Image

വെസ്റ്റ്‌ ചെസ്റ്റര്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളി പെരുന്നാളിന്‌ ഉജ്ജ്വല സമാപ്‌തി

ജോയിച്ചന്‍ പുതുക്കുളം Published on 09 November, 2011
വെസ്റ്റ്‌ ചെസ്റ്റര്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളി പെരുന്നാളിന്‌ ഉജ്ജ്വല സമാപ്‌തി
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 109-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 5,6 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. യോങ്കേഴ്‌സിലെ 100 അണ്ടര്‍ഹില്‍ സ്‌ട്രീറ്റിലുള്ള ദേവാലയത്തില്‍ നടന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ്‌, റവ.ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, റവ.ഫാ. ഷിനോജ്‌ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

നവംബര്‍ 5-ന്‌ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന്‌ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ ധ്യാന പ്രസംഗവും നടത്തപ്പെട്ടു. പരുമല തിരുമേനിയുടെ കാലടികളെ പിന്തുടര്‍ന്ന്‌ പരിശുദ്ധന്റെ പുണ്യജീവിതം നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണമെന്ന്‌ അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

നവംബര്‍ ആറിന്‌ രാവിലെ 8.15-ന്‌ പ്രഭാത നമസ്‌കാരവും 9.30-ന്‌ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും, ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, ഫാ. ഷിനോജ്‌ തോമസ്‌ എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധകുര്‍ബാന നടത്തപ്പെട്ടു. തുടര്‍ന്ന്‌ നടന്ന ഭക്തിനിര്‍ഭരമായ റാസ പള്ളിയില്‍ നിന്നും തിരിച്ച്‌ അണ്ടര്‍ഹില്‍ സ്‌ട്രീറ്റ്‌ (ഗ്ലാന്റ്‌ വ്യൂ ബുള്‍വാര്‍ഡ്‌) വഴി തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്നതിനുശേഷം കൈമുത്തും തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

തുടര്‍ന്ന്‌ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വെച്ച്‌ ഇടവകയുടെ മുന്‍ വികാരി ഫാ. എന്‍.കെ. ഇട്ടന്‍പിള്ളയ്‌ക്ക്‌ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി. ഇടവകയുടെ ആത്മീയ പുരോഗതിക്ക്‌ ഗണ്യമായ സംഭാവനകള്‍ നല്‍കിയ ഫാ. എന്‍.കെ. ഇട്ടന്‍പിള്ളയ്‌ക്ക്‌ നല്‍കിയ യാത്രയയപ്പില്‍ ഫാ. ഷിനോജ്‌ തോമസ്‌ (വികാരി), ഫിലിപ്പ്‌ ജോര്‍ജ്‌ (സഭാ മാനേജിംഗ്‌ കമ്മിറ്റി മെമ്പര്‍), പോള്‍ കറുകപ്പള്ളി (ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍), റോയി എണ്ണച്ചേരില്‍ (ഭദ്രാസന ട്രഷറര്‍), ഇടവകയെ പ്രതിനിധീകരിച്ച്‌ സജി കെ. തോമസ്‌, കുര്യന്‍ പള്ളിയാങ്കല്‍, ലിസിക്കുട്ടി ജോസഫ്‌, റോഷന്‍ ഫിലിപ്പ്‌, ജിമ്മി കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇടവകയുടെ സ്‌നേഹോപഹാരം ട്രഷറര്‍ വര്‍ഗീസ്‌ ടി. ഏബ്രഹാം മുന്‍ വികാരിക്ക്‌ നല്‍കി. സെക്രട്ടറി ഷാജി ചാക്കോ നന്ദി രേഖപ്പെടുത്തി. തനിക്ക്‌ നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഫാ. എന്‍.കെ.ഇട്ടന്‍പിള്ള മറുപടി പ്രസംഗം നടത്തി. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ജേക്കബ്‌ അലക്‌സ്‌ അറിയിച്ചതാണിത്‌.
വെസ്റ്റ്‌ ചെസ്റ്റര്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളി പെരുന്നാളിന്‌ ഉജ്ജ്വല സമാപ്‌തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക