Image

സോയ നായരുടെ കവിതകളെക്കുറിച്ചുള്ള പഠനം: സുധീര്‍ പണിക്കവീട്ടില്‍

Published on 25 February, 2014
സോയ നായരുടെ കവിതകളെക്കുറിച്ചുള്ള പഠനം: സുധീര്‍ പണിക്കവീട്ടില്‍
`ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഒരിക്കല്‍ പറഞ്ഞു അദ്ദേഹം ഒരു പഴയ കവിയാണ്‌, അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ പഴയതാണ്‌. അതുവെച്ച്‌ ഇന്നത്തെ കവിതയുടെ ഒരു ഭാഗമാകാന്‍ ശ്രമിക്കയാണെന്ന്‌, കാരണം കവിത മാറികഴിഞ്ഞു. ഓരോ തലമുറക്കും അവരുടേതായ ഒരു കവിതാ രീതിയുണ്ടാകും. അവരുടേതായ സൗന്ദര്യശാസ്ര്‌തവും. എന്റെ പഴയ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പുതിയ കവിതയെ വിലയിരുത്താന്‍ ഞാന്‍ ആരുമല്ല.' ശ്രീമതിസോയനായരുടെ `ഇണനാഗങ്ങള്‍' എന്ന കവിതാസമാഹാരം വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്‌തുത വരികള്‍ ഓര്‍മ്മിച്ചു, അവരുടെ കവിതകള്‍ നൂതനമാണ്‌. ആദ്യ വായനയില്‍ അപ്രാപ്യമെന്ന്‌ വായനക്കാരനു തോന്നുന്ന വിധത്തിലാണ്‌. എന്നാല്‍ ലളിതമായ ഭാഷാ ശൈലിയിലും ഹ്രുദയഹാരിയായ ആവിഷ്‌ക്കാര ഭംഗിയിലും നിറഞ്ഞതാണു്‌.പഴയകാല കവിതകള്‍ ഒരു നിഘണ്ടുവിന്റെ സഹായത്താല്‍ മനസ്സിലാക്കാന്‍ സാധിച്ചിരുന്നപ്പോള്‍ ആധുനിക കവിതകള്‍വായനയിലൂടെ ആര്‍ജ്‌ജിച്ചെടുത്ത അറിവിന്റെ സഹായത്താല്‍ ഒരു പരിധി വരെ മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം. എന്നാലും ഒരു പക്ഷെ നിരൂപകന്റെ കണ്ടെത്തുലുകളില്‍ നിന്നും വ്യത്യസ്‌ഥമായിരിക്കാം കവിയുടെ ഉദ്ദേശ്യം.

മുപ്പത്‌ കവിതകള്‍ ഉള്‍ക്കൊള്ളുന്ന കവിതാസമാഹാരമാണ്‌്‌ `ഇണനാഗങ്ങള്‍''. ഇതിന്റെ പ്രത്യേകത ഇത്‌ അവരുടെ ആദ്യ കൃതിയാണെന്നുള്ളതാണ്‌്‌. മുളയിലെ അറിയാം വിള എന്നു പറയുമ്പോലെ ആദ്യ കവിതകളില്‍ നിന്ന്‌ തന്നെ കവയിത്രിയുടെ സര്‍ഗ്ഗശക്‌തിയും ഭാവനാ വൈഭവവും മനസ്സിലാക്കാന്‍ കഴിയും. ഓരോ കവിതയും കവയിത്രിയുടെ വ്യത്യസ്‌ഥ വീക്ഷണങ്ങളുടെ പ്രതിഫലനങ്ങളാണ്‌.

സ്വയം പ്രഭേതെളിയൂ എന്ന കവിതയിലെ ഈ വരികള്‍ക്ക്‌ ചിലതാത്വികസമീപനങ്ങളുടെ ഒരു ദര്‍ശനമുണ്ട്‌. ശബ്‌ദശലഭങ്ങള്‍ക്ക്‌ മാര്‍ഗ്ഗം മുടക്കിയൊരെന്‍ നിശബ്‌ദ കുയിലുകള്‍ മാനസേ കൂടണയുന്നു. ശലഭങ്ങള്‍ ശബ്‌ദമുണ്ടാക്കുന്നത്‌ അവയുടെ സ്‌ഥല പരിധിനിര്‍ണ്ണയിക്കാനാണ്‌. അതെപോലെ ഈഭൂമിയില്‍ ഇത്തിരിമണ്ണുസ്വന്തമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെമനസ്സില്‍ സന്തോഷമൂണ്ടാകുന്നില്ല. അവന്റെ ജീവിതപാതയില്‍ സംഘര്‍ഷങ്ങളാണ്‌.അവന്റെ കുയിലുകള്‍പാടാതെ കൂടണയുന്നു. ചിന്തകനായ നീത്‌ഷെ പറഞ്ഞത്‌ വ്യകതിയുടെ അടിസ്‌ഥാനഭാവം ഭീതിയാണെന്നാണ്‌. ഈ ഭീതിയില്‍ നിന്നുണ്ടാകുന്ന മാനസിക വിഹ്വലതകളുടെ ഒരു വിവരണം ഈ കവിതയിലുണ്ട്‌. അവസാനം കാണുന്ന സ്വയം പ്രഭേ തെളിയൂ എന്ന പ്രയാഗം ഒരു പക്ഷെ `ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കു നയിക്കു' എന്ന ഉപനിഷത്ത്‌ മന്ത്രത്തെ ഉദ്ദേശിച്ചാകാം. യാത്ര എന്ന കവിതയിലും ശുഭാപ്‌തി വിശ്വാസത്തിന്റെ കിരണങ്ങള്‍ പരന്ന്‌ കിടക്കുന്നുണ്ട്‌. സ്വന്തം പ്രതീക്ഷകളില്‍ ആശ്രയിക്കുമ്പോള്‍പ്രതിബന്ധങ്ങളുടെ ഇരുട്ട്‌മാറിപോകുന്നു. അതാണു്‌ ശ്വാശ്വതമായ വെളിച്ചം. അതാണുനമ്മെമുന്നോട്ട്‌ നയിക്കുന്നത്‌ എന്ന്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.പാന്ഥര്‍ എന്ന കവിതയിലും ജീവിത യാത്രയുടെ വളരെ യഥാസ്‌തികമായ ഒരു ചിത്രം വരച്ചിടുന്നുണ്ട്‌. സഹയാത്രികര്‍ കൂടെയുണ്ടാകുമോ എന്ന ചോദ്യവും വീണ്ടും വഴിയാത്രയില്‍ കണ്ടുമുട്ടുന്ന അപരിചിതരേയുയും പറ്റിപറയുമ്പോള്‍ ഒരു സത്യത്തിന്റെ പൊരുള്‍നിവരുന്നുണ്ട്‌. കണ്ടു മുട്ടുന്നവര്‍ അപരിചിതരാണ്‌, പിന്നെ അവര്‍ സഹയാത്രികരാകുന്നു. അപ്പോള്‍ അപരിചിതത്ത്വമില്ല. അത്‌കൊണ്ട്‌ സഹയാത്രികര്‍ കൂടെയുണ്ടാകുന്നില്ലെന്നത്‌ അപരിചിതത്ത്വം അകന്ന്‌ പോകുന്നു എന്ന സൂചനയാകാം. ജീവിതം കണ്ടുമുട്ടലുകളുടേയും വേര്‍പിരിയലുകളുടേയും വേദിയാണെങ്കിലും അപരിചിതത്വത്തിന്റെ ക്ഷണികതക്കാണു ഊന്നല്‍. വീണ്ടും അപരിചിതരെ കണ്ടുമുട്ടുന്നു, അവര്‍ സഹയാത്രികരാകുന്നു.

ഇണനാഗങ്ങള്‍ എന്ന കവിതയിലെ ബിംബകല്‍പ്പനയില്‍ പടംപൊഴിക്കുന്ന ഇണനാഗങ്ങളെ പ്രതിബിംബമാക്കികൊണ്ട്‌ പ്രണയിക്കുന്ന രണ്ട്‌പേരെകുറിച്ച്‌ പറയുന്നുണ്ട്‌. പാമ്പിനെ പുരുഷലിംഗത്തിന്റെ പ്രതീകമായി കാണുന്നവരുണ്ട്‌.അതെസമയം ഭാരതീയ സങ്കല്‍പ്പത്തില്‍ പാമ്പിനെ വെള്ളവുമായി ബന്ധിപ്പിക്കുന്നു. വെള്ളം സ്‌നേഹത്തിന്റേയും വികാരത്തിന്റെയും പ്രതീകമാണ്‌.കവിതയിലെ നായിക അനുഭവിക്കുന്ന പ്രണയാനുഭൂതികളെ വിവരിക്കുമ്പോള്‍ പാമ്പ്‌ ഒരു പ്രതീകമായി വരുന്നു. പടം പൊഴിക്കുന്ന പാമ്പ്‌ നവജീവന്റെ, പുനര്‍ജന്മത്തിന്റെ ഒക്കെ പ്രതീകമാകുമ്പോള്‍ കവിതയിലെ നായിക-നായകന്മാര്‍ ഒരു പുതിയ ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നുവെന്ന്‌ സങ്കല്‍പ്പിക്കവുന്നതാണ്‌. താഴെ സൂചിപ്പിച്ചപോലെ ഇവര്‍ ഭാവനയെ ഒരു പ്രത്യേക ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തുന്നില്ലാത്തതിനാല്‍ ബിംമ്പങ്ങള്‍ ക്രുത്രിമത്വമില്ലാതെവരികളില്‍ ഇഴുകിചേരുന്നു.ല്‌പഈ കവിതയില്‍ ഇണനാഗങ്ങള്‍ എന്ന വാക്ക്‌സൂചിപ്പിക്കുന്നത്‌ രതിയെയാണെന്നുതോന്നാമെങ്കിലും അവസാനം നവജീവിതം കൈവരിക്കുന്നതിനു പഴയപടം ഊരികളയുന്ന നാഗങ്ങളെ പരാമര്‍ശിക്കുമ്പോള്‍ പ്രതീക്ഷാനിര്‍ഭരരായി മുന്നോട്ട്‌ നീങ്ങുന്ന രണ്ടു ഹ്രുദയങ്ങളുടെ പ്രണയ സപന്ദനങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു.ഒരേബിംബത്തിന്റെ വ്യത്യസ്‌ഥ ഭാവങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാനൈപുണ്യം വിദഗ്‌ദ്ധമായി ഉപയോഗിച്ചിട്ടുണ്ടീ കവിതയില്‍.

തണല്‍മരം എന്ന കവിത ഇന്ന്‌ പീഢിപ്പിക്കപ്പെടുന്ന സ്‌ത്രീയുടെ നിസ്സഹായതയുടെ ഒരു ദയനീയ ചിത്രം പകരുന്നു. ഈ കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു ബിംബമാണ്‌്‌ `മാനം' അവരുടെ വരികള്‍ ഉദ്ധരിക്കുന്നു: സ്വയംഭോഗം ചെയ്യുമ്പോഴും, മറ്റുള്ളവരാല്‍ ഭോഗിക്കപ്പെടുമ്പോഴും, പൊട്ടിത്തകരുന്ന കന്യാ(കാ) ചര്‍മ്മമേ, നീ കാണാതെ പോകുന്ന, ചര്‍മ്മത്തിന്‍ പേരോ മാനം? വീണ്ടും വരുന്ന വരികളില്‍ ഇങ്ങനെ നമ്മള്‍ വായിക്കുന്നു.അഭിമാനത്തിനു വേണ്ടി പൊരുതുവാനാകാതെ, മാനം നോക്കി കിടക്കുന്നു ഞാന്‍. കന്യകാത്വത്തിനു ദൈവീകത്വം കല്‍പ്പിക്കുന്നത്‌ കൊണ്ടാകാം അത്‌ നഷ്‌ടപെടുമ്പോള്‍ മാനം പോയി എന്നു പറയുന്നത്‌. മാനം (ആകാശം) നിത്യതയുടെ, ദൈവീകത്വത്തിന്റെ, ഈശ്വരന്റെ ഒക്കെ പ്രതീകമായി കണക്കാക്കുന്നുണ്ടല്ലോ? എന്നാല്‍ എല്ലാം കണ്ടു നില്‍ക്കുന്ന ഒരു നോക്കുക്കുത്തി മാത്രമായും മാനത്തെ കാണാമെന്നും മാനം രക്ഷിക്കാനാകാതെ മാനം നോക്കി കിടക്കുന്ന സ്ര്‌തീയുടെ നിസ്സഹായവസ്‌ഥ ഓര്‍മ്മിപ്പിക്കുന്നു. അതെ സമയം മാനത്തിനുമാറ്റങ്ങള്‍വന്നും പോയും കൊണ്ടിരിക്കുന്നതല്ലാതെ മാനം മാറുന്നില്ലെന്ന ധ്വനിയും മനസ്സിലാക്കാവുന്നതാണ്‌്‌. ഈ കവിതയിലെ സ്ര്‌തീമാനം നഷ്‌ടപ്പെടുമ്പോള്‍ തണല്‍മരം തേടുന്നു. തുറന്ന മാനത്തിന്റെ വിതാനത്തിനു കീഴില്‍ സ്വകാര്യതയുടെ ഇത്തിരി തണല്‍ കാംക്ഷിക്കുമ്പോള്‍ മാനത്തെ മറയ്‌ക്കുക എന്നും അനുമാനിക്കാവുന്നതാണു്‌. കാരണം മാനം രക്ഷിക്കുന്നില്ല മറിച്ച്‌ മുറിപ്പെടുത്തുകയാണ്‌. അപ്പോള്‍പിന്നെ അതിനു ഒരു മറതേടുക.കന്യാകത്വം എന്ന മിത്തിനെ മ്രുദുവായിസംശയരൂപത്തില്‍ ചോദ്യം ചെയ്യുന്നു കവയിത്രി.

വാക്ക്‌ എന്ന കവിതയിലൂടെ ഒരു വലിയ ആശയം വായനക്കാരിലെത്തുന്നു. അമേരിക്കന്‍ കവയിത്രി എമിലി ഡിക്കെന്‍സന്‍ ഒരു കവിതയില്‍ വാക്കിനെ ഇങ്ങനെ വിവരിക്കുന്നു. പലരും വിചാരിക്കുന്നത്‌ ഉച്ചരിച്ച്‌ കഴിഞ്ഞാല്‍ വാക്ക്‌ മരിച്ചു എന്നാണു. എന്നാല്‍ ഉച്ചരിച്ച്‌ കഴിയുമ്പോഴാണൂ ഒരു വാക്ക്‌ ജീവിക്കുന്നത്‌. ഈ കവിതയില്‍ ഉച്ചരിച്ച്‌ കഴിഞ്ഞ ഒരു വാക്ക്‌ സ്രുഷ്‌ടിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റിയാണ്‌. വാക്കുകള്‍ പലപ്പോഴും നമ്മില്‍ നിന്നും പുറപ്പെടുന്നത്‌ പെട്ടെന്നാണു. വാക്കിന്റെ നാനാര്‍ഥങ്ങളെ കുറിച്ച്‌്‌ പറയുന്നയാള്‍ ബോധവനാകണമെന്നില്ല. എന്നാല്‍ കേള്‍ക്കുന്നവര്‍ അത്‌ എങ്ങനെ എടുക്കുന്നു എന്നതിനെ ആസ്‌പദ്‌മാക്കിയാണ്‌ ഒരു വാക്കിന്റെ അര്‍ഥം ഉരുത്തിരിയുന്നത്‌.ആദിയില്‍ വചനമുണ്ടായിയെന്ന്‌ ബൈബിള്‍ പറയുന്നു, വാക്ക്‌ കൊണ്ടാണു ഈ ലോകത്തിലെ എല്ലാം സൃഷ്‌ടിക്കപ്പെട്ടത്‌. ബന്ധങ്ങള്‍ പോലും വാക്കാല്‍ ബന്ധിക്കപെടുന്നു. അതെപോലെ തന്നെ വാക്ക്‌ കൊണ്ട്‌ ബന്ധങ്ങള്‍ എവിടെ വച്ചും ഉപേക്ഷിച്ചുപോകാമെന്നും ഈ കവിതയില്‍ കാണുമ്പോള്‍വായനക്കാരന്‍ അത്‌വരെ ചിന്തിക്കാത്ത ഒരു പൊരുള്‍നിവര്‍ന്ന്‌വരുന്നു. വളരെ ലളിതമായി ഒരു വലിയ ആശയം പ്രകടിപ്പിച്ചിട്ടുണ്ട്‌ ഈ കവിതയില്‍. പറയുന്ന ആള്‍ ഉദ്ദേശിക്കുന്ന അര്‍ഥവും ഭാവവും.ചിലപ്പോള്‍വ്യക്‌തമാക്കാന്‍ വാക്കുകള്‍ അപര്യാപ്‌തങ്ങളാകുന്നു എന്ന വിരോധാഭാസവും അതെ സമയം വാക്കൂകള്‍ക്ക്‌ സ്രുഷ്‌ടിക്കവുന്ന അപാരമായ സാധ്യതകളും നമ്മള്‍ മനസ്സിലാക്കുന്നു. വാക്കുകളാല്‍ കരിമ്പുതപ്പേകുന്നു വാസ്‌തവ മനോഭാവം പലപ്പോഴും (ബാലാമണിയമ്മ) എന്ന കവിതയെ വായനക്കാരന്‍ ഓര്‍ക്കുന്നു.മൊഴിയിലൊളിപ്പില്ല ദു:ഖവും നീര്‍ത്തുള്ളിയും കണ്ടില്ല ആരും.....അറിയില്ലെനിക്ക്‌ പാശ്‌ചാത്തപിച്ചീടാന്‍, അറിയില്ലെനിക്ക്‌ പരിഹാരമേകാന്‍.
ല്ലാ കവിതകളിലും കവയിത്രി പ്രകടിപ്പിക്കുന്ന ഒരു നിസ്സംഗതാ ഭാവം അല്ലെങ്കില്‍ യാതാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ വൈഷമ്യമുള്ള മനുഷ്യമനസ്സുകളുടെ നിസ്സഹായതയുടെ ഒരു ചീള്‌ ദ്രുശ്യമാണു്‌.പ്രശ്‌നങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്ന പരിഹാരമാര്‍ഗ്ഗങ്ങളും സൂചിപ്പിക്കുക മാത്രമാണു്‌ അല്ലാതെ അത്‌ നിവര്‍ത്തിക്കേണ്ടത്‌ കവികളുടെ ധര്‍മ്മമല്ലെന്ന്‌ ഇവര്‍ വിശ്വസിക്കുന്നുണ്ടാകാം.

പൂക്കാത്ത മുല്ല എന്ന കവിത അവസാന നിമിഷം വരെ മനുഷ്യന്‍ കൊണ്ട്‌ നടക്കുന്ന മോഹത്തെപ്പറ്റിയാണു. പൂക്കാത്ത മുല്ലയുടെ സുഗന്ധം തേടുന്ന മനുഷ്യന്‍. ഡാന്റെയുടെ ഡിവൈന്‍ കോമഡി എന്ന നാടകത്തില്‍ നരകവാതിലില്‍ എഴുതിവച്ചിരിക്കുന്ന ഒരു വാചകത്തെപ്പറ്റി പറയുന്നുണ്ട്‌. അതിങ്ങനെ `ഇവിടെ പ്രവേശിക്കുന്നവര്‍ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിക്കുക. ജീവിതത്തിലെ അസുഖകരമായ ഒരു നിമിഷം നമ്മള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ക്ക്‌ ആ നിമിഷം മാത്രമാണു നഷ്‌ടപ്പെടുന്നത്‌. എന്നാല്‍ അതെക്കുറിച്ച്‌ ചിന്തിച്ചിരുന്നാല്‍ നമ്മള്‍ക്ക്‌ വര്‍ത്തമാനവും, ഭാവിയും കൂടി നഷ്‌ടമാകുന്നു. സാക്ഷത്‌കരിക്കാത്ത മോഹങ്ങള്‍ക്ക്‌ പിറകെ പോയി മനോഹരമായ ഈ ജീവിതം പാഴാക്കരുത്‌. എന്നാല്‍ മോഹങ്ങളുടെ പിടിയില്‍ നിന്നും മനുഷ്യനു മോചനമില്ല. അതവന്റെ പട്ടടയോളം കൂടെ പോകുന്നു. ഇതില്‍ നിന്നും ഒരു പാഠം കൂടി നമ്മള്‍ പഠിക്കുന്നു. നടക്കാത്ത കാര്യങ്ങള്‍ ആലോചിച്ച്‌ നമ്മള്‍ ഇന്നിനെ നഷ്‌ടപ്പെടുത്തുന്നു. അതു കൊണ്ടാണു കവയിത്രി പറയുന്നത്‌, അന്യമെങ്കിലും വിസ്‌മരിക്ലീടുവാന്‍ ആഗ്രഹമില്ലാത്ത ഭൂതം - നഷ്‌തപ്പെട്ടെങ്കിലും മറക്കാന്‍ കഴിയാത്ത ഭൂതകാലം - വര്‍ത്തമാനത്തിലും ഭാവിയിലും സ്വായ്‌ത്തമാക്കാന്‍ കൊതിച്ചാലും വഴുതി മാറുന്ന യൗവ്വനം. കാലം ആര്‍ക്കും വേണ്ടി കാത്തിരിക്കുന്നില്ല.

സ്‌നേഹപൂര്‍വ്വം എന്ന കവിത പ്രേമാര്‍ദ്രമായ സ്‌ത്രീ ഹൃദയത്തിന്റെ ഉള്‍തുടിപ്പുകളുടെ ഹ്രുദ്യമായ കാവ്യാവിഷ്‌ക്കരമാണ്‌. അഭിലാഷങ്ങളുടെ പൂമൊട്ടുകള്‍ വിരിഞ്ഞ്‌ സ്‌നേഹത്തിന്റെ സുഗന്ധം പരത്തി നില്‍ക്കുന്ന ഒരു മനസ്വിനിയുടെ ഏകാഗ്ര ചിന്തകള്‍ ഈ കവിതക്ക്‌ ഒരു ചാരുത നല്‍കുന്നു. ഓരോ ചിന്തകളിലും നിര്‍മ്മല രാഗത്തിന്റെ തേന്‍കണങ്ങള്‍ പുരട്ടാനും അത്‌ വളരെ വിശ്വസനീയമാക്കാനും കവയിത്രിക്ക്‌ കഴിഞ്ഞിരിക്കുന്നു.മണച്ചിമിഴിലെ പ്രണയം,പറയാതെ പോയ പ്രണയം, ആ ദിവസത്തിന്റെ ഓര്‍മ്മ, ഓര്‍മ്മതന്‍ പൊന്‍പൂവ്വ്‌ ഈ കവിതകളുടെ ശീര്‍ഷകം സൂചിപ്പിക്കുന്നപോലെ ഇവയില്‍ എല്ലാം പ്രേമത്തെക്കുറിച്ചുള്ള കവയിത്രിയുടെ ഉല്‍കണ്‌ഠകളാണ്‌ സ്‌നിഗ്‌ധമായ പ്രണയത്തിന്റെ ഒരു നനവ്‌ അനുഭവപ്പേടുത്തുന്നതല്ലാതെ കവിതകളില്‍ ഗഹനമായ ഒരു ദര്‍ശനമില്ല. എങ്കിലും ഭാഷാഭംഗികൊണ്ട്‌ വായനാസുഖവും പ്രേമത്തിന്റെ ഇത്തിരി മധുരവും ഇവ നല്‍കുന്നു.(ഹ്രുദയവല്ലരി പൂത്തുലഞ്ഞ പോലെ, കണ്ണുകള്‍ കഥ പറഞ്ഞ പോലെ..വാകപ്പൂമരക്ലോട്ടിലിരുന്ന്‌, പരിഭവങ്ങള്‍ പങ്ക്‌ വക്ലപോലെ (2)ഇപ്പോഴും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന്‌ , നീയെന്തെയറിഞ്ഞീല (3) ആ പാദസര മണിനാദം നിന്‍ ഹ്രുദയത്തുടിപ്പുകള്‍, കവിളുകളെ തൊട്ടുരുമ്മും കാതിലോലപ്പൂ)

വാക്കുകളുടെ സങ്കീര്‍ണ്ണതകളില്ലാതെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നും വളരെ ലളിതമായി ആവിഷക്കരിച്ചിരിക്കുന്ന കവിതകളാണധികവും. എന്നാല്‍ അവ ഒറ്റ വായനയില്‍ സുതാര്യമാകുംവിധമല്ലെങ്കിലും നിരൂപകരുടെ അറിവിന്റെ മേഖലയില്‍ ഒരു തീപ്പെട്ടികോല്‍ ഉരക്കാന്‍ പ്രാപ്‌തമാണു്‌ കവിതകള്‍. വലിയ കവികളെല്ലാം വലിയ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്ലിരുന്നു.

കവിതയിലെ ഓരോ വാക്കും പൊളിച്ച്‌ പൊളിച്ച്‌ (verbal peeling) നോക്കുമ്പോള്‍ കണ്ടെത്തുന്ന അര്‍ത്ഥ തലങ്ങള്‍ വായനക്കാര്‍ക്ക്‌്‌ സന്തോഷം നല്‍കും. കവിതകള്‍ ഒരു പ്രത്യേക വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നില്ല. വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളിലൂടെ ഓരോ ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കവയിത്രി പരിശ്രമിക്കുന്നുണ്ട്‌.

കവയിത്രി കവിതകളില്‍പാലിക്കുന്നനിശ്ശബ്‌ദതയുടെ ശബ്‌ദം കേള്‍ക്കുന്ന നിരൂപകരും വായനക്കാരും കവിതകളില്‍ അന്തര്‍ലീനമായ മൗനത്തിന്റെ പൊരുള്‍ തിരിച്ചറിയും. അങ്ങനെ വായനക്കാര്‍ക്കും നിരൂപകര്‍ക്കും വിട്ടു കൊടുത്ത്‌ വിട്ട്‌ എഴുതുന്ന സമ്പ്രദായം ഇപ്പോള്‍ കൂടി കൂടി വരുകയാണ്‌. എന്നാല്‍ അത്‌ കഴിയുന്നതും ഒഴിവാക്കുന്നതാണു നല്ലത്‌.

കവിതകളില്‍ കാണുന്ന ഒരു സവിശേഷത ഭാവനകളെ അവര്‍ കടിഞ്ഞാണിട്ട്‌ ഒരു നിശിച്‌ത പരിധിക്കുള്ളില്‍ നിര്‍ത്തുന്നില്ലെന്നാണ്‌. ഇത്‌ വളരെ പ്രശംസനീയമാണ്‌. അനുകരണമില്ലാതെ അല്ലെങ്കില്‍ ആധുനികതയെന്നും പറഞ്ഞ്‌ ദുരൂഹതകള്‍ചമച്ച്‌ വിടാതെ സ്വന്തം ശൈലി വികസിപ്പിക്കുന്നത്‌ കാണം. സോയ നായര്‍ക്ക്‌ ശ്രമിച്ചാല്‍ തന്റെതായ ഒരു വഴി വെട്ടിയുണ്ടാക്കന്‍ കഴിയും.ഇന്നു കവിത വഴി മുട്ടി നില്‍ക്കയാണ്‌. കവികള്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലുംഅതെല്ലാം പഴമയുടെ മണം പേറുന്നവയാണു്‌. ഒരു പക്ഷെ തന്റേതായ ഒരു ദര്‍ശനം പൂര്‍ണ്ണമാക്കാന്‍ കൂടുതല്‍ എഴുതുമ്പോള്‍ കവിതയുടെ ലോകത്ത്‌ നവാഗതയായ ഇവര്‍ക്ക്‌ല്‌പകഴിയുമായിരിക്കും.

മുക്‌തഛന്ദസ്സില്‍ എഴുതി ആധുനികതയുടെ ചുവട്‌പിടിക്കുമ്പോഴും കാല്‍പ്പനികതയുടെ ലാവണ്യം ചോരാത്ത ആകര്‍ഷണീയമായ ഒരു ശൈലി സ്വന്തമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്‌.മാനുഷിക വികാരങ്ങളെ തൊട്ടുനില്‍ക്കുന്ന ഭാവങ്ങള്‍ കവിതയില്‍ പ്രകടിപ്പിക്കുമ്പോള്‍ അവയെ കൂടുതല്‍ ദ്രുഢമാക്കാന്‍ ശ്രമിക്കുന്നതിനു പകരം സമാപ്‌തി തിടുക്കത്തിലാക്കുന്ന ഒരു പ്രവണത ചില കവിതകളില്‍ കാണുന്നത്‌ ഒരു പക്ഷെ അവരുടെപരീക്ഷണത്വരയുടെ ആരംഭ പ്രതിഫലനങ്ങളാകാം.

പൂര്‍വ്വികര്‍ പരീക്ഷിച്ച്‌്‌ ഉപേക്ഷിച്ച അല്ലെങ്കില്‍ ഇപ്പോള്‍ പ്രചുര പ്രചാരമുള്ള രീതികള്‍ പിന്തുടരുന്നതിനെക്കാള്‍ സ്വന്തമായ ശൈലിയും ആവിഷ്‌ക്കാരവും പരിപോഷിപ്പിക്കുന്നത്‌ നല്ലത്‌ തന്നെ. സോയ നായര്‍ ഈ പുസ്‌തക്‌ത്തില്‍ അങ്ങനെ ചില പരീക്ഷണങ്ങള്‍ നടത്താന്‍ നോക്കിയുട്ടുണ്ടെങ്കിലും (കുറുങ്കവിതകാള്‍, തുണ്ടു കവിതകള്‍,കണികകള്‍, മനസ്സ്‌) അവ പൂര്‍ണ്ണമായി സ്വതന്ത്രമല്ല. അത്തരം കവിതകള്‍ നമ്മള്‍ക്ക്‌ പരിചയമുണ്ട്‌. എങ്കിലും അവര്‍ ആ ശ്രമത്തില്‍ വിജയിക്കുന്നത്‌ പ്രോത്സാഹജനകമാണ്‌്‌. ജോണ്‍ ബാര്‍യെ (പോയട്രി ഫൗണ്‌ഡേഷന്റെ പ്രസിഡണ്ട്‌, പോയട്രി എന്ന മാസിക പ്രസിദ്ധീകരിക്കുന്നു; ഹാരിയറ്റ്‌ മോന്‍രോ 1912 ല്‍ സ്‌ഥാപിച്ചതാണു പോയട്രി എന്ന മാസിക) ഉദ്ധരിച്ച്‌ പറയാം. കവിതയുടെ ഭാവി പ്രവചിക്കുക അസാദ്ധ്യമത്രെ. എപ്പോഴും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു മ്രുഗമാണു കവിത. കാരണം ആത്മാവില്‍ അനുസരണ കാണിക്കാതെയിരിക്കുന്ന ഒന്നില്‍ നിന്നത്രെ കവിത വരുന്നത്‌.എല്ലാ എഴുത്തുകാരിലും ആ മൃഗം ഇങ്ങനെ ഓടിപോകാന്‍ ശ്രമിക്കുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഒരു പ്രത്യേക രൂപത്തില്‍ വാര്‍ന്നു വീഴുന്നു. എല്ലാവരിലും ഈ മൃഗം അനുസരണ കേട്‌്‌ കാട്ടണമെന്നില്ല.പരിചിതമായ ജീവിത പരിസരങ്ങളില്‍ നിന്നും മാറുമ്പോള്‍ ഈ മ്രുഗത്തിനു ഇളക്കങ്ങള്‍ ഉണ്ടാകുന്നു. പല പ്രസിദ്ധ എഴുത്തുകാരും യാത്രകളിലൂടെ എത്തിപ്പെട്ട സ്‌ഥലങ്ങളെ ആസ്‌പദമാക്കി രചിച്ച ക്രുതികള്‍ വിശ്വ വിഖ്യാതമായിട്ടുണ്ട്‌. അതെപോലെ വിട്ടു പോന്ന പിറന്ന നാടും പ്രിയപ്പെട്ടവരും അവരുടെ ക്രുതികളില്‍ ഗ്രഹതുരത്വത്തിന്റെ വിഷാദമൂകത പരത്തിയിരുന്നു. എന്നാല്‍ സോയ നായരുടെ കവിതകളില്‍ അവര്‍ എത്തിപ്പെട്ട പുതിയ രാജ്യത്തെക്കുറിക്ലുള്ള കവിതകള്‍ കാണുന്നില്ല. നയാഗ്ര, നീ ആര്‌ എന്ന കവിതയൊഴിച്ച്‌. അവര്‍ പ്രവാസിയായിട്ട്‌ അധികം കാലമായിട്ടില്ലെന്നുള്ളതും പരിഗണിക്കേണ്ടതുണ്ട്‌.അത്‌ കൊണ്ട്‌ ഇതിലെ കവിതകളില്‍ ഒരു ഗ്രഹതുരത്വവും കാണുന്നില്ല. എന്നാല്‍ കവിതകളില്‍ കാണുന്ന കാല്‍പ്പനിക ലാവണ്യം ഗ്രുഹതുരത്വമായി പരിഗണിക്കുന്നത്‌ ശരിയോ എന്നറിയില്ല. കവിത അവരുടെ വരദാനമായിരുന്നു. അത്‌ അവര്‍ എവിടെയായിരുന്നാലും എഴുതുമെന്നു കവിതകള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു.

വളരെ മഹത്തായ കവിതകള്‍ ഉണ്ടാകണമെങ്കില്‍ വളരെ മഹത്തായ ഒരു ആസ്വാദന വിഭാഗം ഉണ്ടാകണമെന്ന്‌ വിറ്റ്‌മാന്‍ പറഞ്ഞിട്ടുണ്ട്‌.അത്‌ കൊണ്ട്‌ കവിതകളെ പരിപോഷിപ്പിക്കുക. ഇവിടത്തെ സാഹിത്യ സംഘടനകള്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ അധികം സമയം കണ്ടെത്തുക. സോയ നായരുടെ കവിതകള്‍ അങ്ങനെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വായിക്കപ്പെടട്ടെ, ചര്‍ക്ല ചെയ്യപ്പെടട്ടെ എന്നാശംസിക്കുന്നു.ഇത്‌ ഇണനാഗങ്ങള്‍ എന്ന കവിതാസമാഹരത്തിലെ തിരഞ്ഞെടുത്ത കവിതകളെക്കുറിച്ചുള്ള ഒരു ലഘു പഠനമാത്രം.

ശ്രീമതി സോയ നായര്‍ക്ക്‌ അഭിനന്ദനങ്ങള്‍!

(ഇണനാഗങ്ങള്‍ , പായല്‍ ബൂക്‌സ്‌: പുസ്‌തകത്തിന്റെ കോപ്പികള്‍ക്ക്‌ soyabinu@gmail.com)

ശുഭം.
സോയ നായരുടെ കവിതകളെക്കുറിച്ചുള്ള പഠനം: സുധീര്‍ പണിക്കവീട്ടില്‍സോയ നായരുടെ കവിതകളെക്കുറിച്ചുള്ള പഠനം: സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക