Image

സഹനത്തിലൂടെ ദൈവമഹത്വം തിരിച്ചറിയണം: മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ

Published on 15 February, 2014
സഹനത്തിലൂടെ ദൈവമഹത്വം തിരിച്ചറിയണം: മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ
സഹനത്തിലൂടെ ദൈവമഹത്വം തിരിച്ചറിയണമെന്ന് സി.ബി.സി.ഐ പ്രസിഡന്‍റും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. മാരാമണ്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 
ദൈവരാജ്യത്തിന്‍റെ നീതിയും നടത്തിപ്പും സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കുകയും ചെയ്യേണ്ടവരാണ് ക്രൈസ്തവർ. കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ രൂപം വിശ്വാസികളില്‍ ഉണ്ടാകണം. കുരിശില്‍ ലോകത്തിനു നല്‍കപ്പെട്ട സന്ദേശത്തോടൊപ്പം മഹത്വത്തില്‍ പ്രവേശിച്ച യേശുവിനോടു ചേര്‍ന്നു ലോകത്തിനു ജീവന്‍ നല്‍കണമെന്നും കാതോലിക്കാ ബാവ ഉദ്ബോധിപ്പിച്ചു. 
ലോകത്തിന്‍റെ മുമ്പില്‍ ദുര്‍ബലയായ സ്ത്രീയായിരുന്നു വിശുദ്ധ അല്‍ഫോന്‍സാമ്മ. ഹ്രസ്വകാല ജീവിതംകൊണ്ട് വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ച് സായൂജ്യമടയുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്. ഇവിടെയാണ് ക്രൈസ്തവജീവിതം മാതൃകയാക്കിയവരുടെ മഹത്വം തിരിച്ചറിയേണ്ടത്. 
ലോകത്തിന്‍റെ ചുവരെഴുത്തുകള്‍ ക്രൈസ്തവസമൂഹം ദൈവവചനത്തിലൂടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളുടെ വേദന മനസിലാക്കുന്നവര്‍ക്കേ യേശുവിനെ സ്നേഹിക്കാന്‍ കഴിയൂ. മാര്‍ത്തോമ്മാ സഭയുടെ ഊര്‍ജസ്രോതസായ മാരാമണ്‍ മണല്‍പ്പുറം തന്‍റെ ജീവിതത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ കൂട്ടിച്ചേര്‍ത്തു. 
സിബിസിഐ പ്രസിഡന്‍റും ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗവുമായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു മാര്‍ത്തോമ്മാ സഭ ഔദ്യോഗികമായി സ്വീകരണം നല്‍കി. രാവിലെ മാരാമണ്‍ ബിഷപ്സ് ഹൌസിലെത്തിയ അദ്ദേഹത്തെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പൊന്നാട അണിയിച്ചു സ്വീകരിച്ചു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക