Image

മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ (എം.എ.ടി) ഉദ്‌ഘാടനം മാര്‍ച്ച്‌ ഒന്നിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 26 February, 2014
മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ (എം.എ.ടി) ഉദ്‌ഘാടനം മാര്‍ച്ച്‌ ഒന്നിന്‌
താമ്പാ: താമ്പായിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന മലയാളികളുടെ കലാ- സാംസ്‌കാരിക-സാമൂഹിക ഉന്നമനത്തിനായി പുതുതായി രൂപംകൊണ്ട മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പാ (എം.എ.ടി)യുടെ ഉദ്‌ഘാടനം മാര്‍ച്ച്‌ ഒന്നിന്‌ താമ്പായിലുള്ള സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു.

അന്നേദിവസം വൈകുന്നേരം ആറുമണിക്ക്‌ സൗജന്യ ലഘുഭക്ഷണത്തോടെ പരിപാടികള്‍ ആരംഭിക്കുന്നതാണ്‌. 6.30-ന്‌ ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച്‌ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവ്‌ ചെറിയാന്‍ കെ. ചെറിയാന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ ഔപചാരികമായ ഉദ്‌ഘാടനം നിര്‍വഹിക്കുന്നതാണ്‌. ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

ഉദ്‌ഘാടന ചടങ്ങുകള്‍ക്കുശേഷം അസോസിയേഷന്റെ ഈവര്‍ഷത്തെ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. തുടര്‍ന്ന്‌ താമ്പായിലെ വിവിധ ഡാന്‍സ്‌ സ്‌കൂളുകളും മറ്റ്‌ കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടത്തപ്പെടുന്നതാണ്‌. തുടര്‍ന്ന്‌ സൗജന്യഭക്ഷണവും ഉണ്ടായിരിക്കും.

താമ്പായില്‍ പുതുതായി രൂപമെടുത്തിരിക്കുന്ന മലയാളികളുടെ സൗഹൃദ കൂട്ടായ്‌മയായ മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ ഈ എളിയ തുടക്കത്തിന്‌ താമ്പായിലുള്ള എല്ലാ മലയാളികളുടേയും സാന്നിധ്യ സഹകരണങ്ങള്‍ എം.എ.ടി ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ്‌ സുരേഷ്‌ നായര്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
Blesson 2014-02-26 21:52:11
അമേരിക്കയില്‍ ഓരോ മലയാളിക്കും ഓരോ അസോസിയേഷന്‍ എന്ന നിലയിലേക്ക് ഇന്ന് അസോസിയേഷനുകള്‍ പെരുകികൊണ്ടിരിക്കുകയാണ്. അസോസിയേഷനുകള്‍ അമേരിക്കയിലെ മലയാളികളുടെ ഇടയില്‍ എത്രയുണ്ടെന്നോ ചോദിക്കുന്നതിനേക്കാള്‍ നന്ന് കടല്‍ തീരത്തുള്ള മണ്‍തരികള്‍ എണ്ണുകയെന്നതാണ്. അത്രകണ്ട് അസോസിയേഷനുകള്‍ ഈ അമേരിക്കന്‍ മണ്ണില്‍ മലയാളികള്‍ക്കുണ്ട്. ഈ അസോസിയേഷനുകളൊക്കെ എന്തിനുവേണ്ടിയെന്നു ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം പറയാന്‍ പലപ്പോഴും ഇതിന്റെ നേതൃത്വനിരയിലുള്ളവര്‍ക്കില്ലയെന്നും തന്നെ പറയാം. കുടുംബങ്ങളുടെയും താമസിക്കുന്ന പ്രദേശത്തുള്ളവരുടെയും ജോലിയുമായി ബന്ധപ്പെട്ടുള്ളവരുടെയും എന്തിന് നാല് മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ പോലും അവിടെയും അസോസിയേഷന്‍ രൂപീകരിക്കുകയെന്നതാണ് അമേരിക്കയിലുള്ള ഇപ്പോഴത്തെ സ്ഥിതി.
ഒത്തു ചേരലിനും സൗഹൃദം പുതുക്കലിനും വേണ്ടിയും നാടിനെയും ഭാഷയേയും ഓര്‍ക്കാനും വളര്‍ത്താനും വേണ്ടിയെ ന്നും സംഘടനയില്‍ കൂടി തങ്ങ ള്‍ പ്രതിനിധീകരിക്കുന്ന നാട്ടിലെ പ്രദേശങ്ങളില്‍ അവിടുത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളികളാകുന്നതിനും വേണ്ടിയും ഇവിടെ തങ്ങള്‍ ജോലി ചെയ്യുന്ന മേഖലയിലെ മലയാളികളെ ഒത്തുചേര്‍ത്തുകൊണ്ട് അവരുടെ അവകാശങ്ങളില്‍ അവരെ പ്രബുദ്ധരാക്കുന്നതിനും വേണ്ടിയുമെന്നൊക്കെ പല അഭിപ്രായങ്ങളും ഇവിടെയുള്ള അസോസിയേഷന്‍ നേതാക്കള്‍ അവരോട് ഈ അസോസിയേഷന്‍ രൂപീകരിച്ചതെന്തിനെന്ന് ചോദിച്ചപ്പോള്‍ പറയുകയുണ്ടായി. ഇതില്‍ പല അസോസിയേഷനുകളുടെയും അംഗസംഖ്യ കേട്ടാല്‍ ഞെട്ടുകയും കരയുകയുമൊക്കെ ചെയ്തുപോകും അത്രക്ക് അംഗബലം കുറവാണ് ഇതില്‍ പലതിലും. വിരലിലെണ്ണാവുന്നത്രപോലും അംഗങ്ങള്‍ ഇല്ലാത്ത സംഘടനകളും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഉണ്ടെന്നതാണ് സത്യം. ഇവരൊക്കെ പല പരിപാടികളും നടത്തിയതായും അതില്‍ അനേകമാളുകള്‍ പങ്കെടുത്തതായും പത്രങ്ങളിലും മറ്റും കാണിക്കാറുണ്ടെന്നതാണ് സത്യം. ഏതാനം നാളുകള്‍ക്ക് മുന്‍പ് ഇതുപോലെ ഒരു മഹാസമ്മേളനത്തിന് പോകുകയുണ്ടായി. അവിടെ ചെന്നപ്പോള്‍ പത്തോ പന്ത്രണ്ടോ ആളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സംഘാടകരില്‍ ഒരാള്‍ അടുത്തെത്തി പരിപാടി തുടങ്ങുമ്പോഴേക്ക് ആളുകളെത്തുമെന്ന് അറിയിച്ചപ്പോള്‍ ഒരാശ്വാസം തോന്നി. പരിപാടി തുടങ്ങിയിട്ടും മധ്യമായിട്ടും അവസാനിക്കാറായിട്ടും ആ പത്തോ പന്ത്രണ്ടോ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഭാകമ്പമുള്ളവര്‍ക്ക് പ്രസംഗിക്കാന്‍ പറ്റിയ സമ്മേളനമായിരുന്നു അതെന്നു മനസ്സില്‍ അറിയാതെ പറഞ്ഞുപോയി ആ സമ്മേളനനഗരിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍.

അസോസിയേഷനുകള്‍ പരിപാടികള്‍ നടത്തുമ്പോള്‍ അതിലേക്ക് പലപ്പോഴും ക്ഷണിക്കാറുണ്ട്. അവിടെയെത്തുമ്പോള്‍ എന്തിനുവേണ്ടി ഈ അസോസിയേഷനും പരിപാടികളുമൊക്കെ രൂപീകരിക്കുകയും സംഘടിപ്പിക്കുന്നുയെന്നും തോന്നിപ്പോകാറുണ്ട്. പരിപാടികളുടെ നടത്തിപ്പിലും ഒന്നും യാതൊരു ചിട്ട യോ കാര്യപ്രസക്തിയോ ഒന്നും തോന്നാറില്ല. സമയനിഷ്ഠയുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. ഇത് സാധാരണ സംഘടനയുടെയും സംഘടനകളുടെ സംഘടനകളുടെയും കാര്യത്തി ലും ഇതാണ് ഗതി. പലരും ആളുകളിക്കുന്നതും ആളാകുന്നതും ആടിതിമിര്‍ക്കുന്നതും ഇത്തരം സംഘടനകളില്‍ കൂടെയാണെന്നു തന്നെ പറയാം. ഇതിനൊക്കെ വേണ്ടിയാണ് സംഘടനകള്‍ പലരും രൂപീകരിക്കുന്നതെ ന്നു പറയാം.

എല്ലാം സംഘടനകളും ഇങ്ങനെയാണെന്ന് പറയുന്നില്ല. ചില സംഘടനകള്‍ മാതൃകാപരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്. അതിനെ അഭിനന്ദിക്കുകയും അം ഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെയുള്ള ഭൂരിഭാഗം സംഘടനകളും ഇതിന് വിപരീതമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതും മറ്റും. അമേരിക്കയി ലെ മലയാളി സംഘടനകളെ പലതായി തരംതിരിക്കാം. കടലാസ് സംഘടനയാണ് അതില്‍ ഒരു തരം. കേവലം പത്രത്തില്‍ പേരും പടവും വരുന്നതിനുവേണ്ടി മാത്രമായി രൂപീകരിക്കുന്ന സംഘടനയാണിത്. പ്രസിഡന്റോ സെക്രട്ടറിയോ ആയി ഈ സം ഘടനകള്‍ ചുരുങ്ങുകയാണ് സാധാരണയായി. കേരളത്തിലോ ഇന്ത്യയിലോ വിവാദപരമായ സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതാണ് ഈ സംഘടനകള്‍ കൊണ്ടുദ്ദേശിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്കുനേരേ തിരിഞ്ഞാലും ഇവര്‍ ശക്തമായി പ്രതികരിക്കാറുണ്ട്. ഈ അടുത്തസമയത്ത് ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിയുടെ സംഭവത്തില്‍ നമ്മുടെ ഇടയിലു ള്ള ഒരു സംഘടനാ പ്രസിഡന്റ് അമേരിക്കന്‍ പ്രസിഡന്റിന് ശക്തമായ താക്കീത് നല്‍കുകയുണ്ടായി. അതും ഇവിടെ നിന്നും നാട്ടില്‍ നിന്നുമിറങ്ങുന്ന മലയാളം പത്രങ്ങളില്‍ കൂടി. അമേരിക്കന്‍ പ്രസിഡന്റ് മലയാളം വായിക്കാത്തതുകൊണ്ട് അദ്ദേഹം ആ താക്കീത് കേട്ട് വിരണ്ടില്ല. ഇല്ലെങ്കില്‍ ആ താക്കീത് കേട്ട് അദ്ദേഹം പനിച്ചുകിടന്നുപോയേനേം.

ഇത് പറയുമ്പോള്‍ മറ്റൊരു കഥയാണ് മനസ്സില്‍ ഓര്‍മ്മ വരിക. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ ഒരു എസ്.എഫ്.ഐ. നേതാവ് ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ അമേരിക്ക ഇടപെട്ടപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന് ശക്തമായ താക്കീ ത് നല്‍കിയതാണ് അത്. എസ്. എഫ്.ഐ.യുടെ കോളേജ് യൂ ണിറ്റ് മീറ്റിംഗില്‍ അവിടെ കൂടിയിരുന്ന പത്തോ അന്‍പതോ കു ട്ടികളുടെ മധ്യത്തില്‍ വച്ചായിരുന്നു ഈ നേതാവ് അമേരിക്കന്‍ പ്രസിഡന്റിനെ താക്കീത് ചെയ് തത്. ഇനിയും അമേരിക്ക ഇറാ ക്ക് ഇറാന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് വെല്ല്യേട്ടന്‍ കളിച്ചാല്‍ അതിനെതിരെ ശക്തമായി ഞങ്ങള്‍ ഇടപെടുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

കടലാസ് സംഘടനകള്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് കാര്യമായി ഒന്നും ചെയ്യാത്ത സംഘടനകളാണ്. വര്‍ഷത്തില്‍ ഒരു പരിപാടിവല്ലോം നടത്തി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ് ഇതിന്റെ സംഘാടകരുടെ ലക്ഷ്യം. തങ്ങള്‍ ഇവിടെയൊക്കെയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുകയെന്നതുമുണ്ട് ഇതിനുപിന്നില്‍. ഇവര്‍ കഴിഞ്ഞാല്‍ ആളാകാനും ആളെ കാണിക്കാനും വേണ്ടിയുള്ള സംഘടനകളാണ്. തങ്ങളെന്തോ മഹാ സംഭവങ്ങളാണെന്ന മട്ടില്‍ നടക്കുന്നവരാല്‍ രൂപീകരിക്കുന്ന സംഘടനയാണ് ഇത്. ഏതോ ഒരു സിനിമയില്‍ ദിലീപ് താന്‍ ഒരു സംഭവമാണ് തന്നെ സമ്മതിച്ചെ മതിയാകുകയെന്ന് പറഞ്ഞതുപോലെയാണ് ഇതിന്റെ നേതാക്കന്‍മാരുടെ നടപ്പ്. നാട്ടില്‍ നിന്ന് മന്ത്രിമാരെയും നേതാക്കന്‍മാരെയും മറ്റുള്ളവരുടെ ചിലവില്‍ ഇവിടെ കൊണ്ടുവന്ന് സ്വീകരണപരപാടികളും മറ്റും സംഘടിപ്പിക്കുകയും അതില്‍ കൂടി ആളുകളിക്കുകയും ചെയ്യുകയാണ് പതിവ്.ഇവിടെയെത്തി സ്വീകരണങ്ങളും ഏറ്റുവാങ്ങി ഇവിടെയുള്ളവരെ വാനോളം പുകഴ്ത്തി ഉപഹാരങ്ങളും മറ്റുമായി നാട്ടിലെത്തുന്ന മന്ത്രിമാരും സമുദായ നേതാക്കളും അമേരിക്കന്‍ മലയാളികള്‍ അഹന്തയും പൊങ്ങച്ചക്കാരും മറ്റുമായിട്ടുള്ളവരാണെന്നാണ് പറയുന്നത്. ഇങ്ങനെയു ള്ള സംഘടനാ നേതാക്കള്‍ നാട്ടിലെത്തുമ്പോള്‍ ഇവരുമായി ഒ ട്ടിനിന്ന് ഫോട്ടോയെടുത്ത് തങ്ങ ള്‍ നാട്ടിലും വി.ഐ.പി.കളും മറ്റുമാണെന്ന് അറിയിക്കാന്‍ പത്രങ്ങളില്‍ പടവും ന്യൂസും കൊടുക്കാറുണ്ട്. അതിനപ്പുറം ഒന്നും തന്നെ ഈ സംഘടനകളോ അ തിന്റെ നേതൃത്വത്തിലിരിക്കുന്ന വരോ ചെയ്യാറില്ല. അങ്ങനെ ആ ളുകളികാനും ആളെ കാണിക്കാനുള്ള സംഘടനകള്‍ കഴിഞ്ഞാ ല്‍ പിന്നെയുള്ളത് ആസ്ഥിയുള്ള സംഘടനകളാണ്. അധികാരകസേരക്കുവേണ്ടിയുള്ള അടി ഇവിടെയാണ് നടക്കുന്നത്. ആ സ്ഥിയുള്ള സംഘടനയെന്നുദ്ദേശിക്കുന്നത് സ്ഥലവും കെട്ടിടവും മറ്റു വരുമാനമാര്‍ഗ്ഗങ്ങളും.കിട്ടുന്ന പണം കൈയിട്ടുവരാനാണ് ഈ സംഘടനകളില്‍ അധികാരത്തിനുവേണ്ടി കടിപിടി കൂട്ടുന്നതെയെന്നു തന്നെ പറയാം. ആവശ്യമുള്ളതുമില്ലാത്തതുമായതെല്ലാം കണക്കില്‍ കാണിച്ച് പല മീറ്റിംഗുകളും ഗംഭീരസമ്മേളനങ്ങളായി ചിത്രീകരിച്ച് സംഘടനയില്‍ എത്തുന്ന പണം മുഴുവന്‍ അകത്താക്കുകയാണ് പതിവ്. അങ്ങനെ അനേകം വി ഭാഗത്തില്‍പ്പെട്ട സംഘടനകള്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ട്. രണ്ടോ മൂന്നോ പേര്‍ കൂടുന്നിടത്ത് അവരുടെ മധ്യേ ഞാനുണ്ടെന്ന വിശുദ്ധ വചനംപോലെ രണ്ടോ മൂന്നോ പേര്‍ എവിടെ കൂടുന്നുവോ അവരുടെയിടയിലും സംഘടനകള്‍ നമ്മുടെ മലയാളി സമൂഹത്തിന്റേതായിട്ടുണ്ട്. ഈ അടുത്ത സമയത്ത് ഒരു സംഘടന അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പൊട്ടിമുളക്കുകയുണ്ടായി. എന്താണ് സംഘടനയുടെ ലക്ഷ്യമെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേക ല ക്ഷ്യമൊന്നുമില്ല ചിലവൊക്കെ കൂടി വരികയല്ലെ. എന്തെങ്കിലുമൊക്കെ ഒരു സൈഡ് ബിസ്സിനസ്സ് വേണ്ടേയെന്ന് അതിന്റെ തലപ്പത്തുള്ള ഒരാള്‍ തമാശയായി പറയുകയുണ്ടായി. തമാശയാണെങ്കിലും അതില്‍ കാര്യമുണ്ട്. വല്ല്യചിലവൊന്നുമില്ലാതെ നാട്ടില്‍ നിന്ന് ചിലവ് കുറഞ്ഞ കലാകാരന്‍മാരെ കൊണ്ടുവന്ന് ഇവിടെ പരിപാടികള്‍ അവതരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. നൂറും ഇരുന്നൂറും മുന്നൂറും ഡോളറി ന്റെ ടിക്കറ്റ് വച്ചാണ് പരിപാടി. ലാഭം മുഴുവന്‍ സംഘടനയിലു ള്ള അഞ്ച് ഭാരവാഹികള്‍ക്ക്. സംഘടനയില്‍ കൂടി ആളും കളി ക്കാം ലാഭവും കിട്ടും ഒരു വെ ടിക്ക് രണ്ട് പക്ഷികള്‍ എന്നപോലെ.

അങ്ങനെ എത്രയെത്ര സംഘടനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഭാഷക്കുമെല്ലാം ഇവിടെ സംഘടന കള്‍ മലയാളികളുടെ ഇടയില്‍ ഉ ണ്ട്. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന എത്ര സംഘടനകള്‍ ഇതിലുണ്ടെന്ന് ചോദിച്ചാല്‍ ഉത്തരം മൗനമായിരിക്കും. അമേരിക്കന്‍ മലയാളി സമൂഹത്തിന് ഈ സംഘടനകളെകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലായെന്നു തന്നെ പറയാം.

നമ്മുടെ നാട് ഉദ്ധരിക്കാനും ഭാഷ വളര്‍ത്താനും ഇവിടെയു ള്ള നമ്മുടെ സമൂഹത്തെ ഉദ്ധരിക്കാനും എന്നു പറയുന്നതല്ലാതെ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം നമ്മുടെ നാടിനോ ഭാഷയ്‌ക്കോ ഇവിടെയുള്ള സമൂഹത്തിനോ നമ്മുടെ മലയാ ളി അസ്സോസിയേഷനുകള്‍ കൊണ്ടോ മറ്റ് നമ്മുടെ സംഘടനകള്‍ കൊണ്ടോ ഉണ്ടായിട്ടില്ലായെന്ന് തുറന്നു പറയാം. അമേരിക്കയില്‍ മൂന്ന് യൂണിവേഴ്‌സിറ്റികളില്‍ മലയാളവിഭാഗം ഉണ്ടായിരുന്നു. ഇന്ന് അതില്‍ ഒരെണ്ണം ഇല്ലാത്തതിനു തുല്ല്യമായിട്ടാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റിന്‍ മെയി ന്‍ ക്യാമ്പസിലുള്ള മലയാളം ഡിപ്പാര്‍ട്ടുമെന്റാണ് അന്ത്യശാസം വലിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കക്കാരനായ ഡോക്ടര്‍ മോഗിന്റെ പരിശ്രമഫലമായാണ് അവിടെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റും ഉണ്ടായത്. പഠിക്കാന്‍ കുട്ടികളില്ലാത്തതുകൊണ്ടാണ് അത് നിര്‍ ജ്ജീവമായത്. അങ്ങനെയൊരു ഡിപ്പാര്‍ട്ട്‌മെന്റ് യു.റ്റി.ഓസ്റ്റണില്‍ ഉണ്ടെന്നുപോലും നമ്മുടെ അസാസിയേഷനുകള്‍ക്കറിയാമോയെന്നു തോന്നുന്നില്ല. അവിടെ പഠിക്കുന്ന മലയാളി കുട്ടികള്‍ മറ്റ് വിദേശഭാഷകള്‍ എടുത്ത് പഠിക്കുന്നുയെന്നതാണ് ഏറെ രസകരം. അവര്‍ക്ക് അങ്ങനെയൊരു ഡിപ്പാര്‍ട്ടുമെന്റോ മലയാള വിഷയമോ ഉണ്ടെന്നും അറിയില്ലായെന്നും പറയാം. നമ്മുടെ മലയാളി അസോസിയേഷനുകളില്‍കൂടി അത് നമ്മുടെ സമൂഹത്തിലെത്തിച്ചാല്‍ ഒരുപക്ഷെ കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ താ ല്പര്യപ്പെടുമെന്നു കരുതാം...

മറ്റൊന്ന് ഇവിടെയുള്ള ഇന്ത്യന്‍ കൗണ്‍സിലേറ്റ് ജനറല്‍ ഓഫീസുകളില്‍ നീതി നിഷേധവും കെടുകാര്യസ്ഥതയും പക്ഷപാദപ്രവ ര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നത് പകല്‍പോലെ സത്യമാണ്. അത് കണ്ടിട്ടും കേട്ടിട്ടും നമ്മുടെ മലയാളി അസോസിയേഷുകള്‍ യാതൊരു രീതിയിലുള്ള പ്രതികരണമോ പരാതികളോ ഒന്നും തന്നെ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സമയം കണ്ടെത്താറില്ലായെന്നതാണ് സത്യം. അങ്ങനെയെന്തെങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ ഒരു പക്ഷെ കുറെയൊക്കെ മാറ്റം വരുമെന്നുതന്നെ പറയാം.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത നിരവധി മലയാളികള്‍ അമേരിക്കയിലുണ്ട്. തുച്ഛമായ വരുമാനം ഉള്ളതുകൊണ്ടാണ് ഇന്‍ഷ്വറന്‍സ് എടുക്കാന്‍ ഇവര്‍ക്ക് കഴിയാത്തത്. കാലകാലങ്ങളില്‍ ഡോക്ടറുമാരെ കാണാന്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തതുകകാരണം പലര്‍ക്കും കഴിയാറില്ല. ഇവരില്‍ പലരും നിത്യരോഗികളാണെന്നതാണ് മറ്റൊരു സത്യം. അമേരിക്കയിലെ മലയാളികള്‍ താമസിക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും മലയാളി ഡോക്ടറുമാരുണ്ട്. ഇവരെ സംഘടിപ്പിച്ചുകൊണ്ട് ഒരു സൗജന്യചികില്‍സ പദ്ധതി ആഴ്ചയിലോ മാസത്തിലോ ഒരു ദിവസം നടത്തിയാല്‍ ഇവര്‍ക്ക് അത് വളരെയേറെ ആശ്വാസകരമാകും. നമ്മുടെ മിക്ക മലയാളി അസോസിയേഷനുകള്‍ക്കും സ്വന്തമായ കെട്ടിടങ്ങളുള്ളപ്പോള്‍ അതിന് പ്രത്യേക സ്ഥലം അന്വേഷിക്കേണ്ടതായ ആവശ്യമില്ല. എന്നാല്‍ ഇവിടെയുള്ള ഏതെങ്കിലും മലയാളി അസോസിയേഷനുകള്‍ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നത് സംശയമാണ്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം ദിനംപ്രതി അമേരിക്കയിലെ മലയാളികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. അവരുടെ സഹായം മറ്റുള്ളവരില്‍ ഇതുപോലെ എ ത്തിക്കാന്‍ കഴിഞ്ഞാല്‍ അതാണ് നമ്മുടെ അസോസിയേഷനുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നുയെന്നതായി പറയാന്‍ കഴിയും.

ഇവിടെ അസോസിയേഷനുകള്‍ കൂണുപോലെ ദിവസംതോറും മുളച്ചുപൊങ്ങുന്നതല്ലാതെ അതുകൊണ്ട് നമ്മുടെ സമൂഹത്തിനോ നാടിനോ ഭാഷയ്‌ക്കോ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലായെന്നതാണ് സത്യം. സദ്യയും സല്‍ക്കാരവും മറ്റുമായി ഒരു കൂടിചേരല്‍ പിന്നെ പത്രങ്ങളില്‍ അതിനേക്കാള്‍ മഹത്താ യ ഒരു പടം ചേര്‍ന്നുള്ള ഒരു വാര്‍ത്തയും. ഇതെല്ലാം കാണുമ്പോള്‍ ഒരു പടം മാത്രമാണെന്ന് പൊതുജനത്തിന് ഇന്ന് നന്നായറിയാം. 
തങ്ങള്‍ മഹത്തായ കാര്യങ്ങള്‍ ചെയ്ത് മലയാളിസമൂഹത്തെ മൊത്തത്തില്‍ സേവിക്കുന്നുയെന്ന രീതിയിലുള്ള ഭാവവും മറ്റും കാണുന്നതാണ് ഏറെ മടുപ്പുളവാക്കുന്നത്.
അല്പപ്രശസ്തിക്കും അധികാരത്തിനും വേണ്ടി മാത്രമായി ഇവിടെയുള്ള നമ്മുടെ മലയാളി അസോസിയേഷനുകളില്‍ ഒട്ടുമിക്കതും മാറുന്നുയെന്നതാണ് സത്യം. ഇത് അസോസിയേഷനുകളോടുള്ള ജനങ്ങളുടെ വെറുപ്പിന് കാരണമാകുന്നുയെന്നതാണ് യാഥാര്‍ത്ഥം. എന്ത് അസോസിയേഷന്‍ ആരുടെ അസോസിയേഷന്‍ എന്ന് ഇതേക്കുറിച്ച് പറയുമ്പോള്‍ തന്നെ ജനം ഇപ്പോള്‍ പറയാറുണ്ട്. അത്ര മടിപ്പ് അ സോസിയേഷനുകളുടെ കാര്യത്തില്‍ ജനത്തിനുണ്ട്. സമൂഹം അംഗീകരിക്കത്ത നിലയിലേക്ക് നമ്മുടെ അസോസിയേഷനുകളും മറ്റും മാറുമ്പോള്‍ അവര്‍ സമൂഹത്തിനുവേണ്ടിയെന്ന് പറയാന്‍ കഴിയില്ല. അത് മനസ്സിലാക്കാന്‍ അസോസിയേഷനുകള്‍ രൂപീകരിക്കുന്നവര്‍ ശ്രമിക്കുന്നത് നന്ന്. 

ഇല്ലെങ്കില്‍ നാളെ അവരെ നോക്കി സമൂഹം കളിയാക്കം. അന്ന് അസോസിയേഷനുകള്‍ ആര്‍ക്കും വേണ്ടാത്ത അനാഥാലയങ്ങളായി മാറും. അന്ന് ഈ അസോസിയേഷന്റെ തലപ്പത്തിരിക്കാന്‍ ഇപ്പോഴുള്ള യുവതലമുറയില്‍പ്പെട്ട ആരെങ്കിലും തയ്യാറാകുമോ. അസോസിയേഷന്‍ എന്തെന്നു പോലുമറിയാത്തവരാ ണ് ഇപ്പോഴുള്ള നമ്മുടെ യുവതലമുറ. ക്രിയാത്മകമായ പ്രയോജനകരമായ പ്രവര്‍ത്തികള്‍ ചെ യ്ത് അവര്‍ക്ക് മാതൃകകാട്ടി അ ന്തസ്സോടെ പ്രവര്‍ത്തിച്ചാല്‍ ഒരു പക്ഷെ അവര്‍ അസോസിയേഷനുകളിലേക്ക് വന്നേക്കാം. എണ്ണത്തിലല്ല പ്രയോജനകരമായ പ്രവര്‍ത്തിയില്‍ കൂടിയാണ് അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് നമ്മുടെ സമൂഹത്തിലെ അസോസിയേഷനുകള്‍ ഉ ണ്ടാക്കുന്നവരും അതിലെ ചുമതലക്കാരും ഓര്‍ക്കുന്നത് നന്ന്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക