Image

മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -17 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 22 February, 2014
മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -17 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പത്രാധിപക്കുറിപ്പ്‌ : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പന്ത്രണ്ടാഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌ . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

II. മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ 17

`ദാവീദിന്‍ ദുഷ്‌കൃത്യം കൊണ്ടനിര്‍വാച്യമായ്‌
ആവിഗ്‌നമായിയെന്‍ പ്രിയദാസാ !

യിശ്ശായി പുത്രനാമിടയബാലനെ
യിസ്രയേല്‍ മന്നനായ്‌ വച്ചതും ഞാന്‍.

എന്നിട്ടുമായവനെന്നെ മറന്നുപോയ്‌
നിന്ദിച്ചു തള്ളുന്നെന്‍ ശാസനവും !

ഇന്നവന്‍ വാഴുന്നു സര്‍വ്വസുഭഗനായ്‌
മന്നിതില്‍ മന്നരില്‍ മന്നനായി.

സാധുസംരക്ഷകനായി വാഴേണ്ടവന്‍
സാധുസംഹാരകനായി മാറി.

തന്നെയുമല്ലവന്‍, കാമസമ്പൂര്‍ത്തിക്കായ്‌
കൊന്നല്ലോ എന്നുടെ ഹിത്യനേയും,

ഇക്കുറ്റം ചെയ്‌തയീ ദാസനെ ഞാനുടന്‍
തക്കപോല്‍ശിക്ഷിക്കും തര്‍ക്കമില്ല.

ഈ വാര്‍ത്തയെത്രയും ക്ഷിപ്രമായ്‌ത്തന്നെ, നീ
ദാവീദിനെയറിയിക്ക ദാസാ.'

നാഥാനീ വാര്‍ത്തയും പേറി രാജാസനേ
എത്തി കഥിച്ചെല്ലാം മന്നനോട്‌.

ഈശന്റെ നിശ്ചയം കേട്ടതന്‍ മാത്രയില്‍
യിശ്ശായിനന്ദനന്‍ തപ്‌തനായി .

ആകുലപ്പെട്ടവന്‍ പ്രാര്‍ത്ഥിച്ചനന്തരം
സങ്കടം തീര്‍ത്തല്ലോ, തമ്പുരാനും.

എന്നാലുമാവേഴ്‌ചയ്‌ക്കുണ്ടായ പൊന്നുണ്ണി
മന്നനു സന്നമായ്‌ മൃത്യുമൂലം.

ബത്‌ശേബാ പിന്നെയും ഗര്‍ഭം ധരിച്ചതിന്‍,
ജാതനായ്‌ സൂനുവായ്‌ `സോളമനും'

ഉന്നതശീര്‍ഷനായ്‌ സോളമന്‍ ലോകത്തില്‍
ധന്യമാം വാഴ്‌ചയും കാഴ്‌ചവച്ചു.

ശ്രേഷ്ടരില്‍ ശ്രേഷ്ടനായ്‌ വാണവനൂഴിയില്‍
അഷ്ടാദശജ്ഞാന വക്താവുമായ്‌.

ഈശനു ജീവിതസാരഥ്യമേകിയാല്‍
ആശിസ്സനന്തമായ്‌ വന്നുചേരും.

ഈശനെ ധിക്കരിച്ചെന്നു വരികിലോ
നാശം ഭവിക്കും ഹതാശരാകും.


ശുഭം

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌, Yohannan.elcy@gmail.com
മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ -17 (ദാവീദിന്റെ രണ്ടു മുഖങ്ങള്‍: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക