Image

നന്മ മരിക്കുമോ? (കവിത: പീറ്റര്‍ നീണ്ടൂര്‍, ന്യൂയോര്‍ക്ക്‌)

Published on 15 February, 2014
നന്മ മരിക്കുമോ? (കവിത: പീറ്റര്‍ നീണ്ടൂര്‍, ന്യൂയോര്‍ക്ക്‌)
ഋജുരേഖയില്‍ക്കൂടി മാത്രം ചരിച്ചും
ഋതുസംഗമങ്ങള്‍ക്കു സാക്ഷ്യം വഹിച്ചും
പല വ്യാഴവട്ടം ചവുട്ടിക്കടന്നും
കുലദേവധ്യാനത്തിലാണ്ടും കഴിഞ്ഞ
ഒരു മര്‍ത്യ ജന്മം വൃഥാവാക്കിയാ ജഡം
കരിനാഗ വിഷമേറ്റുറങ്ങിക്കിടപ്പൂ.
എന്തെന്തു സ്വപ്‌നങ്ങളമ്പെയ്‌തു വീഴ്‌ത്തിയി-
ട്ടെത്ര മോഹത്തിന്‍ ചിറകു കരിച്ചവന്‍.
ഓടിനടക്കുമ്പോളാരും നിനയ്‌ക്കില്ല
വാടിവീഴുന്നോരവസ്‌ഥയൊരിക്കലും.
നിറതളിര്‍പര്‍ണ്ണങ്ങളാര്‍ത്തുല്ലസിക്കും
വിറയാര്‍ന്നു വീഴും പഴുത്ത പത്രങ്ങള്‍.
ചിരിക്കുന്നു പച്ച,പ്പഴുത്തിലനോക്കിക
ക്കരഞ്ഞുള്ളിലോതും നിനക്കുമിതേഗതി.
ത്രസിക്കും ഞരമ്പും മരച്ച മസ്‌തിഷ്‌ക്കോ-
മസാധ്യ ദുര്‍ചിന്ത ഭരിക്കും യുവത്വം.
ഗേഹം, സമുദായ, സംസ്‌ഥാന രേഖകള്‍
കാഹളനാദമുതിര്‍ത്തു കടക്കുന്നു.
സാഗരം താണ്ടിക്കടന്നും കളിക്കുന്നു,
വേഗം മറക്കുന്നു മൂലവും മൂല്യവും.
സ്വപ്‌നക്കൊടുമുടിയേറിച്ചരിക്കുന്നു:
തപ്‌തരായ്‌ത്തീരുന്നു കാലാന്തരങ്ങളില്‍.
സുന്ദരിയാം വധു കൂടെയുണ്ടെങ്കിലും
മന്ഥരമാരെത്തെരയുന്നു ലമ്പടര്‍.
ഏക ഭര്‍തൃസുഖം പോരാ പ്പാഞ്ചാലിമാര്‍
പൂകാന്‍ കൊതിക്കുന്നനേകം പുരുഷരെ.
രക്ഷാകര്‍ത്താക്കളെ വെല്ലാന്‍ കൊതിക്കുന്ന
മുഷ്‌കസന്താനങ്ങളേറുന്നു ഭൂതലേ.
നല്‍ജീവിതം നയിച്ചീടുകില്‍ നിര്‍ണ്ണയം
സല്‍ക്കീര്‍ത്തി ലഭ്യമായീടും ധരണിയില്‍.


http://www.youtube.com/watch?v=qFwbNhQf2oo&list=PL23DC9939ECFCFF9D&index=11
നന്മ മരിക്കുമോ? (കവിത: പീറ്റര്‍ നീണ്ടൂര്‍, ന്യൂയോര്‍ക്ക്‌)നന്മ മരിക്കുമോ? (കവിത: പീറ്റര്‍ നീണ്ടൂര്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക