Image

കുവൈത്തിലെ പ്രവാസികളെ നാടുകടത്തലും സൗദിവത്ക്കരണവും - അബ്ദുള്‍ പുന്നയൂര്‍ക്കുളം

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 15 February, 2014
കുവൈത്തിലെ പ്രവാസികളെ നാടുകടത്തലും സൗദിവത്ക്കരണവും - അബ്ദുള്‍ പുന്നയൂര്‍ക്കുളം
കഴിഞ്ഞ വര്‍ഷം ഞാന്‍ കുവൈത്ത് സന്ദര്‍ശിച്ചപ്പോള്‍ പ്രവാസികളെ നാടുകടത്തുന്നതായി കേട്ടു. സ്‌പോണ്‍സര്‍ന്മാരുടെ കീഴിലല്ലാതെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഈ നാടുകടത്തല്‍. ഇത്തരം ദുസ്സഹവാര്‍ത്തകള്‍ എനിക്ക് പുത്തിരിയല്ല; മുപ്പത് കൊല്ലം മുന്‍പ് ഞാന്‍ അബുദാബിയിലുള്ളപ്പോള്‍ ഇതെല്ലാം കേട്ടതാണ്- അറിഞ്ഞതാണ്.

കുവൈത്തില്‍ വിസ നിയമലംഘകര്‍ക്കെതിരെ കര്‍ശന പരിശോധന തുടര്‍ന്നുകൊണ്ടിരിക്കെ, ആയിരക്കണക്കിനു ഇന്ത്യക്കാരും വിദേശികളും ജോലി നഷ്ടപ്പെട്ടു മടങ്ങുന്നുണ്ട്. കുവൈത്ത് പ്രവാസികളില്‍ ഏറിയവരും ഇന്ത്യക്കാരാണ്. അവരില്‍ ആറര ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരില്‍ പകുതിയോളം കേരളീയരാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി പ്രവാസി നിക്ഷേപം 75, 000 കോടി കവിഞ്ഞെങ്കിലും പ്രവാസികളുടെ തിരിച്ചുവരവ് വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിക്കുമെന്ന് പറയപ്പെടുന്നു.

മുമ്പൊക്കെ കുവൈത്തില്‍ ഗതാഗത നിയന്ത്രണവേളയിലായിരുന്നു പരിശോധന. ഇപ്പോള്‍ അത് തൊഴില്‍, താമസ, വഴിയോരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു, പ്രത്യേകിച്ചു മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസി, മംഗാഫി എന്നിവടങ്ങളില്‍, ഈ റെയ്ഡ് പ്രവാസികളുടെ സ്വസ്ഥതയും സുരക്ഷയും നശിപ്പിക്കുന്നു. പ്രവാസികള്‍ പുറത്തിറങ്ങാന്‍ പോലും മടിക്കുന്നു.

താമസാനുമതി രേഖ കൈവശമുണ്ടെങ്കിലും തൊഴിലുടമയുടെ കീഴിലല്ല ജോലിച്ചെയ്യുന്നതെങ്കില്‍ പിടിയിലാകാം. പിടിക്കപ്പെട്ടവരുടെ ഭാവി അധികൃതകര്‍ക്ക് തോന്നുന്ന പോലെയാണ്. അവരെ ഏതുനിമിഷവും ഏതുകാരണത്തിനും നിഷ്‌കരുണം ജയിലിലിടാം, പീഡിപ്പിക്കാം, മൃഗീയമായി നാടുകടത്താം, പിടിയിലാകുന്നവരില്‍ ഭൂരിപക്ഷത്തിനും കുവൈത്തില്‍ തിരിച്ചുവരാനാകാത്തവിധം(കരിമ്പട്ടിക) വിരലടയാളം രേഖപ്പെടുത്തിയാണ് വിടുന്നത്. ഓരോ വര്‍ഷവും ഒരു ലക്ഷം വിദേശികളെ ഒഴിവാക്കാനാണ് തീരുമാനം. ഈ നാടുകടത്തല്‍ ഇന്ത്യന്‍ എംബസിയുടെ അറിവോടെയും അല്ലാതെയുമാണ്.

ഡിപോര്‍ട്ടേഷന്‍ സെന്ററുകളിലും ലോക്കപ്പുകളിലുമായി ആയിരക്കണക്കിനു പേരുണ്ടെന്നാണ് നാട്ടിലെത്തിയവര്‍ പറയുന്നത്. ഇവരില്‍ സ്ത്രീകളുമുണ്ട്. ഗാര്‍ഹിക(ഖാദിം) വിസയിലെത്തി പുറത്തു ജോലിയെടുക്കുന്നവരാണ് പിടികൂടുന്നതിലധികവും. ഖാദിം വിസക്കാരില്‍ ഏറെയും ഇന്ത്യക്കാര്‍ തന്നെ. കുവൈത്തില്‍ തൊഴില്‍ വിസ നിര്‍ത്തലാക്കപ്പെട്ട സാഹചര്യത്തില്‍ പെട്ടെന്ന് കിട്ടാവുന്നത് ഖാദിം വിസയാണ്. ഒരു വര്‍ഷത്തെ കാലാവധിയുള്ള വിസക്ക് രണ്ടുലക്ഷം രൂപവരെ വില വാങ്ങുന്നവരുണ്ട്.  വിദേശികളെ പ്രതിസന്ധിയിലാക്കാന്‍ വിസ കച്ചവടം നടത്തുന് സ്വദേശികള്‍ക്കെതിരായും കേസ് വേണമെന്ന് വാദിക്കുന്നവരുണ്ട്.

മൂന്നു വര്‍ഷം മുമ്പ് German chancellor Merkel Angelaപറഞ്ഞു multiculturalismവും ഉത്പാദനക്ഷമതയില്ലാത്തവരും വിദ്യാഹീനരും അവരുടെ രാജ്യത്ത് ശരിയാവുകയില്ല.  അതിനു മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് ഹിറ്റ്‌ലര്‍ blonde-hair, blue- hair (Aryan) വംശജരെ സൃഷ്ടിച്ചെടുക്കാന്‍ വിഫലശ്രമം നടത്തി. അതു ക്രൂരമായി പരാജയപ്പെട്ടു. സമ്പന്നരായ അറബ് രാജ്യങ്ങളും multiculturalism ത്തിന് എതിരോ, അതോ ഒരു perfect സ്വദേശിവത്ക്കരണം വാര്‍ത്തെടുക്കാനുള്ള ശ്രമമോ? കുവൈത്ത് പഴയ ബര്‍മ്മ പോലെ ഒരു ഒറ്റപ്പെടലിനു വേണ്ടി ചിന്തിക്കയാണോ?
കുവൈത്ത് ഇന്ന് ലോകമ്പന്ന രാജ്യങ്ങളില്‍ മുന്‍(പത്താം) നിരയിലാണ്. അവര്‍ ദുബൈ പോലെ അല്പം ദീര്‍ഘദൃഷ്ടിയോടെ രാഷ്ട്രവികസനത്തെപ്പറ്റി ചിന്തിച്ചാല്‍ ഈ തിരിച്ചയക്കലിനു പകരം വിദേശികളെ പ്രയോജനയോഗ്യമാക്കാവുന്നതാണ്.

കുവൈത്ത് അധികൃതര്‍ പറയുന്നത് ഇത് പുതിയ നിയമമല്ല, ഉള്ള നിയമം പ്രാബല്യത്തില്‍ വരുത്തുകയാണ്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അഭ്യര്‍ത്ഥിക്കുന്നത് കുവൈത്തില് അനധികൃത താമസക്കാരെ കരിമ്പട്ടികയില്‍ പെടുത്താതെ നാട്ടില്‍ പോയി തിരിച്ചു വരാനും രേഖകള്‍ നിയമാനുസൃതമാക്കാനും അടിയന്തര കാലാവധി അനുവദിച്ചു കിട്ടാനും വേണ്ടിയാണ്. ഇതിനു ഫലം കാണുകയാണെങ്കില്‍ പ്രവാസികളുടെ വിഭ്രാന്തിക് അല്പം അയവുണ്ടാവുമെന്ന് പ്രത്യാശിക്കാം.

കുവൈത്ത് പ്രവാസികള്‍ അപേക്ഷിക്കുന്നത് മ്ലേച്ഛമായ തരത്തിലുള്ള ഇത്തരം തുരത്തല്‍ അല്പം മനുഷ്യത്വപരമായ രീതിയിലാക്കണമെന്നാണ്, പ്രത്യേകിച്ച് അവരില്‍ പലരും അനാരോഗ്യരും വൃദ്ധരുമായ സ്ഥിതിക്ക്.

സൗദിയിലെ (നിതാഖാത്ത്) സ്വദേശിവത്കരണം

സൗദിയയിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അനധികൃതമായി ജോലിചെയ്യുന്നവര്‍ക്ക് ഒഴിഞ്ഞുപോകാനായി നവംബര്‍ 2013 വരെ സമയ ഇളവ് നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ നിയമാനുസൃതമായി ജോലി ചെയ്യാത്തവര്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാല്‍ ഇവര്‍ക്ക് രണ്ടു വര്‍ഷത്തെ ജയിലും ഭാരിച്ച പിഴയും ഒടുക്കണം! പലരും സമയത്തിനു മുമ്പ് തന്നെ രാജ്യം വിടേണ്ട തിരക്കിലാണ്.

നിതാഖാത്തിന്റെ നിയമം കര്‍ശനമാക്കിയിട്ടും സമയപരിധി കഴിഞ്ഞിട്ടും കേരളത്തിലേക്ക് വരാന്‍ മടിക്കുന്ന പല മലയാളികളും നിയമം വീണ്ടും അയവു വരുത്തുമെന്ന പ്രതീക്ഷിയിലായിരുന്നു. ആ പ്രതീക്ഷ ലംഘിച്ചു അബ്ദുള്ള രാജാവ് നിയമവിരുദ്ധരെയെല്ലാം പിടികൂടി കയറ്റിവിടുന്നതുവരെ പരിശോധന നിര്‍ത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഇളവുകാലം അവസാനിക്കുമ്പോള്‍ നിയമാനുസൃതമല്ലാത്ത 2, 60, 000 പേര്‍ സൗദി വിട്ടുപോകുമത്രെ. അപ്പോള്‍ നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന പല സ്ഥാനങ്ങളും പൂട്ടേണ്ടിവരും. നിയമം നിഷേധിക്കുന്നവര്‍ക്ക് തടവും പിഴയും വേറെയും. സൗദിയില്‍ നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ ആറു മാസത്തിനിടെ മടങ്ങിയെത്തിയവരുടെ എണ്ണം 17,000 കവിഞ്ഞു. ഇതുവരെ 60,000 നിയമവിരുദ്ധരെ സൗദിയില്‍ നിന്ന് നാടുകടത്തി. 42,000 അനധികൃത വാസക്കാരെ ജയിലിലടച്ചിട്ടുണ്ട്. നിതാഖാത്ത് പരിശോധനയെ തുടര്‍ന്നു സൗദിയില്‍ ചില സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. നിതാഖാത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നുണ്ട്. മുമ്പ് പതിമൂന്ന് വിഭാഗങ്ങളിലായിരുന്ന സ്വദേശിവത്ക്കരണം ഇപ്പോള്‍ 56 വിഭാഗങ്ങളിലേക്കായി ഉയര്‍ത്തി.

ഈ നാടുകടത്തല്‍ എന്ന പ്രഹസത്തിനു ഒരപവാദമാണ് അമേരിക്ക. യു. എസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കു പൂര്‍ണപൗരത്വം നല്‍കണമെന്ന നിലപാടിലാണ് ഒബാമ ഭരണസമിതി. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ ഇവരുടെ താമസം നിയമവിധേയമാക്കുകയും പിന്നീട് പൗരത്വത്തിലേക്കുമാണ് ഒബാമ അഡ്മിനിസ്‌ട്രേഷന്‍ ശ്രമിക്കുന്നത്. അത് 2.40 ലക്ഷം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യു.എസിലെ 1.15 കോടി അനധികൃത കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിനുമുമ്പ് ബുഷ് ഭരണവും അനധികൃതമായി അധിവസിക്കുന്നവര്‍ക്ക് പല ആനുകൂല്യങ്ങളും അനുവദിച്ചു കൊടുത്തിട്ടുണ്ട്.

നിതാഖാത്ത് വഴി രണ്ടര ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിതാഖാത്ത് പരിഷ്‌കരണ നടപടികള്‍ യഥാര്‍ത്ഥ ഫലം കാണുന്നതില്‍ പരാജയപ്പെട്ടെന്നാണ് സൗദി ശുറാ കൗണ്‍സിലിന്റെ നിഗമനം. നിതാഖാത്ത് പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിദേശികള്‍ സൗദി വിട്ടുപോയെങ്കിലും, പകരം സൗദി പൗരന്‍മാരെ നിയമിക്കാന്‍ മിക്ക കമ്പനികളും മടിക്കുന്നു.
നിതാഖാത്ത് നിയമം കര്‍ശനമായതോടെ അതിനെ മറി കടക്കാന്‍ രേഖകളില്‍ മാത്രം സൗദികളെ ജോലിക്ക് വെക്കുകയും യഥാര്‍ത്ഥത്തില്‍ ജോലി നല്‍കാതിരിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് കനത്ത പിഴയും ശിക്ഷയും നല്‍കുന്നുണ്ട്.

ഇതിനിടയില്‍ ഏതെങ്കിലും ഗള്‍ഫ് രാജ്യത്ത് നിന്ന്re-entry visa യില്‍ നാട്ടില്‍ എത്തിയ ശേഷം തിരിച്ചു വരാത്തവര്‍ക്ക് പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവേശനാനുമതി നിരോധിച്ചിട്ടുണ്ട്. ഇവര്‍ക്ക് സൗദി, കുവൈത്ത്, ബഹറിന്‍, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസ പോലും ലഭിക്കില്ല. എക്‌സിറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ ഗള്‍ഫിലേക്ക് തിരിച്ചു വരാനാവൂ.
2010 ലെ നിയമമനുസരിച്ചു സ്‌പോണ്‍സര്‍മാരുടെ കീഴില്‍ രണ്ടു വര്‍ഷം ജോലി പൂര്‍ത്തിയാക്കിയവര്‍ക്കേ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ അനുമതിയുള്ളൂ. നേരത്തെ അത് ഒരു വര്‍ഷമായിരുന്നു.

സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി ഈയിടെ ഇന്ത്യ, സൗദി കരാറില്‍ ഒപ്പിട്ടു. ഇതിന്റെ ഫലമായി സ്‌പോണ്‍സറുമായി പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സഹായത്തിന് സമീപിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനം ഉണ്ടാക്കാന്‍ വ്യവസ്ഥയുണ്ട്. പ്രവാസി മലയാളികളുടെ പ്രശ്‌നപരിഹാരത്തിനു പ്രവാസി  Legal Aide Cell മുഖേനെ നിയമസഹായം ലഭ്യമാകുന്നുണ്ട്.

സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ welfare consultative committee ക്കും labor
coordination committee ക്കും രൂപം നല്‍കിയിട്ടുണ്ട്.

ഗള്‍ഫ്/ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്ന മലയാളികള്‍ക്ക് കേന്ദ്ര/ കേരള സര്‍ക്കാരും നോര്‍ക്കയും മറ്റു സംഘടനകളും ചേര്‍ന്ന് പ്രവാസികളുടെ പുനരധവാസത്തിനും ക്ഷേമത്തിനും തൊഴില്‍ കണ്ടെത്താനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് ആശ്വാസമാണ്.

കേരളത്തിലിപ്പോള്‍ കേരളീയരെ ജോലിക്ക് ലഭിക്കാതെ കേഴുന്ന അവസ്ഥയാണ്. മലയാളികളില്ലാതെ സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിടുന്നു. ആരെങ്കിലും തൊഴിലിനു കിട്ടിയാല്‍ തന്നെ അത് ബംഗാളി, തമിഴ്, ആന്ഡ്ര, രാജസ്ഥാന്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ എല്ലാതര തൊഴിലവസരത്തിനും സാധ്യതകളുള്ളപ്പോള്‍ കിടപ്പാടം പണയപ്പെടുത്തിയും വിറ്റും വിദേശരാജ്യങ്ങളിലേക്ക് വരുന്നവര്‍ ഒരു പുനരാലോചന ആവശ്യമാണ്.


കുവൈത്തിലെ പ്രവാസികളെ നാടുകടത്തലും സൗദിവത്ക്കരണവും - അബ്ദുള്‍ പുന്നയൂര്‍ക്കുളം
കുവൈത്തിലെ പ്രവാസികളെ നാടുകടത്തലും സൗദിവത്ക്കരണവും - അബ്ദുള്‍ പുന്നയൂര്‍ക്കുളം
കുവൈത്തിലെ പ്രവാസികളെ നാടുകടത്തലും സൗദിവത്ക്കരണവും - അബ്ദുള്‍ പുന്നയൂര്‍ക്കുളം
കുവൈത്തിലെ പ്രവാസികളെ നാടുകടത്തലും സൗദിവത്ക്കരണവും - അബ്ദുള്‍ പുന്നയൂര്‍ക്കുളം
കുവൈത്തിലെ പ്രവാസികളെ നാടുകടത്തലും സൗദിവത്ക്കരണവും - അബ്ദുള്‍ പുന്നയൂര്‍ക്കുളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക