Image

'അമ്മ'യെ തല്ലിയാലും രണ്ടു പക്ഷം

Sudarsan Kumar, Philadelphia Published on 20 February, 2014
'അമ്മ'യെ തല്ലിയാലും രണ്ടു പക്ഷം
മാതാ അമൃതാനന്ദമയീ മഠത്തില്‍ അരുതാത്ത കാര്യങ്ങള്‍ നടക്കുന്നതായി ആരോപിച്ച് അവരുടെ പൂര്‍വ്വശിഷ്യ എഴുതി എന്നു പറയപ്പെടുന്ന പുസ്തകം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളില്‍ ചിലതിലും വലിയ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ.
ഞാന്‍ അമൃതാനന്ദമയി എന്ന അമ്മയുടെ ഭക്തനല്ല എന്ന് ആമുഖമായി സൂചിപ്പിച്ചുകൊള്ളട്ടെ. എന്നാല്‍ മാതാ അമൃതാനന്ദമയിയുടെ ഉയര്‍ച്ചയിലും സമൂഹത്തില്‍ അവര്‍ ചെലുത്തുന്ന സ്വാധീനത്തിലും സന്തോഷം തോന്നുന്ന ഒരാളാണു ഞാന്‍. എന്റെ സന്തോഷത്തിനു വ്യക്തമായ കാരണമുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കേരളമടക്കം തീരദേശത്ത് സുനാമിയടിച്ചു. നൂറുകണക്കിനു മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിനു വീടുകള്‍ നശിച്ചു.
രാജ്യം പ്രതിസന്ധിയെ നേരിട്ട നിമിഷങ്ങള്‍. മറ്റേതു പ്രകൃതിക്ഷോഭം പോലെ സുനാമിയിലും മാതാ അമൃതാനന്ദമയീ മഠം നടത്തിയ ഇടപെടലായിരുന്നു എന്നത് എന്നെ സന്തോഷിപ്പിച്ചു. സംസ്ഥാനത്ത് ഏറ്റവും ആധുനികമായ ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന അമൃതാ ആശുപത്രിയും റിസര്‍ച്ച് സെന്ററും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഈ വര്‍ഷങ്ങള്‍ക്കിടക്ക് സ്ഥാപിക്കപ്പെട്ടിരുന്നു. ആശുപത്രി സ്ഥാപിക്കലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമെല്ലാം തങ്ങള്‍ക്കു മാത്രം ചെയ്യാവുന്ന കാര്യങ്ങളാണെന്ന് മേനി നടിച്ചിരുന്നവര്‍ക്ക് അമൃത ഒരു നല്ല ഉത്തരമായിരുന്നു.
അതുകൊണ്ടു തന്നെ അത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ച അകലെ നിന്നു കണ്ട് ഞാനും സന്തോഷിച്ചു. അമൃതാനന്ദമയീ മഠത്തിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള നിരവധി ഘടകങ്ങളുണ്ട്. മഠത്തിന്റെ പുരോഗതിയില്‍ കേരളത്തിലെ ഇടതുപക്ഷക്കാരില്‍ ചിലര്‍ മുതല്‍ ആഗോള മിഷണറി നേതൃത്വം വരെയുള്ളവര്‍ക്ക് അസൂയയും കുനുഷ്ഠുമുണ്ട്. എങ്കില്‍ പോലും ഇവരെല്ലാം ചേര്‍ന്ന് അമൃതശിഷ്യയുടെ പുസ്തകവും ഉയര്‍ത്തി നടത്തുന്ന കോലാഹലങ്ങള്‍ എന്നെയും വേദനിപ്പിക്കുന്നു.
ഈ വിഷയത്തില്‍ മഠം ഔദ്യോഗിക പ്രതികരണം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ. കേരളത്തിലെ ഹിന്ദുവിന്റെ നട്ടെല്ലും അഭിമാനവുമായ ഒരു സ്ഥാപനത്തെ തച്ചു തകര്‍ക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുക തന്നെ വേണം എന്നു ഞാന്‍ കരുതുന്നു. ഇരുപതു വര്‍ഷം അമ്മയോടൊപ്പം നടന്നതിനു ശേഷം 1999ല്‍ ആശ്രമം വിട്ട പൂര്‍വ്വശിഷ്യക്ക് ഇക്കാര്യങ്ങാള്‍ പറയാന്‍ 2014 വരെ കാത്തിരിക്കേണ്ടി വന്നോ എന്നതാണ് ആദ്യ ചോദ്യം.
ഇക്കാലയളവിനുള്ളില്‍ അവരെ മിഷണറിമാര്‍ വിലക്കെടുത്തു എന്നാണ് എനിക്കു തോന്നുന്നത്. കൂടെ നടന്നവരുടേയും പ്രവര്‍ത്തിച്ചവരുടേയും ചതിക്കോ വിമര്‍ശനത്തിനോ വിധേയമാകേണ്ടി വന്നിട്ടില്ലാത്ത എത്ര മഹദ്‌വ്യക്തികള്‍ ലോകത്തുണ്ട്? ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന നെഹ്രുവിന്റെ െ്രെപവറ്റ് സെക്രട്ടറി ആയിരുന്നു മലയാളിയായിരുന്ന എം.ഒ.മത്തായി. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ പരിചയപ്പെടുത്തിയപ്പോള്‍ എം.ഒ.മത്തായിയെ മോസ്റ്റ് ഒബീഡിയന്റ് മത്തായി എന്നാണത്രെ നെഹ്രു പരിചയപ്പെടുത്തിയത്. നെഹ്രു കുടുംബവുമായി പിരിഞ്ഞ ശേഷം എം.ഒ.മത്തായി രണ്ടു പുസ്തകങ്ങള്‍ എഴുതി.
1) Reminiscences of the Nehru Age, 2) My Days with Nehru.
 ഈ രണ്ടു പുസ്തകങ്ങളിലും എഴുതിയ കാര്യങ്ങള്‍ ഇവിടെ പറയുന്നില്ല. നെഹ്രുവിനു വിവിധ പെണ്‍കുട്ടികളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും എം.ഒ.മത്തായിക്കും മറ്റ് ചിലര്‍ക്കും ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങളുമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളില്‍ ചിലത്. മഹാത്മാഗാന്ധിയുടെ ശിഷ്യ മനു ബെന്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ ഇരുവരും ചേര്‍ന്നു നടത്തിയ 'ബ്രഹ്മചര്യ പരീക്ഷണ'ങ്ങളെക്കുറിച്ചു പറയുന്നുണ്ട്.
ഡയറിക്കുറിപ്പ് പുറത്തു വിടരുതെന്ന് ഗാന്ധിജിയുടെ ഇളയപുത്രന്‍ ദേവ്ദാസ് പറഞ്ഞതടക്കമുള്ള കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളൊക്കെ സത്യമാണെന്നു വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. കോടിക്കണക്കിനു മനുഷ്യര്‍ ഇഷ്ടപ്പെടുന്ന വ്യക്തികളെ, അവരോടൊപ്പമുണ്ടായിരുന്നവരില്‍ ആരെങ്കിലും പറയുന്നു എന്നതിന്റെ പേരില്‍ അവിശ്വസിക്കാനോ ആക്ഷേപിക്കാനോ മുതിരുന്നത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അമൃതാനന്ദമയി മഠം വിഷയത്തിലേക്കു തിരികെ വന്നാല്‍, ആക്ഷേപിക്കുന്ന മുഴുവന്‍ ആളുകളും അമ്മയുടെ പൂര്‍വ്വാശ്രമത്തിലെ നാമം 'സുധാമണി' എന്ന് ആവര്‍ത്തിച്ചുപയോഗിക്കുന്നതു കാണുന്നു. സംന്യാസം സ്വീകരിക്കുന്നവര്‍ പൂര്‍വ്വാശ്രമ നാമം ഉപേക്ഷിക്കുന്നതാണ് പതിവ്. ശ്രീരാമകൃഷ്ണ പരമഹംസന്‍ ഗംഗാധര്‍ ചതോപാദ്ധ്യായും സ്വാമി ചിന്മയാനന്ദ സരസ്വതി ബാലകൃഷ്ണമേനോനും ആണെന്നു അറിയുന്നവര്‍ തന്നെയാണ് അമൃതാനന്ദമയി അമ്മയെ വീണ്ടും വീണ്ടും സുധാമണി എന്ന പൂര്‍വ്വാശ്രമം നാമം ഉയര്‍ത്തി സംബോധന ചെയ്യുന്നത്. മോറോന്‍ മാര്‍ ബസേലിയോസ് ക്ലിമീസിനെ ഐസക് തോട്ടുങ്കല്‍ എന്നാരെങ്കിലും വിളിക്കാറുണ്ടോ?
അങ്ങനെ സംബോധന ചെയ്യുന്നത് മാന്യതയാണോ? അതുകൊണ്ട് ഇനിയെങ്കിലും വിമര്‍ശകര്‍ സംബോധനയിലെങ്കിലും മാന്യത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അമ്മയുടെ പൂര്‍വ്വശിഷ്യ എഴുതിയ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആഗ്രഹമുള്ളവര്‍ എന്തുകൊണ്ട് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി നല്‍കുന്നില്ല?
ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിപ്പിക്കാവുന്നതല്ലേ ഉള്ളൂ? അതിനു പോലീസ് തയ്യാറായില്ലെങ്കില്‍ കോടതിയില്‍ ഹരജി കൊടുക്കാം. വിമര്‍ശകര്‍ അതിനു തയ്യാറാവും എന്നു നമുക്ക് പ്രതീക്ഷിക്കാം. അമ്മയോടുള്ള വിദ്വേഷത്തിന്റെ അടിസ്ഥാന കാരണം, അവരുടെ പൂര്‍വ്വാശ്രമത്തിലെ പശ്ചാത്തലമാണ്. കറുത്ത തൊലിയുള്ള ഒരു ദളിത് ഹിന്ദു സ്ത്രീ ഐക്യരാഷ്ട്ര സഭ വരെ എത്തിയതിലുള്ള അസൂയ.
ആ ഒറ്റക്കാരണം കൊണ്ടു തന്നെ ആരോപണങ്ങള്‍ തെളിയിക്കപ്പെടും വരെ അമ്മയെ ഞാന്‍ പിന്തുണക്കും. ഈ ഘട്ടത്തില്‍ അവരെ പിന്തുണക്കേണ്ടത് കേരളത്തില്‍ ഹിന്ദുവായി ജീവിച്ചു മരിക്കാന്‍ ആഗ്രഹമുള്ള ഓരോ വ്യക്തിയുടേയും കടമയുമാണ്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാടായതു കൊണ്ട് ഈ കുറിപ്പിനെ എതിര്‍ക്കുകയോ സ്വീകരിക്കുകയോ ആവാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക