Image

ബുര ന മാനോ.. ഹോളി ഹേ (അപ്രിയം തോന്നരുത്, ഹോളിയാണ്) - സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 17 March, 2014
ബുര ന മാനോ.. ഹോളി ഹേ (അപ്രിയം തോന്നരുത്, ഹോളിയാണ്) - സുധീര്‍ പണിക്കവീട്ടില്‍
പൂങ്കുയിലുകള്‍ വസന്ത-രാഗിണികള്‍ പാടി പ്രകൃതിയെ പുളകം കൊള്ളിക്കുന്ന ഫല്‍ഗുന മാസത്തിലെ (നമ്മുടെ മീനമാസം) പൗര്‍ണ്ണമി നാളില്‍ ഉത്തരഭാരതത്തിലെ ജനങ്ങള്‍ വര്‍ണ്ണങ്ങള്‍ വാരി വിതറികൊണ്ട് ഹര്‍ഷോന്മത്തരായി ''ഹോളി' ആഘോഷിക്കുന്നു. പരസ്പര സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നിറങ്ങള്‍ മാരിവില്‍ വിടര്‍ത്തുന്ന ഈ ആഘോഷം ശിശിരമാസത്തോട്  വിട ചൊല്ലികൊണ്ട് വസന്തകാലത്തെ എതിരേല്‍ക്കുന്നതിന്റെ പ്രതീകമാണു.. നിറങ്ങളുടെ ഈ ഉത്സവത്തില്‍ 'ചാതുര്‍ വര്‍ണ്ണങ്ങളുടെ'' വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുന്നു. ഓരോ നിറവും സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളെ ഉള്‍കൊള്ളുന്നു. ഇത്തരം ആഘോഷങ്ങളുടെ സവിശേഷത അത് നമ്മെ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ഓര്‍മ്മിപ്പിക്കുകയും എക്കാലവും നമ്മള്‍ നന്മയുള്ളവരായിരിക്കണമെന്ന സന്ദേശത്തിന്റെ മഹത്വം മനസ്സിലാക്കിക്കുകയും ചെയ്യുന്നു എന്നാണു.  കൂടാതെ സമൂഹജീവിയായ മനുഷ്യരെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയും അവര്‍ക്ക് അവരുടെ അഭിരുചികള്‍ കണ്ടെത്താന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. തണുപ്പ കാലത്തിനു ശേഷം ഇളം ചൂടോടെ വസന്തം വന്നു പിറക്കുമ്പോള്‍ അത് മനുഷ്യരെ ആലസ്യമുള്ളവരാക്കാന്‍ സാദ്ധ്യതയുണ്ട്. ഹോളി ദിവസം വാരി വിതറുന്ന നിറങ്ങളും പിന്നെയുള്ള കുളിയും അവര്‍ക്ക് ഉത്തേജനം നല്‍കുന്നു. ഓരോ വിശേഷ ദിവസങ്ങളുടെ പുറകിലും ഓരോ ഗുണപാഠങ്ങള്‍ ഉണ്ട്. ഹോളിയെ ചുറ്റിപ്പറ്റി പല കഥകളും പ്രചാരത്തിലുണ്ട്. അവയില്‍ ചിലത് ഇതാ.

ഹോളി ആഘോഷം പുരാതന ഭാരതത്തിലെ ഒരു ആചാരമായിരുന്നു. തിന്മയുടെ മേല്‍ നന്മ ആധിപത്യം സ്ഥാപിച്ചതിന്റെ ഓര്‍മ്മ്ക്കായി ഇത് പരമ്പരാഗതമായി ആചരിച്ച് വരുന്നു. കഠിന തപസ്സ് ചെയ്ത് വരങ്ങള്‍ വാങ്ങിയ ഹിരണ്യകശിപു എന്ന രാജാവ് തന്റെ പ്രജകളോട് ദൈവത്തിനു പകരം അദ്ദേഹത്തെ പൂജിക്കാനും, അദ്ദേഹത്തോട് പ്രാര്‍ഥിക്കാനും കല്‍പ്പന പുറപ്പെടുവിച്ചു. എന്നാല്‍ ഈശ്വരവിശ്വാസിയായ  അദ്ദേഹത്തിന്റെ മകന്‍ പ്രഹ്ലാദന്‍ ആ കല്‍പ്പന  അനുസരിക്കാന്‍ തയ്യാറയില്ല. തന്മൂലം മകനെ കൊല്ലാന്‍ പല വട്ടം ശ്രമങ്ങള്‍ നടത്തിയെങ്കിലും മകനു ആപത്തൊന്നും സംഭവിച്ചില്ല. അവസാനം രാജാവ് തന്റെ സഹോദരിയായ 'ഹോളിക''യുടെ സഹായം തേടി. തീ കൊണ്ട് പൊള്ളുകയില്ലെന്ന വരം അവള്‍ക്കുണ്ടായിരുന്നു. അതനുസരിച്ച് രാജാവ് തന്റെ മകനെ അവളുടെ മടിയില്‍ ഇരുത്തി കൊണ്ട് ചുറ്റിനു തീ കൊളുത്തി. വരങ്ങള്‍ കൊടുക്കുമ്പോള്‍ ദൈവങ്ങള്‍ ചില നിബന്ധനകള്‍ വക്കുന്നത് വരം വാങ്ങുന്നവര്‍ ശ്രദ്ധിക്കാറില്ല. ഹോളികക്കുള്ള വരത്തിലും അവള്‍ തനിയെ തീയ്യില്‍ പ്രവേശിക്കുമ്പോള്‍ അപകടമുണ്ടാകില്ലെന്നായിരുന്നു വരം. പ്രഹ്ലാദനെ മടിയില്‍ വച്ചിരുന്നപ്പോള്‍ അവര്‍ ദഹിച്ച്‌പോയി. ദൈവത്തിലുള്ള ഏകാഗ്ര ഭക്തിമൂലം പ്രഹ്ലാദന്‍ രക്ഷപ്പെട്ടു. ഹോളിക തീയില്‍ ദഹിക്കപ്പെട്ടതിന്റെ ഓര്‍മ്മക്കായി ഹോളി ദിവസം സന്തോഷ സൂചകമായ അഗ്നികുണ്ഡം തയ്യാറാക്കാറുണ്ട്. നിരുപയോഗമായ സാധങ്ങള്‍ കൂട്ടിയിട്ട് ഉണ്ടാകുന്ന തീനാളങ്ങള്‍ക്ക് ചുറ്റും നിന്ന് തിന്മയെ അഗ്നി ഇരയാക്കിയതിലുള്ള സന്തോഷം ജനങ്ങള്‍ പങ്കിടുന്നു.

ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ് മഥുരയില്‍ നിന്നും, അവിടെ നിന്നും പത്ത് മൈല്‍ അകലെയുള്ള  വൃന്ദാവനത്തില്‍ നിന്നുമായിരിക്കും ഹോളിയുടെ  ഉല്‍ഭവം എന്നും കണക്കാക്കുന്നു.. അവിടെ ജനിച്ച് വളര്‍ന്ന ഉണ്ണികൃഷ്ണനു നീല കളര്‍ന്ന ഇരുണ്ടനിറമായിരുന്നു. പൂതന എന്ന രാക്ഷസി വിഷമുള്ള മുലപ്പാല്‍ കുടിപ്പിച്ച് കുട്ടി കൃഷ്ണനെ നീല നിറമാക്കിയതാണത്രെ. എന്നാല്‍ കളിക്കൂട്ടുകാരി രാധക്ക് സ്വര്‍ണ്ണത്തിന്റെ നിറവും. ഇത് നന്ദലാലിനെ നിരാശനാക്കി. വളര്‍ത്തമ്മയായ യശോദാമ്മായോട്‌ ചോദിച്ചു. "എന്താണമ്മേ ഞാന്‍ കറുത്തും രാധ വെളുത്തുമിരിക്കുന്നത്". ഈ ചോദ്യം അനവധി തവണ കേട്ട്  അരിശം പൂണ്ട യശോദ കൃഷ്ണനോട് പറഞ്ഞുഃ നീ അവളുടെ മേല്‍ എന്തെങ്കിലും നിറം വിതറി അവളുടെ നിറം മാറ്റിക്കളയുക. ഉണ്ണിക്കണ്ണനു അങ്ങനെ ചെയ്യാന്‍ ഉത്സാഹം തോന്നി. രാധയുടെ ശ്വേത നിറത്തില്‍ ഏഴു വര്‍ണ്ണങ്ങളും വാരി തൂവ്വി നന്ദകിഷോര്‍ ആനന്ദിച്ചു, അത് കണ്ട് കൂട്ടുകാരും മറ്റ് ഗോപികമാരുടെ പിറകെ കൈ നിറയെ വര്‍ണ്ണ പൊടികളുമായി ഓടി. വൃന്ദാവനം ഗോപികമാരുടെ നൂപുരധ്വനികളാല്‍ മുരിതമായി. ആഹ്ലാദത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ അവിടെ മന്ദഹസിച്ച് നിന്നു. അങ്ങനെ എല്ലാവരെയും നിറത്തില്‍ മുക്കുക എന്ന ആചാരം പ്രബലമായി.  ഇത് എല്ലാവരും ആസ്വദിക്കുകയും ചെയ്തു.  ഹോളി ദിവസം നിറവുമായി വരുന്നവര്‍ നിറം തൂവ്വുന്നതിനു മുമ്പ് പറയുന്നു. ബുര ന മാനോ, ഹോളി ഹെ. അതെ, എല്ലാ വ്യതാസങ്ങളും മറന്ന് എല്ലാവരും ഒന്നായി ആഘോഷിക്കുന്ന ഒരു വിശേഷ ദിവസമാണ് ഹോളി. മനുഷ്യ മനസ്സുകള്‍ മാരിവില്‍ വര്‍ണ്ണങ്ങളില്‍ എഴുതുന്ന സ്‌നേഹ സന്ദേശം. അത് കൊണ്ട് നിറങ്ങള്‍ ശരീരത്തില്‍ വീഴുമ്പോള്‍ പരിഭവക്കരുത്, ഹോളിയാണെന്ന് എല്ലാവരും ഉറച്ച  ശബ്ദത്തില്‍ ഉറക്കെ പറയുന്നു.

നിറങ്ങള്‍ നിറഞ്ഞൊഴുകുന്ന ഈ ആഘോഷത്തിനെ കര്‍ഷകര്‍ വസന്തോത്സവുമായും കണക്കാക്കുന്നു. വിളഞ്ഞ് കിടക്കുന്ന ഗോതമ്പ് വയലുകള്‍ സ്വര്‍ണ്ണ നിറമാകുന്നു. കൊയ്ത്താരിവാളും കയ്യിലേന്തി നാടന്‍ പാട്ടുകള്‍ പാടി കറ്റകള്‍ അരിഞ്ഞ് വക്കുന്ന കര്‍ഷകര്‍ അഗ്നിദേവനു വിളവിന്റെ ഒരു അംശം അര്‍പ്പിച്ചതിനു ശേഷം ധ്യാനമണികള്‍ സ്വന്തം ആവശ്യത്തിനുപയോഗിക്കുന്നു.  സമൃദ്ധിയുടേയും സന്തോഷത്തിന്റേയും ജീവിത ദൃശ്യങ്ങള്‍ എങ്ങും പുളകം പൂണ്ട് നില്‍ക്കുന്ന അസുലഭ കാലഘട്ടം.
ഈ  ലേഖകന്‍ വടക്കെ ഇന്ത്യയിലായിരുന്നപ്പോള്‍ ഈ ആഘോഷം ആസ്വദിച്ചിട്ടുണ്ട്. ആ ദിവസം പൊതു നിരത്തുകളിലും, വീട്ടു മുറ്റങ്ങളിലു, മൈതാനങ്ങളിലും, ജനങ്ങള്‍ നിറമുള്ള പൊടി പരസ്പരം വാരി വിതറി ഹോളി ആഘോഷിക്കുക പതിവാണു്. പ്രത്യേകിച്ച്‌ കോളേജ് കാമ്പസ്സുകളില്‍ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ സങ്കോചമില്ലാതെ ഇടപഴകുമായിരുന്നു. ''ഗുലാല്‍' ( ചുവന്ന പൊടി) കയ്യിലേന്തി ഓടിയടുക്കുന്നു ആണ്‍കുട്ടികളില്‍ നിന്നും ഓടിയകലുന്ന പെണ്‍കുട്ടികള്‍. ചില വിരുതന്മാര്‍ പൊടി പെണ്‍കുട്ടികളുടെ നെറുകയില്‍ സിന്ദൂരമണിയിക്കുന്ന പോലെ വിതറുന്നു. ഈ വക കളിവിനോദങ്ങളൊക്കെ പെണ്‍കുട്ടികളോട് അടുക്കാനുള്ള അടവുകള്‍ മാത്രം. ഹിന്ദിയില്‍ ഒരു ഷയരിയുണ്ട് ഇങ്ങനെ. (Gulal tho bus ek bahana hai, bus unke kareeb jane ka, hum to kab se rang chuke hai, jabse unke nayan jhuke hai, kushi mein doobi toli hai, bura na mano holi hey.) ഇതിന്റെ മലയാളമൊഴിമാറ്റം ഏകദേശ ഇങ്ങനെയാകാം. ഈ ഇളം ചുവപ്പൂള്ളപൊടിവിതറാനുള്ള വെമ്പല്‍ അവളുടെ അടുത്ത്പറ്റാനുള്ള ഒരു അടവ് മാത്രമാണു. ഞാന്‍ എന്നേ അവളുടെ പ്രേമ കടാക്ഷങ്ങളില്‍ വീണുപോയിരിക്കുന്നു. എല്ലാവരും കൂട്ടത്തോടെ ആനന്ദത്തില്‍ ആറാടുകയാണു്, അപ്രിയം തോന്നരുത്‌ ഹോളിയാണു.

 ചിലര്‍ ബഹുവര്‍ണ്ണ പൊടി വിതറുമ്പോള്‍ മറ്റ്ചിലര്‍ പീച്ചാങ്കുഴലിലൂടെ വെള്ളം ചീറ്റിക്കുന്നു. അങ്ങനെ കൂടികുഴഞ്ഞ നിറങ്ങളുടെ പൊടിയില്‍ മുങ്ങി നില്‍ക്കുന്ന നല്ല ഉയരമുള്ള ശാലീന സുന്ദരിയായ ഒരു പഞ്ചാബി പെണ്‍കുട്ടിയെ നോക്കി കവിഹൃദയമുള്ള ചുള്ളനായ ഒരു മലയാളി ചെറുക്കന്‍ പാടി ''കളഭത്തില്‍ മുങ്ങി വരും കളിതോഴി. നിന്നെ കാണാന്‍ വന്നു ഞാന്‍..' അപ്പോഴെക്കും അവളുടെ മേല്‍ ചായം കലക്കിയ  വെള്ളം കോരിയൊഴിച്ച്‌കൊണ്ട് ഒരു കൂട്ടം കുട്ടികള്‍ ഓടിപോയി. നനഞ്ഞ നേരിയ അവളുടെ ബ്ലൗസ്സും, ശരീരത്തോട് ഒട്ടിയ സാരിയും അതില്‍ പറ്റിപിടിച്ചിരിക്കുന്ന വര്‍ണ്ണധൂളികളും നോക്കി  അയാള്‍ വീണ്ടും പാടി '' നനയുന്നത് നിന്റെ കഞ്ചുകമോ, നിന്നെ പൊതിയും താരുണ്യമോ'. അര്‍ത്ഥം മനസ്സിലായില്ലെങ്കിലും പ്രേമഭാവ ലോലനായി കോള്‍മയിര്‍ പൂണ്ട് നില്‍ക്കുന്ന യുവാവിനെ നോക്കി അവളും കുളിര്‍ കോരി നിന്നു. അവിടെ വച്ച് അയാളുടെ ബാച്ചലര്‍ ഡിഗ്രിക്ക് സമാപ്തിയാകുമായിരുന്നു, ഭാഷയും ദേശവും ബന്ധങ്ങള്‍ക്ക് അതിര്‍ത്തി കല്‍പ്പിച്ചില്ലയിരുന്നെങ്കില്‍. ഇങ്ങനെ ഹോളി ദിവസം ജീവിതത്തിന്റെ എല്ലാ തുറകളിലും നിഷക്കളങ്കമായ പ്രേമം പൂവ്വിടുന്നത് കാണാം.

പൂമ്പൊടിനിറച്ച ഒത്തിരി പൂഞ്ചെപ്പുകള്‍ തട്ടിമറിച്ച്‌കൊണ്ട് പ്രകൃതിയിലെ പുഷ്പങ്ങളും, കൃത്രിമ വര്‍ണ്ണ പൊടികളുമായി മനുഷ്യരും അടിച്ച് പൊളിക്കുന്ന ദിവസമാണു ഹോളി. വടക്കെ ഇന്ത്യയില്‍ മാത്രമൊതുങ്ങി നിന്ന ഈ ഉത്സവം ഇന്ന് ഭാരതത്തില്‍ എല്ലായിടത്തും ഇന്ത്യക്കാര്‍ താമസിക്കുന്ന വിദേശത്തും കൊണ്ടാടപ്പെടുന്നു. ആഘോഷങ്ങളുടെ മേളയില്‍ നനവുള്ള ഒരു മാര്‍ദ്ദവ വികാരം ഈറനുടുത്ത് നിന്ന് ചിലരെയെല്ലാം മനസ്സ് കൊണ്ട് ഒന്ന് തൊടാന്‍ നോക്കുന്നു. ഓരോ ഉത്സവങ്ങളിലും ഹൃദയങ്ങള്‍ തമ്മിലടുക്കുന്നു. വിശേഷ ആഘോഷങ്ങള്‍ നിറയുന്ന വസന്തകാലത്തെ പ്രണയകാലം എന്ന് വിശേഷിപ്പിക്കവുന്നതാണു്. നിലവിളക്കേന്തി വരുന്ന ഉഷസ്സ് എന്ന സുന്ദരി; വര്‍ണ്ണാഭമായ പൂച്ചെണ്ടുകള്‍ കൈകളിലേന്തി കല്യാണപന്തലൊരുക്കുന്ന പൂമരങ്ങള്‍; കുയിലുകളുടെ കല്യാണ കച്ചേരി,മറ്റു പക്ഷികളുടെ തകിലു മേളങ്ങള്‍, പൂവ്വമ്പുമായി അക്ഷമനായി നില്‍ക്കുന്ന മലരമ്പന്‍... അപ്പോള്‍ ഉണരാത്ത  ഹൃദയങ്ങള്‍ ഉണ്ടായിരിക്കയില്ല...കുശുമ്പും കുന്നായ്മയും, പാരവപ്പും നടത്തി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും ദുസ്സഹമാക്കുന്നതിനേക്കാള്‍ എത്രയോ സുന്ദരമാണു ഈ മനോഹരമായ ജീവിതം ആഘോഷിക്കുന്നത്. ഒരു സിനിമ ഗാനം ഉദ്ധരിച്ച്‌കൊണ്ട് ഈ കൊച്ചു കുറിപ്പു അവസാനിപ്പിക്കുന്നു. 'കാലം ശരശയ്യ തീര്‍ത്തു മയങ്ങുമീ കാണാത്ത കുരുക്ഷേത്ര ഭൂവില്‍, കലിയുഗം കാണാത്ത കുരുക്ഷേത്ര ഭൂവില്‍, സോക്രട്ടീസ്മാര്‍ ധ്യാനിച്ചിരിക്കുമീ സ്വര്‍ണ്ണ സോപാനത്തിന്‍അരികില്‍ മനുഷ്യാ... ഹേ...മനുഷ്യാ വലിച്ചെറിയു നിന്റെ വിഷ പാത്രം'....പകരം സ്‌നേഹത്തിന്റെ നിറങ്ങള്‍ നിറയ്ക്കൂ, പരസ്പരം അവ തൂവ്വികൊണ്ട് ജീവിതം സന്തോഷപ്രദമാക്കു.

ചുവപ്പ് നിറം നിങ്ങളുടെ കവിളുകള്‍ക്ക്, സ്വര്‍ണ്ണ നിറം നിങ്ങളുടെ മുടികള്‍ക്ക്,  നീല നിറം നിങ്ങളുടെ കണ്ണുകള്‍ക്ക്,  ഇളംചുവപ്പ് നിങ്ങളുടെ ചുണ്ടുകള്‍ക്ക്, മഞ്ഞ നിറം നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക്,  വെളുത്ത നിറം നിങ്ങളുടെ മനസ്സിനു, പച്ച നിറം നിങ്ങളുടെ ജീവനു, ഹോളിയുടെ ഈ സപ്തവര്‍ണ്ണങ്ങള്‍ നിങ്ങളുടെ ജീവിതം വര്‍ണ്ണഭമാക്കട്ടെ.

എല്ലാവര്‍ക്കും ഹോളി ആശംസകള്‍.

ശുഭം


ബുര ന മാനോ.. ഹോളി ഹേ (അപ്രിയം തോന്നരുത്, ഹോളിയാണ്) - സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക