Image

ഇന്ത്യന്‍ രാഷ്ട്രീയം -- പഞ്ചാംഗനമാര്‍ കിംഗ് മേക്കര്‍മാര്‍: ജോര്‍ജ് കള്ളിവയലില്‍

ജോര്‍ജ് കള്ളിവയലില്‍ Published on 28 February, 2014
ഇന്ത്യന്‍ രാഷ്ട്രീയം -- പഞ്ചാംഗനമാര്‍ കിംഗ് മേക്കര്‍മാര്‍: ജോര്‍ജ് കള്ളിവയലില്‍
പൊതുതെരഞ്ഞെടുപ്പിനു കേളികൊട്ട് ഉയര്‍ന്നു. ഏപ്രില്‍ പകുതി മുതല്‍ ഒരു മാസക്കാലം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു ഇനി ദിവസങ്ങള്‍ക്കുള്ളില്‍ വിജ്ഞാപനം വരും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനം വരുന്ന ദിവസം മുതില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും.

അടുത്ത അഞ്ചു വര്‍ഷം ഇന്ത്യയെ ആരു ഭരിക്കും? ആരു ഭരിക്കണമെന്നു ജനം തീരുമാനിക്കും. ജനവിധിക്കായി കാതോര്‍ക്കുമ്പോള്‍ നാലു ഭാഗത്തു നിന്നും നാനാവിധ അഭിപ്രായങ്ങള്‍ ഉയരുന്നുമുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ച്ച. അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ ഭാഗധേയം തീരുമാനിക്കുന്നതില്‍ അഞ്ചു ഉരുക്കു വനിതകള്‍ക്കു നിര്‍ണായക പങ്കുണ്ടാകും.

സോണിയാ ഗാന്ധി, സുഷമ സ്വരാജ്, ജയലളിത, മമത ബാനര്‍ജി, മായാവതി എന്നീ വനിതാ നേതാക്കള്‍ കിംഗ് മേക്കര്‍മാരാകാതെ തരമില്ല. നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി എന്നിവര്‍ നേര്‍ക്കു നേര്‍ കൊമ്പു കോര്‍ക്കുമ്പോഴും സ്ത്രീനേതാക്കളുടെ കണ്ണിലേക്കാണു എല്ലാവരുടെയും കണ്ണ്. ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനെ പോലെ വേറെ ചിലരും സജീവമായി രംഗത്തുണ്ടാകുമെങ്കിലും പഞ്ചാംഗന നേതാക്കള്‍ക്കു തന്നെയാകും പ്രാമുഖ്യം. പുരുഷ മേധാവിത്വമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കു ഇത്രയേറെ കരുത്തു കിട്ടിയ മറ്റൊരു കാലം ഉണ്ടായിട്ടില്ല.

ഉരുക്കുപ്രധാനമന്ത്രി എന്നു പേരെടുത്ത ഇന്ദിരാ ഗാന്ധിയുടെ കാലത്തു പോലും ഇതര സ്ത്രീനേതാക്കള്‍ക്കു വലിയ കാര്യമുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ അഞ്ചു വനിതകള്‍ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്നു. സോണിയയും സുഷമയും ഒരു മെയ്യായി കൈകോര്‍ത്തതാണു ആന്ധ്രപ്രദേശ് വിഭജിച്ചു തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായത്.

ഇനിയങ്ങോട്ടുള്ള രാഷ്ട്രീയത്തില്‍ സോണിയയും സുഷമയും മമതയും മായാവതിയും ജയലളിതയും നിര്‍ണായക സ്വാധീനം ചെലുത്താതെ തരമില്ല. മുഖ്യപാര്‍ട്ടികളായ കോണ്‍ഗ്രസിലും ബിജെപിയിലും നിന്നു സോണിയയും സുഷമയും തീരുമാനങ്ങളെ സ്വാധീനിക്കും. യുപി, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന മായാവതിയും മമതയും ജയലളിതയും ദേശീയ രാഷ്ട്രീയത്തിലും വലിയ പങ്കു വഹിക്കാതെ തരമില്ല.

യുപി, ബംഗാള്‍, തമിഴ്‌നാട് എന്നീ മൂന്നു സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലെ ഒന്നും കൂടി കൂട്ടിയാല്‍ 162 ലോക്‌സഭാ സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിനു 272 മതി.  ഇതര സംസ്ഥാനങ്ങളില്‍ നിന്നു ജയിച്ചുവരുന്ന മൂന്നൂറോളം ബിജെപി, കോണ്‍ഗ്രസ് എംപിമാരുടെ തീരുമാനം നിര്‍ണയിക്കുന്നതില്‍ സുഷമയ്ക്കും സോണിയയ്ക്കും വലിയ പങ്കുണ്ട്. ചുരുക്കത്തില്‍ പെണ്‍കരുത്തിന്റെ ഇലക്ഷനാണു ഇന്ത്യ കാതോര്‍ക്കുന്നത്.

ഇക്കുറി വനിതാ പ്രധാനമന്ത്രി എളുപ്പമാകില്ല. എങ്കിലും ജയലളിതയും മായാവതിയും മമതയും പ്രധാനമന്ത്രിയാകാന്‍ മോഹിക്കുന്നുവെന്നതു അത്ര രഹസ്യമല്ല. അതെന്തായാലും ഉരുക്കു വനിതകള്‍ നിശ്ചയിക്കുന്നവര്‍ രാജ്യം ഭരിക്കുന്ന സ്ഥിതിയാണുള്ളത്. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്കു 33 ശതമാനം സംവരണം വരുന്നതിനു മുമ്പുള്ള സ്ഥിതിയാണിത്. എത്ര വൈകിപ്പിച്ചാലും അടുത്ത പതിനാറാം ലോക്‌സഭയില്‍ വനിതാ ബില്‍ പാസാകാനാണു സാധ്യത. രാജ്യസഭ ഈ ബില്‍ നേരത്തെ പാസാക്കിയതിനാല്‍ ഇനി ലോക്‌സഭയുടെ അംഗീകാരം കൂടി മതിയാകും.   

വനിതാ നേതാക്കളുടെ കരുത്തില്‍ കോണ്‍ഗ്രസും ബിജെപിയും യുദ്ധത്തിനു തുടക്കമിട്ടു. ആം ആദ്മി പാര്‍ട്ടിയും മൂന്നാം മുന്നണിയും ചെറുപാര്‍ട്ടികളും എല്ലാം കച്ചമുറുക്കിക്കഴിഞ്ഞു. രാഷ്ട്രീയ പോര്‍ക്കളം സജീവമായി. വമ്പന്മാരുടെ പോര്‍വിളിയില്‍ മേധാവിത്വം സ്ഥാപിക്കാന്‍ മോഡിയും രാഹുലും കേജരിവാളും ദിവസേനയെന്നോണം റാലികളും ഇതര പ്രചാരണ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു. വൈവിധ്യങ്ങളുടെ രാജ്യത്ത് ഇനിയുള്ള ദിവസങ്ങളിലെ രാഷ്ട്രീയ കളികളാകും നിര്‍ണായകം.

ആം ആദ്മി പാര്‍ട്ടിയെന്ന ആപിന്റെ ആവിര്‍ഭാവമാണു ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ വമ്പന്മാരുടെ വെല്ലുവിളി. ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും പ്രബല പ്രാദേശിക പാര്‍ട്ടികള്‍ക്കുമെല്ലാം ആപ് പാര്‍ട്ടി ആപ്പാകുമെന്നതാണു നേതാക്കളെ അസ്വസ്ഥമാക്കുന്നത്. എന്നാല്‍ കൂടുതല്‍ പാരയാകുന്നത് ആര്‍ക്കാകുമെന്നതിനെക്കുറിച്ചാണു അറിയേണ്ടത്. കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരേയുളള ജനവികാരം മുതലാക്കാനുള്ള ആപിന്റെ തത്രപ്പാട് ബിജെപിയുടെയും മോഡിയുടെയും ഉറക്കം കെടുത്തുന്നതു സ്വാഭാവികം.

ഭരണവിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളില്‍ നല്ലൊരു ശതമാനം ആപ് പാര്‍ട്ടി റാഞ്ചുമെന്നു ഡല്‍ഹി നിയസഭാ തെരഞ്ഞെടുപ്പു തെളിയിച്ചു. അതിനാല്‍ തന്നെ എഎപി പിടിക്കുന്ന ഓരോ വോട്ടും പ്രമുഖ പാര്‍ട്ടികളുടെ സഞ്ചിയിലേക്കു പോകേണ്ടവയായിരുന്നു. രാജ്യത്താകെ നൂറു മണ്ഡലങ്ങളിലെങ്കിലും ശക്തി തെളിയിക്കാനാണു എഎപിയുടെ തീരുമാനം. ശേഷിച്ച ഇരുനൂറിലേറെ മണ്ഡലങ്ങളില്‍ 5,000 മുതല്‍ കാല്‍ ലക്ഷത്തോളം വോട്ടുകള്‍ ആപ് സ്ഥാനാര്‍ഥികള്‍ സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല. ഇപ്പോഴത്തെ നിലയില്‍ ഡല്‍ഹി, ഹരിയാന, യുപി, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നായി 10 മുതല്‍ 25 വരെ എംപിമാരെ ആപ് സ്വന്തമാക്കാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസിനെതിരേ ജനരോഷം വളര്‍ത്തുന്നതില്‍ ബിജെപിയും ഇടതുപാര്‍ട്ടികളും ആപും വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ പ്രാദേശിക പാര്‍ട്ടികളും മല്‍സരിക്കുകയാണ്. അതിനാല്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാകും കോണ്‍ഗ്രസ് നേരിടുക. കോണ്‍ഗ്രസിനെ നൂറു സീറ്റില്‍ താഴെ ഒതുക്കാനാണു പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്നു കോപ്പു കൂട്ടുന്നത്. കേരളവും കര്‍ണാടകയും തെലുങ്കാനയും ആണു കോണ്‍ഗ്രസിനു ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക.

എന്നാല്‍ റബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കേരളത്തിലെ കാര്‍ഷിക മേഖലകളിലാകെ ജനരോഷം ശക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പു തര്‍ക്കവും മുന്നണിയിലെ പടലപിണക്കങ്ങളും സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള തര്‍ക്കവും കോണ്‍ഗ്രസിന്റെ തലവേദന കൂട്ടുന്നതേയുള്ളൂ. സിപിഎമ്മിലെയും ഇടതുമുന്നണിയിലെയും തര്‍ക്കങ്ങളും ടി.പി. ചന്ദ്രശേഖരന്‍ വധം അടക്കമുളള പ്രശ്‌നങ്ങളപമായി കുഴയുന്ന പ്രതിപക്ഷമാണു യുഡിഎഫിനു വീണ്ടും പ്രതീക്ഷ നല്‍കുന്നത്.

നരേന്ദ്ര മോഡിയെ പരമാവധി മോഡിയുള്ളവനാക്കുകയും ഭരണക്കാര്‍ക്കെതിരേയുള്ള സ്വഭാവിക രോഷവും സമന്വയിപ്പിച്ചു 185 എംപിമാരെയെങ്കിലും ജയിപ്പിക്കാനാണു ബിജെപി പെടാപ്പാടു പെടുന്നത്. മുമ്പു കേന്ദ്രത്തില്‍ ഭരണം കിട്ടിയപ്പോള്‍ ലഭിച്ച 184 നേക്കാളും ഒരു സീറ്റെങ്കിലും കൂടുതല്‍ നേടിയാല്‍ സഖ്യകക്ഷികള്‍ അധികാരം നുണയാന്‍ കൂടെയെത്തുമെന്നു മോഡിയും കൂട്ടരും പ്രതീക്ഷിക്കുന്നു.

ഇതേസമയം, ഏതുവിധേനയും ബിജെപിയെ മാറ്റിനിര്‍ത്തി അധികാരം നുണയാനാണു മറ്റു പ്രമുഖ പാര്‍ട്ടികളുടെയെല്ലാം ഇപ്പോഴത്തെ തത്രപ്പാട്. തല്ലിക്കൂട്ടു മുന്നണിക്കായി കരുനീക്കം എല്ലാ പാര്‍ട്ടികളും സജീവമായി നടത്തുന്നുണ്ട്. മൂന്നാം മുന്നണിക്കായി സിപിഎം കരുനീക്കുമ്പോള്‍ ഇടതുപക്ഷത്തെ മാറ്റിനിര്‍ത്തിയുള്ള പുതിയ മുന്നണിക്കാണു മമത ബാനര്‍ജിയുടെ ശ്രമം.

മുന്നണി ഏതായാലും പ്രധാനമന്ത്രി കസേര സ്വന്തമാക്കാന്‍ ഏതു തന്ത്രവും പയറ്റാനാണു മുലായം സിംഗ്, മായാവതി, ജയലളിത, നിതീഷ് കുമാര്‍, നവീന്‍ പട്‌നായിക് തുടങ്ങിയവരെല്ലാം മോഹിക്കുന്നത്. രാഷ്ട്രീയത്തിലെ കട്ടകള്‍ എങ്ങിനെയും മാറ്റി വയ്ക്കാമെന്നതിനാല്‍ ഉദ്വേഗവും ആകാംക്ഷയും അവസാനിക്കാന്‍ മേയ് അവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. രാഷ്ട്രീയ നേതാക്കളുടെ മെയ്‌വഴക്കം പലതവണ കണ്ട ജനതയ്ക്കു ഇക്കുറിയും ആവേശത്തിനു കുറവുണ്ടാകില്ല.

ഇന്ത്യന്‍ രാഷ്ട്രീയം -- പഞ്ചാംഗനമാര്‍ കിംഗ് മേക്കര്‍മാര്‍: ജോര്‍ജ് കള്ളിവയലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക