Image

കാവല്‍- (കഥ -ലൈല അലക്‌സ്)

ലൈല അലക്‌സ് Published on 21 February, 2014
കാവല്‍- (കഥ -ലൈല അലക്‌സ്)
റോമന്‍ പടയാളി ഏല്പിച്ച അത്തിപ്പഴക്കൂട ഏറ്റുവാങ്ങുമ്പോള്‍ അലക്‌സാണ്ട്രിയയിലെ രാജഗേഹത്തില്‍, സ്വന്തം പരാജയങ്ങളെ വീഞ്ഞിലും സംഗീതത്തിലും മുക്കിക്കൊല്ലുമ്പോഴും ഫറവോനായ ടോളമി മകളെ ചൊല്ലി പഠിപ്പിച്ചത് ആയിരുന്നു ഐരാസിന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നത്: ഈജിപ്തിന്റെ രാജ്ഞി, ഈജിപ്തിന്റെ കാവല്‍ക്കാരി നൈലിന്റെ അധിദേവതയായ ഐസിസ് ദേവി തന്നെയാണ്…”
ആ കാവല്‍ക്കാരിയുടെ കാവല്‍ എന്ന ദൗത്യം, ഒരു തൊഴിയായി ഏറ്റെടുത്ത അന്നു മുതല്‍, തന്റെ കൈകളില്‍ ഭദ്രമായിരുന്നു. ഇന്നു വരെയും.
“ഇത് നിയോഗമാണ്…”, ഐരാസ് സ്വയം പറഞ്ഞു. അതെ റാണിയുടെ തോഴിയായ തന്റെ കര്‍ത്തവ്യം; ഒരു പക്ഷേ, തോഴി എന്ന നിലയില്‍ നിര്‍വഹിക്കേണ്ട ഏറ്റവും ഗൗരവമായ കര്‍ത്തവ്യം… വീഴ്ച വരാന്‍ പാടില്ല… “ദേവകളേ, വിജയം തരണേ… കടമകള്‍ നിറവേറ്റാന്‍ ശക്തി തരണേ…”
പ്രതികാരത്തിന്റെ ഉഗ്രവിഷം ചീറ്റി, പുറത്തു കാത്തു നില്‍ക്കുകയാണ് ഒക്‌ടോവിയന്റെ സൈന്യം… ഈ അവസാന ദൗത്യത്തില്‍ പരാജയപ്പെടാന്‍ പാടില്ല: രാജ്ഞിയെ റോമാക്കാരന്റെ കൈയ്യില്‍ നിന്നും മോചിപ്പിക്കുക തന്നെ വേണം. റോമായിലെ തെരുവീഥികളില്‍, ഈജിപ്തിന്റെ റാണി അപമാനിക്കപ്പെടാന്‍ അനുവദിച്ചുകൂടാ…
കഴുതപ്പാലില്‍ കുളിച്ചു കയറിയ ക്ലിയോപാട്രയെ, ദാസിമാര്‍ സ്ഥാനചിഹ്നങ്ങള്‍ അമിയിക്കുകയായിരുന്നു അറയ്ക്കുള്ളില്‍, ചുരുക്കം ചില ദാസീമാര്‍ മാത്രമേ കിഴക്കിന്റെ രാജ്ഞിയോടൊപ്പം ഉണ്ടായിരുന്നുള്ളൂ അപ്പോള്‍…
ആന്റണിയുടെ കുഴിമാടത്തില്‍ അശ്രുപൂജ നടത്തി തിരികെ വന്ന രാജ്ഞി സ്‌നാനഗൃഹത്തിലേക്ക് കടക്കും മുമ്പേ ആര്‍ക്കും സംശയത്തിനു ഇട നല്‍കരുതെന്ന് കരുതി, ദാസിമാരില്‍ മിക്കവരേയും ഐരാസ് പറഞ്ഞയച്ചിരുന്നു. അവശേഷിച്ചതോ, റോമാസാമ്രാജ്യത്തോട് കൂറുള്ളവരും… ഒക്‌ടേവിയന്റെ വിജയാഘോഷത്തിനു മാറ്റുകൂട്ടാന്‍, യുദ്ധത്തടവുകാരിയായി പ്രദര്‍ശിപ്പിക്കാന്‍, റോമായിലേക്ക് കൊണ്ടുപോകുംമുമ്പ് കിഴക്കിന്റെ റാണിയ്ക്ക് ആപത്തു വരാതെ കാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍.
ആന്റണിയുടെ കുഴിമാടത്തിലെ അശ്രുപൂജ…. ഒക്‌ടോവിയന്‍ അനുവദിച്ച ഔദാര്യം…കനത്ത പടച്ചട്ടയ്ക്കുള്ളിലെ ആ ഹൃദയത്തില്‍ നിന്നും അങ്ങനെയൊരു കരുണ ഐരാസ് പ്രതീക്ഷിച്ചിരുന്നില്ല. ഒക്‌ടേവിയന് റാണിയോടുള്ള വൈരാഗ്യത്തിന്റെ ആഴവും പരപ്പും ദൂരെ നില്‍ക്കുമ്പോഴും ഐരാസിനോളം മനസ്സിലാക്കിയവര്‍ ആരുമുണ്ടാവില്ല.
 ആന്റണീ… അവജ്ഞയുടെ ഒരു ചെറു ചിരി ഐരാസിന്റെ  ചുണ്ടിലെത്തി. കൈയ്യൂക്കിന്റെ വിജയഗാഥ രചിക്കാന്‍ വന്ന മുട്ടാളനായ ആന്റണി… കിഴക്കിന്റെ രാജ്ഞിയുടെ കാമുകനായി സ്വയം അവരോധിച്ച മായന്‍… ഏഴു ഭാഷകള്‍ സംസാരിക്കുന്ന, അക്കങ്ങളെ വരുതിയില്‍ നിര്‍ത്തിയിരുന്ന ക്ലിയോപാട്ര, മദ്യത്തിലും, മദിരാക്ഷിയിലും ആസക്തിയേറിയ ആ മന്തനെ സ്‌നേഹിച്ചുവെന്നോ? നൈലിന്റെ ഓളപ്പാത്തികളില്‍ തുള്ളിക്കളിക്കുന്ന സുവര്‍ണ്ണനൗകയില്‍ കണ്ണഞ്ചിക്കുന്ന വിസ്മയക്കാഴ്ചകളുമായി അധമനായ ആ റോമാക്കാരനെ സ്വീകരിച്ചത് അയാളുടെ ആ ചാപല്യങ്ങള്‍ നന്നായി മനസ്സിലാക്കിയതു കൊണ്ടുമാത്രമല്ലേ?
അയാള്‍ക്കു മുമ്പു വന്ന സീസര്‍… ഒക്‌ടേവിയന്റെ പിതാവായ സീസര്‍… റോമാക്കാര്‍ക്കു കപ്പം കൊടുത്തു മുടിഞ്ഞ ടോളമിയുടെ പുത്രി, പേര്‍ഷ്യന്‍ കംബളത്തില്‍ പൊതിഞ്ഞുകെട്ടിയ സമ്മാനമായി സീസറിനു മുമ്പില്‍ സ്വയം അര്‍പ്പിച്ചത് സ്‌നേഹംകൊണ്ടായിരുന്നില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈജിപ്ത് കൊള്ളയടിക്കാന് വന്നവനെ ഈജിപ്തിന്റെ കാവലാളായി തളച്ചിട്ട രാജതന്ത്രത്തെ പ്രേമമെന്നു വിളിക്കാനാവില്ലല്ലോ.
പക്ഷേ, പിന്നെ, എപ്പോഴോ, രാജ്ഞി അയാളെ സ്‌നേഹിച്ചു തുടങ്ങി. അത് മനസ്സിലാക്കാത്തത് തന്റെ വീഴ്ച. ഗിരകളില്‍ യുദ്ധവീര്യം നുരയുന്ന ടോളമിയെ മൃദുലവികാരങ്ങള്‍ കീഴ്‌പ്പെടുത്തുകയില്ലെന്ന് വിശ്വസിച്ചുപോയത് തന്റെ തെറ്റ്…
സീസറോ..? കഷ്ടിച്ച ഇരുപതു വയസ്സുള്ള, അത്രയൊന്നും സുന്ദരിയല്ലാത്ത, ആ രാജതന്ത്രജ്ഞയ്ക്ക് അയാള്‍ തന്റെ ഹൃദയം കൊടുത്തു. അയാള്‍ ഭാര്യയായ ഒക്‌ടേവിയയേയും മകന്‍ ഒക്‌ടേവിയനേയും മറന്നു. പ്രബലരായ ബന്ധുക്കളേയും, രാജ്യത്തെയും മറന്നു. പ്രണയാതുരനായ അയാള്‍ എതിര്‍പ്പുകള്‍ ഒന്നുമേ വകവെക്കാതെ, റോമായില്‍ ഹൃദയേശ്വരിയുടെ പ്രതിമ സ്ഥാപിച്ചു.
കഴിഞ്ഞില്ല, അവള്‍ക്കു വേണ്ടി അയാള്‍ അവളുടെ സഹോദരിയോട് ഏറ്റുമുട്ടി. ആ സഹോദരി യുദ്ധത്തടവുകാരിയായി റോമിലെ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ട ആ വിജയാഘോഷത്തില്‍ റോമാ രാജ്യത്തിന്റെ അതിവിശിഷ്ട അതിഥിയായിരുന്നത് സീസറിന്റെ ഹൃദയേശ്വരി… ക്ലിയോപാട്ര.
അന്ന്, റോമാനഗരം ഇളകി മറിഞ്ഞ ആ വിജയാഘോഷത്തില്‍, റാണിയുടെ തോഴിയായി അടുത്തുണ്ടായിരുന്ന താന്‍ കണ്ടത് വൈരം പോലെ തിളങ്ങുന്ന രണ്ടു കണ്ണുകളാണ്. ബാലനായ ഒക്‌ടേവിയന്റെ കണ്ണുകള്‍…
ആ കണ്ണുകളുടെ തിളക്കം പിതാവിന്റെ വിജയത്തിലുള്ള അഭിമാനം കൊണ്ടല്ല എന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്തവളല്ല ക്ലിയോപാട്ര. എന്നിട്ടും റാണി ആ കണ്ണുകളിലെ വൈരം കണ്ടില്ലെന്ന് നടിച്ചു. സീസറോട് തോന്നിയ വികാരം മകനോടുള്ള അലിവായി മാറുന്നത്, ഈജിപ്തിന്റെ കാവല്‍ക്കാരിയായ നൈലിന്റെ അധിദേവത നിയോഗം മറന്ന് വെറും പെണ്ണാകുന്നത് റാണിയുടെ സന്തതസഹചാരിയായ താന്‍ കണ്ടു.
ശത്രുവിനോട് അലിവോ? രാജതന്ത്രജ്ഞയ്ക്ക് തന്ത്രങ്ങള്‍ പിഴയ്ക്കുന്നത് ഞെട്ടലോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. അന്നേ, താന്‍ അപകടം മണത്തു: കാലത്തികവില്‍, ഇങ്ങനെയൊരു ദിവസം മുമ്പില്‍ കണ്ടു.
റോമായില്‍ നിന്നും മടങ്ങിയെത്തിയ അന്നു തന്നെ ഐസിസ്‌ദേവിയുടെ തിരുനടയിലെത്തി, അപ്പോഴും കണ്ണില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്ന ആ കാഴ്ചകള്‍ ഉണര്‍ത്തിക്കാന്‍ …. ആ ചിറകിന്‍കീഴില്‍ അഭയം യാചിക്കാന്‍…. അര്‍പ്പിച്ച സുഗന്ധദ്രവ്യങ്ങളുടെ പുകച്ചുരുളുകള്‍ ഒന്നടിയപ്പോഴാണ് ആദ്യമായി നേവായെ കണ്ടത്. തിളങ്ങുന്ന പട്ടുവസ്ത്രങ്ങളും, മുടിക്കെട്ടില്‍ മുത്തുകളും പവിഴങ്ങളും, കണ്ണില്‍ കരിമഷിയും അണിഞ്ഞ ഐസിസ് പുരോഹിത …
ഐരാസിന്റെ കൈയ്യിലെ അത്തിപ്പഴക്കൂട ഒന്നനങ്ങി… കുളിച്ചൊരുങ്ങുന്ന റാണിയ്ക്ക് ഭക്ഷിക്കുവാന്‍ ഏറെ പ്രിയമുള്ള അത്തിപ്പഴങ്ങള്‍ കൊണ്ടുവരുവാന്‍ കാവല്‍പടയാളികളുടെ നായകനോട് ആവശ്യപ്പെട്ടപ്പോള്‍ “അതെവിടെ കിട്ടും” എന്നു മാത്രമേ ആ ശുംഭന്‍ ചോദിച്ചുള്ളൂ.
വൃദ്ധയായ നോവയുടെ അടുക്കല്‍ കാട്ടത്തിപ്പഴങ്ങള്‍ വേണ്ടുവോളം കാണുമെന്നേ പറയേണ്ടി വന്നുള്ളൂ,  അവിടേക്ക് ആ ബാലനെ അയച്ചത് അയാള്‍ തന്നെയാണ്… നേവായോട് കൂടുതല്‍ ഒന്നും പറയേണ്ടതില്ലെന്ന് ഐരാസിന് അറിയാമായിരുന്നു. ഐസിസ് ദേവിയുടെ പുരോഹിതയായ നേവായോട്.
അത്തിപ്പഴം നിറച്ച കുട കൈയ്യില്‍ പിടിച്ച് ഐരാസ് ഒരു നിമിഷം നിശ്ചലമായി നിന്നു. സീസറിന്റെ വിജയാഘോഷത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും മനസിന്റെ കണ്ണാടിയില്‍ തെളിഞ്ഞു…
റോമായില്‍, അന്ന്, ആര്‍ത്തലയ്ക്കുന്ന റോമാക്കാരുടെ നടുവില്‍വെച്ച് സ്വസഹോദരിയുടെ മരണം ഏതു തരത്തിലാവണം എന്ന് തെരെഞ്ഞെടുക്കാനുള്ള അധികാരം റാണി സീസറോട് ചോദിച്ചു വാങ്ങി, കരിമൂര്‍ഖന്റെ ദംശനം അവള്‍ക്കു വിധിച്ചു… ശത്രുനിഗ്രഹത്തിനുള്ള അഭിവാഞ്ഛ ആയിരുന്നില്ല അതിനു പിന്നിലെന്ന് വിധിച്ചു… ശത്രുനിഗ്രഹത്തിനുള്ള അഭിവാഞ്ഛ ആയിരുന്നില്ല അതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞവര്‍ എത്രപേരുണ്ടാവും? ടോളമിയ്ക്ക് സഹോദരസ്‌നേഹം അന്യമാണെന്ന് പരിഹസിക്കുന്നവര്‍ തീരെയും മനസ്സിലാക്കിയിട്ടുണ്ടാവില്ല.
നാഡിവ്യൂഹങ്ങള്‍ തളര്‍ന്ന്, സന്ധിബന്ധങ്ങള്‍ ഒന്നൊന്നായി അയഞ്ഞ്, ബോധം മറഞ്ഞ്, മരണത്തിലേക്ക് തള്ളിവീഴ്ത്തുന്ന മൂര്‍ഖന്റെ ദംശനം സീസര്‍ വിധിക്കുന്ന ഏതു മാര്‍ഗത്തേക്കാളും ദയാപരമായിരിക്കും എന്ന് ആരെക്കാളും നന്നായി അറിയുന്നവളാണ് ടോളമിപുത്രി…
സ്വസഹോദരിയുടെ വാഴ്ചക്കാലത്ത് സ്വന്തം ജീവന്‍ രക്ഷിക്കാനായി ഒളിത്താവളങ്ങള്‍ മാറി മാറി ഓടുമ്പോള്‍, ആ ഒളിത്താവളങ്ങളുടെ ഇരുള്‍ നിറഞ്ഞ നിലവറകളില്‍ ഇഴഞ്ഞുനടക്കുന്ന സര്‍പ്പങ്ങളെ വേണ്ടുവോളം കണ്ടവളാണ് ടോളമിപുത്രി… ഭാവിയില്‍ അവയിലൊന്ന് തന്നെയും തേടിയെത്തുമെന്ന് ഓര്‍ത്തിരിക്കുമോ?
ഈ കുടയില്‍ അത്തിപ്പഴത്തിനിടയില്‍ നേവാ ഒളിപ്പിച്ചിരിക്കുന്ന അണലി വര്‍ഗ്ഗത്തില്‍പ്പെട്ട ചെറിയ സര്‍പ്പം…
നാഡിവ്യൂഹങ്ങളെ തളര്‍ത്തുന്ന മൂര്‍ഖന്റെ വിഷം ബാധിച്ചുണ്ടാവുന്ന മരണത്തില്‍ നിന്നും എത്രയോ ഭീകരമാണ് രക്തധമനികളെ തകര്‍ത്ത്, രോമകൂപങ്ങളില്‍ നിന്നുപോലും രക്തം സ്രവിക്കുന്ന അണലിവിഷം ബാധിച്ചുണ്ടാവുന്ന മരണം എന്നു നന്നായി അറിഞ്ഞുകൊണ്ട് തന്നെ… മറ്റു മാര്‍ഗമില്ലായിരുന്നു.
ഈ ചെറിയ അത്തിപ്പഴക്കൂടയില്‍ എങ്ങനെ ഒരു കരിമൂര്‍ഖനെ ഒളിപ്പിക്കാനാണ്? കാവല്‍ നില്‍ക്കുന്ന റോമന്‍ പരിചാരകരുടെ കണ്ണില്‍പെടാതെ മറ്റെന്ത് ചെയ്യാനാണ്?
സ്ഥാനചിഹ്നങ്ങള്‍ അണിഞ്ഞൊരുങ്ങിയ റാണിയെ ദാസിമാര്‍ പുറത്തേക്ക് ആനയിച്ചു… പതിനേഴാം വയസില്‍, സ്വസഹോദരനെ വേളികഴിച്ച്, കിഴക്കിന്റെ റാണിയായി ഈജിപ്തിന്റെ കാവല്‍ കൈയ്യേല്‍ക്കുമ്പോള്‍ തലയിലേറ്റിയ രാജമുദ്ര മൂന്നു തലമുള്ള സര്‍പ്പമായി റാണിയുടെ തലയില്‍ ഫണം വിരിച്ചുനിന്നു.
റാണിയുടെ അടുത്തേക്ക് ചെന്ന് അത്തിപ്പഴത്തിന്റെ, കുട റാണിയ്ക്കു നീട്ടി ഐരാസ് മെല്ലെ പറഞ്ഞു, ദേവീ, പുനര്‍ജനിയ്ക്കായി ഒരുങ്ങാന്‍ നേരമായി… ഐരാസിന്റെ നേരെ നീണ്ട റാണിയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു: ഐരാസ്, എന്റെ മക്കള്‍… ബാലനായ സീസേറിയന്‍…. ഒക്‌ടേവിയനില്‍ നിന്ന് അവര്‍ക്ക് കരുണ ലഭിക്കില്ല…”
“അത് യുദ്ധത്തിന്റെ നീതി…” ഐരാസിന്റെ ശബ്ദം കനത്തു, “ദേവീ… ഈജിപ്തിന്റെ കാവല്‍ക്കാരി, നൈലിന്റെ അധിദേവതയാണ് അവിടുന്ന്…. ഇത് അവിടുത്തെ നിയോഗം… ഇത് നിറവേറിയേ മതിയാവൂ”
റാണിയുടെ കൈത്തണ്ട ആ കൂടയിലേക്ക് ആഴ്ത്തിയിറക്കിക്കൊണ്ട് ഐരാസ് പറഞ്ഞു. “റാണീ, വരും ജന്മങ്ങളിലും അവിടുത്തെ കാവലാളായിരിക്കും ഈയുള്ളവള്‍…”
പിന്നെ, ആ കുടയിലേക്ക് തന്റെ സ്വന്തം കൈത്തണ്ടയമര്‍ത്തി, മന്ത്രിച്ചു: “ദേവകളേ, അടിയനെ ഏല്പിച്ച ഈ കാവല്‍ ഇവിടെ വരെയും…”
യുദ്ധത്തടവുകാരിയെ തെരുവുകളില്‍ ആര്‍ത്തിരമ്പുന്ന ജനങ്ങളുടെ മദ്ധ്യത്തിലൂടെ വലിച്ചിഴച്ച് വിജയം ആഘോഷിക്കാന്‍ റോമയിലേക്ക് കൊണ്ടുപോകാന്‍ ഒക്‌ടേവിയന്റെ സൈന്യം ആ തടവറയ്ക്കു മുമ്പില്‍ അന്ന് ഏറെ നേരം കാത്തുനിന്നു.


കാവല്‍- (കഥ -ലൈല അലക്‌സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക