Image

അഹിംസാപരമോ ധര്‍മ്മാ -2 (സുധീര്‍ പണിക്കവീട്ടില്‍)

Published on 10 March, 2014
അഹിംസാപരമോ ധര്‍മ്മാ -2 (സുധീര്‍ പണിക്കവീട്ടില്‍)
അഹിംസാപരിപാലനം ഒരു നിയമമായി അല്ലെങ്കില്‍ ശാസനമായി കരുതേണ്ടതില്ലെന്ന്‌്‌ ശ്രീബുദ്ധന്‍ പറയുന്നു. കാരണം നിയമങ്ങള്‍ നമ്മള്‍ ലംഘിക്കുന്നു. ചിലപ്പോള്‍ നിയമം നമ്മളുടെ അവകാശങ്ങളെ ലംഘിക്കുന്നു. അഹിംസയെ ഒരു മൂല തത്വമായി നാം മനസ്സിലാക്കണമെന്നും അദ്ദേഹം വിവരിക്കുന്നു.

അധര്‍മ്മത്തിനുനേരെ ബലം പ്രയോഗിക്കാമെന്ന ഹിന്ദുസങ്കല്‍പ്പത്തോട്‌ ബുദ്ധമതം യോജിക്കുന്നുണ്ട്‌. ഒരു യോദ്ധാവിന്റെ ധര്‍മ്മം കൊല്ലലല്ല. രാജ്യത്തെയും ജനങ്ങളേയും രക്ഷിക്കലാണു. ആ ധര്‍മ്മാനുഷ്‌ഠനത്തില്‍ കൊല അനിവാര്യമായി വരുമ്പോള്‍ അത്‌ ധര്‍മ്മ ഹിംസയാകുന്നു. അത്‌ അഹിംസയുടെ മഹത്വത്തിനുഹാനി വരുത്തുന്നില്ല. മഹാനായ അശോക ചക്രവര്‍ത്തി കലിംഗ യുദ്ധത്തിന്റെ കെടുതികള്‍ കണ്ട്‌ യുദ്ധം നിര്‍ത്തി ബുദ്ധമതം സ്വീകരിച്ചു.എച്‌.ജി.വെത്സ്‌ അശോക ചക്രവര്‍ത്തിയെപ്പറ്റി ഇങ്ങനെ എഴുതുന്നു `യുദ്ധത്തില്‍ വിജയിയായതിനു ശേഷം യുദ്ധം വേണ്ടെന്ന്‌ വച്ച ഒരേ ഒരു പരമസേനാധിപന്‍. എന്നാല്‍ യുദ്ധത്തില്‍നിന്നും വിരമിച്ചത്‌കൊണ്ട്‌ പ്രയോജനമുണ്ടായില്ല. അധര്‍മ്മത്തെ നശിപ്പിക്കാന്‍ യുദ്ധം അല്ലെങ്കില്‍ ബലപ്രയോഗം അനിവാര്യമായി വന്നുകൊണ്ടിരുന്നു.

ധര്‍മ്മബോധത്തോടെയുള്ളതായിരിക്കണം ഓരോ പ്രവരുത്തിയുടേയും ഉദ്ദേശ്യം. ഒരു പ്രവര്‍ത്തിയിലും സ്വര്‍ഥപരമായ പ്രേരണ ഉണ്ടാകരുത്‌.ഉദാഹരണമായി പറയുന്നത്‌ ഒരു രാജ്യത്തെ മറ്റൊരു രാജ്യം ആക്രമിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്ന രാജ്യത്തെ ഭടന്മാര്‍ ആക്രമിക്കുന്നവരെ കൊന്നൊടുക്കുന്നു. അത്‌ഹിംസയകുന്നില്ല. എന്നാല്‍ ആക്രമിക്കുന്നവര്‍ ആക്രമിക്കപ്പെടുന്ന രാജ്യത്തെ ഭടന്മാരെ കൊല്ലുന്നത്‌ ഹിംസയാണ്‌. അഹിംസയെക്കുറിച്ചുള്ള നിര്‍വ്വചനത്തില്‍ ഒരു ഉദാഹരണം പറയുന്നത്‌ ഇങ്ങനെ - ദുര്‍ബ്ബലനായ ഒരു മനുഷ്യനെ ശക്‌തനായ ഒരു മനുഷ്യന്‍ അടിക്കുന്നു. ദുര്‍ബ്ബലനായ മനുഷ്യനു അടി തിരിച്ചുകൊടുക്കന്‍ കഴിവില്ല. അയാള്‍ അത്‌കൊള്ളുന്നു.എതിര്‍ക്കുന്നില്ല. ഇത്‌ അഹിംസയല്ല കാരണം അടികൊണ്ട മനുഷ്യന്റെ മനസ്സില്‍ പ്രതികാരവും സ്‌പര്‍ദ്ധയും ഉണ്ടാകുന്നുണ്ട്‌.

അഹിംസപൂര്‍ണ്ണമായി പ്രായോഗികമാക്കാന്‍ പ്രയാസമാണ്‌.വ്യക്‌തിപരമായ യാതൊരുപ്രേരണയും കൂടാതെ ധര്‍മ്മാനുസ്രുതമായ ഹിംസനടത്തുന്നത്‌ അഹിംസയാണെന്നു മനസ്സിലാക്കേണ്ടതാണ്‌. അഹിംസ ഏത്‌, ഹിംസ ഏത്‌ എന്ന വിവേചനം ബുദ്ധിയാല്‍ നേടേണ്ടതാണ്‌. ധര്‍മ്മം അനുസരിക്കുന്നതില്‍ ഏറ്റവും കര്‍ക്കശമായിട്ടുള്ള നിയമം ബുദ്ധിയാണ്‌. അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും വ്യാഖാനങ്ങള്‍.ഒരു പുലിയെ കാട്ടില്‍പോയി കൊല്ലുന്നത്‌ പാപമാണ്‌. എന്നാല്‍ പുലി നാട്ടിലേക്കിറങ്ങി വന്നാല്‍ ജീവരക്ഷാര്‍ത്ഥം അതിനെ കൊല്ലുന്നത്‌ ഹിംസയാകുന്നില്ല.

അഹിംസയാണ്‌ ഏറ്റവും പരമമായ ധര്‍മ്മം.അതാണുപരമമായ സത്യവും. ആ സത്യത്തില്‍നിന്നും എല്ലാവിധ ധര്‍മ്മങ്ങളും ഉത്ഭവിക്കുന്നു. കണ്ണിനു കണ്ണും പല്ലിനും പല്ലുമെന്നുള്ള വാദം ഹിന്ദുമതസിദ്ധാന്തങ്ങളുടെ ഭാഗമല്ല.ഹിന്ദു ശാസ്ര്‌ത വിധികള്‍ സസ്യഭോജന സിദ്ധാന്തത്തെ ശക്‌തമായും വ്യക്‌തമായും അനുകൂലിക്കുന്നു. സദാചാര സംഹിതകള്‍ അടങ്ങുന്ന 2200 വര്‍ഷം പഴക്കമൂള്ള തിരുക്കുറള്‍ എന്ന ശ്രേഷഠമായ കൃതിമനസ്സാക്ഷിയെപ്പറ്റി പറയുന്നു.തന്റെ ആഹാരം ഒരു ജീവിയെ കശാപ്പ്‌ ചെയെ്‌തടുത്ത മാംസം കൊണ്ടു പാചകം ചെയ്‌തതാണെന്ന്‌ മനസ്സിലാക്കുന്നമനുഷ്യന്‍ പിന്നെ അത്‌ ഭക്ഷിക്കയില്ല.ആഹാരം ശുദ്ധിയുള്ളതാകുമ്പോള്‍ മനസ്സും ശരീരവും ശുദ്ധമാകുന്നു.

വ്യാഥ ഗീത എന്ന പേരില്‍ മഹാഭരതത്തിലെ വാന പര്‍വ്വത്തില്‍ ഒരു ബ്രാഹ്‌മിന്‍ സന്യാസിക്ക്‌ അറിവുപകര്‍ന്നുകൊടുക്കുന്ന ഒരുവ്യാഥനെ (വേടന്‍, കശാപ്പുകാരന്‍) കുറിച്ച്‌ പറയുന്നുണ്ട്‌. മഹര്‍ഷിമാര്‍ക്കേണ്ടെയന്‍ യുധിഷ്‌ഠരനോട്‌ പറയുന്നതാണ്‌ സന്ദര്‍ഭം.

ഗര്‍വ്വിഷ്‌ഠനായ ബ്രാഹ്‌മിന്‍ സന്യാസി വിനീതനായ വ്യാഥനില്‍ നിന്നും ധര്‍മ്മത്തെക്കുറിച്ച്‌ പഠിക്കുന്നതായി നമ്മള്‍ വായിക്കുന്നു. ഒരു കര്‍മ്മം എങ്ങനെ ചെയ്യുന്നു എന്നതിനെ അനുസരിച്ചാണ്‌ അതിന്റെ മഹത്വം നിലകൊള്ളുന്നതെന്ന്‌ കശാപ്പുകാരനായ വ്യക്‌തിസന്യാസിയെ മനസ്സിലാക്കിക്കുന്നു. കഥ ഇങ്ങനെ -ഒരു സന്യാസിധ്യാനത്തിലൂടേയും, കഠിനവ്രുതങ്ങളിലൂടേയും വളരെക്കാലം തപസ്സ്‌ചെയ്‌ത്‌ ചില സിദ്ധികള്‍ ലഭിച്ച്‌ ഒരു ദിവസം വിശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്ത്‌ ഒരു ഉണക്കില വീണു. ഒരു കാക്കയും കൊക്കും തമ്മില്‍ കശ-പിശ കൂടിയപ്പോള്‍ ഇല വീണതാണെന്ന്‌ മനസ്സിലാക്കിയ സന്യാസി താന്‍ ആര്‍ജ്ജിച്ചെടുത്ത തപോബലം കൊണ്ട്‌ ഒറ്റ നോട്ടത്തില്‍ ആ പക്ഷികളെ ഭസ്‌മമാക്കി. അതിനുശേഷം അദ്ദേഹം ഭിക്ഷക്കായി ഒരു വീട്ടില്‍ചെന്നു.രോഗിയായ ഭര്‍ത്താവിനെശുഷ്രൂക്ലിരുന്ന ഭാര്യസന്യാസിയോട്‌ കാത്തിരിക്കാന്‍ പറഞ്ഞു. അത്‌കേട്ട്‌ ക്ഷുഭിതനായ സന്യാസി - നിക്രുഷ്‌ടയായവളേ, നിനക്ക്‌ എങ്ങനെധൈര്യം വന്നു എന്നോട്‌ ഇത്‌പറയാന്‍. നിനക്ക്‌ എന്റെ തപോശക്‌തിയെപ്പറ്റി അറിയില്ല'
അത്‌കേട്ട്‌വീട്ടമ്മപറഞ്ഞു.എന്നെ ദഹിപ്പിക്കാന്‍ ഞാന്‍ കാക്കയും കൊക്കുമല്ല .സന്യാസി അത്ഭുതപരതന്ത്രനായി ചോദിച്ചു.കാട്ടില്‍ നടന്ന സംഭവം നീ എങ്ങനെ അറിഞ്ഞു.

വീട്ടമ്മപറഞ്ഞു ഞാന്‍ തപസ്സനുഷ്‌ഠിക്കയോ ധ്യാനത്തിലിരിക്കയോചെയ്‌തിട്ടില്ല. എന്നാല്‍ എന്നില്‍നിക്ഷിപ്‌തമായ ചുമതലകള്‍ ഞാന്‍ മുഴുവന്‍ ഹ്രുദയത്തോടും സന്തോഷത്തോടും ചെയ്യുന്നു. അത്‌ കൊണ്ട്‌ എനിക്ക്‌ നിങ്ങളുടെ ചിന്തകള്‍ അറിയാന്‍ കഴിയുന്നു. മിഥിലയിലുള്ള ധര്‍മ്മിഷ്‌ടനായ ഒരു കശാപ്പുകാരന്റെ അടുത്ത്‌പോയി ചോദിക്കു, നിങ്ങള്‍ക്ക്‌ എല്ലാറ്റിനും മറുപടി കിട്ടും. അങ്ങനെചെയ്യാന്‍ തുടക്കത്തില്‍ അറപ്പുതോന്നിയെങ്കിലും സന്യാസിവ്യാഥന്റെ അടുത്ത്‌പോയി. സന്യാസിയെവിസ്‌മയിപ്പിച്ചു കൊണ്ട്‌ വ്യാഥനും കിളികളുടെ കഥ പറഞ്ഞു. സന്യാസിയെതന്റെ അടുക്കലേക്ക്‌ അയച്ച വീട്ടമ്മയെപ്പറ്റി പറഞ്ഞു.

ഇത്രയും വൃത്തികെട്ട ജോലി ചെയ്യുന്ന നിങ്ങള്‍ എങ്ങനെ ജ്‌ഞാനിയായി. വ്യാഥന്‍ പറഞ്ഞു. എന്റെ കര്‍മ്മമനുസരിച്ച്‌ ഞാന്‍ ജനിച്ച സാഹചര്യത്തിലെ ജോലി ഞാന്‍ ചെയ്യുന്നു. കര്‍ത്തവ്യ പാലനം എപ്പോഴും ദൈവത്തിനുസമര്‍പ്പിച്ചു കൊണ്ടായിരിക്കണം.നിങ്ങള്‍ നിര്‍ദ്ദോഷരായ രണ്ട്‌ കിളികളെ കൊന്നപോലെ ഞാന്‍ ആരെയും കൊല്ലുന്നില്ല. നമ്മള്‍ ഭൂമിയിലൂടെ നടക്കുമ്പോള്‍ ധാരാളം ജീവികളെ കൊല്ലുന്നുണ്ട്‌. ഒരു കര്‍ഷകന്‍ നിലം ഉഴുമ്പോള്‍ അനവധി ജീവികളെ കൊല്ലുന്നു. കൃഷിചെയ്യുക കര്‍ഷകന്റെ കര്‍ത്തവ്യമാണ്‌. അഹിംസാപരമോ ധര്‍മ്മാ എന്ന്‌പറഞ്ഞു കര്‍ത്തവ്യങ്ങളില്‍ നിന്നു ഒഴിഞ്ഞ്‌ മാറുന്നത്‌ ധര്‍മ്മമല്ല.

സത്യവും അഹിംസയും ധര്‍മ്മത്തിന്റെ രണ്ട്‌പ്രധാന സ്‌തംഭങ്ങളാണ്‌. അതിലൂടെ പരമമായനന്മ കൈവരിക്കാന്‍ സാധിക്കും. സ്വധര്‍മ്മാനുഷ്‌ഠാനം ക്രുത്യമായി നിര്‍വ്വഹിക്കുന്ന ഒരു വ്യാഥന്‌, തപോബലവും ഉയര്‍ന്ന ജാതിയില്‍ ജനിച്ചു എന്നഹങ്കരിക്കയും ചെയ്യുന്ന ഒരു സന്യാസിയെ പഠിപ്പിക്കാന്‍ സാധിച്ചു.

(തുടരും)
അഹിംസാപരമോ ധര്‍മ്മാ -2 (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക