Image

സിബിഎസ്‌ ടി.വി.കമന്റേറ്റര്‍ ആന്‍ഡി റൂണി അന്തരിച്ചു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 06 November, 2011
സിബിഎസ്‌ ടി.വി.കമന്റേറ്റര്‍ ആന്‍ഡി റൂണി അന്തരിച്ചു (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: സിബിഎസ്‌ ടെലിവിഷന്‍ കമന്റേറ്റര്‍ ആന്‍ഡി റൂണി(92) അന്തരിച്ചു. രാഷ്‌ട്രീയ വിശകലന പരിപാടിയായ `60 മിനിട്ട്‌സി'ലൂടെ പ്രശസ്‌തനായ റൂണി കഴിഞ്ഞമാസമാണ്‌ അവസാനമായി ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്‌. രണ്‌ടാം ലോകമഹായുദ്ധകാലത്ത്‌ പത്രപ്രവര്‍ത്തനം തുടങ്ങിയ റൂണി 1949ല്‍ വിനോദ പരിപാടികളുടെ എഴുത്തുകാരനായാണ്‌ സിബിഎസ്‌ ടെലിവിഷനിലെത്തിയത്‌. 1978ലാണ്‌ റൂണി കുറിക്ക്‌ കൊള്ളുന്ന രാഷ്‌ട്രീയ വിശകലനപരിപാടി എന്നു പേരെടുത്ത 60 മിനിട്ട്‌സ്‌ ആരംഭിച്ചത്‌.

യുഎസിലെ തൊഴിലില്ലായ്‌മ, മധ്യ ഏഷ്യയിലെ അധിനിവേശം എന്നിവയെക്കുറിച്ചുമെല്ലാം റൂണി അവതരിപ്പിച്ച പരിപാടികള്‍ വന്‍ജനപ്രീതി നേടിയവയായിരുന്നു. മികച്ച ടെലിവിഷന്‍ അവതാരകനുള്ള നാലു എമ്മി അവാര്‍ഡുകളും റൂണിയെ തേടി എത്തിയിട്ടുണ്‌ട്‌.

ഓക്‌ലന്‍ഡ്‌ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്‌ ന്യൂയോര്‍ക്ക്‌ മേയര്‍

ന്യൂയോര്‍ക്ക്‌: വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തിന്‌ പിന്തുണ അറിയിച്ച്‌ ഓക്‌ലന്‍ഡില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍പോലെ അക്രമാസക്തമായ പ്രകടനങ്ങള്‍ ന്യൂയോര്‍ക്കില്‍ അനുവദിക്കില്ലെന്ന്‌ മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ്‌. പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുന്ന സുക്കോട്ടി പാര്‍ക്കിലെ ചിലസംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ പോലീസ്‌ അധികൃതര്‍ നിയമങ്ങളെക്കുറിച്ച്‌ ഓര്‍ക്കണമെന്നും ബ്ലൂംബര്‍ഗ്‌ പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കെതിരെ സിറ്റി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ്‌ കരുതുന്നതെങ്കില്‍ അത്‌ തെറ്റാണ്‌. പ്രതിഷേധക്കാരില്‍ ചിലര്‍മാത്രമാണ്‌ അക്രമാസക്തരാകുന്നതെന്നും ബ്ലൂംബര്‍ഗ്‌ പറഞ്ഞു. ഓക്‌ലന്‍ഡില്‍ നടന്ന പ്രതിഷേധസമരം അക്രമാസക്തമായതിനെത്തുടര്‍ന്ന്‌ പോലീസ്‌ ലാത്തി ചാര്‍ജ്‌ നടത്തുകയും ടിയര്‍ ഗ്യാസ്‌ പ്രയോഗിക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധപ്രകടനങ്ങളെത്തുടര്‍ന്ന്‌ ഓക്‌ലന്‍ഡ്‌ തുറമുഖം അടയ്‌ക്കേണ്‌ടിയും വന്നു.

1971ല്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാന്‍ അമേരിക്ക ഉത്തരവിട്ടെന്ന്‌

ന്യൂഡല്‍ഹി: 1971ലെ ഇന്ത്യാ- പാക്‌ യുദ്ധകാലത്ത്‌ ഇന്ത്യന്‍ സേനയെ ആക്രമിക്കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ്‌ നിക്‌സണ്‍ ഉത്തരവിട്ടെന്ന്‌ വ്യക്തമാക്കുന്ന രഹസ്യരേഖകള്‍ പുറത്തായി. ഒരുലക്ഷത്തോളം പാക്‌ സൈനികരെ തടവിലാക്കിക്കൊണ്‌ട്‌ ബംഗ്ലാദേശിനെ പാക്കിസ്ഥാനില്‍ നിന്നും വേര്‍പെടുത്തിയ ഇന്ദിരാഗാന്ധി, നിക്‌സണ്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്തും അവഗണിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പ്രകോപിതനായാണ്‌ ഇന്ത്യന്‍ അതിര്‍ത്തിയിലേയ്‌ക്കു മൂന്നു ബറ്റാലിയന്‍ നാവിക സേനയെ അയക്കാന്‍ നിക്‌സണ്‍ ഉത്തരവിട്ടതെന്നും രേഖകളില്‍ പറയുന്നു.

ഇതോടൊപ്പം യുഎസിന്റെ വിമാനവാഹിനി കപ്പലായ യുഎസ്‌എസ്‌ എന്റര്‍പ്രൈസിനേയും ഇന്ത്യന്‍ സേനയെ നേരിടാന്‍ അമേരിക്ക വിന്യസിച്ചെന്നുമാണ്‌ രേഖകളില്‍ വെളിവാക്കുന്നത്‌. അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിക്കാനായി യുഎസ്‌ നാവികസേനയെ ബംഗാള്‍ ഉള്‍ക്കടലിലേയ്‌ക്കു അയച്ചിരുന്നു. എന്നാല്‍ ഇതുമാത്രമായിരുന്നില്ല നാവികസേനയുടെ ലക്ഷ്യമെന്നും ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാനായിരുന്നു യുഎസ്‌ സേനയുടെ പദ്ധതിയെന്നും രേഖകളില്‍ പറയുന്നു.

കിഴക്കന്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട പാക്‌ സൈന്യമാണ്‌ ബംഗ്ലാദേശ്‌ വിമോചന യുദ്ധത്തിനു വഴിതെളിച്ചത്‌. പാക്കിസ്ഥാന്റെ നടപടിയെ രാജ്യാന്തര വേദികളില്‍ ചോദ്യം ചെയ്‌ത ശേഷം ഇന്ത്യ, ബംഗ്ലാദേശ്‌ വിമോചന യുദ്ധം ആരംഭിക്കുകയായിരുന്നു.

ഭൂമി ലക്ഷ്യമാക്കി ഭീമന്‍ ഉല്‍ക്ക വരുന്നു

കേപ്പ്‌ കാനവെറല്‍: ഭൂമി ലക്ഷ്യമാക്കി ഭീമന്‍ ഉല്‍ക്ക വരുന്നതായി റിപ്പോര്‍ട്ട്‌. ചൊവ്വാഴ്‌ച ഉല്‍ക്ക ഭൂമിയില്‍ പതിക്കും. ചൊവ്വാഴ്‌ച വൈകിട്ട്‌ 6.28ന്‌ 1312 അടി (400 മീറ്റര്‍) ചുറ്റളവില്‍ പതിക്കുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഉല്‍ക്ക ഭൂമിയില്‍ പതിക്കുന്ന സ്ഥലമോ സമയമോ കൃത്യമായി കണക്കാക്കാന്‍ ശാസ്‌ത്രജ്ഞന്മാര്‍ക്കു സാധിച്ചിട്ടില്ല. ഭൂമിയില്‍ നിന്നും 2,01,000 മൈല്‍ (3,23,469 കിലോമീറ്റര്‍) അടുത്ത്‌ ഉല്‍ക്ക എത്തിയതായി കണെ്‌ടത്തി. 1976നു ശേഷം ഭീമന്‍ ഉല്‍ക്ക ഭൂമിയിലേക്കു വരുന്നത്‌ ആദ്യമാണെന്നു നാഷണല്‍ സയന്‍സ്‌ ഫൗണേ്‌ടഷന്‍ പ്രൊഗ്രാം ഡയറക്‌റ്ററും വാനനിരീക്ഷകനുമായ സ്‌കോട്ട്‌ ഫിഷര്‍ പറഞ്ഞു.

ഭൂമിയുടെ നോര്‍ത്തേണ്‍ ഹെമിസ്‌പിയറില്‍ നിന്നു ഹബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ വഴി ഉല്‍ക്കയെ വീക്ഷിച്ചതായി കലിഫോണിയയിലെ നാസ ജെറ്റ്‌ പ്രൊപ്പല്‍ഷന്‍ ലബോറട്ടറി മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ ഡോണ്‍ യോമാന്‍സ്‌ അറിയിച്ചു. നവംബര്‍ എട്ടിനു യുഎസിന്‍റെ കിഴക്കന്‍ തീരത്ത്‌ ഉല്‍ക്ക പതിച്ചേക്കും. മേല്‍ത്തരം ടെലസ്‌കോപ്പ്‌ ഉപയോഗിച്ച്‌ ഉല്‍ക്കയുടെ പ്രയാണത്തെ ദര്‍ശിക്കാവുന്നതാണ്‌. വൈയു 55 എന്നു പേരിട്ടിരിക്കുന്ന ഉല്‍ക്ക ആയിരം വര്‍ഷങ്ങള്‍ക്കു ശേഷമാണു ഭൂമിയില്‍ എത്തുന്നതെന്നു ഡോണ്‍ പറഞ്ഞു.

ഇറാഖില്‍ നിന്ന്‌ ആയിരം യുഎസ്‌ സൈനികര്‍ പിന്‍മാറി

ബാഗ്‌ദാദ്‌: ഇറാഖില്‍ നിന്ന്‌ ആയിരം സൈനികരെ യുഎസ്‌ പിന്‍വലിച്ചു. യുദ്ധോപകരണങ്ങളും പിന്‍വലിക്കാന്‍ ആരംഭിച്ചു. ഇരുപതു വര്‍ഷത്തിനകം ഗള്‍ഫ്‌ മേഖലയിലെ സുപ്രധാന ശക്തിയായി ഇറാഖ്‌ മാറുമെന്നു മേജര്‍ ഷോ പറഞ്ഞു. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷമാണു രാജ്യത്തു നിലനില്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

2003 ലാണ്‌ ഇറാഖില്‍ യുഎസ്‌ അധിനിവേശം നടത്തുന്നത്‌. യുഎസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികനടപടിയായിരുന്നു ഇറാഖിലേത്‌. രാജ്യത്തുള്ള 40,000 സൈനികരെ പിന്‍വലിക്കുമെന്നു കഴിഞ്ഞ മാസമാണു യുഎസ്‌ പ്രസിഡന്‍റ്‌ ബറാക്‌ ഒബാമ പ്രഖ്യാപിച്ചത്‌. ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കുമെന്നാണ്‌ ഒബാമ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക