Image

കെ.ആര്‍. നാരായണന്റെ സ്‌മരണയുമായി ചിത്രപ്രദര്‍ശനം

Published on 09 November, 2011
കെ.ആര്‍. നാരായണന്റെ സ്‌മരണയുമായി ചിത്രപ്രദര്‍ശനം
പാലാ: മുന്‍രാഷ്‌ട്രപതി കെ.ആര്‍. നാരായണന്റെ ആറാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. കെ.ആര്‍. നാരായണന്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍വ്വഹിച്ച കുറിച്ചിത്താനം ഗവണ്‍മെന്റ്‌ എല്‍.പി. സ്‌കൂളില്‍ കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷനാണ്‌ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്‌. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജെ. ജോസിന്റെ ശേഖരത്തില്‍നിന്നും തെരഞ്ഞെടുത്ത നൂറുചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനു തയ്യാറാക്കിയത്‌. കെ.ആര്‍. നാരായണന്റെ ജീവിതയാത്രയുടെ നേര്‍ക്കാഴ്‌ചയാണ്‌ `ഫുട്‌ പ്രിന്റ്‌സ്‌ ഓഫ്‌ സര്‍വൈവല്‍' എന്ന പ്രദര്‍ശനത്തില്‍ ദൃശ്യമായത്‌. കെ.ആര്‍. നാരായണന്‍ ജനിച്ച വീട്‌, മാതാപിതാക്കള്‍, സഹോദരങ്ങള്‍, പഠനം നടത്തിയ സ്‌കൂളിലെ അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പുകള്‍, സ്‌കൂള്‍ ഗ്രൂപ്പ്‌ ഫോട്ടോ, റാങ്ക്‌ ലഭിച്ചപ്പോള്‍ പത്രത്തില്‍വന്ന ചിത്രം, നയതന്ത്രജ്ഞനായിരുന്നപ്പോഴത്തെ ചിത്രങ്ങള്‍, വിവാഹ ഫോട്ടോ, ഉഷാനാരായണന്റെ കുടുംബചിത്രം, കെ.ആര്‍. നാരായണന്‍ സഹോദരി ഗൗരിക്ക്‌ അയച്ച കത്ത്‌, രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്‌, ഡോ. ഏ.പി.ജെ. അബ്‌ദുള്‍കലാമിനു ഭാരതരത്‌നം സമ്മാനിക്കുന്നത്‌, വിവിധ രാഷ്‌ട്രതലവന്മാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തുടങ്ങിയവയാണ്‌ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

ചിത്രപ്രദര്‍ശനം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി എബി ജെ. ജോസ്‌ അദ്ധ്യക്ഷത വഹിച്ചു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. അനുസ്‌മരണ പ്രഭാഷണം നടത്തി.

കെ.ആര്‍. നാരായണന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ മുന്‍കൈയെടുക്കുന്നു സജീന്ദ്രന്‍ പറഞ്ഞു.

മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെല്‍ജി ഇമ്മാനുവല്‍, പഞ്ചായത്ത്‌ മെമ്പര്‍ സിറിയക്‌ മാത്യു, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ജോര്‍ജ്ജ്‌ ഫിലിപ്പ്‌, പ്രൊഫ. ഒ.പി. ചൗധരി, പി.ടി.എ. പ്രസിഡന്റ്‌ അസീസ്‌ സി. ആന്റണി, സേവ്യര്‍ ജെയിംസ്‌ എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ പെരുന്താനത്തെ കെ.ആര്‍. നാരായണന്‍ സ്‌മൃതിമണ്ഡപത്തില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പുഷ്‌പാര്‍ച്ചനയും നടത്തി. കെ.ആര്‍. നാരായണന്‍ ചിത്രപ്രദര്‍ശനം സൗജന്യമായി സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു. താത്‌പര്യമുള്ള സ്‌കൂളുകള്‍ 9447702117 എന്ന നമ്പരില്‍ ബന്ധപ്പെടണം.
കെ.ആര്‍. നാരായണന്റെ സ്‌മരണയുമായി ചിത്രപ്രദര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക