Image

സന്തോഷ് പണ്ഡിറ്റ് പഠിപ്പിക്കുന്ന പാഠങ്ങള്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 10 November, 2011
സന്തോഷ് പണ്ഡിറ്റ് പഠിപ്പിക്കുന്ന പാഠങ്ങള്‍
സൂപ്പര്‍താരങ്ങളുടെ പടങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജിവിക്കുന്നത്. ഇതിനിടയിലാണ് ഒരു പുതുമുഖത്തിന്റെ സിനിമ കാണാന്‍ കേരളത്തിലെ ചില തിയറ്ററുകളില്‍ ജനം ഇരച്ചുകയറുന്ന വാര്‍ത്തകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നത്. ഒരാള്‍ തന്നെ നായകന്‍ , ഡയറക്ടര്‍ , നിര്‍മ്മാതാവ്, ഗാനരചയിതാവ്, ഗായകന്‍ , സംഗീതസംവിധായകന്‍ , സ്റ്റണ്ട് മാസ്റ്റര്‍ , തിരക്കഥാകൃത്ത് അങ്ങനെ ക്യാമറാ ഒഴിച്ച് മറ്റ് മിക്കവാറും കാര്യങ്ങള്‍ ചെയ്ത് തീര്‍ത്ത ഒരു സിനിമയാണിത് എന്നകാര്യം നമ്മുടെ ജിജ്ഞാസ വര്‍ദ്ധിപ്പിക്കുന്നു.

സന്തോഷ് പണ്ഡിറ്റ് എന്ന കോഴിക്കോട്ടുക്കാരനാണ് ഈ പുതിയതാരം. തികച്ചും ഒരു വിവാദനായകനായാണ് സന്തോഷിനെ പുറംലോകം ആദ്യം അ
ിഞ്ഞു തുടങ്ങിയത്. യൂറ്റൂബില്‍ മറ്റാരോ പോസ്റ്റ് ചെയ്ത സന്തോഷിന്റെ ചില മ്യൂസിക് ആല്‍ബങ്ങള്‍ അതിന്റെ പ്രത്യേകതകള്‍ കൊണ്ടോ വ്യത്യസ്തകള്‍ കൊണ്ടോ ജനശ്രദ്ധ പിടിച്ചുപറ്റി. ചുരുങ്ങിയനാള്‍ കൊണ്ടുതന്നെ ലോകമെമ്പാടും ലക്ഷക്കണക്കിനാളുകള്‍ ആ ആല്‍ബങ്ങള്‍ കണ്ടു. മറ്റൊരു വീഡിയോ ആല്‍ബങ്ങള്‍ക്കും ലഭിക്കാത്ത കമന്റുകളും ആ ആല്‍ബങ്ങള്‍ക്ക് ലഭിച്ചു. ഇന്നു വരെ അച്ചടിച്ചിട്ടുള്ള ഒരു നിഘണ്ടുവിലും കാണാത്ത പൂരത്തെറി കൊണ്ടഭിഷേകം കമന്റുകളായിരുന്നു അവയിലധികവും.

സന്തോഷിനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കില്‍ തിരിച്ചു കുറെ തെറി വിളിച്ചുകൊണ്ട് ആ പണി അവിടെതന്നെ അവസാനിപ്പിക്കുമായിരുന്നു. അതിനു പകരം ആ ആല്‍ബങ്ങള്‍ താന്‍ നിര്‍മ്മിക്കുന്ന പുതിയ ചലചിത്രത്തിന്റെ ഗാനരംഗങ്ങളാണ് എന്ന പ്രസ്താവനയുമായി രംഗപ്രവേശം ചെയ്യുകയായിരുന്നു സന്തോഷ്. ഇതെ തുടര്‍ന്ന് തെറിയഭിഷേകം കൂടുതല്‍ ശക്തമായി. അപ്പോഴാണ് മാധ്യമങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ തേടിയെത്തിയത്. ഒന്നിനു പിറകെ കേരളത്തിലെ മിക്കവാറും മാധ്യമങ്ങളിലും സന്തോഷിന്റെ വാര്‍ത്തകളും ഇന്റര്‍വ്യൂകളും വരാന്‍ തുടങ്ങി.

പൊതുജനത്തെപ്പോലെ മാധ്യമങ്ങളും വളരെ തമാശയായി മാത്രമേ സന്തോഷിന്റെ പ്രവര്‍ത്തികളെ കണക്കാക്കിയുള്ളൂ. എന്നാല്‍ ഇതെല്ലാം തന്നെ സന്തോഷിന്റെ വളര്‍ച്ചയെ ധൃതഗതിയിലാക്കുകയായിരുന്നു. അവസാനം എല്ലാവരെയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് സന്തോഷിന്റെ സിനിമ കൃഷ്ണനും രാധയും തിയറ്ററുകളിലെത്തി. ഈ തിയറ്ററുകളില്‍ അട്ടഹാസവും തെറിവിളിയും കൂത്താട്ടവും അരങ്ങു തകര്‍ക്കുമ്പോഴും ഇതൊന്നും കേട്ടില്ല എന്ന മട്ടില്‍ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് സന്തോഷ് പണ്ഡിറ്റ്.
സന്തോഷിന്റെ പൂര്‍വ്വകാലചരിത്രം കണ്ടെത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇന്റര്‍വ്യൂ ചെയ്യാനും മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. അതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. റിയാലിറ്റി ഷോകളിലെ താരങ്ങളുടെ ഭവനങ്ങളില്‍ പോയി അവരുടെ വിശേഷങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് ലോകത്തെ അറിയിക്കാന്‍ ചാനലുകള്‍ കാണിക്കുന്ന ശ്രമങ്ങള്‍ എന്തുകൊണ്ടോ ഇവിടെ ദൃശ്യമാകുന്നില്ല.

ഇവിടെ ഒരു കാര്യം സത്യമാണ്. ഈ പോരാട്ടത്തിലെ വിജയി സന്തോഷ് പണ്ഡിറ്റ് തന്നെ. സിനിമയില്‍ അഭിനയിക്കണം, സിനിമ നിര്‍മ്മിക്കണം എന്നൊക്കെ ആഗ്രഹം ഒരൊറ്റ ചിത്രം കൊണ്ടുതന്നെ അദ്ദേഹം സാഷാത്കരിച്ചുകഴിഞ്ഞു. ഈ ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പുകളും ഉടനെ തിയറ്ററുകളിലെത്തിയേക്കും. സിനിമ കാണുവാന് സാധിക്കാത്തതുകൊണ്ട് അതിന്റെ കഥയെക്കുറിച്ചോ നിലവാരത്തെക്കുറിച്ചോ ഒരഭിപ്രായവും ഞാന്‍ പറയുന്നില്ല. അത് നിങ്ങള്‍ തന്നെ കണ്ടിട്ട് തീരുമാനിക്കുക. ഈ സിനിമ കാണാന്‍ അവസരം കണ്ടാലുടന്‍ ഞാന്‍ അത് കാണും. യാതൊരു മുന്‍വിധിയും ഇല്ലാതെ തന്നെ.

എട്ടുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഇതില്‍ രണ്ടുഗാനങ്ങള്‍ (ദേഹിയില്ലാ ദേഹിക്കിപ്പോള്‍ , സ്‌നേഹം സംഗീതം) പാടിയിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്. ഗുരുവായൂരപ്പാ എന്ന ഗാനം പാടിയത് കെ.എസ്. ചിത്രയും രാധേ കൃഷ്ണാ എന്ന ഗാനം പാടിയത് വിധുപ്രതാപുമാണ്. ശ്രീകൃഷ്ണഭക്തനായതുകൊണ്ടാണ് കൃഷ്ണസ്തുതി ഗീതങ്ങള്‍ ഈ ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സന്തോഷ് പറയുന്നു.

യൂറ്റൂബിലും വെബ്‌സൈറ്റിലും നിന്ന് ലഭിച്ച വിവരങ്ങള്‍ ആസപദമാക്കിയാണ് ഈ ലേഖനം ഞാനെഴുതുന്നത്. മിക്കവാറും ചാനലുകളെല്ലാം തന്നെ വളരെ തമാശാരൂപത്തിലാണ് ഇന്റര്‍വ്യൂകള്‍ നടത്തിയിരിക്കുന്നത്. കളിയാക്കിക്കൊണ്ടുള്ള ചോദ്യങ്ങള്‍ക്കുപോലും ചിരിച്ചുകൊണ്ട് മറുപടി പറയുന്ന സന്തോഷിന്റെ ശൈലി എനിക്കിഷ്ടപ്പെട്ടു. ലോകത്തിന്റെ മുന്‍പില്‍ ഒരു കോമാളിയെപ്പോലെ പ്രത്യക്ഷപ്പെട്ടുകൊണ്ട് താനുദ്ദേശിച്ച കാര്യങ്ങള്‍ നേടിയെടുത്ത സമര്‍ത്ഥന്‍ .

യൂറ്റിയൂബിലെ വീഡിയോകള്‍ക്കിടയില്‍ ആറ്റംബോംബിനെക്കാള്‍ വീര്യമുള്ള തെറികമന്റുകള്‍ . ചില വീഡിയോകളിലാണെങ്കില്‍ ടെലിഫോണ്‍ ഇന്റര്‍വ്യൂകള്‍ ആണ് റിക്കോര്‍ഡ് ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മലയാളി ആരാധകരാണെന്നഭിനയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ . പകുതി വരെ കളിയാക്കികൊണ്ടുള്ള ചോദ്യങ്ങള്‍ . പിന്നെയാണ് ശരിക്കുള്ള നാടകം. ആരും കേട്ടാല്‍ അറയ്ക്കുന്ന തെറി പ്രയോഗം. മറ്റാരെങ്കിലുമാണെങ്കില്‍ അരിശം മൂത്ത് തിരിച്ച് തെറി വിളിച്ചുപോകും. എന്നാല്‍ ഒട്ടും ദേഷ്യപ്പെടാതം തന്നെ അവരോട് സംയമനം പാലിച്ചുകൊണ്ട് മറുപടി പറയുന്ന സന്തോഷിന്റെ ക്ഷമാശീലം കണ്ടാല്‍ പരിശീലിക്കാന്‍ ആഗ്രഹിക്കുന്ന പാഠങ്ങളിലൊന്നാണ്.

സന്തോഷിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ ഞാന്‍ പഠിച്ച രണ്ടാമത്തെ പാഠം അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യമാണ്. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ യൂറ്റിയൂബിലെ വീഡിയോ പ്രദര്‍ശനത്തോടെ തന്നെ ഈ പരിപാടി ഉപേക്ഷിക്കുമായിരുന്നു. എത്രയോ പ്രതിഭാധനന്മാരുടെ ചിത്രങ്ങള്‍ പോലും ഇടയ്ക്ക് വച്ച് മതിയാക്കേണിടി വന്നിട്ടുള്ള കാര്യങ്ങള്‍ നമുക്കറിയാവുന്നതാണല്ലോ. അവിടെയാണ് സിനിമാരംഗത്ത് ഒരു മുന്‍ പരിചയവുമില്ലാത്ത സന്തോഷ് പണ്ഡിറ്റിന്റെ ജൈത്രയാത്ര.

ഞാന്‍ പഠിച്ച മറ്റൊരു പാഠം മാര്‍ക്കറ്റിംഗ് തന്ത്രം ആണ്. തന്റെ സ്വപ്നം സാഷാത്കരിക്കാന്‍ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിയ സന്തോഷ് പണ്ഡിറ്റിന്റെ സാമര്‍ത്ഥ്യം നമുക്കും അനുഭവവേദ്യമാക്കാം. വിമര്‍ശനങ്ങളെ പൂമാലകളാക്കി മാറ്റി കഴുത്തിലണിയുന്ന മാര്‍ക്കറ്റിംഗ് തന്ത്രജ്ഞന്‍ .

സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത ചിത്രങ്ങള്‍ കൂടുതല്‍ നിലവാരത്തിലേക്കുയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിമര്‍ശനങ്ങള്‍ തന്നെ കൂടുതല്‍ ശക്തനാക്കിയെന്നും തനിക്ക് പറ്റിയ പാകപ്പിഴകള്‍ മനസ്സിലാക്കാന്‍ സഹായിച്ചുവെന്നും ഒരു ഇന്റര്‍വ്യൂവില്‍ സന്തോഷ് പറയുന്നുണ്ട്.

കുറെയേറെ പ്രതിഭ അദ്ദേഹത്തിനുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. കുറെ പരിശീലനം കൂടെ കിട്ടിയാല്‍ നല്ലൊരു സംവിധായകന്‍ ആകാന്‍ സന്തോഷിന് സാധിക്കും. ഗാനരചനയിലും സംഗീതസംവിധാനത്തിലും ഏറെ മുന്നോട്ടു പോകാനും സാധ്യതയുണ്ട്.

ചാനലുകളിലൂടെ സന്തോഷ് ഇനിയും പ്രശസ്തനാകും. ഒരു പക്ഷേ വരുന്ന സമ്മറില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ ഏതെങ്കിലും മലയാളി സംഘടനകള്‍ അദ്ദേഹത്തെ ക്ഷണിക്കാതിരിക്കില്ല. അല്ലെങ്കില്‍ തന്നെ ഏതെങ്കിലും സ്റ്റേജ് ഷോയില്‍ സന്തോഷ് കഥാപാത്രമായി അവതരിപ്പിക്കുന്ന സ്‌കിറ്റുകള്‍ കാണാന്‍ നമുക്കവസരം ഉണ്ടാകും. ഇതിനകം തന്നെ നാട്ടിലെ ഒരു കോമഡി ഷോയില്‍ സന്തോഷിനെ കഥാപാത്രമാക്കി അവതരിപ്പിച്ച ഒരു രംഗം യൂറ്റിയൂബില്‍ അപ് ലോഡ് ചെയ്തുകഴിഞ്ഞു. സന്തോഷിനെകുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുക. അല്ലെങ്കില്‍ www.santhoshpandit.com സന്ദര്‍ശിക്കുക.
സന്തോഷ് പണ്ഡിറ്റ് പഠിപ്പിക്കുന്ന പാഠങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക