Image

പ്രാപ്പിടിയന്‍ (ചെറുകഥ: ജെസ്സി ജിജി)

Published on 16 March, 2014
പ്രാപ്പിടിയന്‍ (ചെറുകഥ: ജെസ്സി ജിജി)
ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി മാലിനി അതിവേഗം നടന്നു. പെയ്യാന്‍ വെമ്പുന്ന കണ്ണുകള്‍ കൈലേസ്‌ കൊണ്ട്‌ അമര്‍ത്തി തുടച്ച്‌, കാലുകള്‍ നീട്ടി വച്ച്‌ വേഗം ബസ്‌സ്‌റ്റൊപ്പിനെ ലക്‌ഷ്യം വച്ച്‌ നടക്കുമ്പോള്‍ നാളെ മുതല്‍ എന്ത്‌ ചെയ്യും എന്ന ആവലാതിയെക്കാള്‍, പെയ്യാന്‍ വെമ്പുന്ന കണ്ണുകളുമായി തന്റെ മുന്‍പില്‍ നിന്ന ആ പതിനഞ്ചു വയസ്സുകാരിയുടെ മുഖം ആയിരുന്നു മാലിനിയെ അലട്ടിയിരുന്നത്‌.

ഇന്ന്‌ എന്തൊക്കെയാണ്‌ സംഭവിച്ചത്‌?രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പതിവുപോലെ തന്നെയുള്ള ഒരു ദിവസം ആയിരുന്നു. നഗരത്തിലെ പ്രശസ്‌തമായ സ്വര്‍ണകടയിലെ, വിരസമായ ദിവസങ്ങളുടെ ആവര്‍ത്തനത്തിനായി ചുണ്ടില്‍ ഒട്ടിച്ചുവച്ച ചിരിയുമായി, കൌണ്ടര്‍ പിന്‍പില്‍ നിന്നപ്പോള്‍ തന്റെ ജീവിതം മാറ്റി മറിക്കുന്ന ഒരു ദിവസം ആയിരിക്കുമെന്ന്‌ കരുതിയില്ല. `നാളെ` ഒരു ചോദ്യ ചിന്‌ഹമായി മുന്‍പില്‍ നില്‌ക്കുമെന്ന്‌ താന്‍ കരുതിയതെ ഇല്ലല്ലോ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ സ്വര്‍ണ കടയിലെ ജോലി തന്നെ മതിയാകാതെ നില്‌ക്കുമ്പോഴാണ്‌ കൂനിന്‍ മേല്‍ കുരു എന്ന പോലെ ഇന്നത്തെ സംഭവം. ബസില്‍ കിട്ടിയ സീറ്റില്‍ ഒതുങ്ങി ഇരുന്നു മാലിനി, പിന്‌പിലേക്ക്‌ മറയുന്ന കാഴ്‌ചകളിലേക്ക്‌ കണ്‌കള്‍ നട്ടു. ഇനി എന്തൊക്കെയാണോ ഈശ്വരാ സംഭവിക്കുക?

രാവിലെ പതിവുപോലെ തന്നെ കുറച്ചു കസ്റ്റമേഴ്‌സ്‌ മാത്രം ആണ്‌ കടയില്‍ എത്തിയത്‌. അവര്‍ക്കുമുന്‍പില്‍ പതിവുപോലെ തന്നെ ചുണ്ടില്‍ ഒട്ടിച്ചുവച്ച ചിരിയുമായി ഓരോ ഡിസൈന്‍ ആഭരണങ്ങളും എടുത്തുകാട്ടി.ഉച്ച തിരിഞ്ഞതോടെ പതിവു പോലെ കടയില്‍ തിരക്കായി. ഓരോരുത്തര്‍ക്കും അവരാവശ്യപ്പെട്ട ആഭരണങ്ങള്‍ എടുത്തുകാട്ടി അതിന്റെ ഡിസൈന്‍ ഒക്കെ വിവരിച്ചു പറഞ്ഞു അവരെക്കൊണ്ടു ഓരോന്ന്‌ ഒക്കെ വാങ്ങിപ്പിച്ചു തന്റെ കഴിവ്‌ തെളിയിച്ചുകൊണ്ടിരുന്നപ്പോളാണ്‌ ആ പെണ്‍കുട്ടി കടയിലേക്ക്‌ എത്തിയത്‌. കൂട്ടത്തില്‍ ഒരു മധ്യവയസനും.ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛനും എന്നതില്‍ കവിഞ്ഞു എന്തായിരുന്നു അവളെ ശ്രദ്ധിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്‌? അതേ പ്രായത്തിലുള്ള തന്റെ മകളെ ആയിരുന്നു താന്‍ അപ്പോള്‍ ഓര്‍ത്തത്‌. അപ്പനില്ലാത്ത തന്റെ മകളെ കുറിച്ച്‌ താന്‍ അപ്പോള്‍ ഓര്‍ത്തു. ഒരു ചെറിയ തലവേദനയുടെ രൂപത്തില്‍, അവളുടെ അച്ഛനെ മരണം തട്ടിയെടുത്തപ്പോള്‍ വിധിക്ക്‌ മുന്‍പില്‍ പകച്ചു നില്‌ക്കാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ തന്നെ പ്രേരിപ്പിച്ചത്‌ പത്തു വയസുള്ള തന്റെ പൊന്നോമന മകളുടെ മുഖം ആയിരുന്നു. കാക്കക്കും പരുന്ദിനും കൊടുക്കാതെ, ഒരു പ്രാപ്പിടിയന്റെയും കൈകളില്‍ പെടാതെ താന്‍ അവളെ വളര്‍ത്തികൊണ്ടുവന്നു ഇന്നോളം.പെണ്‍കുട്ടികള്‍ ഉള്ള ഓരോ അമ്മമാരുടെയും ആധി, അതിന്റെ ഇരട്ടി അളവില്‍ തന്നിലും ഉണ്ട്‌. പത്രം തുറന്നാല്‍, ടിവി വെച്ചാല്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകള്‍,പെണ്‍കുട്ടികള്‍ ഉള്ള ഏതൊരു അമ്മയെയും ആധിയുടെ നിലയില്ലാ കയത്തിലേക്ക്‌ അല്ലെ തള്ളി വിടുക?എന്നാണ്‌ നമ്മുടെ കുട്ടികള്‍ക്ക്‌ സുരക്ഷിതരായി ജീവിക്കാന്‍ പറ്റുക.

വില കൂടിയ ഡിസൈന്‍ ഉള്ള ആഭരണങ്ങള്‍ ആണ്‌ ആ മദ്ധ്യവയസ്‌കന്‍ ആവശ്യപ്പെട്ടത്‌. കാഴ്‌ച്ചയില്‍ തന്നെ ഒരു പണക്കാരനും മാന്യനും എന്ന്‌ തോന്നുന്ന ആ മനുഷ്യന്‍ ഇതിനുമുന്‍പും കടയില്‍ വന്നിട്ടുണ്ട്‌. മറ്റാര്‍ക്കും കിട്ടാത്ത പരിഗണന ആണ്‌ എപ്പോഴും അയാള്‍ക്ക്‌ ലഭിക്കുക.കൂടെ ജോലി ചെയ്യുന്ന രാധ ആണ്‌ പറഞ്ഞത്‌ അയാള്‍ മുതലാളിക്ക്‌ വളരെ വേണ്ടപ്പെട്ട ആരോ ആണ്‌ എന്ന്‌. താന്‍ പിന്നെ മറ്റാരുടെയും കാര്യം അന്വേഷിക്കാത്തത്‌ കൊണ്ട്‌ തനിക്കു മുതലാളിയെപ്പറ്റിയോ കുടുംബത്തെ പറ്റിയോ ഒന്നും അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടും ഇല്ല.

മകള്‍ക്ക്‌ വില കൂടിയ ആഭരണങ്ങള്‍ വാങ്ങുന്ന അയാളെ എന്തോ, താന്‍ ശ്രദ്ധിച്ചു. പക്ഷേ ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക്‌ നോക്കുമ്പോള്‍ എന്തോ ഒരു അരുതാഴിക. ഒരു പക്ഷേ തന്റെ തോന്നല്‍ ആവാം എല്ലാം. പെട്ടെന്ന്‌ വന്ന ഒരു ഫോണ്‍ കാള്‍ അറ്റന്‍ഡ്‌ ചെയ്‌ത അയാളുടെ മുഖം മാറുന്നതും,ഇപ്പോള്‍ വരാം എന്ന്‌ പറഞ്ഞു കടക്ക്‌ വെളിയിലേക്ക്‌ നിന്ന്‌ അയാള്‍ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്യുന്നതും താന്‍ ശ്രദ്ധിക്കാതിരുന്നില്ല. എന്താണ്‌ ആ കുട്ടിയുമായി ഒരു സംഭാഷണം തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത്‌? `മോളുടെ അച്ഛന്‌ മോളോട്‌ വലിയ കാര്യം ആണല്ലോ?` താന്‍ ചോദിച്ചപ്പോള്‍ അവള്‍ എന്നെ പകച്ചു നോക്കി. തന്റെ മുഖം സൂക്ഷിച്ചു നോക്കുന്ന അവളെ പകപ്പോടെ ആണ്‌ താന്‍ നോക്കിയത്‌. `എന്താ മോളു,പറ്റിയത്‌?` താന്‍ ചോദിച്ചു. ഒരുതരം പകപ്പോടെ തന്നെ നോക്കി അവള്‍ പറഞ്ഞു, `അതിനു ഇതു എന്റെ അച്ഛന്‍ അല്ലല്ലോ?` `പിന്നെ?' അവളുടെ മുഖം നോക്കിയ തനിക്കു അവള്‍ പറയാതെ തന്നെ പല കാര്യങ്ങളും മനസിലായി. പെണ്മക്കളുള്ള, മക്കളെ സ്‌നേഹിക്കുന്ന ഓരോ അമ്മയ്‌ക്കും മനസിലാകുന്ന പല കാര്യങ്ങളും. പിന്നെ എന്താ സംഭവിച്ചത്‌ എന്ന്‌ തനിക്കുതന്നെ അറിയില്ല. താന്‍ എന്താണ്‌ ചെയ്‌തതെന്നും. താന്‍ പോരുമ്പോള്‍ മുതലാളിയും പോലീസും ഒക്കെ കടയില്‍ എത്തിയിരുന്നു. മുതലാളിയുടെ നോട്ടത്തിന്റെ അര്‍ത്ഥം എന്തായിരുന്നു? താന്‍ മുതലാളിയുടെ അടുത്ത ബന്ധുവിനെ ആണല്ലോ പോലീസില്‍ പിടിപ്പിച്ചത്‌? നാളെ മുതല്‍ തന്റെ ജോലി....

വീട്ടില്‍ എത്തിയ ഉടന്‍ തന്നെ മാലിനി ചെയ്‌തത്‌ തന്റെ മകളുടെ കവിളില്‍ ഒരു മുത്തം നല്‌കുകയായിരുന്നു. `എന്താ അമ്മെ,`` മോളുടെ ചോദ്യത്തിന്‌ ഒന്നുമില്ല എന്ന്‌ കണ്ണടച്ചപ്പോള്‍, അമ്മ ചോദിച്ചു ഇന്നെന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്‌`? `ഒന്നുമില്ല അമ്മെ` എന്ന്‌ പറഞ്ഞു മാലിനി അകത്തേക്ക്‌ പോയി, മധുവേട്ടന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ അമ്മയാണ്‌ തനിക്കുള്ള ഏക ആശ്രയം. താന്‍ ജോലിക്ക്‌ പോകുമ്പോള്‍ തന്റെ മകളുടെ കാവലാള്‍. നാളെ മുതല്‍ ഒരു പുതിയ ജോലിക്ക്‌ ശ്രമിക്കണം. മൂന്ന്‌ വയറുകള്‍ നിറയണം. പിന്നെ മകളുടെ ആവശ്യങ്ങള്‍, അമ്മയുടെ മരുന്നുകള്‍.... ഓരോന്ന്‌ ആലോചിച്ചു വളരെ വൈകി ആണ്‌ മാലിനി അന്ന്‌ ഉറങ്ങിയത്‌.

`മാലിനി എഴുന്നേല്‌ക്കു, ഇത്‌ എന്തൊരു ഉറക്കമാ. ഇതാ നിന്നെ കാണാന്‍ ആരൊക്കെയോ വന്നിരിക്കുന്നു`,അമ്മയുടെ സ്വരം ആണ്‌ മാലിനിയെ ഉണര്‍ത്തിയത്‌. ആരാണാവോ രാവിലെ? മുടിയും വാരി ചുറ്റി മുന്‍വശത്തേക്ക്‌ വന്ന മാലിനി ഞടുങ്ങി. മുതലാളി!!!.മുതലാളിയുടെ മുഖ ത്തെ ഭാവങ്ങള്‍ മനസിലാക്കാനാവാതെ മാലിനി നിന്നു. മുതലാളിക്കൊപ്പം നിന്ന ആളെ കണ്ടതും മാലിനി പകച്ചു. തലേന്നത്തെ പെണ്‍കുട്ടി.

ഇവളെന്താ മുതലാളിക്കൊപ്പം ഇവിടെ?

`മാലിനി, നന്ദി പറയാനാണ്‌ ഞാന്‍ മാലിനിയുടെ വീട്‌ തേടി പിടിച്ചു ഇവിടെ എത്തിയത്‌'. മാലിനിക്കൊന്നും മനസിലായില്ല. `മാലിനി പകച്ചുനോക്കണ്ട. ഇവള്‍ എന്റെ മകളാണ്‌. എന്റെ മകളുടെ ജീവിതം ആണ്‌ മാലിനി എനിക്ക്‌ തിരിച്ചു നല്‌കിയത്‌'. ഒന്നും ഒന്നും മനസ്സിലാകാതെ പകച്ചുനിന്ന മാലിനിക്ക്‌ മുന്‍പില്‍, ഒരു ജീവിതം, തകര്‍ന്ന ഒരു ദാമ്പത്യം, എന്തിനൊക്കെയോ വേണ്ടി നെട്ടോട്ടം ഓടി, മക്കളെ ശ്രദ്ധിക്കാത്ത മാതാപിതാക്കളുടെ ജീവിതം ഒക്കെ അനാവരണം ചെയ്യപ്പെട്ടു. വെറും ഈഗോയുടെ പേരില്‍ ആണ്‌ മുതലാളിയും ഭാര്യയും അകന്നത്‌. മകള്‍ അമ്മയുടെ കൂടെ, കുടുംബ സുഹൃത്തായി കൂടെ നിന്നയാള്‍, മകളില്‍ നോട്ടം ഇട്ടതു കാണാന്‍ ആ അമ്മ മറന്നുപോയി. അപ്പനും അമ്മയും തങ്ങളുടെ ഈഗോക്ക്‌ വേണ്ടി കുടുംബജീവിതം തകര്‍ത്തപ്പോള്‍, പണത്തിനുവേണ്ടി ഓടിയപ്പോള്‍, ഇടയില്‍ പെട്ടത്‌ ആ മകള്‍ ആയിരുന്നു. അവസരങ്ങള്‍ ചൂഷണം ചെയ്യാന്‍ സുഹൃത്തും ബന്ദുവും ആയ ആള്‍.എന്താണ്‌ സ്വന്തം കടയില്‍ തന്നെ കുട്ടിയെ കൂട്ടി വരാന്‍ അയാളെ പ്രേരിപ്പിച്ചത്‌, മാലിനി അവളെ ശ്രദ്ധിക്കാന്‍ കാരണം ആയത്‌? ഭൂമിയില്‍ നന്മ മരിക്കുമ്പോള്‍ ദൈവം ഇടപെടുന്നതുകൊണ്ടാവണം. അല്ലെങ്കില്‍ മാലിനിയെപ്പോലുള്ള അമ്മമാരുടെ പ്രാര്‌ത്ഥന ആയിരിക്കണം.

`മാലിനി ഞാന്‍ ഇപ്പോള്‍ ഇവളെയും കൊണ്ട്‌ ഇവളുടെ അമ്മയുടെ അടുത്തേക്കാണ്‌ പോകുന്നത്‌. ഇനി ഞങ്ങളുടെ ജീവിതം ഇവള്‍ക്കുവേണ്ടി. പിന്നെ മാലിനി നാളെമുതല്‍ കടയില്‍ വരണം. കടയുടെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ മാലിനിയെ എല്‌പ്പിക്കുകയാണ്‌'.

അവര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മാലിനി ഒരു സ്വപ്‌നലോകത്തില്‍ ആയിരുന്നു. പ്രാപ്പിടിയന്മാരെ, സൂക്ഷിക്കുക, മാലിനിയെപ്പോലുള്ള അമ്മമാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്‌. ഓരോ പെണ്‍കുട്ടിയെയും കാത്തുസൂക്ഷിക്കുവാന്‍.

ജെസ്സി ജിജി
പ്രാപ്പിടിയന്‍ (ചെറുകഥ: ജെസ്സി ജിജി)പ്രാപ്പിടിയന്‍ (ചെറുകഥ: ജെസ്സി ജിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക