Image

ജാതകപൊരുത്തം (കഥ: ഡോ.എന്‍.പി. ഷീല)

ഡോ.എന്‍.പി. ഷീല Published on 07 March, 2014
ജാതകപൊരുത്തം (കഥ: ഡോ.എന്‍.പി. ഷീല)
ഇത്ര ഗംഭീരമായൊരു വിവാഹം അടുത്ത കാലത്തൊന്നും നടന്നിട്ടില്ലെന്ന് മൂപ്പിലാന്മാര്‍കൂടി സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പക്കാരുടെ ഭാഷയില്‍ 'അടിപൊളി', 'ഇടിവെട്ട്' തുടങ്ങിയ  വിശേഷണങ്ങളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.

കൂട്ടുകാര്‍ പറഞ്ഞു: Made for each other!

നവദമ്പതികളെ കണ്ട് ഒരു സാഹിത്യരസികന്‍ പറഞ്ഞു. 'രതിയും മന്മഥനു'
അതെ, അവരുടെ ചേര്‍ച്ചയും ആകാരഭംഗിയും കാണികളെക്കൊണ്ട് അങ്ങനെ പറയിക്കാന്‍ പര്യാപ്തമായിരുന്നു.

വരന്‍ പ്രശസ്തനായ സാഹിത്യകാരനും, അധ്യാപകനും പരമ്പരാഗതമായി കുബേര കുടുംബത്തിലെ അംഗവും!

വധുവിന് ചിത്രമെഴുത്തില്‍ മാസ്റ്റേഴ്‌സ്; കൂടാതെ ലിറ്ററേച്ചര്‍ എം.എ.

അവന്‍ വരച്ച ചിത്രങ്ങളുടെ ഒരു എക്‌സിബിഷേന്‍ കണ്ടപ്പോഴാണ് ഈ അസാമാന്യ കലാകാരിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് സാഹിത്യകാരനായ അരവിന്ദനു തോന്നിയത്.
അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു. ആദ്യത്തെ നോട്ടത്തില്‍തന്നെ ഇവളെ ഞാന്‍ സ്വന്തമാക്കും എന്നു തീര്‍ച്ചപ്പെടുത്തുകയും ചെയ്തു.

അടുത്തതു രക്ഷിതാക്കളുടെ ഊഴം. ഇരുവരുടേയും ജാതകങ്ങള്‍ കൈമാറി. പൊരുത്തം നോക്കി മുഹൂര്‍ത്തം നിശ്ചയിക്കാന്‍ സമീപിച്ചത് അരവിന്ദന്റെ അധ്യാപകനായ അച്യുതന്‍ മാസ്റ്ററെയാണ്. മാഷ് അധ്യാപനത്തോടൊപ്പം ഒഴുവുസമയം ജോത്സ്യം പഠിക്കാന്‍ ഉപയോഗപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ജാതകമെഴുതുക, പൊരുത്തം നോക്കി മുഹൂര്‍ത്തം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രതിഫലം വാങ്ങാതെ നിര്‍വ്വഹിച്ചുകൊടുക്കാറുമുണ്ട്.

അരവിന്ദന്റെയും അഖിലയുടേയും തലക്കുറി കണ്ടപ്പോള്‍ത്തന്നെ മാസ്റ്റര്‍ സന്തോഷത്തോടെ പറഞ്ഞു ഇതില്‍ നോക്കാനെന്തിരിക്കുന്നു!

രണ്ടുപേരും എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍. രണ്ടുപേരും പഠനത്തിലും കലാപരമായ കഴിവുകളിലും മികവുകാട്ടുന്നവര്‍. ഭഗവാന്‍ ഇവരെ ചേരുംപടി ചേര്‍ത്തുവച്ചു.
'എന്നാലും മാസ്റ്റര്‍, നല്ല പോലൊന്നു നോക്ക്. ജീവിതകാലം മുഴുവന്‍ ഒരുമിച്ചു കഴിയേണ്ടവരല്ലേ?'
ഇരുവരുടെയും തന്തപ്പടിമാര്‍ ഒന്നിച്ചു പറഞ്ഞു.

അച്യുതന്‍മാസ്റ്റര്‍ കുറച്ചുനേരം ഇരുവരുടെയും ജാതകം മാറി മാറി പരിശോധിച്ചിട്ടു പറഞ്ഞു:
'ഇത്ര സവിശേഷ ജാതകം ഞാനിതുവരെ കണ്ടില്ല. എല്ലാ പൊരുത്തങ്ങളും ഒത്തിരിക്കുന്നു. സര്‍വ്വോപരി മനപ്പൊരുത്തമാണല്ലൊ പ്രധാനം. അതിനും കുറവൊന്നുമില്ല.'
 എന്നാല്‍ ഏറ്റവും അടുത്ത മുഹൂര്‍ത്തം കുറിച്ചു തന്നാട്ടെ. അച്ചന്മാര്‍ ഒരേ കോറസില്‍ അറിയിച്ചു.
മാഷ് ഇരുവരെയും സന്തോഷത്തോടെ യാത്രയയച്ചു. ഒരു ദക്ഷിണ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിച്ചെങ്കിലും മാഷ് വഴങ്ങിയില്ല.

അങ്ങനെ സമസ്തവും ആര്‍ഭാടമായിത്തന്നെ നടന്നു. കരയടച്ചു സദ്യ. കുറെപ്പേര്‍ ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല. തിരക്കില്‍ സമയം കണ്ടെത്തി ഓടി വന്നതാണ്. വധൂവരന്മാര്‍ക്ക് ആശംസകളും ആശീര്‍വ്വാദവും നല്‍കി സ്ഥലം വിട്ടു.

അരവിന്ദന്‍ ലോകത്തേക്കും ഭാഗ്യവാനാണു താനെന്നു സ്വയം വിശേഷിപ്പിച്ചു. അഖിലയുടെ സാന്നിധ്യം തന്നെ അയാള്‍ പരമഭാഗ്യമായി കരുതി. ഇത്രനല്ല ഭാര്യയെ കിട്ടയിതില്‍ കൂട്ടുകാരും അസൂയ മറച്ചുവച്ച് അയാളുടെ ഭാഗ്യത്തെ വാഴ്ത്തി.

'എടാ അളിയാ, മധുവിധുവിനൊക്കെ പോകുന്നതു കൊള്ളാം. പെണ്ണിനെ വല്ലവരും അടിച്ചോണ്ടുപോകാതെ സൂക്ഷിച്ചോണം.'
ഒരു വിദ്വാന്‍ കളിയാക്കി.

'ഉത്തരവ്' അരവിന്ദനും 'റാന്‍' മൂളി.

 ഒരു ദിവസം വൈകുന്നേരം കാപ്പികുടിക്കുമ്പോള്‍ അഖില പറഞ്ഞു.

'ഞാന്‍ പ്രിന്‍സിപ്പലിനെ കണ്ടു. കോളജില്‍ ഒരു വേക്കന്‍സി വരുന്നുണ്ട്. എനിക്കു തരാമെന്നു പറഞ്ഞു.'

അഖില ചിരിച്ചു.

അതിന് നീ ഇപ്പോള്‍ ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ലല്ലൊ. അഖില അതുകേട്ട് ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

എപ്പോഴും പടംവരയുമായിരുന്നാല്‍ ബോറടിക്കില്ലേ? തെല്ലിടകഴിഞ്ഞ്-
'പിന്നെ പഠിച്ചതൊക്കെ മറക്കാതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ ഒരവസരവുമല്ലേ?'
അഖില വീണ്ടും ചിരിച്ചു.

 ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒരു ദിവസം അഖില അരവിന്ദനോടു ചോദിച്ചു:
'നമുക്കു സ്‌നേഹിതരെപ്പോലെ ജീവിച്ചുകൂടെ?' ചോദ്യത്തോടൊപ്പം ചിരിയുടെ മണിനിസ്വനം
'നമ്മള്‍ സ്‌നേഹിതരുമാണല്ലൊ' കൂടുതലൊന്നും പറഞ്ഞില്ല. ചോദിച്ചതുമില്ല. എങ്കിലും ചോദ്യം അയാള്‍ക്കു വിചിത്രമായി തോന്നി. അവളുടെ ചിരിയും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവുമൊക്കെ അവളോട് ഏതാണ്ടൊരടിമ മനോഭാവം അയാളില്‍ സൃഷ്ടിച്ചിരുന്നു. പോരാത്തതിന് സമര്‍ത്ഥനായ ഒരു ശില്പി അതീവ സൂക്ഷമതയോടെ നിര്‍മ്മിച്ചതുപോലെയുള്ള അവളുടെ ആകാര സൗഷ്ഠവം! നാളിതുവരെ യാതൊരുവിധ ശീലക്കേടും അവളില്‍ കണ്ടെത്താന്‍ കഴിഞ്ഞുമില്ല. തികച്ചും സ്‌നേഹമയി!

അഖില ചിരിച്ചുകൊണ്ടു മറ്റൊരു ദിവസം ഇതേ ചോദ്യം ആവര്‍ത്തിച്ചു.
അപ്പോഴും അരവിന്ദ് തെല്ലൊരാശ്ചര്യത്തോടെ അവളുടെ മുഖത്തേക്കു കുറച്ചുനേരം നോക്കിയിരുന്നു. അയാള്‍ക്ക് ആ മുഖത്തുനിന്ന് ഒന്നും വായിച്ചെടുക്കാനായില്ല. ആ ഭംഗ് ആസ്വദിച്ച് അയാളങ്ങനെയിരുന്നു.

ഒരുത്തരത്തിനുവേണ്ടി അവള്‍ അതേ മന്ദഹാസത്തോടെ ചോദ്യം ആവര്‍ത്തിച്ചു. അരവിന്ദ് കാര്യം എന്തെന്നറിയാന്‍ അങ്ങോട്ടൊരു ചോദ്യം ചോദിച്ചു.
അഖില മുമ്പും ഈ ചോദ്യം ചോദിച്ചു. എന്താണു നീ ഉദ്ദേശിക്കുന്നത്? ഇതിനകം നിനക്കെന്നെ മടുത്തോ?

അല്പനേരത്തെ മൗനത്തിനുശേഷം അഖില പറഞ്ഞു:
'ഛേ, എന്തായിപ്പറയുന്നത്. അതൊന്നുമല്ല.'

'നമ്മള്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കാതെ വെറും സ്‌നേഹിതരെപ്പോലെ ഈ വീട്ടില്‍ ജീവിച്ചുകൂടെ എന്നാണു ചോദിച്ചത്.'

ഇത്രയും പറഞ്ഞിട്ട് അപ്പോള്‍ത്തന്നെ അവള്‍ എഴുന്നേറ്റു പോയി. ക്രമേണ അരവിന്ദന് അവളുടെ പെരുമാറ്റത്തില്‍ ചില പ്രത്യേകതകള്‍ കാണാന്‍ കഴിഞ്ഞു. അവള്‍ക്കു പഴയചിരിയില്ല. നേരമ്പോക്കു പറച്ചിലില്ല. രാത്രിയില്‍ അവള്‍ പടംവരയുടെ കേറോഫില്‍ വളരെ വൈകിയേ റൂമില്‍ എത്താറുള്ളൂ. അയാള്‍ പ്രേമപ്രകടനത്തിനു തുനിഞ്ഞാല്‍ 'തലവേദന' 'ക്ഷീണം' തുടങ്ങിയ ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞ് അയാളില്‍ നിന്നൊഴിഞ്ഞുമാറും. അയാളുടെ സന്തോഷവും മനഃസമാധാനവും നഷ്ടപ്പെട്ടു.

ഒരു ദിവസം അരവിന്ദ് ഒരു പരിഹാരമാര്‍ഗ്ഗം തേടി അച്യൂതന്‍ മാഷ്‌ടെ വീട്ടില്‍ ചെന്നു. മാഷ് സന്തോഷത്തോടെ ശിഷ്യനെ സ്വീകരിച്ച് വിശേഷങ്ങള്‍ തിരക്കി.

അരവിന്ദ് എങ്ങും തൊടാതെ അതുമിതും സംസാരിച്ചിരുന്നു പ്രശ്‌നത്തിലേക്കു കടക്കാതെ മടങ്ങി. സംസാരമധ്യേ മാഷ് പറഞ്ഞു.
'അഖിലയും വന്നിരുന്നു. കുറച്ചുനേരം ഇരുന്നിട്ടു മടങ്ങിപ്പോയി. ഇവിടെ വന്ന വിവരം പറഞ്ഞില്ലേ?'

ങാ, പറഞ്ഞു, അരവിന്ദ് ഒരു നുണ പറഞ്ഞിട്ട് എഴുന്നേറ്റു പോന്നു.

നാലഞ്ചു ദിവസം കഴിഞ്ഞ് അഖില അരവിന്ദനോടു പറഞ്ഞു.

'എനിക്കു ജോലികിട്ടി. ഞാന്‍ കോളേജ് ഹോസ്റ്റലിലേക്കു മാറുകയാണ്.'

അരവിന്ദ് വിശ്വാസം വരാത്ത മട്ടില്‍ അവളെ നോക്കി. അഖില തുടര്‍ന്നു.

നമുക്ക് ഒരുമിച്ചു സ്‌നേഹിതരെപ്പോലെ ഇവിടെ കഴിയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മാറാമെന്നേ വിചാരിക്കുന്നുള്ളൂ.

'എന്താണ് നിന്റെ പ്രശ്‌നം'

'ഞാനൊരാളെ സ്‌നേഹിക്കുന്നു.'

'എപ്പോള്‍ മുതല്‍?'

'നമ്മുടെ കല്യാണത്തിനുമുമ്പുമുതലേ ഉള്ള സ്‌നേഹമാണ്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് അയാളെ ഞാന്‍ കണ്ടു.'

എന്നിട്ടു നിങ്ങളെന്താണു വിവാഹം കഴിക്കാത്തത്? നീ ഈ വിവാഹത്തിനു സ്മതിച്ചതെന്തിനാണ്?
അരവിന്ദ് സംയമനം വെടിയാതെ ചോദിച്ചു.

അദ്ദേഹം ജോലികിട്ടി ദൂരെ സ്ഥലത്തേക്കു പോയി. പിന്നീട് ഒരു വിവരവും അറിയാന്‍ കഴിഞ്ഞില്ല. എന്റെ അച്ഛനും സ്ഥലം മാറ്റം കിട്ടി വേറെ സ്ഥലത്തേക്കു ഞങ്ങള്‍ മാറിയിരുന്നു.

'എന്നാല്‍ വീണ്ടും അയാളെത്തന്നെ കല്യാണം കഴിക്കരുതോ?'

അദ്ദേഹം വിവാഹിതനാണ്. ഒരു കുട്ടിയുമുണ്ട്. പക്ഷേ ഇപ്പോഴും ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്ക് പരസ്പരം മറക്കാനും കഴിയില്ല. അദ്ദേഹത്തിനെ കണ്ടതോടെ എനിക്ക് അരവിന്ദിന്റെ ഭാര്യയായി തുടരാനും സാധിക്കുന്നില്ല. എനിക്ക് അയാളെ വിവാഹം കഴിക്കാനോ നിങ്ങളുടെ ഭാര്യയായി കഴിയാനോ പറ്റുന്നില്ല. ഞാന്‍ ശ്രമിച്ചു. ഒട്ടും വയ്യ. എന്നോടു ക്ഷമിക്കണം. അഖില ഇത്രയും പറഞ്ഞ് വേഗം എഴുന്നേറ്റ് പോയി.

പിറ്റെ ദിവസം തന്നെ അരവിന്ദ് മാഷെ കണ്ടു. പത്തില്‍ പത്തുചേര്‍ച്ചയുള്ളവരെന്നും പറഞ്ഞു വിവാഹത്തിനു മുഹൂര്‍ത്തം കുറിച്ചയാളല്ലേ.

മാഷ് പറഞ്ഞു. അഖിലയും വന്ന് വിവരങ്ങളൊക്കെ പറഞ്ഞിരുന്നു. അരവിന്ദിന് ദേഷ്യവും സങ്കടവും സഹിക്കാനായില്ല. കോപതാപങ്ങളോടെ അയാള്‍ മാഷ്‌ടെ നേരെ ഏതാണ്ട് അലറുന്ന മട്ടില്‍ ചോദിച്ചു. പിന്നെ എന്തുകുന്തം അറിഞ്ഞിട്ടാ ജാതകവിശേഷം പറഞ്ഞു മുഹൂര്‍ത്ത കുറിച്ചത്?
മാഷ് ശാന്തനായി പറഞ്ഞു: നിങ്ങള്‍ പഠിപ്പ്, സാമ്പത്തികം, സൗന്ദര്യം അങ്ങനെ എല്ലാത്തിനും യോജിപ്പുള്ളവരെന്നു കണ്ടു മുഹൂര്‍ത്തം കുറിച്ചതാണ്. ജ്യോതിഷശാസ്ത്രമൊന്നും നോക്കിയല്ല ഇത്തരം കേസുകളില്‍ മുഹൂര്‍ത്തം കുറിക്കുന്നത്. ഇതോടെ 'എന്റെയീ സൈഡ് ബിസിനസ് ഞാനുപേക്ഷിച്ചു.'

അരവിന്ദ് പോകാനിറങ്ങി. അപ്പോള്‍ മാഷ് ഇത്രയും കൂടി പറഞ്ഞു. 'കേട്ടോ അരവിന്ദ്. വന്നാല്‍ വന്നതിന്റെ ശേഷം. അരവിന്ദിന് ഒന്നും നഷ്ടപ്പെട്ടില്ലല്ലൊ. ഒരു കാര്യം ചെയ്യ്. ഒരു ട്രാന്‍സ്ഫര്‍ വാങ്ങി ദൂരെ എങ്ങോട്ടെങ്കിലും പോയി. അവിടുന്ന് ഒരു വിവാഹവും കഴിച്ച് സുഖമായി ജീവിക്കുക നല്ലതു വരട്ടെ!'

മുഖമടച്ച് ഒന്നു കൊടുക്കാനാണു തോന്നിയത്. പക്ഷേ, എന്തു ഫലം! ഇനി ഗുരുവിനെ തല്ലി എന്ന ദുഷ്‌പേരുകൂടി വലിച്ചുവയ്ക്കണോ? ദുഃഖിതനും, അവശനും, ക്ഷീണിതനുമായി അയാള്‍ വീട്ടില്‍ വന്നപ്പോള്‍ ജോലിക്കാരന്‍ പറഞ്ഞു. 'കുഞ്ഞു പോയെന്നു സാറിനോടു പറഞ്ഞേക്കാന്‍ പറഞ്ഞു.'


ജാതകപൊരുത്തം (കഥ: ഡോ.എന്‍.പി. ഷീല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക