Image

നിലമ്പൂരില്‍ മരണം ചാക്കിലാണ്? - ജോസ് കാടാപുറം

ജോസ് കാടാപുറം Published on 25 February, 2014
 നിലമ്പൂരില്‍ മരണം ചാക്കിലാണ്? - ജോസ് കാടാപുറം
കേരളം ഭരിക്കുന്നത് സ്ത്രീ പീഡകരാണോ?! നിലമ്പൂര്‍ കോവിലകത്തുമുറി ഗ്രാമത്തിലെ വളരെ ദരിദ്രകുടുംബത്തിലെ അംഗമായ രാധ കുടുംബം പുലര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ ജോലി സ്വീകരിച്ചത്.

സ്വകാര്യ സ്‌ക്കൂളിലെ താല്‍ക്കാലിക ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഭരിക്കുന്ന വലിയ പാര്‍ട്ടിയുടെ നിലമ്പൂരിലെ ഓഫീസില്‍ ജോലി കിട്ടിയത്. വൈദ്യൂതി മന്ത്രിയുടെ മകന്റെ ബിസിനസ്സ് ഓഫീസും, ഭരണ പാര്‍ട്ടിയുടെ ഓഫീസും മന്ത്രിയുടെ വക്കീലായ ബന്ധുവിന്റെ ഓഫീസും വൃത്തിയാക്കുന്ന ജോലിയാണ് രാധ രണ്ടു വര്‍ഷമായി ചെയ്തുപോരുന്നത്.

ഫെബ്രുവരി 5ന് രാവിലെ ജോലിക്ക് പോയ രാധ തിരിച്ചു വരാതായപ്പോള്‍ സഹോദരന്‍ ഭാസ്‌കരന്‍ രാധ ജോലിചെയ്യുന്ന കോണ്‍ഗ്രസ് ഓഫിസിലെ സെക്രട്ടറി ബിജുവിനെ വിളിച്ചു (ഇദ്ദേഹം വൈദ്യുതിമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്ന നിലയില്‍ ശമ്പളം പറ്റുന്നയാളാണ്). ഇദ്ദേഹത്തിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പിറ്റേന്ന് നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി കൊടുത്തിട്ട് സബ് ഇന്‍സ്‌പെക്ടര്‍ പരാതി ഫയലില്‍ സ്വീകരിക്കാതെ പറഞ്ഞു വിട്ടു. സംസ്ഥാനത്തെ ഏതൊരു പൗരനും പോലീസ്‌ സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ പരാതി സ്വീകരിച്ച് റസീറ്റ് നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരിക്കെ നിലമ്പൂരിലെ ഭരണകക്ഷിയ്ക്ക ഓഫീസ് ജീവനകാരിയെ കാണാതായിട്ട് രണ്ട് ദിവസമായിട്ടും അന്വേഷിക്കാത്തത്.

രാധ എവിടെയാണെന്ന് ആ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമായിരുന്നുയെന്ന് പിന്നീടാണ് കേരളീയ സമൂഹത്തിന് മനസ്സിലായത്. രണ്ട് ദിവസം ചാക്കില്‍ കെട്ടി രാധയുട മൃതദേഹം ഈ പാര്‍ട്ടി ഓഫീസില്‍ തന്നെ സൂക്ഷിച്ചിരുന്നു.

ഒത്തിരി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം കേരളത്തിലെ കോണ്‍ഗ്രസ് രാധയുടെ മരണത്തിന്. ബുധനാഴ്ച കാണാതായ രാധയെ വെള്ളിയാഴ്ച വൈകീട്ടാണ് കുളത്തില്‍ കാണുന്നത്! കൊല്ലപ്പെട്ട രാധയുടെ മൃതദ്ദേഹം എന്തിന് ഗാന്ധിജിയുടെ ഫോട്ടോയിരിക്കുന്ന പാര്‍ട്ടിയാപ്പീസില്‍ എന്തിന് സൂക്ഷിച്ചു? ആരൊക്കെ കൊലപാതകത്തിന് കൂട്ടുനിന്നു? കുളത്തില്‍ കിടന്ന ജഢം എന്തുകൊണ്ട് ഉടന്‍ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയില്ല?

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വരുന്നതിനു മുമ്പ് തന്നെ രാധ ബലാത്സംഗം ചെയ്യപ്പെട്ടില്ല എന്ന് പോലീസിനെ കൊണ്ട് പറയിപ്പിക്കാന്‍ ആര്‍ക്കായിരുന്നു തിരക്ക്? രാധയുടെ സഹോദരന്റെ മൊഴിയെടുക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിദ്ധ്യം എന്തിനായിരുന്നു.

കോണ്‍ഗ്രസ്സുകാരായ നേതാക്കളുടെയും അനുയായികളുടെയും നീചമായ ആക്രമണത്താല്‍ കൊല്ലപ്പെടാന്‍ മാത്രം കോണ്‍ഗ്രസ് ഓഫീസില്‍ എന്ത് ഹീനകൃത്യത്തിനാണ് രാധ ദൃക്‌സാക്ഷിയായത് എന്നറിയാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ട്. രാധ മരിച്ച ദിവസം  കേരള പ്രദേശ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത നീതിമാനായ നേതാവില്‍നിന്ന ഉത്തരം പ്രതീക്ഷിക്കാമോ? ഇനിയും എത്രയോ പേരെ ചോദ്യംചെയ്യാന്‍ ഉണ്ട്.

കോണ്‍ഗ്രസ്സിലെ ഉന്നതരുടെ തെറ്റായ പ്രവര്‍ത്തനങ്ങളുടെ രഹസ്യം രാധയ്ക്ക് അറിയാമായിരുന്നോ? കോണ്‍ഗ്രസ്സ് ഓഫീസില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കര്‍ഷക കോണ്‍ഗ്രസ്സ് നേതാവിന്റെ കുളത്തില്‍ രാധയുടെ ജഡം കെട്ടി താഴ്ത്തിയത് എന്തുകൊണ്ട്. ആര്യാടന്‍മാരെ ആരെയും ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുന്നത് എന്തുകൊണ്ട്. ചൂല് ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ മൃഗീയമായി പരിക്കേല്‍പ്പിച്ചത് ഫോറന്‍സിക് വിദഗ്ദന്‍ പറഞ്ഞപ്പോള്‍ ചൂലിന് മറ്റൊരു ഉപയോഗം കൂടി ഉണ്ടെന്ന് നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയിലെ പുതിയ പാര്‍ട്ടികളെ ഓര്‍മ്മിപ്പിക്കുന്നു!

ഈ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ സ്ത്രീപീഢകരും, ക്രിമിനലുകളുമാണെന്ന് ഹൈക്കോടതി തന്നെ സലീംരാജിന്റെ കേസില്‍ പറഞ്ഞത് പൊതുസമൂഹം മറന്നിട്ടില്ല. അങ്ങനെ സ്ത്രീപീഢകരുടെ സ്വന്തം സര്‍ക്കാരായി കേരള ഗവണ്‍മെന്റ് മാറിയതില്‍ മന്ത്രിമാരു മുതല്‍, കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസര്‍വരെ വേദിയാകുന്നു.

പോലീസും നേതാക്കളും ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ മാഫിയകളുമായി കൈക്കോര്‍ക്കുന്നു. രണ്ടര വര്‍ഷം കൊണ്ട്, കേരളത്തില്‍ മുപ്പത്തിയയ്യായിരം പീഢനകേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഒരു സാധു യുവതി കോണ്‍ഗ്രസ് ഓഫീസില്‍ പൈശാചികമായി കൊല്ലപ്പെട്ടതിന്റെ കേസ്സും ഭരണതലങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍കൊണ്ട് സില്‍ബന്ധികളെമാത്രം പിടിച്ച്, യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ കഴിയാതെ വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല!!

ആരെയൊക്കെയോ രക്ഷിക്കാന്‍ പോലീസും, നേതാക്കളും ബോധപൂര്‍വ്വം ശ്രമിക്കുന്നതിന്റെ സൂചന പൊതുസമൂഹത്തിന് കിട്ടി കഴിഞ്ഞു.. അധികാരവും ലൈംഗിക അരാജകത്വവും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ജീര്‍ണ്ണതയും ഇപ്പോഴത്തെ സര്‍ക്കാരിന്റെ മുഖമുദ്രയാണെന്നു പറയുന്നതില്‍ ഖേദമുണ്ട്!!


 നിലമ്പൂരില്‍ മരണം ചാക്കിലാണ്? - ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക