Image

അര്‍ബുദമായി പടരുന്ന കാലുമാറ്റ രാഷ്ട്രീയം- ജോര്‍ജ് കള്ളിവയലില്‍

ജോര്‍ജ് കള്ളിവയലില്‍ Published on 12 March, 2014
അര്‍ബുദമായി പടരുന്ന കാലുമാറ്റ രാഷ്ട്രീയം- ജോര്‍ജ് കള്ളിവയലില്‍
ഭക്ഷണം കിട്ടാനായി ദരിദ്രന്‍ കഷ്ടപ്പെട്ടു നടക്കേണ്ടി വരുന്ന നാടാണിത്. എന്നാല്‍ കഴിച്ച ഭക്ഷണം ദഹിക്കാന്‍ ആണ് പണക്കാര്‍ കഷ്ടപ്പെട്ടു നടക്കുന്നത്. എന്തൊരു വിരോധാഭാസമെന്നു തോന്നാം. പക്ഷേ, സത്യം പലപ്പോഴും വിചിത്രമാണ്. സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്നു. കര്‍ഷകരും തൊഴിലാളികളുമെല്ലാം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെ പെടാപ്പാടു പെടുന്നു. സമ്പത്തും സ്വാധീനവും അംഗീകാരവും നേടാനുള്ള കുറുക്കുവഴിയായി രാഷ്ട്രീയം മാറുന്നതാണു ദുര്യോഗം.

രാഷ്ട്രീയക്കാരും വമ്പന്‍ ബിസിനസുകാരുമെല്ലാം ചേര്‍ന്നു സാധാരണക്കാരെ ചൂഷണം ചെയ്യുന്നതില്‍ കുറവില്ല. ശതകോടികളുടെ സ്വത്തുക്കളാണു പല രാഷ്ട്രീയ നേതാക്കളും സ്വന്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍ക്കും ഭരണത്തിലെ പ്രമാണിമാര്‍ക്കും പണം നല്‍കി സ്വന്തമായ സാമ്പത്തിക സാമ്രാജ്യം തന്നെ സൃഷ്ടിക്കുകയാണു പല വമ്പന്‍ വ്യവസായികളും ചെയ്യുന്നത്. മുകേഷ് അംബാനിയും സഹോദരന്‍ അനില്‍ അംബാനിയും ഉള്‍പ്പെടെയുള്ള വമ്പന്‍ വ്യവസായികള്‍ രാഷ്ട്രീയത്തിലും ഭരണത്തിലും നേരിട്ട് ഇടപെടുന്നതു രഹസ്യമല്ല.

കേരളത്തില്‍ പോലും വ്യവസായികളുടെ സ്വാധീനത്തെക്കുറിച്ചു മിക്കപ്പോഴും റിപ്പോര്‍ട്ടുകളുണ്ട്.  ഇത്തവണയും ഒരു പ്രമുഖ വ്യവസായി നിര്‍ദേശിച്ചയാളെ ഇടതുമുന്നണിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയെന്നാണു ഒരാക്ഷേപം. കേരളത്തിലെ മിക്ക സ്ഥാനാര്‍ഥികള്‍ക്കും സമ്പന്നരുയും വന്‍കിട വ്യവസായികളുടെയും പിന്തുണയുണ്ടെന്നതും പുതുമയുള്ള പരാതിയല്ല. കേരളത്തിനു പുറത്തു മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി കൂടുതല്‍ ദയനീയമാണെന്നു മാത്രം.

'മൂല്യാധിഷ്ടിത രാഷ്ട്രീയമെന്നത് കൈയാലപ്പുറത്തെ തേങ്ങയ്ക്കു സമം. ഉന്നത നേതാക്കള്‍ക്ക് വന്‍കിട മുതലാളിമാരെ സുഖിപ്പിക്കല്‍ പ്രധാന പണി. ചെറുകിട നേതാക്കള്‍ക്കും ആണികള്‍ക്കും മാഫിയ, ക്വട്ടേഷന്‍ തുടങ്ങിയ തരികിടകളുമായി ബന്ധം. രാഷ്ട്രീയ പ്രവര്‍ത്തനമെന്നതു പല അസന്മാര്‍ഗിക പ്രവര്‍ത്തികള്‍ക്കുമുള്ള മൂടുപടം. നമ്മുടെ നാടും നന്നാകുന്നുണ്ട്' - പാലക്കാട് സ്വദേശി ജയന്‍ കുമ്പളത്ത് എന്നയാള്‍ ഫേസ്ബുക്കില്‍ എഴുതിയതു വെറും പരിഹാസം മാത്രമാകില്ല.

സമ്പത്തും സ്വാധീനവും കൂട്ടി സുഖിച്ചു വാഴാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ സ്വന്തം വീട്ടുസ്വത്താക്കുന്നവര്‍ കുറവല്ല. രാഷ്ട്രീയക്കാരന്റെ മകനോ, കുടുംബാഗമോ ആയതുകൊണ്ടു മാത്രം ഏതെങ്കിലും നേതാവ് മോശക്കാരാന്‍ ആകണമെന്നില്ല. പക്ഷേ തെരഞ്ഞെടുപ്പു സമയത്തു മാത്രം രാഷ്ട്രീയത്തിലിറങ്ങി എംപി, എംഎല്‍എ, മന്ത്രി സ്ഥാനങ്ങള്‍ റാഞ്ചിയെടുക്കുന്നതിനോടു യോജിക്കാനാകില്ല. നേതാവിന്റെ മക്കളാരെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവരാണെങ്കിലും സ്ഥാനാര്‍ഥിയാകുന്നതിനെ വലിയ തെറ്റായി ചിത്രീകരിക്കാനാകില്ല.

പക്ഷേ ആയാറാം ഗയാറാം രാഷ്ട്രീയത്തിനു പേരുകേട്ട ബിഹാറില്‍ ഇത്തവണ കാണുന്നതു മിക്കതും പരിഹാസ്യവും ജനാധിപത്യത്തിന്റെ ചൂഷണവുമാണ്.  ബിഹാറില്‍ ഖഗാരിയയിലെ രണ്‍വീര്‍ യാദവിന്റെ രണ്ടു ഭാര്യമാര്‍ രണ്ടു വ്യത്യസ്ഥ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ്. രണ്ടു ഭാര്യമാരും സഹോദരിമാരാണെന്നതാണു രസകരമായ മറ്റൊരു വിശേഷം. സമ്പന്നനും രണ്‍വീര്‍ സമുദായത്തിലെ പ്രബലനുമായ രണ്‍വീറിന്റെ ഭാര്യമാരായി ഒരേ സമയം കഴിയാന്‍ ചേച്ചിക്കും അനുജത്തിക്കും സന്തോഷമേയുള്ളൂ.

പൂനവും കൃഷ്ണയും രാഷ്ട്രീയപ്രവര്‍ത്തകര്‍ ആയിരുന്നില്ല. വിവാഹം കഴിക്കുന്ന കാലത്തു രാഷ്ട്രീയം എന്തെന്നു പോലും വലിയ പിടിയില്ലാത്തവര്‍. പക്ഷേ അധികാര രാഷ്ട്രീയത്തിന്റെ ഗുണമെന്തെന്നു ഭര്‍ത്താവ് രണ്‍വീര്‍ യാദവിനു നല്ല ബോധ്യം. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ സുഹൃത്താണ് രണ്‍വീര്‍. പക്ഷേ ബിഹാറിലെ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവുമായും രണ്‍വീറിനു നല്ല അടുപ്പമുണ്ട്. എങ്കില്‍ പിന്നെ അധികാരരാഷ്ട്രീയത്തിന്റെ രുചി നുണയാനും ഇരുഭാര്യമാരെയും ഒരുമിച്ചു രാഷ്ട്രീയത്തില്‍ ഇറക്കുകയെന്നതാണു ഭര്‍ത്താവിന്റെ സന്തോഷം.

സഹോദരിമാരായ ഇരുഭാര്യമാരും ഇരു രാഷ്ട്രീയ പാളയത്തിലായതും ഭര്‍ത്താവിന്റെ പ്രായോഗിക രാഷ്ട്രീയ തന്ത്രഞ്ജതയുടെ മികവു തന്നെ. രണ്‍വീറിന്റെ ആദ്യഭാര്യയും ചേച്ചിയുമായ പൂനംദേവി ജെഡിയു എംഎല്‍എയാണ്. രണ്ടാം ഭാര്യയും പൂനത്തിന്റെ അനുജത്തിയുമായ കൃഷ്ണകുമാരി എതിര്‍ചേരിയിലെ ആര്‍ജെഡിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയാണ്. ഇപ്പോള്‍ തന്നെ ഖഗാരിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണു കൃഷ്ണകുമാരി. എംഎല്‍എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും അധികാരം ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് കൈയാളുന്നുവെന്നതും ഖഗാരിയക്കാര്‍ക്കു അതിശയമുള്ള കാര്യമല്ല.

ഇത്തവണ അനുജത്തിക്കു ലോക്‌സഭാ സീറ്റു കൊടുക്കണമെന്നു ചേച്ചി പൂനവും ഭര്‍ത്താവ് രണ്‍വീറും ജെഡിയുവിനോടു ചോദിച്ചുനോക്കി. നാല്‍പത്തിനാലുകാരിയായ ചേച്ചിക്കും മുപ്പത്തിയാറുകാരിയായ അനുജത്തിക്കും ഒരുമിച്ചു സ്ഥാനം നല്‍കുന്നതു ശരിയാകില്ലെന്നു ജെഡിയു വ്യക്തമാക്കി. ഇതോടെയാണു കൃഷ്ണകുമാരിയെ എതിര്‍പാളയത്തിലെത്തിച്ചു സീറ്റു തരപ്പെടുത്തിയത്. എതിര്‍പാര്‍ട്ടിയിലാണെങ്കിലും അനുജത്തിക്കു വേണ്ടി വോട്ടു ചെയ്യുമെന്നു ചേച്ചി പരസ്യമായി പറഞ്ഞു. ഒരേ ഭര്‍ത്താവിന്റെ രണ്ടു ഭാര്യമാരും രണ്ടു ഭിന്ന പാര്‍ട്ടികളിലും ആണെങ്കിലും വീട്ടിനുള്ളില്‍  ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നാണു ഇരുവരും പറയുന്നത്.

അതിലേറെ കഷ്്ടമാണ് ഒരു രാത്രി കൊണ്ടു പുതിയ മേച്ചില്‍പുറത്തേക്കു കാലുമാറുന്ന പാര്‍ട്ടികളും നേതാക്കളും. കേരളത്തില്‍ ആര്‍എസ്പി ഇടതുമുന്നണി വിട്ടു യുഡിഎഫിലെത്തിയതും എഐസിസി അംഗമായ പിലീപ്പോസ് തോമസ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായതും കഴിഞ്ഞ ദിവസങ്ങളിലെ വലിയ വര്‍ത്തയാണ്. ഇത്തവണത്തെ ഇടതു സ്വതന്ത്രരില്‍ പലരും ഇതേപോലെ അവസാന ദിവസങ്ങളില്‍ ഇടതുപാളയത്തിലെത്തിയവരാണെന്നും ആക്ഷേപമുണ്ട്.

പതിനേഴു വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചാണു ജെഡിയുവും മുഖ്യമന്ത്രി നിതീഷ് കുമാറും ഇക്കുറി ബിജെപിക്കെതിരേ മല്‍സരിക്കുന്നത്. എതിര്‍ചേരിയില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയോടൊപ്പമായിരുന്ന എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്‍ തെരഞ്ഞെടുപ്പ് ആയപ്പോഴാണു പെട്ടെന്നു ബിജെപിയോടൊപ്പം പോയത്. എല്‍ജെപിയുടെ ആറു സീറ്റില്‍ മൂന്നും സ്വന്തം വീട്ടിലെത്തിക്കാന്‍ പാസ്വാന് ഉളുപ്പുണ്ടായില്ല.

പാസ്വാനും മകന്‍ ചിരാഗിനും പാസ്വാന്റെ ഇളയ സഹോദരന്‍ രാംചന്ദ്രയുമാണു ഒരുമിച്ചു ലോക്‌സഭയിലേക്കു മല്‍സരിക്കുന്നത്. പാസ്വാന്‍ പതിവു മണ്ഡലമായ ഹാജിപൂരിലും മകന്‍ ചിരാഗ് സംവരണ മണ്ഡലമായ ജമൂയിയിലും രാംചന്ദ്ര മൂന്നാമത്തെ സംവരണ മണ്ഡലമായ സമസ്തിപൂരിലുമാണു മല്‍സരിക്കുക. മൊത്തം സ്വന്തം വീട്ടിലോട്ടു പോരട്ടെ എന്നാകും.

അഴിമതിക്കേസില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ രാഷ്ട്രീയം എന്തെന്നു പോലും അറിയില്ലാതിരുന്ന ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കിയ ലാലു പ്രസാദ് യാദവിന്റെ നാടാണ് ബിഹാര്‍. ഇത്തവണ സ്വന്തം മകള്‍ മിസായ്ക്കു ലോക്‌സഭാ സീറ്റു നല്‍കാനും ലാലു മടിച്ചില്ല.

പ്രമുഖ അനുയായി രാം കൃപാല്‍ യാദവിനെ ഒഴിവാക്കിയാണു പാടലീപുത്ര മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ഥിയായി ലാലുവിന്റെ മൂത്ത മകള്‍ മിസാ മല്‍സരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചു ഒരു രാത്രികൊണ്ടു ആര്‍ജെഡി വിട്ട രാം കൃപാലിനു ബിജെപിയിലേക്കു പോകണോ, അതോ ജെഡിയുവിലേക്കു ചേക്കേറണമോയെന്നതാണു ആകെയുള്ള പ്രയാസം. അതെന്തായാലും ഇപ്പോള്‍ ലാലുവിന്‍െ മകളും പഴയ അനുയായിയും തമ്മിലാണു പാടലീപുത്രയിലെ പ്രധാന മല്‍സരം.

ആന്ധ്രപ്രദേശിലെ മുന്‍കേന്ദ്രമന്ത്രി ഡി. പുരന്ദരേശ്വരിയുടെ കാലുമാറ്റവും ശ്രദ്ധേയമാണ്. തെലുങ്കുദേശം പാര്‍ട്ടി വിട്ടു കോണ്‍ഗ്രസിലെത്തിയ പുരന്ദരേശ്വരി യുപിഎ ഒന്നും രണ്ടും മന്ത്രിസഭകളില്‍ മന്ത്രിമാരായിരുന്നു. തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ചു കഴിഞ്ഞ മാസം കോണ്‍ഗ്രസ് വിട്ടു. പക്ഷേ തെലുങ്കാനയെ അനുകൂലിച്ച ബിജെപിയിലേക്കാണു ഈ വനിതാനേതാവ് കാലുമാറിയത്. അധികാരത്തിന്റെ വഴിയില്‍ ന്യായം പോലും നോക്കുന്നില്ല. ആന്ധ്രയിലെ കോണ്‍ഗ്രസ് എംപിയായ എ. വെങ്കിട്ടരാമ റെഡ്ഡി അടക്കം ഏതാനും പേര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്കു കുടിയേറാന്‍ ഇനി മണിക്കൂറുകള്‍ മതിയാകും.

മധ്യപ്രദേശില്‍ ഭഗീരഥ് പ്രസാദ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അതേ ദിവസമാണു ബിജെപിയിലേക്കു കൂടുമാറിയത്. ചിഹ്നം മാറി ഭിന്‍ഡ് മണ്ഡലത്തില്‍ തന്നെ അദ്ദേഹം മല്‍സരിക്കും. ഹരിയാനയിലെ കോണ്‍ഗ്രസ് എംപിയും മുന്‍മുഖ്യമന്ത്രി റാവു ബിരേന്ദ്ര സിംഗിന്റെയും മകനുമായ റാവു ഇന്ദര്‍ജിത് സിംഗും തെരഞ്ഞെടുപ്പിനു മുമ്പേ ബിജെപിയിലേക്കു ചുവടുമാറ്റി. 36 വര്‍ഷം ഇയാള്‍ കോണ്‍ഗ്രസിലായിരുന്നു.

ഒഡീഷയിലെ കോണ്‍ഗ്രസ് നേതാവ് ആര്യ കുമാര്‍ ഗ്യാനേന്ദ്രയും ജാര്‍ഖണ്ഡിലെ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രശേഖര്‍ ദുബൈയും ഒരു ദിവസം കൊണ്ടാണു തൃണമൂല്‍ കോണ്‍ഗ്രസിലേക്കു കാലുമാറിയത്. ജാര്‍ഖണ്ഡിലെ ജെഎംഎം തലവന്‍ ഷിബു സോറന്റെ ഇളയ അനുജന്‍ ലാലു സോറനും തൃണമൂലിലേക്കു മാറിയിട്ടുണ്ട്. യുപിയിലെ എംപിയും ഒരു ദിവസത്തെ മുഖ്യമന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് ജഗദാംബിക പാലിനും ബിജെപിയിലേക്കു കൂറുമാറാന്‍ ഒരു രാത്രിയേ വേണ്ടി വന്നുള്ളൂ.

ഇവരെല്ലാം കൂടുമാറിക്കയറിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. ആശയപരമെന്നതിനേക്കാള്‍ ആമാശയപരമായ മാറ്റം.  ഇനിയുള്ള ദിവസങ്ങളിലും തെരഞ്ഞെടുപ്പിനു ശേഷവും കൂടുതല്‍ കാലുമാറ്റങ്ങള്‍ക്കാണു രാജ്യം കാത്തിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനു ഗുരുതരമായ അര്‍ബുദമാണു കാലുമാറ്റ രാഷ്ട്രീയം. ഇത്തരം അവസരവാദികള്‍ക്കു ചികില്‍സ നല്‍കാന്‍ വോട്ടര്‍മാര്‍ മറക്കാതിരിക്കട്ടെ.

അര്‍ബുദമായി പടരുന്ന കാലുമാറ്റ രാഷ്ട്രീയം- ജോര്‍ജ് കള്ളിവയലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക