Image

പ്രണയത്തില്‍ നീ എങ്ങനെയെന്നോ...? (ശ്രീപാര്‍വ്വതി)

Published on 13 February, 2014
പ്രണയത്തില്‍ നീ എങ്ങനെയെന്നോ...? (ശ്രീപാര്‍വ്വതി)
`തേരി ആംഖോം കെ സിവാ ദുനിയാ മേം രഖാ ക്യ ഹേ...`
നിന്റെ മിഴികള്‍ക്കുമപ്പുറം ഈ ലോകത്തില്‍ എന്താണ്‌... മറ്റൊന്നും എന്നില്‍ പ്രധാനമല്ല നീ എന്നില്‍ പടര്‍ന്നിരിക്കുന്നിടത്തോളം... പ്രിയനേ.......

പലതവണ ഞാന്‍ അന്വേഷിച്ചു നീ എങ്ങനെ എന്നിലേയ്‌ക്ക്‌ ഇത്രയധികം ചാഞ്ഞിരിക്കുന്നു എന്ന്‌. ഒടുവില്‍ ഞാന്‍ കണ്ടെത്തിയ ഉത്തരം കേള്‍ക്കണ്ടേ നിനക്ക്‌...!
നിന്നിലുള്ള സ്‌െ്രെതണത എന്നിലുള്ള പൌരുഷവുമായി കാഴ്‌ച്ചയില്‍ സമരസപ്പെടുമ്പോള്‍ ...
ഒടുങ്ങാത്ത കൊഞ്ചിക്കലുകളുമായി നീ തലോടുകയും ഉറച്ച ധൈര്യവുമായി ഞാന്‍ നിന്‍റെ കൈകളാവുകയും ചെയ്യുമ്പോള്‍ ...
പ്രണയത്തിന്റെ വേലിയേറ്റങ്ങളുമായി നീയൊരു പുരുഷനാവുകയും ഞാനതില്‍ തിരയടിച്ചുലയുന്ന പെണ്ണായി മാറുകയും ചെയ്യുമ്പോള്‍ ...
എങ്ങനെയൊക്കെയാണ്‌, നാം തമ്മില്‍ ഒന്നായിരിക്കുന്നത്‌...
എന്നിലുള്ള വിടവുകളെ നീ ചേര്‍ത്തടയ്‌ക്കുമ്പോള്‍ ഞാന്‍ നീയാനെന്നോ നീ ഞാനാണെന്നോ തിരിച്ചറിയാനാകാതെ ഒരൊറ്റ ബോധത്തില്‍ നാം തെന്നി നീങ്ങുന്നു...

വ്യത്യസ്‌തതകള്‍ക്കിടയിലും നിന്നിലുള്ള പൌരുഷവും എന്നിലെ സ്‌ത്രീത്വവും പരസ്‌പരം പൂരകങ്ങളായിരിക്കുന്നു...
എത്ര മനോഹരമായാണ്‌, ഈ വ്യതിരിക്തതകള്‍ പ്രകൃതി നമ്മില്‍ കൂട്ടി യോജിപ്പിച്ചത്‌...
ഒന്നില്ലെങ്കില്‍ മറ്റൊന്നില്ലാത്തതു പോലെ നാമത്രയും ആഴങ്ങളിലേയ്‌ക്ക്‌ അലിഞ്ഞു പോയിരിക്കുന്നു...

നിന്‍റെ ചിത എന്റേതു കൂടിയാകുന്നു...
നിന്‍റെ ആത്മാവിന്‍റെ പൂര്‍ണത എന്‍റേതും കൂടിയാകുന്നു...
നിന്‍റെ മൗനം എന്‍റെ പ്രണയമാകുന്നു...
ആനന്ദം ഭക്തിയാകുന്നു...
ഞാന്‍ നിന്നെ പ്രണയിക്കുന്നു...
പ്രിയനേ നീ എന്നിലേയ്‌ക്ക്‌ ഉറ്റു നോക്കി ശാന്തനായിരിക്കുക...
നിന്റെ പുഞ്ചിരികള്‍ എന്നിലൂടെ പെയ്യട്ടെ... ലോകം കവിഞ്ഞ്‌ അത്‌ ഒഴുകട്ടെ...
കവികള്‍ അതില്‍ മഴി തൊട്ട്‌ കവിതകളെഴുതട്ടെ..
ചിത്രകാരന്‍ പ്രണയത്തെ ക്യാന്‍വാസില്‍ പകര്‍ത്തട്ടെ...
അങ്ങനെ നീയും ഞാനും ഉടല്‍ വിട്ട്‌ പ്രണയമായി ഉലകം നിറയട്ടെ...
പ്രണയത്തില്‍ നീ എങ്ങനെയെന്നോ...? (ശ്രീപാര്‍വ്വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക