Image

ഡോ. സാറാ കോശിയുടെ മരണം: ഓണ്‍ലൈന്‍ പെറ്റീഷന്‍ തുടങ്ങി

Published on 16 March, 2014
ഡോ. സാറാ കോശിയുടെ മരണം: ഓണ്‍ലൈന്‍ പെറ്റീഷന്‍ തുടങ്ങി
ന്യൂയോര്‍ക്ക്‌: ഡോ. സാറാ കോശിയെ (55) മരണത്തിലേക്കു തള്ളിവിടുകയും, മരണശേഷം അവരുടെ മരണത്തെ അപഹസിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ഓണ്‍ലൈന്‍ പെറ്റീഷന്‍.ഇതിനകം 3150 പേര്‍ ഒപ്പിട്ടു. 48,000 കൂടി ഒപ്പിടേണ്ടതുകൊണ്ട്‌ എല്ലാവരും ഒപ്പിടണം. ഈ ക്രൂരത ശിക്ഷിക്കപ്പെടാതെ പോകരുത്‌.

ഡോ. സാറാ കോശി ഒരു തെറ്റേ ചെയ്‌തുള്ളൂ. അനാഥമായി കിടന്ന ഒരു പൂച്ചയെ സംരക്ഷിച്ചു. അതിനവര്‍ കൊടുത്ത വില സ്വന്തം ജീവിതമാണ്‌. അതില്‍ ഒരു ദുഖവും തോന്നാത്തവര്‍ പൂച്ചയെ തിരിച്ചുകിട്ടിയതില്‍ ആഹ്ലാദവും ഊറ്റവും കൊള്ളുന്നു.

മനുഷ്യമനസക്ഷിയെ നടുക്കിയ ഈ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പെറ്റീഷന്‍ ആരംഭിച്ചത്‌ ടെന്നസിയിലുള്ള ളോറന്‍ ഹെന്‍ഡേഴ്‌സനാണ്‌. അവരും ഡോ. കോശിയും തമ്മിലുള്ള ബന്ധം വ്യക്തമല്ല. ഒരു പക്ഷെ അവരും വെറ്ററേനിയനായിരിക്കാം.

മരണത്തിനുത്തരവാദികളായവരുടെ പേരൊന്നും പെറ്റീഷനില്ല. എന്നാല്‍ സംഭവങ്ങളുടെ തുടക്കംമുതലുള്ള വെബ്‌ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്‌. മാസങ്ങളോളം `ഈ മൃഗസംരക്ഷകര്‍' ഡോ. കോശിയെ നാനാവിധത്തില്‍ വേട്ടയാടി. അവരെ അധിക്ഷേപിക്കുകയും ഇന്റര്‍നെറ്റിലൂടെ അവരുടെ പേരിനു കളങ്കമുണ്ടാക്കുകയും ചെയ്‌തു. അവര്‍ക്കെതിരേ പ്രകടനം നടത്തി. അവരെ പറ്റുന്നിടത്തൊക്കെ ചെളിവാരിയെറിഞ്ഞു. ഇതെല്ലാം അവര്‍ സ്വയം ജീവനൊടുക്കുന്നതില്‍ വരെയെത്തിച്ചു എന്ന്‌ പെറ്റീഷനില്‍ ചൂണ്ടിക്കാട്ടി.

ഏതൊരു സാഹചര്യത്തിലും മറ്റൊരു വ്യക്തിയെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്നത്‌ ക്രൂരമാണ്‌.സമൂഹത്തിനു അംഗീകരിക്കാവുന്ന കാര്യമല്ല അത്‌. ഇതിന്‌ ഉത്തരവാദികളായവരെ ശിക്ഷിക്കണം. അപകടകാരികളായ ഇക്കൂട്ടര്‍ക്ക്‌ മറ്റുള്ളവരുടെ ഔദ്യോഗിക ജീവിതവും ജീവിതമാര്‍ഗ്ഗവും തകര്‍ക്കാനാവും. അങ്ങനെയുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം- പെറ്റീഷനില്‍ പറയുന്നു.

ഡോ. കോശിയുടെ മരണത്തെ അപഹസിക്കുന്ന ഫേയ്‌സ്‌ബുക്കുകള്‍, ട്വിറ്റര്‍ സന്ദേശങ്ങളും പെറ്റീഷനിലുണ്ട്‌.

പൂനെയില്‍ ജനിച്ചുവളര്‍ന്ന ഡോ. കോശി കഴിഞ്ഞ 30 വര്‍ഷമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ബ്രോങ്ക്‌സില്‍ സ്വന്തമായി ക്ലിനിക്ക്‌ തുടങ്ങി. ഒരുമാസം കഴിഞ്ഞപ്പോള്‍ രണ്ടു സ്‌ത്രീകള്‍ അവശനിലയില്‍ ഒരു പൂച്ചയെ ചികിത്സിക്കാന്‍ കൊണ്ടുവന്നു. അവര്‍ അതിനെ ശസ്‌ത്രക്രിയ നടത്തി സുഖമാക്കി. അതിനു പ്രസ്‌തുത സ്‌ത്രീകള്‍ ഭാഗികമായ പ്രതിഫലം നല്‍കുകയും ചെയ്‌തു.

എന്നാല്‍ വൈകാതെ ഗ്വെന്‍ ജെര്‍മാര്‍ക്‌ (62) എന്ന പൂച്ച സംരക്ഷക ആ പുച്ചയ്‌ക്ക്‌ അവകാശവാദം ഉന്നയിച്ചു. പാര്‍ക്കില്‍ താന്‍ വളര്‍ത്തുന്നതാണെന്നും താനതിനെ ന്യൂട്ടര്‍ ചെയ്‌തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പൂച്ചയെ കൊണ്ടുവന്നത്‌ അവരല്ലെന്നും, അവര്‍ക്കു കൊടുത്താല്‍ അതിനെ കൊടുംതണുപ്പില്‍ പാര്‍ക്കില്‍ കൊണ്ടുപോയി വിടുമെന്നും കണ്ട ഡോ. കോശി പൂച്ചയെ വിട്ടുകൊടുത്തില്ല. തുടര്‍ന്ന്‌ ക്ലിനിക്കിനു മുന്നില്‍ ഏതാനും പേര്‍ കുത്തിയിരുപ്പ്‌ നടത്തി. വെറ്ററിനേറിയന്‍സ്‌ അബ്യൂസ്‌ നെറ്റ്‌ വര്‍ക്ക്‌ എന്ന ബ്ലോഗ്‌ മുഖേന കടുത്ത ആക്ഷേപം. ഒടുവില്‍ പൂച്ചയെ ആവശ്യപ്പെട്ട്‌ ബ്രോങ്ക്‌സ്‌ കോടതിയില്‍ കേസും കൊടുത്തു.

ഇതെല്ലാം നടക്കുന്നതിനിടെ ക്ലിനിക്കില്‍ ആളു വരാതെയായി. നെഗറ്റീവ്‌ പബ്ലിസിറ്റി ദോഷമായി. അവരുടെ സാമ്പത്തികനില പരുങ്ങലിലായി. അവര്‍ തീര്‍ത്തും ഡിപ്രഷനിലാണെന്നു അറിയാമായിരുന്നു. എന്നാല്‍ അതു സ്വയം മരണം വരിക്കുന്നതില്‍ എത്തുമെന്ന്‌ കരുതിയില്ല എന്ന്‌ അവരുടെ അറ്റോര്‍ണി ജോണ്‍ സര്‍കോണ്‍ പറഞ്ഞു.

ഫെബ്രുവരി 16-ന്‌ അവര്‍ മരിച്ചു. അത്‌ ഫെയ്‌സ്‌ബുക്കിലും ട്വിറ്ററിലുമൊക്കെ എതിരാളികള്‍ ഇട്ടത്‌ എന്തോ ആഘോഷം പോലെയായിരുന്നു. `ഇത്തിരി കറങ്ങിത്തിരിഞ്ഞുവെങ്കിലും കാള്‍ (പൂച്ചയുടെ പേര്‌) രക്ഷപ്പെട്ടു. കാള്‍ ജീവനോടെ രക്ഷപെട്ടുവെന്നതാണ്‌ കാര്യം. കാളിന്റെ കാര്യത്തില്‍ ഇത്‌ നന്നായി കലാശിച്ചതില്‍ സന്തോഷമുണ്ട്‌. ഫെയ്‌സ്‌ബുക്കില്‍ വെറ്ററിനറി അബ്യൂസ്‌ നെറ്റ്‌ വര്‍ക്കിന്റെ പോസ്റ്റ്‌.

തുടര്‍ന്ന്‌ ട്വിറ്ററില്‍ മെസേജുകള്‍. എല്ലാം കാളിനെപ്പറ്റി. ഒരു മനുഷ്യ ജീവന്‍ പൊലിഞ്ഞതില്‍ ഒരു വാചകം പോലുമില്ല. പറഞ്ഞതൊക്കെ മോശമായിട്ടും.

ഡോ. കോശിയുടെ മരണത്തിനുത്തരവാദികള്‍ ആരെന്നു ചൂണ്ടിക്കാട്ടി ഡെയ്‌ലി ന്യൂസ്‌ ഫെബ്രുവരി 26-ന്‌ പ്രസിദ്ധീകരിച്ച ശേഷവും ട്വിറ്ററിലെ പരാമര്‍ശങ്ങള്‍ തുടര്‍ന്നു. ഈ സാഹചര്യത്തിലാണ്‌ നടപടി ആവശ്യപ്പെട്ട്‌ പെറ്റീഷന്‍ ആരംഭിച്ചത്‌.


https://www.change.org/petitions/new-york-state-division-of-criminal-justice-services-hold-those-accountable-for-the-suicide-of-dr-shirley-koshi
ഡോ. സാറാ കോശിയുടെ മരണം: ഓണ്‍ലൈന്‍ പെറ്റീഷന്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക