Image

സര്‍വ്വോത്തമ സംഘടന (മിനിക്കഥ: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 24 February, 2014
സര്‍വ്വോത്തമ സംഘടന (മിനിക്കഥ: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
എന്റെ ഭര്‍ത്താവിന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട്‌ ഏകദേശം ആറുമാസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഞങ്ങള്‍ ഈ നഗരത്തില്‍ താമസമാക്കിയത്‌. അന്നൊരുതിങ്കളാഴ്‌ച സമയം രാവിലെ ഏകദേശം പത്തുമണി. ഭര്‍ത്താവ്‌ ഓഫീസിലേക്കും കുട്ടികള്‍ സ്‌കൂളിലേക്കും പൊയ്‌ക്കഴിഞ്ഞിരുന്നു.

പരിഷക്കാരികളായ നാലു സ്‌ത്രീകള്‍ ഗെയ്‌റ്റ്‌ കടന്നു വരുന്നത്‌ ജനാലയില്‍ കൂടി ഞാന്‍ കണ്ടു. അവര്‍ കോളിംഗ്‌ ബെല്ലില്‍ വിരല്‍ അമര്‍ത്തുന്നതിനുമുമ്പ്‌ തന്നെ ഞാന്‍ വരാന്തയിലെത്തി. സുപ്രഭാതം ആശംസിച്ചു കൊണ്ട്‌ വരാന്തയിലേക്ക്‌ കയറിയ സ്ര്‌തീകളെ മന്ദ്‌സ്‌മിതത്തോടെ ഞാന്‍ സന്ദര്‍ശനമുറിയിലേക്ക്‌ സ്വാഗതം ചെയ്‌തു. അവര്‍ എന്റെ അപരിചിതത്ത്വം കലര്‍ന്ന നോട്ടം മനസ്സിലാക്കിയെന്ന്‌ തോന്നുന്നു.അവരില്‍ മദ്ധ്യവയസ്‌കയായ സ്‌ത്രീ പരിചയപ്പെടുത്തി.`ഞങ്ങള്‍ ഇവിടത്തെ ഒരു വനിതാസംഘടനയുടെ പ്രവര്‍ത്തകരാണ്‌. ഞാനാണു പ്രസിഡണ്ട്‌.

ലക്ഷ്യവും പ്രവര്‍ത്തനവും വിശദീകരിച്ചു. ആ സംഘടനയില്‍ അംഗമാകാന്‍ വാചാലതയോടെ അഭ്യര്‍ത്ഥ്യന നടത്തി. ഞാന്‍ വളരെസൗമ്യമായി മറുപടിപറഞ്ഞു.

`നിങ്ങളുടെ സംഘടന ചെയ്യുന്ന കാര്യങ്ങള്‍ വളരെ ശ്ശാഘനീയമാണ്‌. എന്റെ അഭിനന്ദനങ്ങള്‍. പക്ഷെ എനിക്ക്‌ നിങ്ങളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സമയം കിട്ടുകയില്ല.

സംഘടനയുടെ സെക്രട്ടറി:- എന്താണ്‌ഇത്രമാത്രം ജോലി. വെറുതെവീട്ടിലിരുന്ന്‌ സമയവും കഴിവുകളും നഷ്‌ടമാക്കാതെ ഞങ്ങളുടെ സംഘടനയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കരുതോ?

ഞാന്‍ പ്രതിവചിച്ചു.`ഞാന്‍ മറ്റൊരു സംഘടനയുടെ അംഗമാണ്‌.

സെക്രട്ടറി `ഏതാണ്‌ ആ സംഘടന ?ആരാണ്‌ അതിന്റെപ്രസിഡണ്ട്‌?'

എന്റെ മറുപടി: പ്രസിഡന്റ്‌ എന്റെ ഭര്‍ത്താവ്‌ തന്നെയാണ്‌്‌.അതിനാല്‍ എനിക്ക്‌ അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ട്‌.

ഇത്തവണ പ്രസിഡണ്ട്‌ ഇടപ്പെട്ടു.`ഓഹൊ, ഇതൊരു പുതിയ അറിവാണല്ലോ? ഏതാണ്‌ ആ സംഘടന. അതിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തന പരിപാടികളും എന്തൊക്കെയാണ്‌. ഞങ്ങള്‍ക്ക്‌ അറിയാന്‍ താല്‍പ്പര്യമുണ്ട്‌.

ഞാന്‍ഃ പറയാം, ഞങ്ങളുടെ പ്രവര്‍ത്തന പരിപാടിയില്‍ മുഖ്യമായിട്ടുള്ളത്‌, കുട്ടികളുടെ പരിപാലനം, അവരുടെ ശുചിത്വം, ഭക്ഷണം,ആരോഗ്യം, വിദ്യാഭ്യാസ കാര്യങ്ങള്‍ എന്നിവയും ഒപ്പം സാംസ്‌ക്കാരികവും, അദ്ധ്യാത്മികവുമായ നേട്ടങ്ങളും ആണ്‌.

സ്ര്‌തീകള്‍പരസ്‌പരം അത്ഭുതപൂര്‍വ്വം നോക്കുന്നത്‌ കൗതുകപൂര്‍വ്വം ഞാന്‍ ശ്രദ്ധിച്ചു.

പ്രസിഡണ്ട്‌ ഃ കൊള്ളാം, ഞങ്ങള്‍ ഈ നാട്ടില്‍ത്തന്നെ ഉള്ളവരാണ്‌. എന്നാല്‍ ഇത്തരം ഒരു സംഘടനയെപ്പറ്റി അറിഞ്ഞിട്ടില്ലല്ലോ? എന്താണ്‌ നിങ്ങളുടെ ഈ മഹത്തായ സംഘടനയുടെ പേര്‌?

ഞാന്‍ അഭിമാനപൂര്‍വ്വം ഉത്തരം കൊടുത്തു: ഞങ്ങളുടെ സംഘടനയുടെ പേര്‌ `കുടുബം'

അതുകേട്ട സന്ദര്‍ശകരുടെ പ്രതികരണം നമുക്കൂഹിക്കാം.

************************************
സര്‍വ്വോത്തമ സംഘടന (മിനിക്കഥ: സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക