ന്‌ തലപൊക്കും.

എല്ലാ മനുഷ്യരെയുപോലം സ്വവര്‍ഗ്ഗരതിക്കാരും സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടണം, അവരെയും സാധാരണരീതിയില്‍ വിവേചനമില്ലാതെ ജീവിക്കാന്‍ അനുവദിക്കണം. എന്നാല്‍, സാഹിത്യത്തിന്റെ തലപ്പത്തെ അനന്യസാധാരണമായ ബൗദ്ധികത ഒരു പ്രത്യേക സ്വഭാവം വെച്ചുപുലര്‍ത്തുന്നതുകൊണ്ടുമാത്രം ഇവര്‍ക്കുണ്ടെന്ന `ലിബറേഷന്‍'കാരുടെ മതം അംഗീകരിച്ചുകൊടുക്കണോ?

ഇന്ന്‌ ഈ `ലിബറേഷന്‍' ഒരു പ്രസ്ഥാനത്തിന്റെയും ബൗദ്ധികതയുടെയും ഊന്നുവടികളില്ലാതെ നമ്മുടെ അമേരിക്കയിലെ സമൂഹത്തില്‍ പ്രായോഗികതലത്തില്‍ എത്തിയിരിക്കുന്നു. ആണായാലും പെണ്ണായാലും കെട്ടുപാടുകളൊന്നുമില്ലാതെ, ആരോടും ഒരു ഉത്തരവാദിത്ത്വവുമില്ലാതെ ജീവിക്കാമെന്ന ചിന്ത വളര്‍ന്നുവരുന്നു. ഇതൊരു പ്രസ്ഥാനമല്ല, വെറും പ്രായോഗികത! `എനിക്കു ഞാന്‍ മാത്രം മതി, എന്റെ സമ്പത്ത്‌ എന്റേതു മാത്ര'മെന്ന ചിന്താഗതി!

വളരെ ചുരുക്കമായി, നേരത്തെ പറഞ്ഞ `ഞാനും എന്റെ കെട്ട്യോനും (കെട്ട്യോളും) തട്ടാനും' എന്ന പഴമൊഴിയില്‍നിന്ന്‌ `കെട്ട്യോനേം തട്ടാനേം' തട്ടുകതന്നെ!
പെണ്ണെഴുത്ത്‌ : ഒരു സാഹിത്യ പ്രസ്ഥാനമോ? (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക