Image

ഭൂമിയുടെ അവകാശികള്‍ (ലേഖനം: ജോണ്‍ മാത്യു)

Published on 03 March, 2014
ഭൂമിയുടെ അവകാശികള്‍ (ലേഖനം: ജോണ്‍ മാത്യു)
കഴിഞ്ഞ മൂന്നാല്‌ ദശാബ്‌ദക്കാലത്തിനുള്ളില്‍ തുടങ്ങിയതും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ സുപ്രധാനമായ ഒരു കാര്യമാണ്‌ ഭൂമിക്കുമേലുള്ള അവകാശത്തിനുവന്ന മാറ്റം. വിദ്യാഭ്യാസപരമായും വ്യവസായികവുമായും പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ ഈ മാറ്റങ്ങള്‍ ഏറെ പ്രകടമാണ്‌. എങ്കിലും മിക്കവാറും എല്ലാവരുടെയും ഒരേയൊരു ആഗ്രഹം ഒരുതുണ്ടുഭൂമി സ്വന്തമായി വേണമെന്നുതന്നെ! അവസാനമായ അമേരിക്കന്‍ സ്വപ്‌നവും സ്വന്തമായ ഒരു വീടുതന്നെ. പ്രാഥമികമായ നിക്ഷേപത്തിനു ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്ന `ഭൂമിയും സ്വര്‍ണ്ണവും' എന്നും മറ്റുമുള്ള സങ്കല്‌പം ഇന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

വിപ്ലവപ്രസ്ഥാനങ്ങള്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ വിലക്കിയിരുന്നു. പക്ഷേ, കേരളത്തില്‍ കമ്മ്യൂണിസം താത്വികമായി കൊടുമ്പിരികൊണ്ടിരുന്ന കാലത്തുപോലും ആവശ്യപ്പെട്ടിരുന്ന `പതിമൂന്നരസെന്റ്‌ വാദം' ചുരുക്കം ചിലരെങ്കിലും ഇന്നും ഓര്‍ക്കുന്നുണ്ടായിരിക്കും. ഇവിടെ സ്വന്തമായി `പതിമൂന്നര സെന്റ്‌' ഭൂമി നേടുന്നതിന്റെ സന്തോഷം മാത്രമല്ല ഏക്കര്‍ക്കണക്കിന്‌ ഭൂമി കൈവശംവെച്ചുകൊണ്ടിരിക്കുന്ന, കാര്‍ഷികതൊഴിലാളിയുടെ ജന്മശത്രുവായ `ജന്മിയും' പതിമൂന്നര സെന്റിലെ കുടികിടപ്പുകാരനാകുന്നതിലെ മാനസികാനന്ദം ഒന്നുവേറെതന്നെയല്ലേ?

ഭൂമി സ്വന്തമായിക്കിട്ടുമെന്ന പ്രതീക്ഷയോടെയാണ്‌ അന്ന്‌ മുദ്രാവാക്യം മുഴക്കിയത്‌ `നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന്‌. നിരൂപദ്രവമെന്നും നിഷ്‌ക്കളങ്കമെന്നും അല്‌പത്വമെന്നും തോന്നുന്ന ഈ പ്രയോഗം അപഗ്രഥനം ചെയ്‌താല്‍ അതില്‍ അറിഞ്ഞുകൊണ്ടോ അതോ അറിയാതെയോ ഒളിപ്പിച്ചുവെച്ചിരിക്കുന്ന `നിഗൂഢത' വെളിപ്പെടും. ഇവിടെ അടിവരയിടേണ്ട വാക്ക്‌ `നമ്മുടേത്‌' എന്നുതന്നെ. ആരാണീ നമ്മള്‍? പരമാധികാരരാജ്യമോ, അതോ കോര്‍പ്പറേഷനോ?

`എല്ലാവരും തുല്യരാണ്‌, ചിലര്‍ ഏറെ തുല്യര്‍', അല്ലെങ്കില്‍ നോവലിസ്റ്റ്‌ ജോര്‍ജ്‌ ഓര്‍വെല്‍ പറഞ്ഞിരിക്കുന്നത്‌ `എല്ലാ മൃഗങ്ങളും തുല്യര്‍, ചില മൃഗങ്ങള്‍ ഏറെ തുല്യര്‍' എന്നാണല്ലോ. ഭൂമി കൂട്ടിവെക്കുക മാത്രമല്ല അത്‌ വരുംതലമുറകളിലേക്ക്‌ അനായസേന കൈമാറാനുള്ള സൗകര്യവുമാണ്‌ പരമ്പരാഗതമായി ജന്മികളെ സൃഷ്‌ടിച്ചത്‌. `ജന്മ'ത്തോടു ചേര്‍ന്നുവരുന്ന രസകരമായ മറ്റൊരു വാക്കും മലയാളത്തിലുണ്ടായിരുന്നു. `ഒറ്റി'! കുടികിടപ്പുകാരന്‍ അടിമയാണ്‌, ഭൂമി സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അത്‌ അസാദ്ധ്യമെന്ന്‌ അവനറിയാമായിരുന്നു. അബദ്ധത്തില്‍ ഒരു വാഴ നട്ടാല്‍പ്പോലും അതിന്റെ അവകാശവും ജന്മിക്കുതന്നെ. പക്ഷേ `ഒറ്റിയാന്‍' അങ്ങനെയായിരുന്നില്ല. ഒരു പിടികൂടി ഉയര്‍ന്നുനില്‌ക്കുന്ന, ആത്മാഭിമാനമുള്ള വ്യക്തിയാണവന്‍. അവനും ഭൂമി വേണം, അദ്ധ്വാനിക്കാന്‍ തയ്യാറാണ്‌, അതിനുള്ള സാഹചര്യവും വേണം, ആ ഭൂമി സ്വന്തമായിരിക്കയും വേണം! എന്നാല്‍ അത്‌ രൊക്കമായി വാങ്ങാനുള്ള പണം കൈവശമില്ലതാനും, ഇന്നത്തെപ്പോലെ കടം കൊടുക്കാന്‍ ബാങ്കുമില്ല. അവിടെയായിരുന്നു ഒറ്റി സമ്പ്രദായം അവന്റെ രക്ഷക്കെത്തിയത്‌. ഭാവിയില്‍ `ജന്മം' വാങ്ങാമെന്ന കരാറില്‍, അത്‌ സാദ്ധ്യമാണെന്ന വിശ്വാസത്തില്‍, ചെറിയൊരു തുക കൊടുത്ത്‌ `ഒറ്റിയാന്‍' ഭൂമി സ്വന്തമാക്കുന്നു. ഇന്ന്‌ ഇവിടെ ലാന്‍ഡ്‌ കോണ്‍ട്രാക്‌ട്‌ എന്നോ മറ്റോ പറയുന്നതിന്റെ മറ്റൊരു രൂപം! ഒറ്റിഭൂമിയുടെ അവസാന അവകാശം, അഥവാ `ജന്മം' ജന്മിക്കുതന്നെ. ഇനിയും ആ ഭൂമി മടക്കിയെടുക്കണമെങ്കില്‍ ജന്മി ദേഹണ്ണവിലയും കൂടി കൊടുക്കേണ്ടതായിവരും.

നമ്മില്‍ ചിലരുടെയെങ്കിലും ഓര്‍മ്മയിലുള്ള ഭൂമിയെപ്പറ്റിയുണ്ടായിരുന്ന പ്രതീക്ഷയും സങ്കല്‌പവും എടുത്തുകാണിക്കാനാണ്‌ ഇത്രയും എഴുതിയത്‌. ഇനിയും ക്രമേണ, ഒരിക്കല്‍ സ്വന്തമാക്കണമെന്ന്‌ എല്ലാവരും അതിയായി ആഗ്രഹിച്ചിരുന്ന ഭൂമി നമ്മുടെ മനസ്സില്‍നിന്നു തന്നെ മാറിക്കൊണ്ടിരിക്കുന്ന കഥയാണ്‌ പറയാനുള്ളത്‌. ഭൂമിയില്‍ ആഗ്രഹം അര്‍പ്പിച്ച കൃഷിയും എട്ടുപത്ത്‌ പിള്ളാരുമായി ജീവിച്ചവരുടെ തുടര്‍തലമുറ കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടി കൃഷിയോടൊപ്പം ഒരു ഉദ്യോഗംകൂടി തെരഞ്ഞെടുത്തു. പിന്നീടുവന്നവര്‍ ഉദ്യോഗത്തിനൊപ്പം കൃഷി മനസ്സിനിണങ്ങിയ വിനോവൃത്തിയാക്കി മാറ്റിയെടുക്കുകയും ചെയ്‌തു. ഇന്ന്‌ അത്‌ ഉദ്യോഗവും വീടും എന്നതിലേയ്‌ക്ക്‌ ചുരുങ്ങിയിരിക്കുന്ന ആശയം അതിവേഗം അപ്പാര്‍ട്ടുമെന്റിലേക്ക്‌ എന്ന `ആവശ്യ'ത്തിലേക്ക്‌ മാത്രമായി തിരിഞ്ഞിരിക്കുന്നു. അവാസനം ഭൂമി നമുക്ക്‌ കാണേണ്ടതില്ലാത്ത, ചവുട്ടി നടക്കാന്‍പോലും വേണ്ടാത്ത ഒന്നായി മാറുകയില്ലേ?

മലയാളത്തില്‍ പുതിയൊരു വാക്കുകൂടി : `മറിച്ചു വില്‌പന'. ഭൂമി ഇനിയുമൊരു വില്‌പനച്ചരക്കാണ്‌. അത്‌ വാങ്ങുന്നത്‌ നിക്ഷേപത്തിനല്ല, കൃഷിക്കുമല്ല, തക്കം വരുമ്പോള്‍ മറിച്ചുവിറ്റ്‌ ലാഭമെടുക്കാന്‍പോലും!

ഭൂമിക്ക്‌ ഒരു കോര്‍പ്പറേഷന്‍ നിലവാരമാണ്‌ വരാന്‍പോകുന്നത്‌. ഉഴുന്നവര്‍ മണ്ണിന്റെ മക്കളല്ല, പകരം കോര്‍പ്പറേറ്റ്‌ ഉദ്യോഗസ്ഥന്‍, കണക്കപ്പിള്ളയും മൊതലാളിയുമെല്ലാം കോര്‍പ്പറേറ്റ്‌ ശ്രേണിയിലെ ജോലിക്കാര്‍!

അവസാനം സാധാരണക്കാരായ നാമൊക്കെയെന്ന ജനം ഭൂമിയുടെ ഒറ്റിയാന്മാരല്ല, ആഗ്രഹിച്ചിട്ടും സന്ദര്‍ഭം കിട്ടാതിരുന്ന കുടികിടപ്പുകാരുമില്ല. നമ്മുടെ മുറ്റത്ത്‌ `മഴവരുന്ന നാളില്‍ ഒരു വാഴപോലും' വേണ്ട. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലുകള്‍ ചലിപ്പിച്ച്‌ ഭൂമിയുടെ ഓഹരികള്‍ വാങ്ങുക, ഇനിയും മറിച്ചു വില്‌ക്കുക എന്നൊന്നും ചിന്തിക്കേണ്ട, ലാഭം കിട്ടുന്ന നാളിലങ്ങു വിറ്റേക്കുക. ഭൂമി അളക്കേണ്ട, ആധാരമെഴുതേണ്ട, സ്റ്റാമ്പുപത്രവും വേണ്ട. ഈ സമ്പ്രദായത്തെയല്ലേ `വ്വിന്‍ വ്വിന്‍' സന്ദര്‍ഭമെന്ന്‌ പറയുക.

ഇതിനോടെല്ലാം ചേര്‍ത്തുവേണം അമേരിക്കയില്‍ കുടിയേറിയ നമ്മുടെ സമൂഹത്തിന്റെ ഭാവിയെ വിലയിരുത്താന്‍. അവര്‍ എന്നേ, പ്രായോഗികമായി ചിന്തിച്ച്‌, തലമുറകളായി ഭൂമിക്കുമേലുണ്ടായിരുന്ന അവകാശം ത്യജിച്ചു കഴിഞ്ഞിരിക്കുന്നു.
ഭൂമിയുടെ അവകാശികള്‍ (ലേഖനം: ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക