Image

തൊഴില്‍ തേടിയുള്ള മനുഷ്യന്റെ യാത്ര (ജോണ്‍ മാത്യു)

Published on 16 March, 2014
തൊഴില്‍ തേടിയുള്ള മനുഷ്യന്റെ യാത്ര (ജോണ്‍ മാത്യു)
കേരളത്തില്‍ നിരവധി തൊഴിലവസരങ്ങളുള്ളപ്പോള്‍ എന്തുകൊണ്ട്‌ മലയാളികള്‍ തൊഴില്‍ത്തേടി മറ്റുനാടുകളിലേക്കു പോകുന്നു? വളരെ നിസാരമായി കേരളത്തിലെ തൊഴിലില്ലായ്‌മ പരിഹരിച്ചുകഴിഞ്ഞിരിക്കുന്നുപോലും! ശരിയല്ലേ, കേരളത്തില്‍ ജോലിക്ക്‌ ആളിനെ കിട്ടാനില്ല, അതുകൊണ്ടുണ്ടായ ശൂന്യാവസ്ഥ പരിഹരിക്കാന്‍ തമിഴ്‌നാട്ടില്‍നിന്നു മാത്രമല്ല, ബംഗാളില്‍നിന്നും ബീഹാറില്‍നിന്നുംവരെയും പിന്നെ ഗൂര്‍ഖമാരെയും നാം കൊണ്ടുവരുന്നു!

ഈയ്യിടെ ഗള്‍ഫ്‌ നാടുകളിലെ തൊഴില്‍ അവസരങ്ങളെപ്പറ്റിയും അതിന്റെ പ്രശ്‌നങ്ങളെപ്പറ്റിയും ശ്രീ അബ്‌ദുള്‍ പുന്നയൂര്‍ക്കുളം എഴുതിയ ലേഖനം ശ്രദ്ധേയമായി. കഴിഞ്ഞ ഏതാണ്ട്‌ അരനൂറ്റാണ്ടിനുമേലായി മലയാളികള്‍ തങ്ങളുടെ ജീവിതനിലവാരം ഭദ്രമാക്കാന്‍ ഉപയോഗപ്പെടുത്തിയ നാടുകളില്‍ ഇനിയും തൊഴില്‍നിയമങ്ങള്‍ കര്‍ക്കശമാക്കുകയാണോ?

മറ്റുരാജ്യങ്ങളെ ആശ്രയിച്ചുള്ള കേരളീയജീവിതത്തിന്റെ പൂച്ച്‌ എല്ലാക്കാലത്തേക്കും തുടരുമോ? സമൃദ്ധിക്കു പിന്നാലെ ഒരു വരള്‍ച്ചയുണ്ടാകുന്നത്‌ കേവലം പ്രകൃതിനിയമം മാത്രം. തങ്ങളുടെ പണംകടത്തികൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം എത്രയോ രാജ്യങ്ങള്‍ മുന്‍പും ഏര്‍പ്പെടുത്തിയിരുന്നു. വിദേശ തൊഴിലാളികളെ പ്രവേശിപ്പിക്കുന്നതിനും അതിന്‌ തുടര്‍ന്ന്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മിക്കവാറും എല്ലാരാജ്യങ്ങള്‍ക്കും അവരവരുടേതായ രാഷ്‌ട്രീയകാരണങ്ങളുണ്ട്‌. രാഷ്‌ട്രീയവും സാമ്പത്തികവുമായ വിശദീകരണം തങ്ങളുടെ ജനങ്ങളുടെ മുന്നില്‍ വെയ്‌ക്കേണ്ടതായിട്ടുണ്ട്‌.

കേരളീയജീവിതത്തെ ഒരു `ചാവുകടല്‍' എന്ന്‌ ഞാന്‍ വിശേഷിപ്പിച്ചാല്‍ അതിവിടെ പ്രസക്തമാണോ എന്നറിയില്ല. എങ്കിലും അങ്ങനെ എഴുതുകയാണ്‌. സാമ്പത്തികവും സമുദായികവും ജാതീയവുമായ കാര്യങ്ങളില്‍ ഒരു അടിഞ്ഞുകൂടല്‍, മറ്റെങ്ങും പോകാനില്ലാത്ത അവസ്ഥ. ഒഴുക്കില്ലാതെ കെട്ടിക്കിടക്കല്‍, ഇതിനതില്‍നിന്ന്‌ അല്‌പമെങ്കിലും ആശ്വാസം പകര്‍ന്നത്‌ തൊഴില്‍ത്തേടിയുള്ള യാത്രകളാണ്‌. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെക്കൂടാതെ തുടക്കത്തില്‍ സിലോണ്‍, ബര്‍മ്മ, മലയ, ജാവ തുടങ്ങിയ നാടുകളും നമ്മുടെ കഴിഞ്ഞുപോയ തലമുറകള്‍ തങ്ങളുടെ ജീവിതനിലവാരം അല്‌പമെങ്കിലും ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്നു. ആ രാജ്യങ്ങള്‍ സ്വതന്ത്രമായതിനെത്തുടര്‍ന്ന്‌ നഷ്‌ടപ്പെട്ടത്‌ വീണ്ടെടുക്കാന്‍ മലയാളിക്കുകിട്ടിയ അവസരമാണ്‌ ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ `പേര്‍ഷ്യ'. ഏതാനും പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ കുവൈറ്റും സൗദി അറേബ്യയും ദുബായിയും ആയിരുന്നില്ല, പകരം മൊത്തത്തില്‍ പേര്‍ഷ്യയെന്നുതന്നെ ആ നാടുകളുടെ പേര്‌.

പാശ്ചാത്യനാടുകളിലേക്കു കുടിയേറ്റക്കാരായിപ്പോയവര്‍ ഈ ചര്‍ച്ചയുടെ ഭാഗമേയല്ല, കാരണം വീണ്ടുമൊരു തൊഴില്‍ത്തേടി അവര്‍ കേരളത്തിലേക്ക്‌ മടങ്ങിയെത്തുന്നില്ല. ഇനിയും അവര്‍ കേരളീയതക്ക്‌ നല്‍കിയത്‌ സമ്പത്തിനുമുപരി ജീവിതരീതിയിലും വീക്ഷണഗതിയിലുമുള്ള മാറ്റങ്ങളാണ്‌.

അതേ, മറുനാടുകളില്‍ മലയാളികള്‍ തൊഴില്‍ത്തേടിപ്പോയതിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഇന്നും മാറിയിട്ടുണ്ടോ? വാദത്തിനുവേണ്ടി പറയാമായിരിക്കാം നാം എത്രയോ മുന്നോട്ടു പോയിരിക്കുന്നുവെന്ന്‌. ഈ തിളക്കങ്ങള്‍ കണ്ടിട്ടായിരിക്കാം പലരും അഭിപ്രായപ്പെടുന്നത്‌, ചോദിക്കുന്നത്‌, മറുനാട്ടില്‍ ചെയ്യുന്ന ജോലി എന്തുകൊണ്ട്‌ ഇവര്‍ക്ക്‌ കേരളത്തില്‍ ചെയ്‌തുകൂടായെന്ന്‌. ഇത്‌ മറ്റുള്ളവരോടു ചോദിക്കുന്നതിനുപകരം അവരവരോടുംകൂടി, അതായത്‌ തന്നിലേക്കുതന്നെ തൊടുത്തുവിടേണ്ടതല്ലേയെന്നത്‌ മറ്റൊരുകാര്യം.

ഗ്രാമങ്ങളില്‍നിന്നും നഗരത്തിലേക്ക്‌ അവസരങ്ങള്‍ അന്വേഷിച്ചുള്ള യാത്ര ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗ്രാമങ്ങള്‍ `നന്മകളാല്‍ സമൃദ്ധ'മായിരിക്കാം, പക്ഷേ, നമ്മുടെ കഴിവിനും ആഗ്രഹത്തിനും അനുസരിച്ച്‌ ആ പ്രദേശങ്ങള്‍ക്ക്‌ ഉയരാന്‍ കഴിയുന്നില്ലെങ്കിലോ.

സംഘടിച്ച്‌ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്‌ ഒരു പരിധിവരെ മാത്രമേ വിജയിക്കുവെന്ന്‌ മലയാളി എപ്പോഴേ മനസ്സിലാക്കിയിരിക്കുന്നു. സമത്വം പ്രസംഗിച്ചും വേതനവര്‍ദ്ധനവിന്‌ സമരം ചെയ്‌തും ഉണ്ടാക്കുന്ന പുരോഗമനം സ്ഥായിയല്ല. മത്സരിച്ചു വിജയിക്കുന്നതാണ്‌ നിലനില്‌ക്കുന്നത്‌. പക്ഷേ അതെല്ലാവര്‍ക്കും സാദ്ധ്യമല്ലല്ലോ. അതുകൊണ്ടാണ്‌ മേച്ചില്‍പ്പുറങ്ങള്‍ മാറുകയെന്ന എളുപ്പമാര്‍ഗ്ഗം പലരും സ്വീകരിക്കുന്നത്‌. അളന്നുകുറിച്ച ശമ്പളവുമായിക്കഴിയുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്‌ മറ്റെവിടെയെങ്കിലും പോയി കുറഞ്ഞകാലംകൊണ്ട്‌ വലിയ സമ്പാദ്യവുമായി മടങ്ങിയെത്തുന്നത്‌.

ഏതൊരു നാട്ടിലെയും സാമ്പത്തികവളര്‍ച്ച തദ്ദേശവാസികള്‍ക്ക്‌ ചെയ്യാന്‍ താല്‌പര്യമില്ലാത്ത, മടിക്കുന്ന, കഴവില്ലാത്ത നിരവധി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നു. ആ ശൂന്യതയിലേക്കാണ്‌ മറ്റു പ്രദേശങ്ങളില്‍നിന്നും എന്തും ചെയ്യാന്‍ തയ്യാറായി ജനം വരുന്നത്‌. അവര്‍ക്ക്‌ അതിനുള്ള പേശീബലവുമുണ്ട്‌, അഭിമാനത്തിനു കോട്ടമില്ലതാനും.

മറ്റു നാടുകളില്‍നിന്നുള്ള തൊഴിലാളികള്‍ കേരളത്തില്‍ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലികള്‍ മലയാളി പ്രവാസികള്‍ക്ക്‌ നിറവേറ്റാന്‍ കഴിയുമോ? ആ തൊഴിലുകള്‍ മടക്കിയെടുത്ത്‌ നമ്മുടെ പ്രവാസികള്‍ക്ക്‌ ``മാന്യമായി'' ജീവിക്കുകയെന്ന്‌ അത്ര പ്രായോഗികമാണോ? ഇത്‌ കേവലം താഴേക്കിടയിലുള്ള തൊഴില്‍ ചെയ്യുന്നവരുടെ മാത്രം കാര്യമല്ല. പ്രാഫഷണലുകള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക്‌ പൊടുന്നനെ ഒരു മടക്കയാത്രയുണ്ടാകുന്നെങ്കില്‍ നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം ഈ `മാന്യത' തന്നെയായിരിക്കും.
തൊഴില്‍ തേടിയുള്ള മനുഷ്യന്റെ യാത്ര (ജോണ്‍ മാത്യു)തൊഴില്‍ തേടിയുള്ള മനുഷ്യന്റെ യാത്ര (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക