Image

ദൈവീകത ദുഷിക്കുന്നിടത്തു പൈശാചികത സംഹാരതാണ്ടവമാടും

ജോണ്‍സണ്‍ പുഞ്ചക്കോണം Published on 26 February, 2014
ദൈവീകത ദുഷിക്കുന്നിടത്തു പൈശാചികത സംഹാരതാണ്ടവമാടും
ദൈവീകത ദുഷിക്കുന്നിടത്തു പൈശാചികത സംഹാര താണ്ടവമാടും എന്നത് പകല്‍പോലെ സത്യം. ഉത്തരാധുനികതയുടെ നെറുകയില്‍ വിരക്തി അനുഭവിക്കുന്ന സത്യാന്വേഷികളെ സംഘടിത മതങ്ങളിലേക്കും, അതിലൂടെ മതാനുഭവങ്ങളിലേക്കും  വഴിപിടിച്ചു നടത്തുന്നത് സ്വജീവിതത്തിന്റെ അര്‍ഥം നേടിയുള്ള യാത്രകളാണ്. ലൌകികതയുടെ പാരതന്ത്ര്യത്തില്‍ നിന്ന് മുക്തരായി ചങ്ങലകളില്ലാത്ത ആത്മീയ ലോകത്തിന്റെ വിഹായസ്സിലേക്ക് സ്വതന്ത്രരാകുവാനാണ്  ഇക്കൂട്ടര്‍ ആഗ്രഹിക്കുന്ന  മതാനുഭവത്തിന്റെ പരമമായ ലക്ഷ്യം.  ആത്മീയ പാതയില്‍ വഴിതെറ്റാതെ അനുഗാമിയെ  നയിക്കുകയാണ് ആത്മീയനേതാക്കന്മാരുടെ  പരമമായ കര്‍ത്തവ്യം. ഗുരുവിനെ അനുഗമിക്കുന്നവരുദെ  മനസ്സിന്റെ ആഴങ്ങളിലേക്ക്  ആത്മീയആചാര്യന്റെ  അകകണ്ണെത്തുമെന്നാണ് സങ്കല്‍പം. എന്നാല്‍ അനുഗാമിയുടെ  ശരീരഭാഗങ്ങളിലേക്ക് കപടതയുടെ മുഖം മൂടി അണിഞ്ഞ അഭിനവ ആത്മീയആചാര്യന്മാരുടെ കണ്ണുകളും കരങ്ങളുമെത്തുന്ന അതിധാരുണമായ സംഭവങ്ങളാണ് സമീപകാലങ്ങളില്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. കേവലം സാധാരണക്കാരായ മനുഷ്യര്‍ പോലും ചെയ്യാന്‍ അറക്കുന്ന ഹീനകര്‍മ്മങ്ങളാണ് അസാധാരണര്‍ എന്ന്  വിശേഷിപ്പിക്കുന്ന  ചിലരുടെയെങ്കിലും  ഉപശാപശാലകളില്‍ നടമാടുന്നതെന്ന സത്യം  ഇന്നിന്റെ മനസിന് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണ്.

മുതല്‍ മുടക്കില്ലാതെ കെട്ടിപ്പടുക്കാവുന്ന ബിസിനസ് സാംബ്രാജ്യമായി മാറിയിരിക്കുന്നു ഉത്തരാധുനികതയിലെ ആത്മീയകച്ചവടസംരംഭങ്ങള്‍. പുരാതന സംസ്‌കാരത്തില്‍ സര്‍വസംഗപരിത്യാഗികളായി ഗിരിശ്രുങ്ങഗളില്‍  ആത്മീയ ചൈതന്യത്തിന്റെ  ബ്രഹ്മകാണ്ടങ്ങള്‍ വിരിയിക്കുവാന്‍ പ്രാപ്തിയുള്ള ഋഷിവര്യന്മാര്‍ ജീവിച്ച മണ്ണാണ് ഭാരതം. ഒരിക്കല്‍ അഭിമാനത്തോടെ വീക്ഷിച്ഛിരുന്ന സന്യാസജീവിതങ്ങളില്‍ ചിലതെങ്കിലും ഇന്ന് പ്രസ്ഥാനങ്ങളിലൂടെ ദിശമാറി ഒഴുകി വലിയ കച്ചവടസംരംഭങ്ങളോ, ആഭാസകേന്ദ്രങ്ങളോ ആയി മാറിയിരിക്കുന്നു. സാമ്പത്തികതട്ടിപ്പുകള്‍ മുതല്‍ സെക്‌സ്‌റാക്കെറ്റ് വരെ ഇവര്‍ കച്ചവടത്തിനും ആത്മരതിക്കുമായി ഉപയോഗപ്പെടുത്തുന്നു. ചില   മതരാഷ്ട്രീയ  പ്രസ്ഥാനങ്ങളിലെങ്കിലും  ഇത്തരത്തിലുള്ള ആത്മീയകച്ചവടസംരംഭങ്ങള്‍ തഴച്ചു വളരുകയാണ്.

പ്രയാസങ്ങളിലൂടെയും, വ്യാധികളിലൂടെയും, സാമ്പത്തിക തകര്‍ച്ചകളിലൂടെയും, ശിഥിലമായി കൊണ്ടിരിക്കുന്ന  കുടുംബ അന്തരീക്ഷങ്ങളില്‍ മനംമടുത്ത് നട്ടംതിരിയുന്ന പാവം മനുഷ്യന്‍, അവനറിയാതെ തന്നെ ഇത്തരത്തിലുള്ള മോഹവലയങ്ങളില്‍ അകപ്പെട്ട് ചൂഷണത്തിന് വിധേയരാകുന്നു എന്നതാണ് സത്യം. ഇവിടെ തമസ്‌ക്കരിക്കപ്പെടുന്നത് മഹത്തായ ആര്‍ഷഭാരതപാരമ്പര്യമാണെന്നതാണ് സങ്കടകരമായ സത്യം.

അനുദിനം മാറിമറിയുന്ന അത്യാധുനിക  ലൈഫ്‌സ്‌റൈലിന്റെ പുത്തന്‍ പ്രവണതകള്‍  തന്ത്രപരമായി പ്രയോജപ്പെടുത്തിക്കൊണ്ടാണു ഇത്തരത്തിലുള്ള തിന്മയുടെ ശക്തികള്‍ പടര്‍ന്ന്പന്തലിക്കുന്നത്. ആരാധാസങ്കേതങ്ങള്‍ സ്ഥാപിച്ച് അതിലേക്ക് ആളെ കൂട്ടുന്ന പ്രവര്‍ത്തങ്ങളേക്കാള്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ കൌശലപൂര്‍വം ഉപയോഗിച്ച് ആശയപ്രചാരണം നടത്തുന്നതിനാണ് ഇത്തരം സംഘടിത സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കടുത്ത ദൈവവിശ്വാസികളെന്നു അഭിമാനിക്കപ്പെടുന്നവര്‍ക്കുപോലും ഇത്തരം തന്ത്രങ്ങളെ മസിലാക്കുവാനൊ, ഒഴിവാക്കുവാനൊ സാധിക്കാതെ വരുന്നു.  സ്വാര്‍ഥതയെയും, ജഡികാഭിലാഷങ്ങളെയും ആഘോഷിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണമാണ് ഇത്തരം സംഘടനകള്‍  അനുയായികള്‍ക്കും സമൂഹത്തിനും  നല്കുന്ന സന്ദേശം.

കേരളത്തില്‍ ചിലയിടങ്ങളില്‍  വേരോടിക്കൊണ്ടിരിക്കുന്ന  ആധുനിക  സാത്താന്‍സഭയ്ക്കും അവരുടെ  പ്രചാരണതന്ത്രങ്ങള്‍ക്കും ചിലരെങ്കിലും വശംവദരാകുന്നു  എന്നത് ഒരു യാധാര്‍ധ്യം മാത്രം. പതിനെഴാം  നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തെറ്റായ കാര്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന ഗ്രൂപ്പുകള്‍ക്കും പുരോഹിതര്‍ക്കുമെതിരായി കത്തോലിക്കാസഭ ശക്തമായ നിലപാടു സ്വീകരിച്ചു.  മന്ത്രവാദകര്‍മങ്ങള്‍, ലൈംഗിക വൈകൃതങ്ങള്‍ ഉള്‍പ്പെട്ട അനുഷ്ഠാങ്ങള്‍, തുടങ്ങിയവയൊക്കെ ഇത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ അരങ്ങേറിയിരുന്നു. വിരുദ്ധമായ ആശയങ്ങളും പ്രവൃത്തികളും വച്ചു പുലര്‍ത്തി ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപോയ ചില പുരോഹിതരെ കൂട്ടുപിടിച്ചായിരുന്നു പല ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനീ. ധാര്‍മിക മൂല്യങ്ങള്‍ക്കു വില കല്പിക്കാത്ത ഒരു സംഘം യുവതീയുവാക്കള്‍  ഒത്തുകൂടി മദ്യപിക്കുകയും വൈകൃതങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന കേന്ദ്രമായിരുന്നു ഇവ.

സ്വാര്‍ഥമതികളായ ചിലരുടെ താത്പര്യങ്ങള്‍, പെട്ടെന്നു സമ്പന്നനാകാനുള്ള  ആഗ്രഹം, മറ്റുള്ളവരോടുള്ള പക, മതസംവിധാങ്ങളോടുള്ള വൈരാഗ്യം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, ഇത്തരം ബന്ധങ്ങള്‍ ഉള്ളവരുമായിട്ടുള്ള സഹവാസം, നിഗൂഢമായ ആശയങ്ങളോടു തോന്നുന്ന കൌതുകം, തമാശയ്ക്കായി തുടക്കമിട്ട വിനോദം, ഗുണപരമല്ലാത്ത മാധ്യമങ്ങളുടെ സ്വാധീനീ ഇതൊക്കെയാണു തിന്മയുടെ ഇരുള്‍വീണ ഇടനാഴികളിലൂടെ സഞ്ചരിക്കാന്‍  പ്രേരണയാകുന്നത്. താത്കാലികമായി കിട്ടുന്ന ചില സന്തോഷങ്ങളും നേട്ടങ്ങളുമൊക്കെ, വലിയ ദുരന്തങ്ങളുടെ തീരങ്ങളിലേക്കാണു വലിച്ചുകൊണ്ടു പോകുന്നു.

ആശ്രമം, മഠം, ഗുരു, വെളിപാട്,  സിദ്ധി, ദിവ്യദൃഷ്ടി, ആത്മീയഅനുഭൂതി, മായ, ചാരിറ്റി, രോഗസൌഖ്യം, അത്ഭുതപ്രവര്‍ത്തനങ്ങള്‍, മാനസാന്തരം  എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യം നേടാന്‍ പോകുന്നു എന്ന മട്ടില്‍ ജനം തെറ്റിധരിക്കപ്പെടുന്നു. മതരാഷ്ട്രീയ ശക്തികളുടെ പിന്ബലം കൂടി ഉണ്ടാകുമ്പോള്‍, വിമര്‍ശിക്കാന്‍ പോലും ആവാത്തവിധത്തില്‍  കാര്യങ്ങള്‍ കൊണ്ടെത്തിക്കും.  കപടആത്മീയതയുടെ  വ്യക്താക്കളായി ചിലരെങ്കിലും അവര്‍ക്ക് കുടപിടിക്കുവാന്‍ ബാദ്ധ്യസ്ഥരാകും.  ഇവിടെ ആത്മീയവാണിഭം നടത്തുന്ന  വെള്ളതേച്ച ശവക്കല്ലകളായി  മതപ്രസ്ഥാനങ്ങള്‍ മാറുന്നു. എന്ത് തരത്തിലുള്ള വിധ്വംസക പ്രവൃത്തനങ്ങളും നടത്താവുന്ന രീതിയിലാണ് ആധുനിക മതപ്രസ്ഥാനങ്ങള്‍. കൊലപാതകങ്ങളും,  പീഡനങ്ങളും, ബലാത്സംഗങ്ങളും അവിടെ തുടര്‍കഥകളാകുന്നു.

തന്റെ തന്നെ സത്വത്തിലുള്ള ആത്മീയ ചൈതന്യത്തെ കണ്ടെത്താനാകാത്തവന്‍, വേഗത്തില്‍ സ്വന്തംകാര്യം നിറവേറ്റാനായി കുറുക്കു വഴി അന്വേഷിക്കുമ്പോള്‍, ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ മോഹവലയത്തിലകപ്പെടുന്നു. ഗുരുക്കന്മാരുടെയും, ദിവ്യന്മാരുടെയും, തിരുമേനിമാരുടെയും, മുല്ലമാരുടെയും, ഉപദേശിമാരുടെയും, അമ്മമാരുടെയും കാല്‍ക്കീഴില്‍ അഭയംതേടുന്ന പാവം മലയാളിമനസ്  ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. ഭക്തിയുടെ പേരില്‍ നടക്കുന്ന വന്‍കിടതട്ടിപ്പ് മാര്‍ക്കറ്റിംഗ് എന്നാല്ലാതെ ഇതിനെ എന്തുപറയാന്‍.

ഭൗതികജീവിതത്തില്‍വിരക്തി തോന്നുന്നവരും,  നിരാശരായവരും  ആത്മീയവനവാസത്തിനായി ആശ്രമപ്രസ്ഥാനങ്ങളിലേക്ക് ചേക്കേറും. ചിലരാകട്ടെ ആയുഷ്‌കാലം മുഴുവന്‍ ആത്മീയജീവിതം നയിക്കാന്‍ ആഗ്രഹിച്ച് എത്തുന്നവരും. ദീര്‍ഘകാലം കഴിയാനെത്തുന്നവരുടെ സ്വത്തും പണവും വീടുമെല്ലാം  അധികൃതര്‍  എഴുതിവാങ്ങുന്നുണ്ട്. കൂടുതല്‍ ധനം നല്കാന്‍ കഴിയുന്നവരെ വിശേഷവസ്ത്രങ്ങളണിയിച്ചു അവിടവിടെ ചുമതലക്കരായി നിയമിക്കും. പിന്നീട് അവരുടെ ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ കോടികള്‍ കൊടുത്ത് സ്ഥാനം നേടിയത്  വിളിച്ചു പറയുന്ന സംഭവങ്ങള്‍ക്കും കേരളമനസ് ഇന്നലെകളില്‍ കണ്ടറിഞ്ഞതാണ്.

ശ്രീരാമനും ശ്രീകൃഷ്ണനും, ക്രിസ്തുവും, നബിയും  അടക്കമുള്ള സകല ദൈവങ്ങളും സ്വന്തം മാതാപിതാക്കളുടെ പാദം തൊട്ടു വണങ്ങുകയും മാതാപിതാക്കളെ പൂജിക്കുന്നതുമാണ് ലോകത്തിനു കാണിച്ചു തന്നിട്ടുള്ളത്. ആത്മീയതയുടെ അവസാനവാക്കാണ് താനെന്ന് കാണിക്കാന്‍വേണ്ടി  സ്വന്തം മാതാപിതാക്കളെ കൊണ്ടുപോലും പാദപൂജ  ചെയ്യിപ്പിച്ച്  ആധുനിക കാലഘട്ടത്തിലെ  ആള്‍ദൈവങ്ങള്‍ തങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രം നന്നായി വിറ്റഴിക്കുന്നു. ആത്മീയതയുടെ മറവില്‍ എന്ത് കച്ചവടവും നടത്താം എന്ന അവസ്ഥ സംജാതമായിരിക്കുന്നു. കലിയുഗത്തിന്റെ സന്തതികളായ ആള്‍ ദൈവങ്ങളുടെ പുറകില്‍ നടന്നാല്‍ ആത്മീയജ്ഞാനമോ മോക്ഷമോ ലഭിക്കില്ല എന്നുറപ്പ്.

ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവരുന്ന ലൈംഗിക പീഡനത്തെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും രൂക്ഷമായ ആരോപണങ്ങളും, വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലും വോട്ടുരാഷ്ട്രീയീ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസാമൂഹ്യസഘടനകള്‍ തയ്യാറാകുന്നില്ല എന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നു.

ആത്മീയപ്രകാശം ദാനം ചെയ്യുന്ന നിരവധി ആശ്രമങ്ങളും ഗുരുകുലങ്ങളും വിവിധ മതങ്ങളിലുണ്ട്. ആര്‍ഷഭാരതം എന്ന പരിപാവനമായ സംസ്‌കാരം ചില വ്യജആചാര്യന്മാരും കള്ളസ്വാമിമാരും ആള്‍ദൈവങ്ങളായി ചമഞ്ഞു നടക്കുന്ന ചിലരുടെ തട്ടിപ്പുകളുടെപേരില്‍ കളഞ്ഞുകുളിക്കാനുള്ളതല്ല. സ്വന്തം സുഖസൗകര്യങ്ങള്‍ വെടിഞ്ഞുകൊണ്ട് നീതിനിഷേധത്തിനെതിരേയും സാമൂഹിക ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നവരാകണം സന്യാസ സ്രേഷ്ടര്‍. പൊതുസമൂഹത്തിനുണ്ടാകുന്ന നെറികേടുകള്‍ക്കെതിരെ വാക്കുകൊണ്ടും തപം ചെയ്‌തെടുത്ത സിദ്ധികൊണ്ടും ആത്മീയജ്ഞാനംകൊണ്ടും   പ്രതികരിക്കാന്‍ സാധിക്കണം. അല്ലാതെ സിംഹാസനാരൂഡനായി അഭയം തേടിയെത്തുന്നവരെക്കൊണ്ട് കാല്‍കഴുകിപ്പിച്ചു ഏറാന്‍മൂളികളാക്കുന്നവരാകരുത്.


ദൈവീകത ദുഷിക്കുന്നിടത്തു പൈശാചികത സംഹാരതാണ്ടവമാടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക