Image

ഏട്ടന്റെ സുന്ദരി (ചെറുകഥ: കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 15 March, 2014
ഏട്ടന്റെ സുന്ദരി (ചെറുകഥ: കൊല്ലം തെല്‍മ, ടെക്‌സാസ്)
സൂര്യാസ്തമയും നോക്കി ഏട്ടന്റെ തോളുരുമ്മി ഇരുന്നപ്പോള്‍, ചെറുപ്രായത്തിലേ എന്നനനേക്കുമായി വിട പറഞ്ഞുപോയ അച്ഛനമ്മമാരെ ഓര്‍ത്തു ദുഃഖിച്ചു. എങ്കിലും അവരുടെ അഭാവം അറിയിക്കാതെയാണ് ഏട്ടന്‍ എന്റെ മനസ്സിനെ നിനിര്‍ത്തി വരുന്നത്.
സാഹിത്യകാരനായത് കൊണ്ട് എന്നും സായാഹ്നത്തില്‍ കടല്‍ത്തീരത്ത് വന്നിരുന്ന് അസ്തമയ സൂര്യന്റെ ചെങ്കതിരുകള്‍ കണ്ടില്ലെങ്കില്‍ അന്നുറക്കം വരില്ലത്രെ.

“ഏട്ടാ, ഈ കടലിന് എന്താണ് ഇത്രയും നീല നിറം? നീല ചായം കലക്കി ഈ വിശാലമായ കടലില്‍ ഒഴുക്കിയത് ദൈവമെന്ന കലാകാരനാണോ?” അപ്പോള്‍ ചിരിച്ചു കൊണ്ട് ഏട്ടന്‍ പറയും, “അത് നീലാകാശത്തിന്റെ പ്രതിച്ഛായ അല്ലേ മണ്ടി പെണ്ണേ?”  തിരകള്‍ മാറിപ്പോകുമ്പോള്‍ കൈക്കുമ്പിളില്‍ വെള്ളം കോരി കാണിച്ചിട്ട് പറയും “ഇപ്പോഴെവിടെ നീല നിറം?”

തോല്‍വി സമ്മതിച്ച് ഏട്ടനോടൊപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ കടല്‍ കാറ്റ്, കുളിരിന്റെ പുതുപ്പു കൊണ്ട് ദേഹമാസകലം മൂടി. അപ്പോള്‍ ഏട്ടന്‍ പറയും. “അത് കടല്‍ കാറ്റിന്റെ കുളിരല്ല. കടലില്‍ നിന്ന് വരുന്നത്, ഇളം തെന്നലാണ്, പക്ഷെ കരയില്‍ തഴച്ചു വളര്‍ന്ന് ഇടതൂര്‍ന്ന് നില്‍ക്കുന്ന കല്‍പ്പ വൃക്ഷങ്ങളാണ് ആ കുഞ്ഞു കാറ്റുകളെ വളര്‍ത്തി വലുതാക്കി എടുക്കുന്നത്. നോക്കൂ ആ കേരള വൃക്ഷങ്ങളുടെ ഓലകള്‍ പരസ്പരം  മത്സരിച്ച് ആര്‍തലക്കുന്നത്?”

 അപ്പോള്‍ മനസ്സ് മന്ത്രിക്കും, ഒരു സാഹിത്യകാരന്റെ ഭാവനാ സ്വപ്നങ്ങള്‍!!!

ഒരിക്കല്‍ കുസൃതിയോടെ ചോദിച്ചു,  “ഏട്ടനെന്തേ ഗേള്‍ ഫ്രണ്ട്‌സ് ഇല്ലാത്തെ?”

 ഉടന്‍ ചേട്ടന്‍ പറഞ്ഞു, “ഒരു സുന്ദരിയെ അന്വേഷിക്കുന്ന തിരക്കിലാണ് കണ്ടെത്തിയിട്ടില്ല.”

ഞാനാവേശത്തോടെ ചോദിച്ചു. “എന്നേക്കാള്‍ സൗന്ദര്യമുള്ള പെണ്ണിനെയാണോ അന്വേഷിക്കുന്നത്?”  തന്നെ ചൊടിപ്പിക്കാന്‍ ചേട്ടന്‍ പറഞ്ഞു, അതിനു നിനക്ക് സൗന്ദര്യമുണ്ടെന്നാരു പറഞ്ഞു? നിന്റെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളും, കണ്‍മഷി എഴുതിയ കണ്ണുകളും കൃത്രിമ സൗന്ദര്യമല്ലേ? ലിപ്സ്റ്റിക്കിടാതെ ചുവന്നിരിക്കണം ചുണ്ടുകള്‍, കണ്ണെഴുതാതെ നീലിമയുള്ളതായിരിക്കണം കരിമിഴികള്‍.”

തന്നെ ശുണ്ഠി പിടിപ്പിക്കാനാണ് ഏട്ടന്‍ അങ്ങനെ പറഞ്ഞതെന്നറിയാം. എങ്കിലും മുഖം വീര്‍പ്പിച്ച് പരിഭവം നടിക്കും ഈ പുന്നാര അനിയത്തി.

ഒരിക്കല്‍ കോരി ചൊരിയുന്ന മഴയത്ത്, ഏട്ടന്‍ നട്ടു വളര്‍ത്തിയ ചുവന്ന ചീരകള്‍ നിലം മുട്ടെ ഞാര്‍ന്നു പോയി. അത് കണ്ടിട്ട് ഒരു കൂസലുമില്ലാതെ ഏട്ടന്‍ പറഞ്ഞു. “പെരുമഴയേറ്റപ്പോള്‍ യൂണിഫോം ധരിച്ച ചീര പട്ടാളം മണ്ണിനെ ചുംബിച്ചു നില്‍ക്കുകയാണ്. നാളെ സൂര്യന്‍ അവരെ ചുംബിക്കുമ്പോള്‍ അവര്‍ വീണ്ടും തല ഉയര്‍ത്തും.”  എഴുത്തുകാരന്‍ ചേട്ടന്റെ ഭാവന എനിക്കിഷ്ടപ്പെട്ടു! അപാരം!!!
മഴയത്ത് വാഴയിലകള്‍ കുട പിടിച്ചു നില്‍ക്കുന്നത് കണ്ടിട്ട് ഏട്ടന്‍ പറഞ്ഞു, “എറുമ്പുകളെ നനക്കാതെ ഇരിക്കാന്‍ കുടപിടിച്ച് നില്‍ക്കുകയാണെന്ന്. ഇടയ്ക്കിടെ എറുമ്പുകള്‍ അത്ഭുതത്തോടെ മുകളിലേക്ക് നോക്കി വാഴകള്‍ക്ക് നന്ദി പറയുകയും ചെയ്യും.”

ഏട്ടന്റെ അപാരഭാവനകള്‍ക്ക് ചിറക് വിടരുന്നത് ഓര്‍ത്ത് ഞാന്‍ അതിശയിച്ചു!! ഏട്ടന് തീര്‍ച്ചയായും ഒരു ഗേള്‍ഫ്രണ്ടിനെ ആവശ്യമുണ്ട്.

ഒരു സുന്ദരിയെ കണ്ടുപിടിക്കാന്‍ ഏട്ടനെ എന്നും നിര്‍ബന്ധിച്ചു. തനിക്കൊരു കൂട്ടുകാരിയും ആകുമല്ലോ.

മുളങ്കാട്ടിലും, വയല്‍ വരമ്പത്തും, പുഴയോരത്തുമാണഅ ഏട്ടന്‍ സദാ വ്യാപരിക്കുന്നത്. എഴുത്തുകാരന് ഭാവനാ സ്വപ്നങ്ങള്‍ നെയ്‌തെടുക്കേണ്ടേ?

ഒരിക്കല്‍ വളരെ സന്തോഷവാനായി തന്റെ ചെവിയില്‍ ആ രഹസ്യം മൂളി.

“ഞാന്‍ എന്റെ സുന്ദരിയെ കണ്ടെത്തി. അതെ, മുളങ്കാടുകള്‍ക്കുള്ളില്‍ വച്ചാണ് ആ സുന്ദരിയെ ഞാന്‍ കണ്ടത്.” എന്‌റെ ജിജ്ഞാസ കൂടി. മുളങ്കാടുകള്‍ക്കുള്ളില്‍ വച്ചോ? അപ്പോള്‍ അവള്‍ കാട്ടു പെണ്ണാണോ? അതോ മലവേടത്തിയോ?

പണ്ടത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലെ കാട്ടുതുളസിയെ ഓര്‍ത്തുപോയി. സത്യന്‍, ശാദര, ഉഷാകുമാരി ത്രികോണ സിനിമ. അതിലെ കാട്ടുതുളസി പോലെ ആരെങ്കിലും ആകുമോ?

ഏട്ടന്‍ കൂസാതെ പറഞ്ഞു, "കാട്ട് പെണ്ണും മല വേടത്തിയും അല്ല. അവള്‍ പച്ചപ്പട്ടാണ് ധരിക്കുന്നത്, അവളുടെ ചുണ്ടുകള്‍ ലിപ്സ്റ്റിക്ക് ഇട്ടില്ലെങ്കിലും ചുവന്നിരിക്കും. കണ്ണെഴുതിയില്ലെങ്കിലും കരി നീല മിഴികളില്‍ നാണം തുളുമ്പും." എനിക്ക് അതിശയമായി. പച്ചപ്പട്ട് ധരിക്കണമെങ്കില്‍ അവള്‍ വലിയ വീട്ടിലെ പെണ്ണായിരിക്കണമല്ലോ? തനിക്കെന്തെന്നില്ലാത്ത സന്തോഷം!

അടുക്കള തിണ്ണയില്‍ കറങ്ങി നടന്ന കുറുഞ്ഞി പൂച്ചയെ വാരിയെടുത്ത് ഉമ്മകൊടുത്തു. അവളോട് മൊഴിഞ്ഞു, ഏടി കുറുഞ്ഞി പൂച്ചേ നീയറിഞ്ഞോ, എന്റെ എട്ടന്‍ ഒരു സുന്ദരിയെ കണ്ടെത്തി.

ദിവസങ്ങള്‍ പലത് കഴിഞ്ഞു. ഒരു ദിവസം ഏട്ടന്‍ ആ സുന്ദരിയെ കൂട്ടിക്കൊണ്ടു വന്നു. അവളുടെ സൗന്ദര്യത്തെക്കുറിച്ച് ഏട്ടന്‍ വര്‍ണ്ണിച്ചത് എത്ര വാസ്തവം! അവളെ കണ്ണിമക്കാതെ നോക്കി നിന്നു. ആ സുന്ദരിയുടെ ചെഞ്ചുണ്ടുകളിലും നീലിമയാര്‍ന്ന കണ്ണുകളിലും തെല്ലൊരു അസൂയയോടല്ലാതെ എങ്ങനെ നോക്കിനില്‍ക്കാന്‍ കഴിയും? സുന്ദരി ധരിച്ചിരുന്ന തിളങ്ങുന്ന പച്ചപ്പട്ട് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് ആര് സമ്മാനിച്ചാതാവാം എന്നായിരുന്നു എന്റെ ചിന്ത? ഏതായാലും അവള്‍ നാണം കുണുങ്ങിയായിരുന്നു. എട്ടന്റെ തോളോട് ചേര്‍ന്നിരുന്ന അവള്‍ അധികം സംസാരിച്ചില്ല.

നേരം പരപരാന്നു വെളുത്തതിനു ശേഷമാണ് പിറ്റേന്നുണര്‍ന്നത്. പെട്ടെന്ന് ഏട്ടന്റെ സുന്ദരിയെ കുറിച്ചോര്‍ത്തു. എട്ടന്റെ വാതിലില്‍ മുട്ടി,  “ഏട്ടാ സുന്ദരി എവിടെ?”

ഏട്ടനും വിസ്മയഭാവം! “പറഞ്ഞത് പോലെ അവളെവിടെ? ഏട്ടന്റെ സുന്ദരി?”

ഞാനും ഏട്ടനും എല്ലാ മുറികളും പരിശോധിച്ചു. സുന്ദരിയെ എങ്ങും കണ്ടില്ല.

അടുക്കള തിണ്ണയില്‍ കുറുഞ്ഞി പൂച്ചയുടെ ശബ്ദം… അവിടെ ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഏട്ടനേയും എന്നെയും വേദനിപ്പിച്ചു… കുറുഞ്ഞി പൂച്ച, സുന്ദരിയെ കടിച്ചു മുറിച്ചു തിന്നുന്നു… ഞങ്ങള്‍ക്ക് ഹൃദയം തകരുന്നതുപോലെ… ഇതെങ്ങനെ സഹിക്കും…?

അവിടെയും ഇവിടെയും ചിതറിക്കിടന്ന തത്തമ്മയുടെ പച്ച തൂവലുകള്‍ പെറുക്കിയെടുക്കുമ്പോള്‍ ഏട്ടന്റെ കണ്ണുകളിലെ നനവ് ഞാന്‍ അറിഞ്ഞു… എന്റെ കണ്ണുകളിലും നനവ്... ഏട്ടന്റെ സുന്ദരിയുടെ ഓര്‍മ്മക്കായി രണ്ടു പച്ച തൂവലുകള്‍ ഞങ്ങള്‍ സൂക്ഷിക്കുന്നു….


ഏട്ടന്റെ സുന്ദരി (ചെറുകഥ: കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക