Image

ആനി പോളിന് ഉജ്വല വിജയം

Published on 09 November, 2011
ആനി പോളിന് ഉജ്വല വിജയം
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററായി ആനി പോള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഡിസ്ട്രിക്ട് 14-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ എതിരാളി ഹെന്റി സ്റ്റുവാര്‍ട്ടിനെ 63 ശതമാനം വോട്ടിനാണ് തറപറ്റിച്ചത്.

പരാജയങ്ങളും എതിര്‍പ്പുകളും അവഗണിച്ച് നിരന്തര പരിശ്രമത്തിലൂടെ നേടിയ തിളക്കമാര്‍ന്ന വിജയം മലയാളി സമൂഹത്തിനാകെ അഭിമാനം പകരുന്നതായി. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ തെരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യന്‍ വംശജന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്.

റോക്ക്‌ലാന്റ് കൗണ്ടിയില്‍ തന്നെ ക്ലാര്‍ക്‌സ് ടൗണ്‍ കൗണ്‍സിലിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായി ഷിബു ഏബ്രഹാം മത്സരിച്ചുവെങ്കിലും അയ്യായിരത്തോളം വോട്ട് നേടി പരാജയപ്പെടുകയായിരുന്നു. ഫലത്തില്‍ കൗണ്ടിയില്‍ ഡമോക്രാറ്റിക് തരംഗമായിരുന്നു ഇത്തവണ.

ഇന്ത്യക്കാരില്‍ നിന്ന് ഇലക്ഷനില്‍ ഇപ്രാവശ്യം വിജയം നേടിയ പുതുമുഖം ആനി പോള്‍ മാത്രമാണെന്നതാണു കൗതുകം. ന്യൂജേഴ്‌സിയില്‍ അസംബ്ലിയിലേക്ക് ആറാം തവണ മത്സരിച്ച ഉപേന്ദ്ര ചിവുക്കള വിജയംകണ്ടു. എഡിസണ്‍ സിറ്റി കൗണ്‍സിലില്‍ നിലവിലുള്ള അംഗം ഡോ. സുധാംശു പ്രസാദും, ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പില്‍ നിലവിലുള്ള ഡപ്യൂട്ടി മേയര്‍ രാജീവ് പ്രസാദും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ എഡിസണില്‍ റിപ്പബ്ലിക്കനായി മത്സരിച്ച സാം ഖാനും, വുഡ്ബ്രിഡ്ജില്‍ പീറ്റര്‍ കോഠാരിയും പരാജയപ്പെട്ടു.

ന്യൂജേഴ്‌സി അസംബ്ലിയിലേക്ക് പതിനൊന്നാം ഡിസ്ട്രിക്ടിറ്റില്‍ മത്സരിച്ച വിന്‍ ഗോപാല്‍ (ഡമോക്രാറ്റ്) 15,000-ത്തില്‍പ്പരം വോട്ടു നേടിയെങ്കിലും വിജയിക്കാനായില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാണ് 18,000-ല്‍ പരം വോട്ട് നേടി വിജയിച്ചത്. ന്യൂജേഴ്‌സി സെനറ്റിലേക്ക് ഇരുപത്തിയാറാം ഡിസ്ട്രിക്റ്റില്‍ മത്സരിച്ച ഡോ. വാസീം ഖാന്‍ (ഡമോക്രാറ്റ്) 10,000-ല്‍പ്പരം വോട്ടു നേടിയപ്പോള്‍ വിജയിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോ പിനോഷ്യോ അതിന്റെ ഇരട്ടി നേടി.

റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററായി ഒരു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച ഡോ. വി.ജെ പ്രധാന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് കൗണ്ടിയില്‍ ഫലത്തില്‍ രണ്ടുവര്‍ഷമായി ഇന്ത്യന്‍ പ്രാതിനിധ്യമില്ലായിരുന്നു.

നല്ലൊരു പങ്ക് ഇന്ത്യക്കാര്‍ - ഭൂരിപക്ഷവും മലയാളികള്‍ വസിക്കുന്ന റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിനാകും. പതിന്നാലാം ഡിസ്ട്രിക്ടില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരും ഹെയ്ത്തിയില്‍ നിന്ന് വന്നവരും മറ്റുമാണ് കൂടുതലായുള്ളത്. അവര്‍ ആനി പോളിനു പിന്നില്‍ അണിനിരക്കുകയായിരുന്നു.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഇലക്ഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആനി പോളിന്റെ വിജയം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്കാരും മുഖ്യധാരയിലുള്ളവരുമായ നൂറുകണക്കിനാളുകള്‍ ഹര്‍ഷാരവങ്ങളോടെ അതിനെ എതിരേറ്റു.

കഴിഞ്ഞ തവണ ക്ലാര്‍ക്‌സ് ടൗണ്‍ കൗണ്‍സിലിലേക്ക് മത്സരിച്ച് 7000-ത്തില്‍പ്പരം വോട്ടു നേടിയെങ്കിലും നിസ്സാര ഭൂരിപക്ഷത്തിന് പരാജയം ഏറ്റുവാങ്ങിയ ആനി പോള്‍ ഇത്തവണ വിജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. മാസങ്ങളായി കാമ്പയിന്‍ മാനേജര്‍ ഇന്നസെന്റ് ഉലഹന്നാന്റെ നേതൃത്വത്തില്‍ ഒരു സംഘം പേര്‍ വീടുവീടാന്തരം കയറി വോട്ട് അഭ്യര്‍ത്ഥിച്ചത് വെറുതേയായില്ല.

വിജയം തന്നെ വിനയാന്വിതയാക്കുന്നുവെന്നും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച പിന്തുണയും, സഹപ്രവര്‍ത്തകരുടെ കഠിനാധ്വാനവുമാണ് ഇതിനു പിന്നലെന്നും ആനി പോള്‍ പറഞ്ഞു. വ്യക്തികളും സംഘടനകളും നല്‍കിയ പിന്തുണയും സഹകരണവും അവര്‍ പേരെടുത്തു പറഞ്ഞു.

ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, വൈസ് പ്രസിഡന്റ് ലീല മാരേട്ട്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് റോയി എണ്ണച്ചേരില്‍, കേരളസമാജം പ്രസിഡന്റ് പണിക്കര്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് താമരവേലില്‍, അലക്‌സ് ജയിംസ്, ടോം നൈനാന്‍ തുടങ്ങി ഒട്ടേറെ മലയാളികള്‍ വോട്ടിംഗ് ദിന കാമ്പയിനും, ഫലപ്രഖ്യാപനത്തിനുമെത്തി.

ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ആനി പോള്‍ ആര്‍.എന്‍ ആണ്. നഴ്‌സിംഗിലും, പബ്ലിക് ഹെല്‍ത്തിലും മാസ്റ്റര്‍ ബിരുദമുള്ള അവര്‍ ഫൊക്കാനയിലും പ്രാദേശിക സംഘടനകളിലും പ്രവര്‍ത്തിക്കുന്നു. അതിനു പുറമെ മുഖ്യധാരയിലുള്ള സംഘടനകളിലും സജീവമായിരുന്നു. സംഘടനാതലത്തിലെ ഭിന്നതകള്‍ മറന്ന് ഫോമയും ആനി പോളിന്റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു.

ലൈബ്രറി പ്രസിഡന്റ് എന്ന നിലയില്‍ അവര്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയുണ്ടായി. ലൈബ്രറിയില്‍ ഇന്ത്യന്‍ സെക്ഷന്‍ സ്ഥാപിക്കുക അവരുടെ ലക്ഷ്യങ്ങളിലൊന്നാണ്.

ന്യൂഡല്‍ഹിയിലെ ലേഡി ഹാര്‍ഡിംഗ് കോളജില്‍ നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ആനി പോളിന് 1980-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി "ഡോ. വിജയകുമാര്‍ ഗുജ്‌റാള്‍ അവാര്‍ഡ് ഫോര്‍ മോസ്റ്റ് എഫിഷ്യന്റ് ആന്‍ഡ് സിംപതറ്റിക് നഴ്‌സ്' എന്ന ബഹുമതി സമ്മാനിക്കുകയുണ്ടായി.

അമേരിക്കയിലെത്തിയശേഷം പഠനം തുടര്‍ന്ന അവര്‍ റോക്ക്‌ലാന്റിലെ ഡൊമിനിക്കന്‍ കോളജില്‍ അഡ്ജംക്ട് പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു.

അഗസ്റ്റിന്‍ പോള്‍ ആണ് ഭര്‍ത്താവ്. മൂന്നു മക്കള്‍.

മലയാളികള്‍ക്കെല്ലാം അഭിമാനകരമായ വിജയമാണിതെന്ന് പോള്‍ കറുകപ്പള്ളി പറഞ്ഞു. ഈ വിജയം മലയാളി സമൂഹത്തിന് കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും, ഒരു വ്യാഴവട്ടം മുമ്പ് ഓറഞ്ച് ടൗണില്‍ റിസീവര്‍ ഓഫ് ടാക്‌സസ് സ്ഥാനത്തേക്ക് മത്സരിച്ച കുരുവിള ചെറിയാന്‍ പറഞ്ഞു.
ആനി പോളിന് ഉജ്വല വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക